വ്യോമയാന മന്ത്രാലയം
azadi ka amrit mahotsav

ഏഷ്യാ പസഫിക് വിമാനാപകട അന്വേഷണ സമിതി യോഗത്തിനും ശില്പശാലയ്ക്കും ഇന്ത്യ ഇതാദ്യമായി ആതിഥേയത്വം വഹിക്കുന്നു


ഒക്ടോബർ 28 ന് ആരംഭിക്കുന്ന 4 ദിന പരിപാടിയിൽ വിമാന അപകട അന്വേഷണ ഉദ്യോഗസ്ഥരായ ഏകദേശം 90ഓളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

Posted On: 26 OCT 2025 10:55AM by PIB Thiruvananthpuram
സിവിൽ വ്യോമയാന മന്ത്രാലയത്തിന് വേണ്ടി വിമാനാപകട അന്വേഷണ ബ്യൂറോ (എഎഐബി), 2025 ഒക്ടോബർ 28 മുതൽ 31 വരെ നാല് ദിവസത്തെ ഏഷ്യാ പസഫിക് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ഗ്രൂപ്പ് (എപിഎസി-എഐജി) യോഗവും ശില്പശാലയും സംഘടിപ്പിക്കും. കേന്ദ്ര സിവിൽ വ്യോമയാന വകുപ്പ് മന്ത്രി ശ്രീ റാംമോഹൻ നായിഡു പരിപാടി ഉദ്ഘാടനം ചെയ്യും.
 
എപിഎസി-എഐജി യോഗം വാർഷിക അടിസ്ഥാനത്തിലാണ് സംഘടിപ്പിക്കുന്നത്.. ഏഷ്യാ പസഫിക് മേഖലയിലെ ഐസിഎഒ അംഗരാജ്യങ്ങളും വിവിധ അന്താരാഷ്ട്ര സംഘടനകളും പ്രസ്തുത യോഗത്തിൽ പങ്കെടുക്കും. എപിഎസി മേഖലയിലെ ഏതെങ്കിലുമൊരു ഐസിഎഒ അംഗരാജ്യമാണ് സാധാരണയായി യോഗത്തിന് വേദിയൊരുക്കുന്നത്.
 
ഇന്ത്യ ഇതാദ്യമായാണ് എപിഎസി-എഐജി യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഏഷ്യാ പസഫിക് രാജ്യങ്ങളിലെയും ഐസിഎഒയിലെയും വിമാന അപകട അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഏകദേശം 90 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
 
 വിമാന അപകട അന്വേഷണത്തിൻ്റെ നടപടിക്രമങ്ങളും റിപ്പോർട്ടിംഗും ഉൾപ്പെടെ, വിവിധ വശങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. അപകട/സംഭവ അന്വേഷണ അധികാരികൾ തമ്മിൽ വൈദഗ്ദ്ധ്യം, അനുഭവ സമ്പത്ത്, വിവരങ്ങൾ എന്നിവ പങ്കിടുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ഈ യോഗത്തിൻ്റെ ലക്ഷ്യം. കൂടാതെ ഏഷ്യ, പസഫിക് മേഖലകളിലെ അപകട/സംഭവ അന്വേഷണ ശേഷി മെച്ചപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥർക്കിടയിൽ സഹകരണം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതും ലക്ഷ്യമിടുന്നു.
 
 വിമാന അപകട അന്വേഷണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ 2025 ഒക്ടോബർ 28-29 തീയതികളിൽ നടക്കുന്ന ശില്പശാലയിൽ ഉൾപ്പെടുത്തും. ശില്പശാലയിൽ എഎഐബി, ഡിജിസിഎ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും അന്താരാഷ്ട്ര പങ്കാളികളും പങ്കെടുക്കും.
 
ഏഷ്യാ പസഫിക് മേഖലയിലെ ഐസിഎഒ അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും എഎഐബി ഉദ്യോഗസ്ഥരും ഒക്ടോബർ 30, 31 തീയതികളിൽ ചർച്ചകൾ നടത്തും.
*****

(Release ID: 2182600) Visitor Counter : 11