വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ഉത്സവകാല ഓഫറുകളുമായി ബിഎസ്‌എൻഎൽ; എല്ലാ ഉപഭോക്താക്കൾക്കും ദീപാവലി ബൊനാൻസ
Posted On:
17 OCT 2025 4:13PM by PIB Thiruvananthpuram
ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്‌എൻഎൽ) ഇന്ന് പ്രത്യേക ദീപാവലി ബൊനാൻസ പ്രഖ്യാപിച്ചു. 2025 ഒക്ടോബർ 18 മുതൽ 2025 നവംബർ 18 വരെ നീണ്ടുനിൽക്കുന്ന ഈ ആനുകൂല്യ പരിപാടിയിലൂടെ സന്തോഷവും വെളിച്ചവും പരത്തുന്നതിനും ബന്ധം ശക്തിപ്പെടുത്തുന്നതിനും ദീപാവലി ആഘോഷത്തിന്റെ ചൈതന്യം പങ്കിടുന്നതിനും ബിഎസ്‌എൻഎൽ ശ്രമിക്കുന്നു.
എ. പുതിയ ഉപഭോക്താക്കൾക്കുള്ള ദീപാവലി ബൊനാൻസ 4G പ്ലാൻ
ബിഎസ്‌എൻഎൽ കുടുംബത്തിലേക്ക് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനായി, കമ്പനി ഒരു രൂപ ടോക്കൺ ദീപാവലി 4G പ്ലാൻ ആരംഭിച്ചു. ഇത് അടിസ്ഥാനപരമായി പുതിയ ഉപഭോക്താക്കൾക്ക് ഒരു മാസത്തെ സൗജന്യ മൊബൈൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ടോക്കൺ ആക്ടിവേഷൻ ചാർജായി വെറും 1 രൂപ നൽകുന്നതിലൂടെ, പുതിയ ഉപയോക്താക്കൾക്ക് 30 ദിവസത്തെ അൺലിമിറ്റഡ് കണക്റ്റിവിറ്റി ആസ്വദിക്കാൻ കഴിയും. ആഘോഷ വേളയിൽ ബിഎസ്‌എൻഎല്ലിന്റെ സമ്മാനമാണ് ഈ പദ്ധതി. പുതുതായി വിന്യസിച്ചതും തദ്ദേശീയമായി വികസിപ്പിച്ചതുമായ 4G നെറ്റ്‌വർക്കിലുള്ള ബിഎസ്‌എൻഎല്ലിന്റെ ആത്മവിശ്വാസത്തെ ഈ പ്ലാൻ പ്രകടമാക്കുന്നു. ഇത് നേരിട്ട് സൗജന്യമായി അനുഭവിക്കാൻ ഉപയോക്താക്കളെ ബിഎസ്എൻഎൽ ക്ഷണിക്കുന്നു.
ദീപാവലി ബൊനാൻസ പ്ലാനിന്റെ പ്രധാന നേട്ടങ്ങൾ (ആദ്യ 30 ദിവസത്തേക്ക്):
•പ്രിയപ്പെട്ടവരുമായി സംസാരിക്കാൻ പരിധിയില്ലാത്ത വോയ്‌സ് കോളുകൾ (പ്ലാൻ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്)
•വീഡിയോകൾ, ഫോട്ടോകൾ, ഉത്സവ ആശംസകൾ എന്നിവ സൗജന്യമായി പങ്കിടാൻ 2 ജിബി/ദിവസം ഹൈ-സ്പീഡ് ഡാറ്റ
•വിദൂര മേഖലയിൽ ദീപാവലി ആശംസകൾ അയയ്ക്കാൻ 100 എസ്എംഎസ്/ദിവസം
•ആക്ടിവേഷൻ സഹിതമുള്ള സൗജന്യ സിം കാർഡ് (ഡിഒടി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നിർബന്ധിത കെവൈസിയോടെ)
2025 ഒക്ടോബർ 15 നും നവംബർ 15 നും ഇടയിൽ പ്ലാനിൽ ചേരുന്ന പുതിയ ഉപഭോക്താക്കൾക്ക് ഓഫർ ബാധകമായിരിക്കും.
