വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യാ–ബ്രസീൽ വ്യാപാര സംവാദ പരിപാടിയെ അഭിസംബോധന ചെയ്ത് ബ്രസീലിയൻ ഉപരാഷ്ട്രപതി ജെറാൾഡോ അൽക്ക്‌മിനും പ്രതിരോധ മന്ത്രി ജോസ് മ്യുഷിയോ മോണ്ടീറോ ഫിലോയും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലും

Posted On: 16 OCT 2025 3:20PM by PIB Thiruvananthpuram

ഇന്ത്യാ–ബ്രസീൽ വ്യാപാര സംവാദ പരിപാടിയെ  അഭിസംബോധന ചെയ്ത കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ  ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ചയും ബ്രസീലുമായുള്ള ആഴമേറിയ ഉഭയകക്ഷി പങ്കാളിത്തവും  എടുത്തുപറഞ്ഞു. 

ബ്രസീൽ ഉപരാഷ്ട്രപതി  ജെറാൾഡോ അൽക്ക്‌മിന്റെയും പ്രതിരോധ മന്ത്രി മ്യുഷിയോ മോണ്ടീറോ ഫിലോയുടെയും  പങ്കാളിത്തത്തിന്  ശ്രീ ഗോയൽ നന്ദി അറിയിച്ചു.  തന്ത്രപരവും സാമ്പത്തികവുമായ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാന്‍ ഇരുരാജ്യങ്ങളുടെയും ശക്തമായ പ്രതിബദ്ധത സന്ദർശനത്തിലൂടെ പ്രതിഫലിക്കുന്നതായി അദ്ദേഹം പറഞ്ഞു.  

ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് മികച്ച സംഭാവന നൽകുന്ന രണ്ട് പ്രധാന കാർഷികോല്പാദക രാജ്യങ്ങളായ ഇന്ത്യയുടെയും ബ്രസീലിന്റെയും പൊതു കാർഷിക ശക്തിയെ ലോക ഭക്ഷ്യദിനത്തിൻ്റെ  പശ്ചാത്തലത്തില്‍  മന്ത്രി എടുത്തുപറഞ്ഞു.  കാർഷിക വ്യവസായത്തിലും ഭക്ഷ്യ സംസ്കരണത്തിലും  സംവാദപരിപാടി കൂടുതൽ സഹകരണത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യ-ബ്രസീൽ ബന്ധം  ഉത്സവത്തെപ്പോലെ വർണാഭവും കാല്‍പന്തുകളിപോലെ ആവേശഭരിതവുമായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ധരിച്ചുകൊണ്ട് ശ്രീ ഗോയൽ പറഞ്ഞു. യോഗയും ആയുർവേദവും  ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിൽ ഉൾപ്പെടുത്തിയ ബ്രസീലിനെ അഭിനന്ദിച്ച ശ്രീ ഗോയല്‍  പരമ്പരാഗത ജ്ഞാനവും ആരോഗ്യ പരിപാലന രീതികളും ഇരുരാജ്യങ്ങളും തമ്മിലെ സാംസ്കാരിക, ആരോഗ്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി) ആദ്യ പാദം 7.8 ശതമാനം വളർച്ച കൈവരിച്ചതായി ശ്രീ പീയുഷ് ഗോയല്‍ പറഞ്ഞു. കഴിഞ്ഞ നാലുവർഷമായി ലോകത്തെ അതിവേഗം  വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിക്കഴിഞ്ഞു. അടുത്ത രണ്ട് പതിറ്റാണ്ടുകളിലേക്കെങ്കിലും ഈ വളർച്ചാ വേഗം ഇന്ത്യ തുടരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വളർച്ചാഗാഥ മൂന്ന് ശക്തിസ്തംഭങ്ങളിലാണ് നിലകൊള്ളുന്നതെന്ന് ശ്രീ ഗോയൽ വ്യക്തമാക്കി. ശക്തവും വിപുലവുമായ  സാമ്പത്തിക അടിത്തറ സൃഷ്ടിക്കുകയെന്നതാണ് ആദ്യ സ്തംഭം.   പണപ്പെരുപ്പം കുറഞ്ഞ തോതില്‍ നിലനിർത്തിയ സര്‍ക്കാര്‍  സുസ്ഥിര വളർച്ച ഉറപ്പാക്കുകയും  ബാങ്കിംഗ് സംവിധാനം ശക്തിപ്പെടുത്തുകയും ലോകത്തിലെ  ഏറ്റവും ശക്തമായ വിദേശനാണ്യ കരുതൽ ശേഖരം കെട്ടിപ്പടുക്കുകയും ചെയ്തു.  700 ബില്യൺ യുഎസ് ഡോളറിന്റെ വിദേശനാണ്യ കരുതൽ ശേഖരം സ്വന്തമായ ഇന്ത്യ വിദേശനാണ്യ ശക്തിയുടെ കാര്യത്തിൽ ആഗോളതലത്തിൽ അഞ്ച് മുൻനിര രാജ്യങ്ങളിലൊന്നാണ്. ശക്തവും വിപുലവുമായ ഈ സാമ്പത്തിക അടിത്തറ വലിയ വളർച്ചാ ലക്ഷ്യങ്ങൾ പിന്തുടരാനും വികസന യാത്രയ്ക്ക് വേഗം പകരാനും രാജ്യത്തിന് അവസരം നൽകുന്നുവെന്ന് ശ്രീ ഗോയൽ വ്യക്തമാക്കി.  

