യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 22 മെഡലുകൾ, പത്താം സ്ഥാനം: നമ്മുടെ പാരാ-അത്‌ലറ്റുകൾ നവ ഇന്ത്യയുടെ ആവേശം ഉൾക്കൊള്ളുന്നു - ഡോ. മൻസുഖ് മാണ്ഡവ്യ

Posted On: 11 OCT 2025 3:46PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ നടന്ന ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2025ൽ മെഡൽ നേടിയ ഇന്ത്യൻ സംഘത്തെ കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. അസാധാരണ മനോഭാവത്തിനും ദൃഢനിശ്ചയത്തിനും രാജ്യത്തിന് അഭിമാനകരമായ റെക്കോർഡ് പ്രകടനം കാഴ്ച വച്ചതിനും മന്ത്രി അവരെ അഭിനന്ദിച്ചു.
 

 
ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ 22 മെഡലുകളുമായി സർവ്വകാല റെക്കോർഡ് നേടി, പത്താം സ്ഥാനത്തെത്തി. 6 സ്വർണ്ണം, 9 വെള്ളി, 7 വെങ്കലം എന്നിവ അടങ്ങുന്നതാണ് ഇന്ത്യയുടെ നേട്ടം. യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലെ കായിക വകുപ്പ്, പാരാ അത്‌ലറ്റുകൾക്ക് 1.09 കോടിയിലധികം രൂപയുടെ ക്യാഷ് അവാർഡുകൾ നൽകി.
"നിങ്ങൾ പാരാ അത്‌ലറ്റുകളല്ല, മറിച്ച് ഭാരതത്തിൻ്റെ പവർ അത്‌ലറ്റുകളാണ്. മെഡൽ നേടിയതിലൂടെ രാജ്യത്തിന് നിങ്ങൾ അഭിമാനം പകർന്നു. പ്രത്യേകിച്ച്, ദിവ്യാംഗർക്ക് നിങ്ങൾ പ്രചോദനാത്മക സന്ദേശം പകർന്നു നൽകി എന്നതും ശ്രദ്ധേയമാണ്. നിങ്ങൾ കാണിച്ച അഭിനിവേശം വളരെ വലുതാണ്," അനുമോദന വേളയിൽ പാരാ അത്‌ലറ്റുകളെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. മത്സരത്തിൽ അത്‌ലറ്റുകൾ മികച്ച ആവേശവും പുനരുജ്ജീവനശേഷിയും പ്രകടിപ്പിച്ചതായി കായിക മന്ത്രി പ്രശംസിച്ചു. "പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നവ ഇന്ത്യ എന്ന ദർശനവും ചൈതന്യവും മികച്ച രീതിയിൽ ഈ മത്സരങ്ങളിൽ പ്രതിഫലിച്ചിരുന്നു. പ്രധാനമന്ത്രി നിങ്ങളുടെ മത്സരങ്ങൾ ടിവിയിൽ കണ്ടുകൊണ്ടിരുന്നു, ഞങ്ങളുടെ യോഗങ്ങളിൽ അദ്ദേഹം നിങ്ങളെക്കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു," കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
 

 
ആഗോളതലത്തിൽ ഇന്ത്യ ഏറ്റവും വിജയകരമായി ആതിഥേയത്വം വഹിച്ച പാരാ- കായിക പരിപാടിയെന്ന് അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന് അംഗീകാരം ലഭിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ അഭിനന്ദനം. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ന്യൂഡൽഹി 2025 ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്, ഇത്തരത്തിൽ ഇന്ത്യയിൽ ഇതുവരെ സംഘടിപ്പിച്ചതിൽ വച്ച് ഏറ്റവും വലിയ കായിക പരിപാടിയായിരുന്നു. 186 മെഡൽ ഇനങ്ങളിലായി 100 രാജ്യങ്ങളിൽ നിന്നുള്ള 2,100-ലധികം പേർ മത്സരിച്ചു.
 

 
ചാമ്പ്യൻഷിപ്പ് നടന്ന ജെഎൽഎൻ സ്റ്റേഡിയത്തിലെ മോണ്ടോ ട്രാക്കിനെ അത്‌ലറ്റുകൾ ഏകസ്വരത്തിൽ പ്രശംസിച്ചു.
 

 
പാരാ അത്‌ലറ്റുകൾ മാനസികമായി പ്രകടിപ്പിച്ച പുനരുജ്ജീവനശേഷിയെ പ്രത്യേകം പരാമർശിച്ച ഡോ. മൻസുഖ് മാണ്ഡവ്യ 'പരിമിതിയെ ദൃഢനിശ്ചയമാക്കി' മാറ്റിയതിന് അവരോട് നന്ദി പറഞ്ഞു. "ഭാവി തലമുറകളെ പ്രചോദിപ്പിക്കുന്ന ധൈര്യത്തിൻ്റെ പുതിയ നിർവചനമാണിത്. നിങ്ങളുടെ നേട്ടങ്ങളിൽ രാഷ്ട്രമാകെ അഭിമാനിക്കുന്നു. നിങ്ങൾ മെഡലുകൾ മാത്രമല്ല, ഞങ്ങളുടെ ഹൃദയങ്ങളെയും കരസ്ഥമാക്കി. ലക്ഷ്യം കരുത്തുറ്റതാകുമ്പോൾ വീൽചെയറുകൾക്ക് ചിറകുകളായി മാറാൻ കഴിയുമെന്ന് നിങ്ങൾ കാണിച്ചുതന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
 
 


 
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്കുചെയ്യുക: https://www.pib.gov.in/PressReleasePage.aspx?PRID=2177789
 
 
*****
 

(Release ID: 2177820) Visitor Counter : 9