ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

ശാസ്ത്ര സാങ്കേതിക നൂതനാശയ രംഗങ്ങളിലെ മികവിന് ആദരമായി 2025-ലെ രാഷ്ട്രീയ വിജ്ഞാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

Posted On: 26 OCT 2025 2:57PM by PIB Thiruvananthpuram

ശാസ്ത്രം, സാങ്കേതികവിദ്യ, സാങ്കേതികവിദ്യാധിഷ്ഠിത നൂതനാശയങ്ങൾ എന്നിവയുടെ വിവിധ രംഗങ്ങളില്‍ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും നൂതന സംരംഭകരും  നൽകിയ മികച്ചതും പ്രചോദനാത്മകവുമായ സംഭാവനകൾക്ക് രാജ്യം നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമായ 2025-ലെ രാഷ്ട്രീയ വിജ്ഞാന പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.

മാതൃകാപരമായ ഗവേഷണങ്ങളെയും പ്രചോദനാത്മക നേട്ടങ്ങളെയും അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ഏർപ്പെടുത്തിയ രാഷ്ട്രീയ വിജ്ഞാന പുരസ്‌കാരങ്ങള്‍ നാല് വിഭാഗങ്ങളിലായാണ് നൽകുന്നത്.

ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം,  ഗണിതശാസ്ത്രവും കമ്പ്യൂട്ടർ സയൻസും, ഭൗമശാസ്ത്രം, വൈദ്യശാസ്ത്രം, എന്‍ജിനീയറിങ് സയന്‍സ്, കാർഷിക ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, സാങ്കേതികവിദ്യയും  നൂതനാശയങ്ങളും, അണുശക്തി, ബഹിരാകാശ ശാസ്ത്ര സാങ്കേതികവിദ്യ, മറ്റ് അനുബന്ധ മേഖലകൾ എന്നിങ്ങനെ 13 മേഖലകളിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. ദേശീയ വികസനത്തിന് ശാസ്ത്രീയ മികവും സാങ്കേതിക നേതൃത്വവും വളർത്തിയെടുക്കുന്നതില്‍ രാജ്യം കൈക്കൊള്ളുന്ന പ്രതിബദ്ധതയെ  ഈ പുരസ്‌കാരങ്ങള്‍ അടയാളപ്പെടുത്തുന്നു.  

2025-ലെ ശാസ്ത്ര സാങ്കേതിക മേഖലകളിലെ പുരസ്‌കാര ജേതാക്കളെ  കേന്ദ്രം പ്രഖ്യാപിച്ചു. പുരസ്‌കാര ജേതാക്കളുടെ പേരുകൾ ഈ ലിങ്കിൽ  ലഭ്യമാണ്: https://pib.gov.in/PressReleasePage.aspx?PRID=2182615

ശാസ്ത്ര സാങ്കേതിക രംഗത്ത് ദീർഘവീക്ഷണം കാഴ്ചവെയ്ക്കുന്ന രാജ്യത്തെ  വ്യക്തികളെ  ആദരിക്കുന്നതിലൂടെ വരും തലമുറയ്ക്ക് പ്രോത്സാഹനമേകാനും  ഗവേഷണ മേഖലയെ ശക്തിപ്പെടുത്താനും ശാസ്ത്ര-സാങ്കേതിക നൂതനാശയങ്ങളിൽ  ആഗോള നേതൃനിരയിലേക്ക് ഇന്ത്യ നടത്തുന്ന മുന്നേറ്റം ത്വരിതപ്പെടുത്താനും  രാഷ്ട്രീയ വിജ്ഞാന പുരസ്‌കാരങ്ങള്‍  ലക്ഷ്യമിടുന്നു. രാഷ്ട്രീയ വിജ്ഞാന പുരസ്‌കാരദാന ചടങ്ങ് വൈകാതെ സംഘടിപ്പിക്കും.  പുരസ്‌കാര ജേതാക്കളെ ഇത് നേരിട്ട് അറിയിക്കും.

 

*****


(Release ID: 2182710) Visitor Counter : 10