ഉന്നത നിലവാരത്തിലുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്തിന്റെ വിദൂര മേഖലകളിലേക്ക് എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണ് രണ്ടാമത്തെ സ്തംഭം.  മികച്ച അടിസ്ഥാന സൗകര്യങ്ങൾ മത്സരശേഷിയുടെ അടിത്തറയാണെന്നും ഇന്ത്യയിലെങ്ങും തുല്യ വളർച്ചയുടെ ചാലകമാണിതെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപം സമ്പര്‍ക്കസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചരക്കുനീക്കത്തിന്റെ ചെലവ് കുറയ്ക്കുകയും ചെയ്യുന്നതിനൊപ്പം വ്യാപാരമേഖലയെ  വിപുലീകരിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള രാജ്യത്തിന്റെ ശേഷി ശക്തിപ്പെടുത്തുന്നു.  രാഷ്ട്ര നിർമാണത്തിന് സംഭാവന നൽകാന്‍ യുവതീയുവാക്കള്‍ക്ക് അവസരം നല്‍കുന്ന ഈ നിക്ഷേപങ്ങൾ സംരംഭകരെയും സ്റ്റാർട്ടപ്പുകളെയും പിന്തുണയ്ക്കാനും വ്യാപാരമേഖലയ്ക്കും നൂതനാശയങ്ങൾക്കും പുതുവഴികൾ തുറക്കാനും വേദിയൊരുക്കുന്നു. കഴിഞ്ഞ പതിറ്റാണ്ടില്‍ അടിസ്ഥാന സൗകര്യ വികസനം സർക്കാരിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായിരുന്നുവെന്ന് ശ്രീ ഗോയൽ വ്യക്തമാക്കി.  

ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലാണ്  വളർച്ചാ യാത്രയുടെ മൂന്നാമത്തെ സ്തംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മധ്യവർഗക്കാരുടെ ആദായ നികുതി ഭാരം കുറച്ച സര്‍ക്കാര്‍ വ്യാപാര പ്രക്രിയകൾ സുഗമമാക്കാന്‍ ചരക്കുസേവന നികുതി (ജിഎസ്ടി) സംവിധാനം ലളിതവല്‍ക്കരിച്ചതായും  അദ്ദേഹം ചൂണ്ടിക്കാട്ടി. സെപ്റ്റംബർ 22-ന് പ്രാബല്യത്തിൽ വന്ന ജിഎസ്ടി പരിഷ്കാരങ്ങൾ നികുതി നിരക്ക് ഗണ്യമായി കുറയ്ക്കുകയും നടപടിക്രമങ്ങള്‍ സുഗമമാക്കുകയും ചെയ്തു.  ഇത് രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ ചെലവഴിക്കാനുള്ള ശേഷിയും കുടുംബങ്ങൾക്ക് മെച്ചപ്പെട്ട ജീവിതനിലവാരവും നല്‍കിയതായി ശ്രീ ഗോയൽ അഭിപ്രായപ്പെട്ടു.  സാമ്പത്തിക വളർച്ചയുടെ പ്രയോജനം എല്ലാവർക്കും ലഭിക്കുന്നുവെന്നും വികസനം എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തില്‍ വിപുലമായി തുടരുന്നുവെന്നും ഉറപ്പാക്കാനാണ് സർക്കാരിൻ്റെ നിരന്തര ശ്രമങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.  

