വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
അമേരിക്കയിലേക്കുള്ള അന്താരാഷ്ട്ര തപാല്‍ സേവനങ്ങൾ 2025 ഒക്ടോബർ 15 മുതൽ ഇന്ത്യ പുനരാരംഭിക്കുന്നു
Posted On:
14 OCT 2025 4:27PM by PIB Thiruvananthpuram
2025 ഒക്ടോബർ 15 മുതൽ അമേരിക്കയിലേക്കുള്ള എല്ലാ വിഭാഗം അന്താരാഷ്ട്ര തപാല്‍ സേവനങ്ങളും പുനരാരംഭിക്കുന്നതായി കേന്ദ്ര കമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന് കീഴിലെ തപാൽ വകുപ്പ് അറിയിക്കുന്നു.
യുഎസ് ഭരണകൂടം പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഓർഡർ 14324-ൻ്റെ പശ്ചാത്തലത്തില്‍ തപാല്‍ ഉരുപ്പടികള്‍ക്ക് നൽകിയിരുന്ന 'ഡി മിനിമസ്' ഇളവ് നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ 2025 ഓഗസ്റ്റ് 22-ലെ ഓഫീസ് മെമ്മോറാണ്ടമനുസരിച്ച് അമേരിക്കയിലേക്കുള്ള തപാല്‍ സേവനങ്ങൾ നേരത്തെ താൽക്കാലികമായി നിർത്തലാക്കിയിരുന്നു. ഇറക്കുമതി തീരുവ ഈടാക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) പുതിയ നിയന്ത്രണ വ്യവസ്ഥകൾ ഏർപ്പെടുത്തിയതിനാലാണ് സേവനം നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായത്.
വിപുലമായ സംവിധാനം വികസിപ്പിച്ച് സിബിപി അംഗീകൃത ഏജന്‍സികളുമായി ഏകോപനം നടത്തി ഡൽഹി, മഹാരാഷ്ട്ര മേഖലകളിലെ വിജയകരമായ പ്രവർത്തന പരീക്ഷണങ്ങൾക്ക് ശേഷം തപാല്‍ ഉരുപ്പടികളുടെ വിതരണ തീരുവയുടെ നടപടിക്രമങ്ങള്‍ സുഗമമാക്കുന്ന സംവിധാനം തപാല്‍ വകുപ്പ് രൂപീകരിച്ചു. പുതിയ ക്രമീകരണമനുസരിച്ച് അമേരിക്കയിലേക്ക് അയക്കുന്ന ഉരുപ്പടികള്‍ക്ക് ബാധകമായ എല്ലാ തീരുവകളും ബുക്കിങ് സമയത്ത് മുൻകൂട്ടി ഇന്ത്യയിൽ ശേഖരിക്കും. തുടർന്ന്, അംഗീകൃത ഏജന്‍സികള്‍ വഴി തുക നേരിട്ട് സിബിപിക്ക് കൈമാറും. ഇത് നിയന്ത്രണ വ്യവസ്ഥകളുടെ സമ്പൂര്‍ണ പാലനവും അതിവേഗ കസ്റ്റംസ് അനുമതിയും അധിക തീരുവകളോ കാലതാമസമോ ഇല്ലാതെ അമേരിക്കയിലെ വിലാസക്കാർക്ക് സുഗമമായ വിതരണവും ഉറപ്പാക്കുന്നു.
സിബിപി മാർഗനിർദേശമനുസരിച്ച് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് അയയ്ക്കുന്ന തപാല്‍ ഉരുപ്പടികളുടെ കസ്റ്റംസ് തീരുവ അന്താരാഷ്ട്ര അടിയന്തര സാമ്പത്തികശക്തി നിയമത്തിന് കീഴിലെ തീരുവ പ്രകാരം (ഉത്ഭവ രാജ്യം ഇന്ത്യയെന്ന നിലയില്‍) പ്രഖ്യാപിച്ച എഫ്ഒബി മൂല്യത്തിൻ്റെ 50% എന്ന ഏകീകൃത നിരക്കിലാണ് ഈടാക്കുന്നത്. കൊറിയർ ഇനങ്ങളില്‍നിന്നും വാണിജ്യ ചരക്കുകളിൽനിന്നും വ്യത്യസ്തമായി തപാല്‍ ഇനങ്ങൾക്ക് അധിക അടിസ്ഥാന നികുതിയോ ഉല്പന്ന-നിർദിഷ്ട തീരുവകളോ ഈടാക്കുന്നില്ല. ഈ അനുകൂല തീരുവ ഘടന കയറ്റുമതിക്കാരുടെ ആകെ ചെലവ് ഗണ്യമായി കുറയ്ക്കുന്നത് എംഎസ്എംഇകൾക്കും കരകൗശല വിദഗ്ധർക്കും ചെറുകിട വ്യാപാരികൾക്കും ഇ-വാണിജ്യ കയറ്റുമതിക്കാർക്കും തപാല്‍ സംവിധാനത്തിലൂടെ കൂടുതൽ താങ്ങാവുന്നതും മത്സരാധിഷ്ഠിതവുമായ ചരക്കുസേവന അവസരമൊരുക്കുന്നു.
