യുവജനകാര്യ, കായിക മന്ത്രാലയം
കേന്ദ്ര മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ന്യൂഡൽഹിയിൽ ഡോക്ടർമാർ, ആരോഗ്യ വിദഗ്ധർ എന്നിവരോടൊപ്പം ചേർന്ന് 'സൺഡേയ്‌സ് ഓൺ സൈക്കിൾ' പരിപാടിയിൽ പങ്കെടുത്തു. ഭാരതത്തിന്റെ ഫിറ്റ്‌നസ് യാത്രയിൽ ആരോഗ്യ വിദഗ്ധരുടെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു.
Posted On:
12 OCT 2025 5:39PM by PIB Thiruvananthpuram
പൗരന്മാർക്കിടയിൽ ഫിറ്റ്‌നസും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള രാജ്യവ്യാപക സംരംഭമായ 'സൺഡേയ്‌സ് ഓൺ സൈക്കിൾ (എസ്‌ഒസി)' ന്റെ ഏറ്റവും പുതിയ പതിപ്പിന് കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇന്ന് ന്യൂഡൽഹിയിൽ നേതൃത്വം നൽകി. ഈ ആഴ്ചയിലെ പരിപാടിയിൽ ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും പ്രത്യേക പങ്കാളികളായി. രോഗ പ്രതിരോധത്തിലൂന്നിയുള്ള ആരോഗ്യത്തിന്റെ നിർണായക പങ്കിനെയും അമിതവണ്ണം പോലുള്ള ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിൽ കായിക പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെയും പരിപാടി എടുത്തുകാട്ടി.

ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും രാജ്യത്തിന് നൽകിയ സംഭാവനകളെ ഡോ. മാണ്ഡവ്യ പ്രകീർത്തിച്ചു. "കോവിഡ് കാലത്ത് ആരോഗ്യമന്ത്രി എന്ന നിലയിൽ, ഡോക്ടർമാരുടെയും ആരോഗ്യ ജീവനക്കാരുടെയും സമർപ്പണം ഞാൻ അടുത്തുനിന്നു കണ്ടിട്ടുണ്ട്; രാജ്യത്തിന് അവർ നൽകിയ സംഭാവന സമാനതകളില്ലാത്തതാണ്. ഫിറ്റ്നസിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി സൺഡേയ്‌സ് ഓൺ സൈക്കിൾ പരിപാടിയിൽ ചേർന്നതിന് ഏവരോടും നന്ദി പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരു കാര്യം ഡോക്ടർ പറയുമ്പോൾ ജനങ്ങൾ അത് സ്വീകരിക്കുന്നതിനാൽ, ആരോഗ്യകരമായ ജീവിതത്തിലേക്ക് പൗരന്മാരെ നയിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനമായ അമിതവണ്ണത്തിനെതിരായ പോരാട്ടമായാലും സൺഡേയ്‌സ് ഓൺ സൈക്കിൾ പരിപാടിയിലൂടെ ഞങ്ങൾ പ്രചരിപ്പിക്കുന്ന സൈക്ലിംഗിന്റെ ഗുണങ്ങളായാലും, നിങ്ങളുടെ സന്ദേശം എല്ലാ ഇന്ത്യക്കാരിലും എത്തിച്ചേരും."
