PIB Headquarters
ലോക ഭക്ഷ്യദിനം 2025
മികച്ച ഭക്ഷണത്തിനും മികച്ച ഭാവിയ്ക്കുമായി കൈകോർക്കാം
Posted On:
15 OCT 2025 5:41PM by PIB Thiruvananthpuram
ആമുഖം
എല്ലാ വർഷവും ഒക്ടോബർ 16-ന് ആചരിക്കുന്ന ലോക ഭക്ഷ്യദിനം ഭക്ഷ്യസുരക്ഷ, പോഷകാഹാരം, സുസ്ഥിര കാർഷിക രീതികള്‍ എന്നിവ സംബന്ധിച്ച് അവബോധം വളർത്താന്‍ ആഗോള വേദിയൊരുക്കുന്നു. സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ആവശ്യമായ അളവില്‍ എല്ലാവർക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ നിലവിലെ വെല്ലുവിളികളെ ദിനാചരണം ഓർമപ്പെടുത്തുന്നു. ആരോഗ്യം, വളർച്ച, ക്ഷേമം എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ ഭക്ഷണം ജീവിതത്തിൻ്റെ അടിസ്ഥാനമാണ്. ഭക്ഷ്യോല്പാദനത്തിലെ ആഗോള മുന്നേറ്റങ്ങൾക്കിടയിലും ദശലക്ഷക്കണക്കിന് പേര്‍ പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്നത് ഫലപ്രദമായ നയങ്ങളുടെയും സുസ്ഥിര ഭക്ഷ്യ സംവിധാനങ്ങളുടെയും സഹകരണാത്മക പ്രവർത്തനങ്ങളുടെയും ആവശ്യകത വ്യക്തമാക്കുന്നു.

1945-ൽ ഐക്യരാഷ്ട്രസഭയ്ക്ക് കീഴില്‍ ഭക്ഷ്യ-കാർഷിക സംഘടന രൂപീകരിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് ലോക ഭക്ഷ്യദിനം ആചരിക്കുന്നത്. "ഭക്ഷണം മുഖ്യം" എന്ന പ്രമേയത്തിൽ 1981-ലായിരുന്നു ആദ്യ ഔദ്യോഗിക ദിനാചരണം. ഐക്യരാഷ്ട്ര പൊതുസഭ 1984-ൽ ദിനാചരണത്തിന് അംഗീകാരം നൽകി. ഓരോ ദിനാചരണ വേളയിലും ലോകമെങ്ങും 150 രാജ്യങ്ങളിൽ നടത്തുന്ന കൂട്ടായ പ്രവർത്തനങ്ങൾ വിശപ്പിനെക്കുറിച്ച് അവബോധം നല്‍കാനും ഭക്ഷണത്തിൻ്റെയും ജനങ്ങളുടെയും ഭൂമിയുടെയും ഭാവിയ്ക്കുവേണ്ടി പ്രവർത്തിക്കാനും പ്രോത്സാഹനം നൽകുന്നു. ഇത് ഐക്യരാഷ്ട്രസഭയുടെ കലണ്ടറില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന ദിനാചരണങ്ങളിലൊന്നായി ഭക്ഷ്യദിനത്തെ മാറ്റുന്നു. "മികച്ച ഭക്ഷണത്തിനും മികച്ച ഭാവിയ്ക്കുമായി കൈകോർക്കാം" എന്ന 2025-ലെ പ്രമേയം കാർഷിക-ഭക്ഷ്യ സംവിധാനങ്ങളെ പരിവർത്തനം ചെയ്യാന്‍ സർക്കാരുകളുടെയും സംഘടനകളുടെയും സമൂഹങ്ങളുടെയും വിവിധ മേഖലകളുടെയും ആഗോള സഹകരണത്തിന് ഊന്നൽ നൽകുന്നു.
പോഷകസമൃദ്ധവും സുസ്ഥിരവുമായ രാഷ്ട്ര നിര്‍മാണം ലോക ജനസംഖ്യയുടെ വലിയൊരു വിഭാഗം അധിവസിക്കുന്ന ഇന്ത്യ പോഷകാഹാരക്കുറവ് കുറയ്ക്കാനും ദാരിദ്ര്യം ലഘൂകരിക്കാനും കാർഷിക സുസ്ഥിരത പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിവിധ പദ്ധതികളിലൂടെയും നയങ്ങളിലൂടെയും വിശപ്പിനെ അഭിസംബോധന ചെയ്യുന്നതിലും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിലും ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ലോക ഭക്ഷ്യദിനാചരണത്തിന്റെ ഈ വർഷത്തെ പ്രമേയത്തിനനുസൃതമായി ദശലക്ഷക്കണക്കിന് പേരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലും എല്ലാ വീടുകളിലും പോഷകസമൃദ്ധമായ ഭക്ഷണം എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിലും രാജ്യത്തിൻ്റെ നിലവിലെ ശ്രമങ്ങൾ നിർണായക പങ്കുവഹിക്കുന്നു.