2025-ലെ ഇന്ത്യയുടെ വളർച്ചാനിരക്ക് സംബന്ധിച്ച പ്രവചനം  6.4 ശതമാനത്തിൽ നിന്ന് 6.6 ശതമാനത്തിലേക്ക് ഐഎംഎഫ് ഉയർത്തിയതായി ഇന്ത്യയുടെ ധീര പരിഷ്കാരങ്ങളെ പ്രശംസിച്ച് ഐഎംഎഫ് മേധാവി ഈയിടെ നടത്തിയ  പ്രസ്താവനയെ പരാമർശിച്ചുകൊണ്ട് ശ്രീ ഗോയൽ പറഞ്ഞു. കഴിഞ്ഞ 12 വർഷത്തിനിടെ 250 ദശലക്ഷം ഇന്ത്യക്കാരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനായെന്നും  രാജ്യത്തിൻ്റെ  ഉപഭോഗത്തെയും വളർച്ചാ യാത്രയെയും നയിക്കുന്ന ശക്തവും അഭിലഷണീയവുമായ മധ്യവര്‍ഗ സമൂഹത്തെ സൃഷ്ടിക്കാന്‍ ഇത് വഴിയൊരുക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ക്ഷേമ, അടിസ്ഥാനസൗകര്യ നിക്ഷേപങ്ങൾ ചേര്‍ന്നു പ്രവർത്തിച്ച്  മികച്ച നിലയില്‍ എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ  സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നുവെന്നും ഇത് രാജ്യത്തെ എല്ലാ പൗരന്മാർക്കും ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വൈദ്യുതി, ഡിജിറ്റൽ സമ്പര്‍ക്കസൗകര്യങ്ങള്‍, ശുദ്ധജലം എന്നിവ ഉറപ്പാക്കുന്നുവെന്നും ശ്രീ ഗോയല്‍ പറഞ്ഞു.  

ഘടനാപരമായ പരിഷ്കാരങ്ങൾ, നടപടിക്രമങ്ങള്‍ സുഗമമാക്കല്‍, നിയമപരമായ ബാധ്യതകൾ ലഘൂകരിക്കുന്ന നടപടികൾ എന്നിവയില്‍ സർക്കാരിൻ്റെ  പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.  ഈ ശ്രമങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും സമീപഭാവിയിൽ ലോകത്തെ മൂന്നാമത് വലിയ സമ്പദ്‌വ്യവസ്ഥയെന്ന നിലയില്‍ ഉയരാന്‍ ഇന്ത്യയെ സജ്ജമാക്കുകയും ചെയ്തു.  2047-ഓടെ 30 മുതല്‍ 35 ട്രില്യൺ വരെ  യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

2047-ഓടെ  വികസിത രാഷ്ട്രമായി മാറാനുള്ള ഇന്ത്യയുടെ ദൗത്യത്തിന് രാജ്യത്തെ 140 കോടി പൗരന്മാരുടെയും കൂട്ടായ നിശ്ചയദാർഢ്യം ഊര്‍ജം പകരുന്നുവെന്ന്  ശ്രീ ഗോയൽ പറഞ്ഞു.  വികസിത രാജ്യങ്ങളുമായും വളർന്നുവരുന്ന രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാറുകളിലേര്‍പ്പെട്ട് വ്യാപാര, നിക്ഷേപ പങ്കാളിത്തം വിപുലീകരിക്കുന്നതിലും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയിലും ആഗോള സഹകരണത്തിലും ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.  

‘വൃക്ഷങ്ങള്‍ നടുന്നതിന് മുന്‍പ് ഫലം കൊയ്യാന്‍ ആര്‍ക്കുമാവില്ലെ’ന്ന ബ്രസീലിയൻ പ്രസിഡ ൻ്റ്    ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ വാക്കുകൾ തൻ്റെ  അഭിസംബോധനയുടെ അവസാനഭാഗത്ത് ശ്രീ പീയുഷ് ഗോയല്‍ ഉദ്ധരിച്ചു. ദീർഘകാല വളർച്ചയുടെയും പങ്കാളിത്തത്തിൻ്റെ യും വിത്തുകൾ പാകിയ ഇന്ത്യ ബ്രസീലുമായി  തുടരുന്ന സൗഹൃദം ഇരുരാജ്യങ്ങൾക്കും ശാശ്വത  സമൃദ്ധി ഉറപ്പാക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

*******************


(Release ID: 2180090) Visitor Counter : 7