എല്ലാ പ്രായത്തിലുമുള്ളവരിൽ നിന്നും ആവേശകരമായ പങ്കാളിത്തം ഈ പരിപാടിയിൽ ഉണ്ടായി. ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് (WPAC) മെഡൽ ജേതാക്കളായ പ്രവീൺ കുമാർ, സോമൻ റാണ, സൈലേഷ് കുമാർ എന്നിവർ പൊതുജനങ്ങളെ സജീവമായ ജീവിതശൈലിയിലേക്ക് പ്രചോദിപ്പിക്കുന്നതിനായി പരിപാടിയിൽ പങ്കെടുത്തു. സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (CFI), യോഗാസന ഭാരത്, MY ഭാരത് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യയിലെ മുൻനിര ഫിറ്റ്നസ് പ്രസ്ഥാനങ്ങളിലൊന്നായി സൺഡേയ്‌സ് ഓൺ സൈക്കിൾ മാറിയതെങ്ങനെ എന്ന് ചൂണ്ടിക്കാട്ടി ഡോ. മാണ്ഡവ്യ ഇങ്ങനെ പറഞ്ഞു : “ഇന്ന്, ഇന്ത്യയിലുടനീളമുള്ള 10,000-ത്തിലധികം സ്ഥലങ്ങളിൽ ‘സൺഡേയ്‌സ് ഓൺ സൈക്കിൾ’ സംഘടിപ്പിച്ചിട്ടുണ്ട്. അവിടെ ഡോക്ടർമാർ അമിതവണ്ണത്തിനെതിരെ പോരാടാനുള്ള ഈ സംരംഭത്തിൽ പങ്കുചേർന്നു. 2047 ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന്, പൗരന്മാർ ആദ്യം ഫിറ്റ്നസ് ഉള്ളവരായിരിക്കണമെന്ന പ്രധാനമന്ത്രിയുടെ ദർശനം പ്രചരിപ്പിക്കുന്നതിനായി എല്ലാ ഞായറാഴ്ചകളിലും ഇന്ത്യയുടെ ഏറ്റവും വിദൂര കോണുകളിൽ പോലും SOC നടക്കുന്നു. ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സുമാണ് ശക്തമായ ഒരു രാഷ്ട്രത്തിന്റെ അടിത്തറ. സൈക്ലിംഗ് ഏറ്റവും എളുപ്പമുള്ള വ്യായാമമാണ്, ആർക്കും അത് പിന്തുടരാം. എല്ലാവരോടും അവരുടെ കായിക, ഫിറ്റ്നസ് പ്രവർത്തനങ്ങൾക്കായി സ്വദേശി ഉൽപ്പന്നങ്ങൾ വാങ്ങാനും ഞാൻ അഭ്യർത്ഥിക്കുന്നു.”
'സൺഡേയ്‌സ് ഓൺ സൈക്കിൾ' സംരംഭം എല്ലാ ഞായറാഴ്ചയും പൗരന്മാരെ ഒത്തുചേരാനും, സൈക്കിൾ ചവിട്ടാനും, തുറന്ന സ്ഥലങ്ങളിൽ വ്യായാമം ചെയ്യാനും, ഫിറ്റ്‌നസ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പ്രോത്സാഹിപ്പിക്കുന്നു. സൈക്ലിംഗിന് പുറമേ, സുംബ, റോപ്പ് സ്കിപ്പിംഗ്, യോഗാസന തുടങ്ങിയ മറ്റ് ഫിറ്റ്‌നസ് പ്രവർത്തനങ്ങളും ഈ പരിപാടിയിൽ ഉൾപ്പെടുന്നു. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ രീതിയിൽ തയ്യാറാക്കിയിട്ടുള്ള ഇവ, സവാരിക്ക് മുമ്പ് വാം അപ്പ് ചെയ്യാൻ സൈക്ലിസ്റ്റുകൾക്കും പ്രയോജനപ്പെടുത്താനാവും. ഇന്നത്തെ പരിപാടിയിൽ മെഡിക്കൽ പ്രൊഫഷണലുകളെ ഉൾപ്പെടുത്തിയത്തിലൂടെ, രോഗ പ്രതിരോധത്തിലൂന്നിയുള്ള ആരോഗ്യം ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നാണ് ആരംഭിക്കുന്നതെന്നും ആരോഗ്യകരവും ശക്തവും കൂടുതൽ പ്രതിരോധശേഷിയുള്ളതുമായ ഇന്ത്യ എന്ന ദർശനം കൈവരിക്കുന്നതിനുള്ള ആദ്യപടിയാണ് ഫിറ്റ്‌നസ് എന്നുമുള്ള സന്ദേശത്തെ പ്രതിഫലിപ്പിക്കുന്നു.

44 പതിപ്പുകളിലായി, ഫിറ്റ് ഇന്ത്യ സൺഡേയ്‌സ് ഓൺ സൈക്കിൾ സംരംഭത്തിൽ രാജ്യവ്യാപകമായി ഇതുവരെ 1,00,000-ത്തിലധികം സ്ഥലങ്ങളിൽ നിന്ന് 12.5 ലക്ഷത്തിലധികം വ്യക്തികൾ പങ്കെടുത്തു.
****
(Release ID: 2178192)
Visitor Counter : 7