വരുമാനം കുറഞ്ഞ കുടുംബങ്ങളെയും കുട്ടികളെയും പ്രായമായവരെയും പിന്തുണയ്ക്കുന്ന ദേശീയ പദ്ധതികളും പ്രാദേശിക സംരംഭങ്ങളും ഇന്ത്യയുടെ വൈവിധ്യമാർന്ന ഭക്ഷ്യസുരക്ഷാ ചട്ടക്കൂടിലുൾപ്പെടുന്നു. കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ത്യയുടെ ഭക്ഷ്യധാന്യോല്പാദനത്തിൽ ഏകദേശം 90 ദശലക്ഷം മെട്രിക് ടണ്ണിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. അതേസമയം പഴങ്ങളുടെയും പച്ചക്കറികളുടെയും ഉല്പാദനം 64 ദശലക്ഷം മെട്രിക് ടണ്ണിലേറെ വർധിച്ചു. പാലിന്റെയും ചെറുധാന്യങ്ങളുടെയും ഉല്പാദനത്തിൽ ഇന്ത്യ ആഗോളതലത്തിൽ ഒന്നാമതും മത്സ്യം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഉല്പാദനത്തിൽ രണ്ടാം സ്ഥാനത്തുമാണ്. 2014-നെ അപേക്ഷിച്ച് തേനിന്റെയും മുട്ടയുടെയും ഉല്പാദനവും ഇരട്ടിയായി. കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ കാർഷിക കയറ്റുമതി ഇരട്ടിയോളം വർധിച്ചതോടെ രാജ്യം ആഗോളതലത്തിലും അടയാളപ്പെടുത്തപ്പെട്ടു.
ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്ന പ്രധാന സർക്കാർ സംരംഭങ്ങൾ
രാഷ്ട്ര വികസനത്തിൽ ഭക്ഷണത്തിന്റെയും കൃഷിയുടെയും സുപ്രധാന പങ്ക് തിരിച്ചറിഞ്ഞ് ഗുണമേന്മയുള്ള ഭക്ഷണം എല്ലാവർക്കും ലഭ്യമാക്കാനും സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കാനും അതുവഴി കർഷകരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്താനും സർക്കാർ നിരവധി സംരംഭങ്ങൾ നടപ്പാക്കിയിട്ടുണ്ട്. പട്ടിണിയുടെയും പോഷകാഹാരക്കുറവിൻ്റെയും വെല്ലുവിളികൾ ഫലപ്രദമായി പരിഹരിക്കാന്‍ ഇന്ത്യ കൈക്കൊള്ളുന്ന തുടർച്ചയായ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് സർക്കാറിന്റെ ഈ ക്ഷേമ പദ്ധതികള്‍. സജീവവും ആരോഗ്യകരവുമായ ജീവിതത്തിന് എല്ലാവര്‍ക്കും എപ്പോഴും അവരുടെ ഭക്ഷണ ആവശ്യങ്ങളും ഇഷ്ട ഭക്ഷണരീതികളും നിറവേറ്റുന്ന വിധത്തില്‍ ആവശ്യമായ അളവില്‍ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ ഭൗതികവും സാമ്പത്തികവുമായ ലഭ്യത ഉറപ്പാക്കുന്നതിനെയാണ് ഭക്ഷ്യസുരക്ഷ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ മതിയായ ഭക്ഷ്യോല്പാദനത്തിനൊപ്പം തുല്യമായ വിതരണവും അനിവാര്യമാണ്.
