കാബിനറ്റ് സെക്രട്ടേറിയറ്റ്
azadi ka amrit mahotsav

ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കാബിനറ്റ് സെക്രട്ടറി ഡോ. ടി.വി. സോമനാഥൻ്റെ അധ്യക്ഷതയിൽ ദേശീയ പ്രതിസന്ധി നിര്‍വഹണ സമിതി യോഗം ചേർന്നു

Posted On: 25 OCT 2025 7:41PM by PIB Thiruvananthpuram

ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് കാബിനറ്റ് സെക്രട്ടറി ഡോ. ടി.വി. സോമനാഥന്റെ അധ്യക്ഷതയില്‍ ഇന്ന് ദേശീയ പ്രതിസന്ധി നിര്‍വഹണ സമിതി (എന്‍സിഎംസി) യോഗം ചേര്‍ന്നു.  

 

നിലവിലെ സാഹചര്യങ്ങൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സമിതിയെ ധരിപ്പിച്ചു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം കഴിഞ്ഞ 6 മണിക്കൂറിനിടെ മണിക്കൂറിൽ 7 കിലോമീറ്റർ വേഗത്തില്‍  പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി. 2025 ഒക്ടോബർ 25ന് ഇന്ത്യന്‍ സമയം 11:30 ന് ഇത് ചെന്നൈയിൽ നിന്ന് (തമിഴ്‌നാട്) 950 കിലോമീറ്റര്‍ കിഴക്കന്‍-തെക്കുകിഴക്ക് ദിശയിലും വിശാഖപട്ടണത്തുനിന്ന് (ആന്ധ്രാപ്രദേശ്) 960 കിലോമീറ്റര്‍ തെക്കുകിഴക്ക് ദിശയിലും കാക്കിനാഡയിൽ നിന്ന്  (ആന്ധ്രാപ്രദേശ്) 970 കിലോമീറ്റര്‍ തെക്കുകിഴക്ക് ദിശയിലും ഗോപാൽപൂരിൽ നിന്ന് (ഒഡീഷ)  1030 കിലോമീറ്റര്‍  തെക്കന്‍-തെക്കുകിഴക്ക് ദിശയിലും സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറന്‍-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും ഒക്ടോബർ 26-ഓടെ  അതിന്യൂനമർദമായി മാറി 27-ന് രാവിലെ തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിലും അതിനോടുചേർന്ന പടിഞ്ഞാറൻ-മധ്യ ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കാറ്റായി തീവ്രത പ്രാപിക്കാനും സാധ്യതയുണ്ട്. തുടർന്ന് വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന  ന്യൂനമര്‍ദം പിന്നീട് വടക്കന്‍-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് മാറി ഒക്ടോബർ 28-ന് രാവിലെ തീവ്രചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. വടക്കന്‍-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചാരിച്ച്  ഒക്ടോബർ 28-ന് വൈകിട്ടോ  രാത്രിയോടെയോ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലെ കാക്കിനാഡയ്ക്കു ചുറ്റും ആ

ന്ധ്രാപ്രദേശ് തീരത്ത്  തീവ്രചുഴലിക്കാറ്റായി ഇത് പ്രവേശിച്ചേക്കും.   കാറ്റിൻ്റെ പരമാവധി വേഗം മണിക്കൂറിൽ 90 മുതല്‍ 100 വരെ കിലോമീറ്ററും ചില സമയങ്ങളിൽ 110 കിലോമീറ്ററുമാകാം.

 

ചുഴലിക്കാറ്റ് എത്താനിടയുള്ള മേഖലകളില്‍‍ ജനങ്ങളെ സുരക്ഷിതരാക്കാന്‍ സ്വീകരിച്ചുവരുന്ന മുന്നൊരുക്കങ്ങളെക്കുറിച്ചും പ്രാദേശിക ഭരണകൂടം കൈക്കൊള്ളുന്ന മുൻകരുതല്‍ നടപടികള്‍ സംബന്ധിച്ചും തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഒഡീഷ അഡീഷണൽ ചീഫ് സെക്രട്ടറിയും സമിതിയെ അറിയിച്ചു. ആവശ്യമായ ദുരിതാശ്വാസ കേന്ദ്രങ്ങളും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാന്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും  എൻ‌ഡി‌ആർ‌എഫ്, എസ്ഡിആർഎഫ് സംഘങ്ങളെ സജ്ജരാക്കിയിട്ടുണ്ടെന്നും  സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ജില്ലാതല കൺട്രോൾ റൂമുകൾ പ്രവർത്തനക്ഷമമാക്കി സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണ്.

