യുവജനകാര്യ, കായിക മന്ത്രാലയം
ഫിറ്റ് ഇന്ത്യയുടെ നേതൃത്വത്തില്‍ ‘കശ്മീർ മുതൽ കന്യാകുമാരി വരെ’, 'പെഡൽ ടു പ്ലാൻ്റ്' സൈക്കിള്‍ പര്യടനങ്ങള്‍ ഒക്ടോബർ 31 മുതല്‍
Posted On:
17 OCT 2025 1:47PM by PIB Thiruvananthpuram
'ഫിറ്റ് ഇന്ത്യ' സംരംഭത്തിന് കീഴിൽ കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയവും തൊഴിൽ മന്ത്രാലയവും സംയുക്തമായി സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തിന്റെ അനുസ്മരണത്തോടനുബന്ധിച്ച് 2025 ഒക്ടോബർ 31 മുതൽ "ഐക്യത്തിന്റെ ഉരുക്കുചക്രങ്ങള്‍" എന്ന പേരിൽ രണ്ട് രാജ്യവ്യാപക സൈക്കിള്‍ പര്യടനങ്ങള്‍ സംഘടിപ്പിക്കും. രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിച്ചേരുന്ന പര്യടനങ്ങള്‍ ദേശീയ ഐക്യത്തിന്റെയും ഇന്ത്യയുടെ ആരോഗ്യപൂര്‍ണവും കരുത്തുറ്റതുമായ മനോഭാവത്തിന്റെയും പ്രതീകമാകും.
കശ്മീർ മുതൽ കന്യാകുമാരി വരെ സംഘടിപ്പിക്കുന്ന സൈക്കിള്‍ പര്യടനം 2025 ഒക്ടോബർ 31-ന് ജമ്മുകശ്മീരിലെ ശ്രീനഗറിൽ നിന്ന് ആരംഭിച്ച് പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ട് 2025 നവംബർ 16-ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്നതോടെ 4480 കിലോമീറ്റർ ദൂരം പൂർത്തിയാക്കും. സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ 150 സൈക്കിള്‍ യാത്രികര്‍ ഭാഗമാകും.
2023 മെയ് 17-ന് എവറസ്റ്റ് കൊടുമുടി കീഴടക്കുകയും ‘കാലാവസ്ഥാ വ്യതിയാനത്തിന് മുൻപ് സ്വയം മാറാം’ എന്ന സന്ദേശവുമായി ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് സൈക്കിൾ യാത്ര നടത്തുകയും ചെയ്ത പർവതാരോഹക നിഷാ കുമാരിയാണ് കശ്മീര്‍ - കന്യാകുമാരി പര്യടനത്തിന് നേതൃത്വം നൽകുന്നത്.
മറ്റൊരു സൈക്കിള്‍ പര്യടനമായ 'പെഡൽ ടു പ്ലാൻ്റ്' അരുണാചൽ പ്രദേശിലെ പാങ്‌സൗവിൽ നിന്ന് ആരംഭിച്ച് അസം, പശ്ചിമ ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് 4000 കിലോമീറ്റർ ദൂരം പിന്നിട്ട് 2025 ഡിസംബർ 31-ന് ഗുജറാത്തിലെ മുന്ദ്രയിൽ അവസാനിക്കും. പര്യടനത്തിനിടെ സൈക്കിള്‍ യാത്രികര്‍ ഒരുലക്ഷം വൃക്ഷത്തൈകൾ നടുകയും കാലാവസ്ഥ, ശാരീരികക്ഷമത എന്നിവയുമായി ബന്ധപ്പെട്ട് സ്കൂളുകളിലും കോളേജുകളിലും അവബോധ പരിപാടികള്‍ നടത്തുകയും ചെയ്യും.
ഫിറ്റ് ഇന്ത്യയുടെ 'ഐക്യത്തിന്റെ ഉരുക്കുചക്രങ്ങള്‍' കാമ്പയിനിൽ പങ്കെടുക്കുന്ന സൈക്കിള്‍ യാത്രികര്‍ക്ക് ആശംസകള്‍ നേരുന്നതായി കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽ, ഉദ്യോഗ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. മഹാനായ സ്വാതന്ത്ര്യസമര സേനാനിയും രാഷ്ട്രതന്ത്രജ്ഞനുമായ സർദാർ വല്ലഭായ് പട്ടേലിന് ആദരവായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തെ പൗരന്മാർ കൂടുതൽ ആരോഗ്യവാന്മാരും ശക്തരുമാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നു. പ്രസ്തുത കാഴ്ചപ്പാടിന് ശക്തി പകരാനും സജീവ ജീവിതശൈലി സ്വീകരിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ സംരംഭം സഹായിക്കും. ശാരീരികക്ഷമത നിലനിർത്തുന്നതിനുള്ള മികച്ച മാർഗമാണ് സൈക്കിള്‍ യാത്രയെന്നും ഇത് മലിനീകരണത്തിന് പരിഹാരമാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഇന്ത്യക്കാരനും സൈക്കിള്‍ സവാരി ഏറ്റെടുക്കാനും സ്വന്തം ശാരീരികക്ഷമത നിലനിർത്താൻ കുറഞ്ഞത് 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ നീക്കിവെക്കാനും ഡോ. മന്‍സുഖ് മാണ്ഡവ്യ അഭ്യർത്ഥിച്ചു.
SKY
*****
(Release ID: 2180349)
Visitor Counter : 12