ദേശീയ ഭക്ഷ്യസുരക്ഷാ ദൗത്യം (എന്‍എഫ്എസ്എം)
ഉല്പാദനം ശക്തിപ്പെടുത്തുന്നതിന് 2007–08 കാലയളവിൽ സർക്കാർ ദേശീയ ഭക്ഷ്യസുരക്ഷാ ദൗത്യത്തിന് (എന്‍എഫ്എസ്എം) തുടക്കം കുറിച്ചു. കാര്‍ഷിക വിസ്തൃതി വര്‍ധിപ്പിച്ചും ഉല്പാദനക്ഷമത കൂട്ടിയും നെല്ല്, ഗോതമ്പ്, പയറുവർഗങ്ങൾ എന്നിവയുടെ ഉല്പാദനം ഉയര്‍ത്തുക, മണ്ണിൻ്റെ ഫലഭൂയിഷ്ഠതയും ഉല്പാദനക്ഷമതയും പുനഃസ്ഥാപിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കൃഷിയിടങ്ങളിലെ വരുമാനം വർധിപ്പിക്കുക എന്നിവയായിരുന്നു ദൗത്യ ലക്ഷ്യങ്ങൾ. 2014–15 കാലയളവിൽ ഉല്പാദനക്ഷമത, മണ്ണിന്റെ ആരോഗ്യം, കർഷക വരുമാനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചെറുധാന്യങ്ങൾ കൂടി ഉൾപ്പെടുത്തി ദൗത്യം വിപുലീകരിച്ചു. ഭക്ഷ്യോല്പാദനത്തിലും പോഷകാഹാരത്തിലും ഒരുപോലെ ഊന്നൽ നൽകി 2024–25 കാലയളവിൽ ദേശീയ ഭക്ഷ്യസുരക്ഷാ പോഷകാഹാര ദൗത്യം (എന്‍എഫ്എസ്എന്‍എം) എന്ന് ഇതിനെ പുനർനാമകരണം ചെയ്തു.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എന്‍എഫ്എസ്എ)
2011-ലെ സെൻസസ് പ്രകാരം അന്ത്യോദയ അന്നയോജന (എഎവൈ), മുൻഗണനാ കുടുംബങ്ങൾ എന്നീ വിഭാഗങ്ങള്‍ക്ക് കീഴില്‍ വരുന്ന ആകെ 81.35 കോടി പേരില്‍ ഗ്രാമീണ ജനസംഖ്യയുടെ 75% വരെയും നഗര ജനസംഖ്യയുടെ 50% വരെയും ഈ നിയമത്തിൻ്റെ പരിധിയിൽ ഉള്‍ക്കൊള്ളുന്നു. അന്ത്യോദയ അന്നയോജന കുടുംബങ്ങൾക്ക് പ്രതിമാസം 35 കിലോഗ്രാം ഭക്ഷ്യധാന്യവും മുൻഗണന വിഭാഗത്തിലെ കുടുംബങ്ങളില്‍ ഒരാൾക്ക് 5 കിലോഗ്രാം ഭക്ഷ്യധാന്യവുമാണ് പ്രതിമാസം ലഭിക്കുന്നത്. നിലവിൽ ഏകദേശം 78.90 കോടി ഗുണഭോക്താക്കൾ ഈ നിയമത്തിൻ്റെ പരിധിയിൽ വരുന്നു.
ദേശീയ ഭക്ഷ്യസുരക്ഷ പോഷകാഹാര ദൗത്യം കേന്ദ്ര ശേഖരത്തിലേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനം ഉറപ്പാക്കുമ്പോൾ 2013-ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അവയുടെ തുല്യ വിതരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. ദേശീയ ഭക്ഷ്യസുരക്ഷാ പോഷകാഹാര ദൗത്യവും ദേശീയ ഭക്ഷ്യസുരക്ഷാ നിയമവും ഒരുമിച്ച് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ ചട്ടക്കൂടിൻ്റെ അടിത്തറയായി നിലകൊള്ളുന്നു. ഒന്ന് ഉല്പാദനത്തെ നയിക്കുമ്പോൾ മറ്റൊന്ന് വിതരണം ഉറപ്പാക്കി സമഗ്ര വളർച്ച, സുസ്ഥിരത, പോഷകാഹാര സുരക്ഷ എന്നിവയുമായി ഉല്പാദന നേട്ടങ്ങളെ സംയോജിപ്പിക്കുന്നു.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പിഎംജികെഎവൈ)
രാജ്യത്ത് കൊവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിബന്ധങ്ങള്‍ മൂലം പാവപ്പെട്ടവരും അര്‍ഹരായ മറ്റ് ജനവിഭാഗങ്ങളും നേരിടുന്ന കഷ്ടപ്പാടുകൾ ലഘൂകരിക്കുകയെന്ന പ്രത്യേക ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പിഎംജികെഎവൈ) ആരംഭിച്ചത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ നേരത്തെ തിരിച്ചറിഞ്ഞ് ഉൾപ്പെടുത്തിയ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ദൗത്യം. ഏഴ് ഘട്ടങ്ങളിലായി നടപ്പാക്കിയ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജനയുടെ അവസാനഘട്ടം 2022 ഡിസംബർ 31 വരെ പ്രവർത്തനക്ഷമമായിരുന്നു.