ഈ ഉത്സവ പ്ലാൻ പ്രഖ്യാപിച്ചുകൊണ്ട് ബിഎസ്എൻഎൽ സിഎംഡി ശ്രീ എ. റോബർട്ട് ജെ. രവി ഇങ്ങനെ പറഞ്ഞു: “ പുതിയ തുടക്കത്തിന്റെയും ശോഭനമായ ഭാവിയുടെയും പ്രതീക്ഷയാണ് ദീപാവലി. ഒരു മാസം നീണ്ടുനിൽക്കുന്ന കണക്റ്റിവിറ്റി സമ്മാനവുമായി പുതിയ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. കേവലം ഒരു രൂപയ്ക്കുള്ള ഈ ദീപാവലി ബൊനാൻസ പ്ലാൻ, ആഘോഷവേളയിൽ രാജ്യം ഒത്തുചേരുന്നതുപോലെ, ഞങ്ങളുടെ അത്യാധുനിക, തദ്ദേശീയ നിർമ്മിത 4G നെറ്റ്‌വർക്ക് നേരിട്ട് അനുഭവിച്ചറിയാൻ ജനങ്ങൾക്ക് അവസരം ഒരുക്കുന്നു. മെച്ചപ്പെട്ട ഗുണനിലവാരം ഉപയോക്താക്കൾക്ക് അനുഭവപ്പെട്ടുകഴിഞ്ഞാൽ, ഉത്സവ കാലയളവിനപ്പുറം അവർ ബിഎസ്എൻഎല്ലുമായുള്ള യാത്ര തുടരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്."
B. ഉപഭോക്താക്കൾക്കുള്ള ഭാഗ്യ തെരഞ്ഞെടുപ്പ്
നിലവിലുള്ള ഉപഭോക്താക്കൾക്കായി, ബിഎസ്‌എൻഎൽ ഈ സീസണിൽ അധിക സമ്മാനം - വിസ്മയകരമായ ദീപാവലി ലക്കി ഡ്രോ അവതരിപ്പിച്ചിരിക്കുന്നു. ഒക്ടോബർ 20, 18, 19, 20 തീയതികളിൽ ഭാഗ്യ തെരഞ്ഞെടുപ്പ് നടക്കും. ഈ ദിവസങ്ങളിൽ സെൽഫ് കെയർ ആപ്പ് അല്ലെങ്കിൽ ബിഎസ്‌എൻഎൽ വെബ്‌സൈറ്റ് വഴി പ്ലാൻ 100 അല്ലെങ്കിൽ അതിൽ കൂടുതൽ റീചാർജ് ചെയ്യുന്ന ഓരോ ബിഎസ്‌എൻഎൽ ഉപയോക്താവിനും, അവരുടെ റീചാർജ് ദിവസത്തിലെ ഭാഗ്യ തെരഞ്ഞെടുപ്പിൽ സ്വയമേവ ഭാഗമാകാനാകും. ദീർഘകാല വരിക്കാരോ ബൊനാൻസ കാലയളവിൽ ചേരുന്നവരോ ആയ എല്ലാ ഉപഭോക്താക്കൾക്കും ഈ ഭാഗ്യ തെരഞ്ഞെടുപ്പിൽ അവസരം ലഭിക്കും .
ഓരോ ദിവസവും, ഉപഭോക്താക്കൾ സ്വയമേവ ആ ദിവസത്തെ ലക്കി ഡ്രോയിൽ ഭാഗമാക്കപ്പെടും. ഓരോ ദിവസവും പത്ത് ഉപഭോക്താക്കൾക്ക് 10 ഗ്രാം വീതമുള്ള ഒരു വെള്ളി നാണയം നേടാനുള്ള അവസരം ലഭിക്കും.