മുന്‍കൂര്‍ വിതരണ തീരുവ സംവിധാനം (ഡിഡിപി), അംഗീകൃത ഏജന്‍സികളുടെ സേവനങ്ങൾ എന്നിവയ്ക്ക് തപാൽ വകുപ്പ് ഉപഭോക്താക്കളിൽ നിന്ന് അധിക ചാർജുകള്‍ ഈടാക്കില്ലെന്നതും പ്രധാനമാണ്. പുതുക്കിയ യുഎസ് ഇറക്കുമതി മാനദണ്ഡങ്ങള്‍ പാലിക്കുമ്പോഴും തപാല്‍ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി കയറ്റുമതിക്കാർക്ക് താങ്ങാവുന്ന നിരക്കില്‍ അന്താരാഷ്ട്ര വിതരണം ഉറപ്പാക്കാനാവുന്നു. താങ്ങാവുന്ന നിരക്കുകള്‍ നിലനിർത്താനും എംഎസ്എംഇകളെ പിന്തുണയ്ക്കാനും തപാല്‍ സംവിധാനം വഴി ഇന്ത്യയുടെ കയറ്റുമതി വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
അമേരിക്കയിലേക്കുള്ള ഇഎംഎസ്, എയർ പാഴ്‌സലുകൾ, രജിസ്റ്റര്‍ ചെയ്ത കത്തുകൾ/തപാല്‍പ്പൊതികള്‍, ട്രാക്ക് ചെയ്യാവുന്ന തപാല്‍പ്പൊതികള്‍ തുടങ്ങി എല്ലാ വിഭാഗം അന്താരാഷ്ട്ര തപാൽ സേവനങ്ങളും ഇനിമുതൽ ഏതൊരു തപാല്‍ ഓഫീസിലും അന്താരാഷ്ട്ര ബിസിനസ് സെൻ്ററിലും (ഐബിസി) ഡാക് ഘർ നിര്യാത് കേന്ദ്രങ്ങളിലും (ഡിഎന്‍കെ) www.indiapost.gov.in എന്ന വെബ്സൈറ്റിലെ സെൽഫ്-സർവീസ് പോർട്ടലിലും ബുക്ക് ചെയ്യാം.
മുന്‍കൂര്‍ വിതരണ തീരുവ സംവിധാനം (ഡിഡിപി) നടപടിക്രമങ്ങള്‍ സുഗമമാക്കുകയും തീരുവ ശേഖരണത്തില്‍ പൂർണ സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്നു. ഉരുപ്പടികള്‍ അയയ്ക്കുന്നവർക്ക് ബാധകമായ എല്ലാ തീരുവകളും ഇന്ത്യയിൽ മുൻകൂട്ടി അടയ്ക്കാം. ഇത് ആകെ തപാല്‍ ചെലവുകൾ പ്രവചിക്കാവുന്ന സാഹചര്യമുണ്ടാക്കുകയും വിദേശത്തെ സ്വീകർത്താക്കൾക്ക് തടസരഹിത വിതരണം ഉറപ്പാക്കുകയും ചെയ്യുന്നു.
തടസരഹിതമായ അന്താരാഷ്ട്ര കയറ്റുമതി ഉറപ്പാക്കാനും താങ്ങാവുന്നതും വിശ്വസ്തവും ആഗോള നിയമങ്ങൾ പാലിക്കുന്നതുമായ ചരക്കുസേവന സൗകര്യങ്ങളൊരുക്കി ഇന്ത്യയുടെ പ്രധാന പദ്ധതികളായ മെയ്ക്ക് ഇൻ ഇന്ത്യ, ഒരു ജില്ല ഒരു ഉല്പന്നം, ഡാക് ഘർ നിര്യാത് കേന്ദ്രങ്ങൾ എന്നിവയെ പിന്തുണയ്ക്കാനും തപാൽ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. തപാല്‍ കയറ്റുമതി സംവിധാനം പ്രോത്സാഹിപ്പിക്കാന്‍ കയറ്റുമതിക്കാർക്കും ചെറുകിട വ്യാപാരസംരംഭങ്ങള്‍ക്കും സംരംഭകർക്കും ബോധവൽക്കരണ - പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മേഖലാതല മേധാവികള്‍ക്ക് വകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്.
അമേരിക്കയിലേക്കുള്ള തപാല്‍ സേവനങ്ങളുടെ പുനരാരംഭം ഇന്ത്യയുടെ അന്താരാഷ്ട്ര തപാൽ - കയറ്റുമതി ചരക്കുനീക്ക ശൃംഖലയെ ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന നാഴികക്കല്ലാണ്. എല്ലാവരെയും ഉൾക്കൊള്ളുന്നതും കയറ്റുമതി അധിഷ്ഠിതവുമായ സാമ്പത്തിക വളർച്ചയെക്കുറിച്ച് സർക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിൽ തപാല്‍വകുപ്പിൻ്റെ വളര്‍ന്നുവരുന്ന പങ്കിൻ്റെ പ്രതിഫലനമാണിത്.
(Release ID: 2179066)
Visitor Counter : 20