 

ഒക്ടോബർ 26 മുതൽ 29 വരെ തെക്കു പടിഞ്ഞാറൻ തീരമേഖലയിലും അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടലിലും തമിഴ്‌നാടിൻ്റെയും ആന്ധ്രാപ്രദേശിൻ്റെയും പുതുച്ചേരിയുടെ ഭാഗമായ യാനത്തിൻ്റെയും ഒഡീഷയുടെയും തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദേശം നൽകി. കടലിൽ പോയവരോട് ഉടൻ  മടങ്ങാനും നിർദേശം നല്‍കി. 

 

ചുഴലിക്കാറ്റിൻ്റെ ആഘാതം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കാന്‍ പ്രവര്‍ത്തന മാനദണ്ഡങ്ങളെല്ലാം  സജ്ജീകരിച്ചതായും ആവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായും മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും യോഗത്തിൽ പങ്കെടുത്ത കേന്ദ്ര മന്ത്രാലയങ്ങളും  വകുപ്പുകളും സമിതിയെ അറിയിച്ചു. 

 

സജ്ജമാക്കിയ ദേശീയ ദുരന്ത പ്രതികരണ സേനാ സംഘങ്ങളെ  ഒക്ടോബർ 26-ന്  വിന്യസിച്ചുതുടങ്ങും. കൂടുതൽ എൻ‌ഡി‌ആർ‌എഫ് സംഘങ്ങളെയും സജ്ജരാക്കിയിട്ടുണ്ട്.  കരസേന, നാവികസേന, വ്യോമസേന, ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ കപ്പലുകളും വിമാനങ്ങളും ഉൾപ്പെടെ രക്ഷാപ്രവർത്തന - ദുരിതാശ്വാസ സംഘങ്ങളെയും സജ്ജമാക്കി.  ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഇതിനകം 900-ത്തിലേറെ കപ്പലുകള്‍ ജെട്ടിയിലേക്കോ തീരത്തേക്കോ സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്. ശേഷിക്കുന്നവയ്ക്ക് തീരത്തേക്ക് മടങ്ങാന്‍ മുന്നറിയിപ്പ് നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും  കേന്ദ്ര കാലാവസ്ഥാ വകുപ്പും  സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ച് വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും  സംസ്ഥാന സർക്കാരുകളും   ഏജൻസികളുമായി  ഏകോപിച്ച് പ്രവര്‍ത്തിക്കുന്നതായി  കേന്ദ്ര ആഭ്യന്തര സെക്രട്ടറി അറിയിച്ചു.  

 

ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, പുതുച്ചേരി സർക്കാരുകളുടെയും കേന്ദ്ര ഏജൻസികളുടെയും മുന്നൊരുക്കങ്ങൾ വിലയിരുത്തിയ കാബിനറ്റ് സെക്രട്ടറി  ആളപായമില്ലാതാക്കാനും സ്വത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കുമുണ്ടാകുന്ന നാശനഷ്ടങ്ങൾ ലഘൂകരിക്കാനുമാകണം പ്രധാന ലക്ഷ്യമെന്ന്  എടുത്തുപറഞ്ഞു.  നാശനഷ്ടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ അവശ്യ സേവനങ്ങൾ  കുറഞ്ഞ സമയത്തിനകം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.  

 

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാർ, ഒഡീഷ അഡീഷണൽ ചീഫ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, പെട്രോളിയം - പ്രകൃതിവാതക മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ, ഫിഷറീസ്, വൈദ്യുതി, ടെലികമ്യൂണിക്കേഷൻസ്, തുറമുഖ - കപ്പല്‍ ഗതാഗത  ജലപാത വകുപ്പുകളിലെ സെക്രട്ടറിമാർ,  ദേശീയ ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി, ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിലെ അംഗവും വകുപ്പുമേധാവിയും, ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ്റെ ചീഫ് ഓഫ് ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്, ദേശീയ ദുരന്ത പ്രതികരണ സേന ഡയറക്ടർ ജനറൽ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് അഡീഷണൽ ഡയറക്ടർ ജനറൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

*****

 


(Release ID: 2182574) Visitor Counter : 5