സി. കോർപ്പറേറ്റ് കോംബോ ഓഫറുകൾ
എന്റർപ്രൈസ്, കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് പ്രത്യേക ഉത്സവ വിലക്കിഴിവിൽ മൂല്യവർദ്ധിത കണക്റ്റിവിറ്റി ബണ്ടിലുകൾ നൽകുന്ന കോർപ്പറേറ്റ് കോംബോ ഓഫറുകൾ ബിഎസ്‌എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞത് 10 പുതിയ പോസ്റ്റ്-പെയ്ഡ് ബിഎസ്‌എൻഎൽ കണക്ഷനുകളും ഒരു എഫ്‌ടിടിഎച്ച് കണക്ഷനും എടുക്കുന്ന ഉപഭോക്താക്കൾക്ക്, ആദ്യ മാസത്തെ എഫ്‌എംസിയിൽ 10% കിഴിവ് നൽകും.
D. “ഗിഫ്റ്റ് എ റീചാർജ്” സംരംഭം
ബിഎസ്‌എൻഎൽ നൂതനമായ “ഗിഫ്റ്റ് എ റീചാർജ്” സംരംഭം അവതരിപ്പിക്കുന്നു. ഏതൊരു ബിഎസ്‌എൻഎൽ ഉപഭോക്താവിനും ദീപാവലി സമ്മാനമായി സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ പ്രീപെയ്ഡ് റീചാർജ് അല്ലെങ്കിൽ ടോപ്പ്-അപ്പ് സമ്മാനമായി നൽകാൻ ഇത് പ്രാപ്തമാക്കുന്നു. മറ്റൊരു നഗരത്തിൽ താമസിക്കുന്ന നിങ്ങളുടെ മാതാപിതാക്കൾക്കും അല്ലെങ്കിൽ ഒരു സുഹൃത്തിന് അവിചാരിത സമ്മാനമായും ടോക്ക്-ടൈമോ ഡാറ്റയോ സമ്മാനമായി നിങ്ങൾക്ക് അയയ്ക്കാം.ഇത് ആഘോഷ വേളകളിൽ അവരുമായുള്ള ബന്ധം എപ്പോഴും ഉറപ്പാക്കുന്നു. ഇതിനുള്ള പ്രക്രിയ ലളിതമാണ്: വ്യക്തിഗത ഉത്സവ ആശംസകൾക്കൊപ്പം ഏതെങ്കിലും ബിഎസ്‌എൻഎൽ നമ്പറിലേക്ക് ഉപഭോക്താക്കൾക്ക്, സെൽഫ്കെയർ ആപ്പ് ഉപയോഗിച്ച് റീചാർജ് സമ്മാനമായി അയയ്ക്കാം
സമ്മാനങ്ങൾ നൽകുന്നതിന്റെ സന്തോഷം ഉത്സവകാലത്തിനപ്പുറം തുടരുന്നതിനായി, ഒരു അധിക ഉത്സവ ബോണസ് എന്ന നിലയിൽ, സമ്മാനമായി നൽകുന്ന ഓരോ റീചാർജിലും ബിഎസ്‌എൻഎൽ അൽപ്പം അധിക മൂല്യവും വാഗ്ദാനം ചെയ്യുന്നു. അതായത്, സ്വീകർത്താവിന് സമ്മാനിച്ച തുകയിൽ 2.5% കിഴിവ് ലഭിക്കും. ഈ കിഴിവ്, 2025 ഒക്ടോബർ 18 മുതൽ 2025 നവംബർ 18 വരെ ലഭ്യമാണ്.