പാവപ്പെട്ട ഗുണഭോക്താക്കളുടെ സാമ്പത്തിക ഭാരം ഒഴിവാക്കാനും ദരിദ്രരെ പിന്തുണയ്ക്കുന്ന പദ്ധതിയുടെ ഏകീകൃതവും ഫലപ്രദവുമായ നടത്തിപ്പ് രാജ്യവ്യാപകമായി ഉറപ്പാക്കാനും അന്ത്യോദയ അന്നയോജന കുടുംബങ്ങൾക്കും മുൻഗണനാ കുടുംബങ്ങൾക്കും 2023 ജനുവരി 1 മുതൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജനക്ക് കീഴിൽ സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സൗജന്യ ഭക്ഷ്യധാന്യ വിതരണ കാലയളവ് 2024 ജനുവരി 1 മുതൽ അഞ്ച് വർഷത്തേക്കുകൂടി നീട്ടിയിട്ടുണ്ട്. 11.80 ലക്ഷം കോടി രൂപയോളം വരുന്ന പദ്ധതിയുടെ സാമ്പത്തിക ചെലവ് പൂർണമായും കേന്ദ്ര സർക്കാര്‍ വഹിക്കുന്നു.
പിഎം പോഷൺ (പോഷൺ ശക്തി നിർമാൺ) പദ്ധതി
സർക്കാർ വിദ്യാലയങ്ങളിലെയും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലെയും കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തി പഠനം മെച്ചപ്പെടുത്താനും വിശപ്പ് ഇല്ലാതാക്കാനും അതുവഴി ദുർബല വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കിടയിൽ പതിവ് ഹാജർ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കിയ നിർണായക ദേശീയ സംരംഭമാണ് പിഎം പോഷൺ (പോഷൺ ശക്തി നിർമാൺ) പദ്ധതി. 14 വയസ്സുവരെ പ്രായക്കാരായ എല്ലാ പ്രൈമറി വിദ്യാർത്ഥികൾക്കും പദ്ധതി പ്രകാരം പോഷകഗുണമുള്ള ഉച്ചഭക്ഷണം ചൂടോടെ വിതരണം ചെയ്യുന്നു. പോഷക നിലവാരമുള്ള ഉച്ചഭക്ഷണം ഉറപ്പാക്കുന്നത് മെച്ചപ്പെട്ട ആരോഗ്യത്തിന് പിന്തുണയേകുകയും സ്‌കൂളിലെ ഹാജർ നില വർധിപ്പിക്കുകയും കുട്ടികളിലെ പഠന നിലവാരം ഉയര്‍ത്തുകയും ചെയ്യുന്നു. ഒപ്പം സാമൂഹ്യസമത്വവും സാമൂഹ്യ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നു.
2024–25 സാമ്പത്തിക വർഷം ഈ പദ്ധതിയ്ക്കായി ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ വിഹിതം 22.96 ലക്ഷം മെട്രിക് ടൺ അരിയും ഗോതമ്പുമാണ്.
ഇന്ത്യയിലെ അരി സമ്പുഷ്ടീകരണം
ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതും സൂക്ഷ്മ പോഷകങ്ങളുടെ അളവ് മെച്ചപ്പെടുത്തുന്നതും എല്ലായ്പ്പോഴും കേന്ദ്രസർക്കാരിന്റെ മുൻഗണനയാണ്. ഈ ലക്ഷ്യം കൈവരിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പോഷകാഹാര രംഗം മെച്ചപ്പെടുത്താൻ തുടര്‍ച്ചയായ ശ്രമങ്ങൾ നടത്തിവരുന്നു.
ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ആരംഭിച്ച പ്രധാന ഇടപെടലുകളിലൊന്ന് അരി സമ്പുഷ്ടീകരണ സംരംഭമാണ്.
പ്രധാന ഭക്ഷണങ്ങളിൽ അവശ്യ സൂക്ഷ്മ പോഷകങ്ങൾ ചേർക്കുന്ന രീതി സൂക്ഷ്മ പോഷകങ്ങളുടെ കുറവ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതും സുരക്ഷിതവും ചെലവ് കുറഞ്ഞതും തെളിവുകള്‍ അടിസ്ഥാനമാക്കിയും നടപ്പാക്കുന്ന പൂരക തന്ത്രമാണ്.
രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 65% പേർക്കും അരി പ്രധാന ഭക്ഷണമായതിനാൽ 2019-ൽ കേന്ദ്ര സർക്കാർ പരീക്ഷണാടിസ്ഥാനത്തില്‍ അരി സമ്പുഷ്ടീകരണ പരിപാടിയ്ക്ക് തുടക്കം കുറിച്ചു. ദരിദ്രർക്കും ദുർബല വിഭാഗക്കാർക്കും ഭക്ഷ്യാധിഷ്ഠിത പദ്ധതികളിലൂടെ സര്‍ക്കാര്‍ ഘട്ടം ഘട്ടമായി 2024-ഓടെ സമ്പുഷ്ടീകരിച്ച അരി നൽകുമെന്ന് 2021-ൽ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
സമ്പുഷ്ടീകരിച്ച ധാന്യങ്ങള്‍ (എഫ്ആര്‍കെ) 1% ഭാരത്തിന് ആനുപാതികമായി സാധാരണ അരിയുമായി കൂട്ടിച്ചേർത്താണ് സമ്പുഷ്ടീകരിച്ച അരി നിര്‍മിക്കുന്നത്. സമ്പുഷ്ടീകരിച്ച ധാന്യ ഘടകങ്ങളില്‍ (എഫ്ആര്‍കെ) അരിപ്പൊടിയ്ക്കൊപ്പം ഇരുമ്പ്, ഫോളിക് ആസിഡ്, വൈറ്റമിൻ ബി12 എന്നീ മൂന്ന് പ്രധാന സൂക്ഷ്മ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഇവ വലിപ്പത്തിലും ആകൃതിയിലും നിറത്തിലും മില്ലില്‍ സംസ്കരിച്ച സാധാരണ അരിയെപ്പോലെയിരിക്കും. സാധാരണ അരിയുടെ അതേ മണവും രുചിയും ഗുണമേന്മയും ഇതിനുണ്ട്.
പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കൽ, നിലവാരം നിശ്ചയിക്കൽ, ആവശ്യമായ സംവിധാനങ്ങളൊരുക്കൽ, നിര്‍വഹണം, വ്യാപനം എന്നിങ്ങനെ വിവിധ ഘട്ടങ്ങളടങ്ങുന്ന സമ്പൂര്‍ണ ജീവിത ചക്രത്തിലൂടെയാണ് ഇന്ത്യയിൽ അരി സമ്പുഷ്ടീകരണ പദ്ധതി സംബന്ധിച്ച തീരുമാനം നിലവില്‍വന്നത്.
ഘട്ടം ഘട്ടമായാണ് പദ്ധതി വിപുലീകരിച്ചത്. 2021-22 കാലയളവില്‍ നടപ്പാക്കിയ ആദ്യ ഘട്ടം ഐസിഡിഎസ്, പിഎം പോഷൺ പദ്ധതികൾ ഇതിലുൾപ്പെടുത്തി. 2022-23 കാലയളവില്‍ നടപ്പാക്കിയ രണ്ടാം ഘട്ടം വളർച്ച മുരടിപ്പ് കൂടുതലായ 269 അഭിലഷണീയ ജില്ലകളിലെ ഐസിഡിഎസ്, പിഎം പോഷൺ, ടിപിഡിഎസ് എന്നിവയെ ചേര്‍ത്തു. 2023-24 കാലയളവിലെ മൂന്നാം ഘട്ടത്തിൽ ടിപിഡിഎസിന് കീഴിലെ മറ്റ് ജില്ലകളും പദ്ധതിയുടെ ഭാഗമായി.
2024 മാർച്ചോടെ പിഎംജിഎകെവൈ, ഐസിഡിഎസ്, പിഎം പോഷൺ എന്നിവയടക്കം കേന്ദ്ര സർക്കാർ പദ്ധതികൾക്ക് കീഴിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിതരണം ചെയ്യുന്ന 100% അരിയും സമ്പുഷ്ടീകരിച്ചു.
പിഎംജിഎകെവൈയുടെ ഭാഗമായി 2028 ഡിസംബർ വരെ എല്ലാ കേന്ദ്ര സർക്കാർ പദ്ധതികൾക്ക് കീഴിലും സമ്പുഷ്ടീകരിച്ച അരിയുടെ സാർവത്രിക വിതരണം തുടരാൻ ഈയിടെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതിനായി 17,082 കോടി രൂപയുടെ 100% ധനസഹായവും കേന്ദ്രസർക്കാര്‍ വഹിക്കുന്നു.
