ധനകാര്യ മന്ത്രാലയം
'ഓപ്പറേഷൻ ഫയർ ട്രെയിലി'ൻ്റെ ഭാഗമായി തൂത്തുക്കുടി തുറമുഖത്ത് 5.01 കോടി രൂപ വിലവരുന്ന 83,520 ചൈനീസ് പടക്കളുടെ കടത്ത് തടഞ്ഞ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ്; 4 പേർ അറസ്റ്റിൽ
Posted On:
19 OCT 2025 6:42PM by PIB Thiruvananthpuram
ദീപാവലിയ്ക്ക് മുന്നോടിയായി പടക്കങ്ങളുടെ അനധികൃത ഇറക്കുമതി തടയാന്‍ നടത്തിവരുന്ന സജീവ ശ്രമങ്ങളുടെ ഭാഗമായി 'ഓപ്പറേഷൻ ഫയർ ട്രെയിലി'ല്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആര്‍ഐ) തൂത്തുക്കുടി തുറമുഖത്ത് രണ്ട് നാൽപ്പതടി കണ്ടെയ്‌നറുകൾ പിടികൂടി.

എന്‍ജിനീയറിങ് സാമഗ്രികളെന്ന വ്യാജരേഖയുമായെത്തിയ കണ്ടെയ്‌നറുകളിൽ 83,520 ചൈനീസ് പടക്കങ്ങൾ കണ്ടെത്തി. സിലിക്കൺ സീലൻ്റ് ഗൺ ഉപകരണമെന്ന വ്യാജേന കടത്താന്‍ ശ്രമിച്ച 5.01 കോടി രൂപ വിലമതിക്കുന്ന നിരോധിത പടക്കങ്ങളാണ് പിടിച്ചെടുത്തത്.
2025 ഒക്ടോബർ 14 മുതൽ 18 വരെ ഡിആർഐ ഉദ്യോഗസ്ഥർ നടത്തിയ ഏകോപിത പ്രവർത്തനങ്ങളിലൂടെ ഇറക്കുമതിക്കാരനെ തൂത്തുക്കുടിയിൽ വെച്ച് പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ചെന്നൈയിൽ നിന്നും തൂത്തുക്കുടിയിൽ നിന്നും മറ്റ് മൂന്ന് പേരെയും (മുംബൈ ആസ്ഥാനമായ രണ്ട് പേർ ഇതിലുൾപ്പെടുന്നു) അറസ്റ്റ് ചെയ്തു. പരസ്പരം സഹകരിച്ച് പ്രവര്‍ത്തിച്ചതിന് അറസ്റ്റിലായ നാല് പേരെയും കേസിൽ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പടക്കങ്ങളുടെ ഇറക്കുമതിയ്ക്ക് വിദേശ വ്യാപാര നയത്തിലെ ഐടിസി (എച്ച്എസ്) വർഗീകരണത്തിന് കീഴിൽ നിയന്ത്രണമുണ്ട്. കൂടാതെ സ്ഫോടകവസ്തു ചട്ടം 2008 പ്രകാരം വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറലില്‍നിന്നും (ഡിജിഎഫ്ടി) പെട്രോളിയം - സ്ഫോടകവസ്തു സുരക്ഷാ സംഘടനയില്‍നിന്നും (പിഇഎസ്ഒ) ലൈസൻസ് ആവശ്യമാണ്. അനധികൃത ഇറക്കുമതിയും വ്യാജരേഖകളും വിദേശ വ്യാപാര - സുരക്ഷാ നിയമങ്ങളുടെ ലംഘനമാണ്. കൂടാതെ പടക്കങ്ങള്‍ പെട്ടെന്ന് തീ പിടിക്കുന്ന വസ്തുക്കളായതിനാല്‍ പൊതു സുരക്ഷയ്ക്കും തുറമുഖ അടിസ്ഥാന സൗകര്യങ്ങൾക്കും ഗുരുതര ഭീഷണിയുയർത്തുകയും ചെയ്യുന്നു.
അനധികൃത കടത്ത് തടയാനും ദേശീയ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാനും പൊതു സുരക്ഷ ഉറപ്പാക്കാനും ഡിആർഐ പ്രതിജ്ഞാബദ്ധത തുടരുന്നു.
**********************
(Release ID: 2180931)
Visitor Counter : 8