ഇ.സീനിയർ സിറ്റിസൺ പ്ലാൻ –
ദീപാവലി ബൊനാൻസയുടെ ഭാഗമായി ബിഎസ്‌എൻഎൽ മുതിർന്ന പൗരന്മാർക്കായി ഒരു പ്രത്യേക വിനോദ അധിഷ്ഠിത പ്ലാൻ അവതരിപ്പിച്ചു. 60 വയസ്സിനു മുകളി ൽ പ്രായമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായി ഈ പ്ലാൻ തയ്യാറാക്കിയിരിക്കുന്നു. ഡിസ്കൗണ്ട് താരിഫുകൾ, അധിക ആനുകൂല്യങ്ങൾ, കൂടുതൽ എളുപ്പത്തിലുള്ള ഉപയോഗം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മുതിർന്ന പൗരന്മാർക്കായുള്ള പ്രത്യേക പ്ലാനാണിത്. പുതിയ കണക്ഷന് മാത്രമായി 'പ്ലാൻ 1812 'ആരംഭിച്ചു. പ്രധാന സവിശേഷതകൾ ഇവയാണ്:
പ്രതിദിനം 2 ജിബി ഡാറ്റ,
പരിധിയില്ലാത്ത കോളുകൾ,
പ്രതിദിനം 100 എസ്എംഎസ്,,
365 ദിവസത്തെ വാലിഡിറ്റി,
ഒരു സൗജന്യ സിം,
6 മാസത്തേക്ക് സൗജന്യമായി ബിടിവി പ്രീമിയം എന്റർടൈൻമെന്റ് ബണ്ടിൽ എന്നിവ
മുതിർന്ന പൗരന്മാർക്കുള്ള ഈ പുതിയ കണക്ഷൻ ഓഫർ 2025 ഒക്ടോബർ 18 മുതൽ 2025 നവംബർ 18 വരെ ലഭ്യമാണ്.
എഫ്. തിരഞ്ഞെടുത്ത പ്ലാനുകളിൽ ഉത്സവ സമ്മാനം —
ഈ ദീപാവലിയ്ക്ക് സമ്മാനം നൽകുന്നതിന്റെ ആവേശം ആഘോഷിക്കുന്നതിനായി, സെൽഫ് കെയർ ആപ്പ് അല്ലെങ്കിൽ ബിഎസ്‌എൻഎൽ വെബ്‌സൈറ്റ് വഴി പ്ലാൻ ₹485, പ്ലാൻ ₹1,999 എന്നിവയിൽ 5% ഉത്സവ ആനുകൂല്യം ബിഎസ്‌എൻഎൽ നൽകുന്നു. ഈ കിഴിവ് 2025 ഒക്ടോബർ 18 മുതൽ 2025 നവംബർ 18 വരെയുണ്ടാകും
പ്രധാന സവിശേഷതകൾ:
•2.5% തൽക്ഷണ കിഴിവായി ഉപഭോക്താവിന് തിരികെ നൽകുന്നു.
• ബാക്കി 2.5% കൂടുതൽ ജീവിതങ്ങൾക്ക് വെളിച്ചം പകരുന്നതിനുള്ള ഒരു ദീപനാളമായി-സാമൂഹിക സേവന സംരംഭങ്ങൾക്കായി BSNL സംഭാവന ചെയ്യുന്നു.
സംശയ നിവാരണത്തിന് , അടുത്തുള്ള BSNL കസ്റ്റമർ സർവീസ് സെന്റർ (CSC) സന്ദർശിക്കുക,അല്ലെങ്കിൽ 1800-180-1503 ഡയൽ ചെയ്യുക അല്ലെങ്കിൽ bsnl.co.in സന്ദർശിക്കുക.
***************
ഇന്ത്യയിലെ സർഗ്ഗാത്മക മനസ്സുകളെ ആധാറിന്റെ ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്യാൻ യു.ഐ.ഡി.എ.ഐ ക്ഷണിക്കുന്നു.
1 ലക്ഷം രൂപ വരെ സമ്മാനത്തുക! 2025 ഒക്ടോബർ 31 വരെ അപേക്ഷകൾ അയയ്ക്കാം.