പൊതുവിതരണ സംവിധാനത്തിലെ ആധുനികവൽക്കരണവും സാങ്കേതികവിദ്യാധിഷ്ഠിത പരിഷ്കാരങ്ങളും
സ്മാർട്ട്-പിഡിഎസ് അഥവാ പൊതുവിതരണ സംവിധാനത്തില്‍ സാങ്കേതികവിദ്യയിലൂടെ ആധുനികവല്ക്കരണവും പരിഷ്കാരങ്ങളും എന്ന പദ്ധതിയിലൂടെയാണ് പൊതുവിതരണ സമ്പ്രദായത്തെ സർക്കാർ നവീകരിച്ചത്. 2025 ഡിസംബറോടെ സ്മാർട്ട്-പിഡിഎസ് സംരംഭം ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. പൊതുവിതരണ സംവിധാനത്തിന്റെ സാങ്കേതിക അടിത്തറ ശക്തിപ്പെടുത്താനും നാല് പ്രധാന ഘടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പരിവർത്തനാത്മക മാറ്റം കൊണ്ടുവരാനും ഇത് ലക്ഷ്യമിടുന്നു
ഭക്ഷ്യധാന്യ സംഭരണം
വിതരണ ശൃംഖലാ നിര്‍വഹണവും ധാന്യങ്ങളുടെ വിഹിത നിർണയവും
റേഷൻ കാർഡിൻ്റെ നടപടിക്രമങ്ങളും ന്യായവില കടകളുടെ നടത്തിപ്പും
ബയോമെട്രിക് അധിഷ്ഠിത ധാന്യ വിതരണ സംവിധാനം (ഇ-കെവൈസി)
മേരാ റേഷൻ 2.0
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജനയുടെ ഗുണഭോക്താക്കൾക്ക് സുതാര്യതയും സൗകര്യവും വർധിപ്പിക്കുന്നതിന് 2024 ഓഗസ്റ്റ് 20-ന് മേരാ റേഷൻ 2.0 മൊബൈൽ ആപ്ലിക്കേഷന്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പുറത്തിറക്കി. ഗുണഭോക്താക്കൾക്ക് അവരുടെ അവകാശങ്ങൾ, ലഭ്യമായ ധാന്യം വാങ്ങിയതിന്റെ വിശദാംശങ്ങൾ, സമീപത്തെ ന്യായവില കടയുടെ സ്ഥാനം തുടങ്ങിയ തത്സമയ വിവരങ്ങൾ നവീകരിച്ച ഈ ആപ്പിലൂടെ ലഭിക്കുന്നു. സുഗമവും ഉപയോക്തൃ സൗഹൃദവുമായ അനുഭവത്തിന് പുതിയ മൂല്യവർധിത സവിശേഷതകള്‍ ഉൾപ്പെടുത്തിയ ആപ്പ് ഇതിനകം 1 കോടിയിലധികം പേരാണ് ഡൗണ്‍ലോഡ് ചെയ്തത്.
പൊതുവിതരണ സംവിധാനത്തിലെ പരിഷ്കാരങ്ങൾ മെച്ചപ്പെടുത്താന്‍ മറ്റ് നിരവധി ഇടപെടലുകളും സർക്കാർ നടത്തിയിട്ടുണ്ട്:
ഡിജിറ്റല്‍വല്‍ക്കരണം: എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും റേഷൻ കാർഡുകളും ഗുണഭോക്തൃ വിവരശേഖരവും പൂർണമായി (100%) ഡിജിറ്റലാക്കി മാറ്റി.
സുതാര്യതയും പരാതി പരിഹാരവും: രാജ്യവ്യാപകമായി സുതാര്യതാ പോർട്ടലും ഓൺലൈൻ പരാതി പരിഹാര സംവിധാനവും ടോൾ ഫ്രീ നമ്പറും ഏര്‍പ്പെടുത്തി.
ഓൺലൈൻ വിഹിത നിർണയവും വിതരണ ശൃംഖല നിര്‍വഹണവും: ചണ്ഡീഗഢ്, പുതുച്ചേരി, ദാദ്ര & നാഗർ ഹവേലിയിലെ നഗരപ്രദേശങ്ങൾ എന്നിവ ഒഴികെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ രീതികള്‍ നടപ്പാക്കിയ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഓൺലൈൻ വിഹിത നിർണയം ഏര്‍പ്പെടുത്തി. 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിതരണ ശൃംഖല നിര്‍വഹണം കമ്പ്യൂട്ടർവൽക്കരിച്ചു.
ആധാറുമായി ബന്ധിപ്പിക്കല്‍: ദേശീയ തലത്തിൽ ഏകദേശം 99.9% റേഷൻ കാർഡുകളും ആധാറുമായി ബന്ധിപ്പിച്ചു.
ന്യായവില കടകളുടെ യന്ത്രവല്‍ക്കരണം: എല്ലാ ന്യായവില കടകളിലും ഇ-പോസ് ഉപകരണങ്ങൾ സജ്ജീകരിച്ചത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഇലക്ട്രോണിക് രീതിയിലും സുതാര്യമായും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിന് ബയോമെട്രിക്/ആധാർ അധിഷ്ഠിത സ്ഥിരീകരണം സാധ്യമാക്കുന്നു.
ഒരു രാജ്യം, ഒരു റേഷൻ കാർഡ്: റേഷന്‍ കടകള്‍ മാറ്റാന്‍ സൗകര്യമൊരുക്കുന്നതിലൂടെ ഗുണഭോക്താക്കൾക്ക് രാജ്യത്ത് എവിടെനിന്നും പൊതുവിതരണ സംവിധാനത്തിലെ ആനുകൂല്യങ്ങൾ നേടാൻ ഈ സംരംഭം അവസരം നൽകുന്നു.