യു.ഐ.ഡി.എ.ഐയുടെ ഒരു ഔദ്യോഗിക ഭാഗ്യചിഹ്നം രൂപകല്പന ചെയ്യാൻ രാജ്യത്തെ പൗരൻമാരെ ക്ഷണിച്ചുകൊണ്ട്, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) മൈ ഗവ് (MyGov) പ്ലാറ്റ്ഫോമിൽ രാജ്യവ്യാപകമായി ഒരു ഭാഗ്യചിഹ്ന രൂപകല്പനാ മത്സരം ആരംഭിച്ചു. 2025 ഒക്ടോബർ 31 വരെ ഇതിലേക്ക് അപേക്ഷിക്കാം. ഈ മത്സരം, ആധാറിന്റെ അടിസ്ഥാന മൂല്യങ്ങളായ വിശ്വാസം, ഉൾച്ചേർക്കൽ, ശാക്തീകരണം, ഡിജിറ്റൽ നൂതനാശയങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു സവിശേഷവും അവിസ്മരണീയവുമായ ഭാഗ്യചിഹ്നം സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്.
യു.ഐ.ഡി.എ.ഐയുടെ വിഷ്വൽ അംബാസഡർ ആയി ഈ ഭാഗ്യചിഹ്നം പ്രവർത്തിച്ച്, എല്ലാ പ്രായക്കാർക്കിടയിലും ആശയവിനിമയം കൂടുതൽ ആപേക്ഷികവും ആകർഷകവുമാക്കും. ആധാർ സംബന്ധമായ ആശയവിനിമയം ലളിതമാക്കാൻ സഹായിക്കുന്നതിനൊപ്പം, ആധാറിന്റെ സേവന മനോഭാവം, സുരക്ഷ, അഭിഗമ്യത എന്നിവ ഇത് ഉൾക്കൊള്ളും.
വ്യക്തികളും സംഘങ്ങളും ഉൾപ്പെടെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും പ്രവേശനമുണ്ട്. മൈ ഗവ് മത്സര പേജിലൂടെ മാത്രമായി അവർക്ക് രൂപമാതൃകകൾ സമർപ്പിക്കാം. ഓരോ മത്സരാർഥിയ്ക്കും ഒരു സംക്ഷിപ്ത ആശയക്കുറിപ്പും ഭാഗ്യചിഹ്നത്തിന്റെ പേരും സഹിതം ഒരു അസ്സൽ ഭാഗ്യചിഹ്ന മാതൃക അയയ്ക്കാം. സർഗാത്മകത, മൗലികത, സൗന്ദര്യാത്മക ആകർഷണം, യു.ഐ.ഡി.എ.ഐയുടെ മൂല്യങ്ങളുമായുള്ള പൊരുത്തപ്പെടൽ എന്നിവ അടിസ്ഥാനമാക്കിയാണ് അപേക്ഷകൾ വിലയിരുത്തുക.
ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്: ഒന്നാം സമ്മാനത്തിന് 50,000 രൂപയും, രണ്ടാം സമ്മാനത്തിന് 30,000 രൂപയും മൂന്നാം സമ്മാനത്തിന് 20,000 രൂപയും അംഗീകാര സർട്ടിഫിക്കറ്റുകൾക്കൊപ്പം ലഭിക്കും. കൂടാതെ, ഭാഗ്യചിഹ്നത്തിന്റെ പേരിനായി മികച്ച അപേക്ഷകൾ സമർപ്പിക്കുന്നവർക്ക് പാരിതോഷികവും നൽകും.
പൊതുജനങ്ങളെ അവരുടെ സർഗ്ഗാത്മകതയെ ജീവസുറ്റതാക്കാനും ഉൾച്ചേർക്കലിനും ശാക്തീകരണത്തിനുമുള്ള ആധാറിന്റെ യാത്രയിൽ സംഭാവന നൽകാനും യു.ഐ.ഡി.എ.ഐ പ്രോത്സാഹിപ്പിക്കുന്നു.
വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾക്കും പങ്കാളിത്തത്തിനും, https://innovateindia.mygov.in/uidai-mascot-competition/ സന്ദർശിക്കാം.
**************************
വൈറ്റ് ഗുഡ്‌സിനായുള്ള (AC കൾ LED ലൈറ്റുകൾ) നാലാം റൗണ്ട് ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയുടെ (PLI) അപേക്ഷാ കാലയളവ് 2025 നവംബർ 10 വരെ സർക്കാർ ദീർഘിപ്പിച്ചു.
വൈറ്റ് ഗുഡ്‌സിനായുള്ള (എയർ കണ്ടീഷണറുകൾ, LED ലൈറ്റുകൾ) നാലാം റൗണ്ട് ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയുടെ (PLI) അപേക്ഷാ കാലയളവ് 2025 നവംബർ 10 വരെ നീട്ടിയതായി വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) അറിയിച്ചു.
നേരത്തെ, 2025 സെപ്റ്റംബർ 15 മുതൽ 2025 ഒക്ടോബർ 14 വരെയായി നിശ്ചയിച്ചിരുന്ന നാലാം റൗണ്ടിലേക്കുള്ള അപേക്ഷാ കാലയളവ്, പദ്ധതിക്ക് കീഴിലുള്ള വ്യവസായ മേഖലയുടെ മികച്ച പ്രതികരണവും വർദ്ധിച്ചുവരുന്ന നിക്ഷേപ താത്പര്യവും കണക്കിലെടുത്താണ് നീട്ടിയത്. PLI-WG പദ്ധതിയ്ക്ക് കീഴിൽ ഇന്ത്യയിൽ എയർ കണ്ടീഷണറുകളുടെയും, LED ലൈറ്റുകളുടെയും പ്രധാന ഘടക ഭാഗങ്ങങ്ങളുടെ ആഭ്യന്തര നിർമ്മാണത്തിൽ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെയും ഉത്സാഹത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു.
പദ്ധതിയുടെ ആദ്യ ഘട്ടങ്ങൾ ഇതിനോടകം ഗണ്യമായ നിക്ഷേപ പ്രതിബദ്ധത ആകർഷിച്ചിട്ടുണ്ട്. ഇത് മൂല്യ ശൃംഖലയിലുടനീളം മെച്ചപ്പെട്ട ഉത്പാദന ശേഷിയും തൊഴിലവസര സൃഷ്ടിയും പ്രോത്സാഹിപ്പിക്കുന്നതിനും സംഭാവന നൽകി.
ആഭ്യന്തര ഉതപാദനം വർദ്ധിപ്പിക്കുക, ഘടക ഭാഗങ്ങളുടെ പ്രാദേശികവത്ക്കരണം പ്രോത്സാഹിപ്പിക്കുക, എയർ കണ്ടീഷണർ, LED ലൈറ്റിംഗ് മേഖലകളിൽ ഇന്ത്യയുടെ ആഗോള മത്സരശേഷി ശക്തിപ്പെടുത്തുക എന്നിവയാണ് ₹6,238 കോടി ചെലവിൽ, 2021 ഏപ്രിലിൽ ആരംഭിച്ച വൈറ്റ് ഗുഡ്‌സിനായുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
അർഹരായ അപേക്ഷകർക്ക് https://pliwg.dpiit.gov.in എന്ന ഓൺലൈൻ PLI പോർട്ടൽ മുഖേന “വൈറ്റ് ഗുഡ്സ്” വിഭാഗത്തിന് കീഴിൽ 2025 നവംബർ 10-നകം അപേക്ഷകൾ സമർപ്പിക്കാം.
*********************
(Release ID: 2180512)
Visitor Counter : 10