ഹെല്പ്ലൈന്‍ നമ്പര്‍: പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനും ഗുണഭോക്താക്കൾക്ക് എല്ലാത്തരം പരാതികളും സമര്‍പ്പിക്കാനും 1967 എന്ന ഹെൽപ് ലൈൻ നമ്പറും 1800-സ്റ്റേറ്റ് സീരീസ് നമ്പറും എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രവര്‍ത്തനക്ഷമമാണ്. പൊതുവിതരണ സംവിധാനത്തിലെ അഴിമതിയും തട്ടിപ്പുമടക്കം പരാതികൾ എവിടെനിന്ന് ലഭിച്ചാലും അതുസംബന്ധിച്ച് അന്വേഷണത്തിനും ഉചിതമായ നടപടികൾക്കുമായി ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാരുകൾക്ക് കൈമാറുന്നു.
തുറന്ന വിപണി വില്പന പദ്ധതി (ആഭ്യന്തരം)
വിപണിയിൽ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത വർധിപ്പിക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും പൊതുജനങ്ങൾക്ക് താങ്ങാവുന്ന വില ഉറപ്പാക്കാനും മിച്ചംവരുന്ന ഭക്ഷ്യധാന്യങ്ങൾ (ഗോതമ്പും അരിയും) തുറന്ന വിപണി വില്പന പദ്ധതി (ആഭ്യന്തരം) വഴി വിൽക്കുന്നു.
ഇത് താഴെ പറയുന്ന കാര്യങ്ങളെ സഹായിക്കുന്നു:
വിപണിയിൽ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത വർധിപ്പിക്കുക .
വില സ്ഥിരപ്പെടുത്തി പണപ്പെരുപ്പം നിയന്ത്രിക്കുക
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക.
പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുക
കൂടാതെ തുറന്ന വിപണി വില്പന പദ്ധതി (ആഭ്യന്തരം) നയത്തിന് കീഴിൽ പൊതു ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ ഗോതമ്പുപൊടിയും അരിയും ലഭ്യമാക്കുന്നതിന് ഭാരത് ആട്ടയും ഭാരത് അരിയും പുറത്തിറക്കി.
പയറുവർഗങ്ങളിലെ സ്വയംപര്യാപ്തത ദൗത്യം
2025–26 മുതൽ 2030–31 വരെ കാലയളവില്‍ നടപ്പാക്കുന്ന പയറുവർഗങ്ങളിലെ സ്വയംപര്യാപ്തത ദൗത്യത്തിന് 11,440 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ 2025 ഒക്ടോബർ 11-ന് പ്രധാനമന്ത്രി തുടക്കം കുറിച്ചു. പോഷകാഹാര സുരക്ഷയും സ്വയംപര്യാപ്തതയും വർധിപ്പിക്കാനായി ആഭ്യന്തര പയറുവർഗങ്ങളുടെ ഉല്പാദനം ഉയര്‍ത്താന്‍ ദൗത്യം ലക്ഷ്യമിടുന്നു. കൃഷിയിട വിസ്തൃതി 35 ലക്ഷം ഹെക്ടറായി വർധിപ്പിക്കുന്നതിലൂടെ ഏകദേശം രണ്ട് കോടി പയറു കർഷകർക്ക് പദ്ധതി ഗുണം ചെയ്യും.
വേള്‍ഡ് ഫുഡ് ഇന്ത്യ 2025: ഇന്ത്യയുടെ ആഗോള ഭക്ഷ്യ നേതൃത്വ പ്രദർശനം
ഭക്ഷ്യ സംസ്കരണം, സുസ്ഥിരത, നൂതനാശയങ്ങള്‍ എന്നിവയിലെ രാജ്യത്തിൻ്റെ ശക്തി പ്രദർശിപ്പിച്ചും അന്താരാഷ്ട്ര പങ്കാളിത്തം വളർത്തിയും ഇന്ത്യയെ ‘ആഗോള ഭക്ഷ്യ കേന്ദ്ര’മായി അടയാളപ്പെടുത്താന്‍ ലക്ഷ്യമിട്ട സുപ്രധാന പരിപാടിയായിരുന്നു 2025 സെപ്റ്റംബറിൽ ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം സംഘടിപ്പിച്ച വേള്‍ഡ് ഫുഡ് ഇന്ത്യ-2025. 90-ലേറെ രാജ്യങ്ങളിലെ പ്രതിനിധികളും 2,000-ത്തിലധികം പ്രദർശകരും പങ്കെടുത്ത പരിപാടി സഹകരണ ശ്രമങ്ങളിലൂടെയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും ആഗോള ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യയുടെ പങ്കിനെ അടിവരയിട്ടു.
ഇന്ത്യൻ താലി ആഗോള ശ്രദ്ധയിൽ
പോഷകാഹാരത്തിനും സുസ്ഥിരതയ്ക്കും നല്‍കുന്ന ശ്രദ്ധേയ സംഭാവനകളെ അംഗീകരിച്ച് ഡബ്ല്യുഡബ്ല്യുഎഫ് ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ട് അടുത്തിടെ ഇന്ത്യൻ താലിയ്ക്ക് ആഗോള അംഗീകാരം നൽകി. പ്രധാനമായും സസ്യാഹാരത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന പരമ്പരാഗത ഇന്ത്യൻ ഭക്ഷണക്രമം ധാന്യങ്ങളെയും പയറുവർഗങ്ങളെയും പരിപ്പിനെയും പച്ചക്കറികളെയും കേന്ദ്രീകരിച്ചാണ്. മാംസാധിഷ്ഠിത ഭക്ഷണക്രമവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് പ്രകൃതി വിഭവങ്ങളുടെ ഉപയോഗവും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും ഗണ്യമായി കുറയ്ക്കുന്നു. ആഗോള ജനസംഖ്യ ഇന്ത്യയുടെ ഉപഭോഗ രീതികൾ സ്വീകരിക്കുകയാണെങ്കിൽ 2050-ഓടെ ആഗോള ഭക്ഷ്യോല്പാദനം നിലനിർത്താൻ ഭൂമിയുടെ 0.84 ഭാഗം മാത്രമേ ആവശ്യമാകൂവെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. ഈ അംഗീകാരം സുസ്ഥിര ഭക്ഷ്യ സമ്പ്രദായങ്ങളുടെ മുൻനിരയിൽ ഇന്ത്യയ്ക്ക് സ്ഥാനം നല്‍കുന്നു. പ്രാദേശിക പാരമ്പര്യങ്ങൾ എങ്ങനെയാണ് പരിസ്ഥിതി വെല്ലുവിളികളെ നേരിടാന്‍ സഹായിക്കുന്നതെന്നും എങ്ങനെയാണ് എല്ലാവരുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതെന്നും ഈ അംഗീകാരം വ്യക്തമാക്കുന്നു.
ഉപസംഹാരം
സുരക്ഷിതവും പോഷകസമൃദ്ധവും സുസ്ഥിരവുമായ ഭക്ഷണം എല്ലാവര്‍ക്കും ലഭ്യമാക്കേണ്ടതിൻ്റെ നിർണായക പ്രാധാന്യത്തെ 2025 -ലെ ലോക ഭക്ഷ്യദിനം ഓർമിപ്പിക്കുന്നു. ‘മികച്ച ഭക്ഷണത്തിനും മികച്ച ഭാവിയ്ക്കുമായി കൈകോര്‍ക്കാം’ എന്ന പ്രമേയം പട്ടിണിയെയും പോഷകാഹാരക്കുറവിനെയും നേരിടുന്നതിൽ ആഗോള സഹകരണത്തിൻ്റെയും കൂട്ടായ പ്രവർത്തനത്തിൻ്റെയും ആവശ്യകത അടിവരയിടുന്നു. ഈ വെല്ലുവിളികളെ അഭിസംബോധന ചെയ്യാന്‍ ഇന്ത്യ ആവിഷ്ക്കരിച്ച സംരംഭങ്ങൾ ഭക്ഷ്യസുരക്ഷയോട് രാജ്യം കൈക്കൊള്ളുന്ന പ്രതിബദ്ധതയെയും പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി നടത്തുന്ന ശ്രമങ്ങളെയും പ്രതിഫലിപ്പിക്കുന്നു. കാർഷികോല്പാദനക്ഷമത വർധിപ്പിക്കാനും ഭക്ഷ്യവിതരണം ശക്തിപ്പെടുത്താനും ദുർബല ജനവിഭാഗങ്ങളെ പിന്തുണയ്ക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന സമഗ്ര പദ്ധതികളിലൂട പട്ടിണി തുടച്ചുനീക്കുന്നതിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിക്കുന്നു. സുസ്ഥിര ഭക്ഷ്യ സംവിധാനങ്ങൾ കെട്ടിപ്പടുക്കാന്‍ ഇന്ത്യ പ്രകടിപ്പിക്കുന്ന അർപ്പണബോധത്തെ ഉയർത്തിക്കാട്ടുന്ന രാജ്യത്തിന്റെ ശ്രമങ്ങൾ ഈ ഭക്ഷ്യദിനത്തിൽ വിശപ്പിനെതിരായ ആഗോള പോരാട്ടത്തിന് മികച്ച മാതൃക കാഴ്ചവെയ്ക്കുന്നു.
SKY
******
(Release ID: 2179722)
Visitor Counter : 17