പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും മുംബൈയിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
പുതിയ അന്താരാഷ്ട്ര വിമാനത്താവളവും ഭൂഗർഭ മെട്രോയും മുംബൈയിലെ യാത്രാസൗകര്യങ്ങളെയും ഗതാഗത ബന്ധത്തെയും മാറ്റിമറിക്കും: പ്രധാനമന്ത്രി
വികസിത ഭാരതം എന്നാൽ ഗതിവേഗവും പുരോഗതിയും ഉണ്ടാകുന്ന, പൊതുജനക്ഷേമം പരമപ്രധാനമാകുന്ന, ഗവൺമെന്റ് പദ്ധതികൾ ഓരോ പൗരൻ്റെയും ജീവിതം അനായാസമാക്കുന്നതുമായ ഒന്നാണ്: പ്രധാനമന്ത്രി
ഉഡാൻ പദ്ധതിക്ക് നന്ദി, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ലക്ഷക്കണക്കിന് ആളുകളാണ് ആദ്യമായി വിമാനയാത്ര ചെയ്തത്, ഇത് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചു: പ്രധാനമന്ത്രി
പുതിയ വിമാനത്താവളങ്ങളും ഉഡാൻ പദ്ധതിയും വിമാനയാത്ര എളുപ്പമാക്കുകയും ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയാക്കി മാറ്റുകയും ചെയ്തു: പ്രധാനമന്ത്രി
ഇന്ന്, ലോകത്തിലെ ഏറ്റവും ചെറുപ്പമാർന്ന രാജ്യമാണ് ഇന്ത്യ, നമ്മുടെ ശക്തി നമ്മുടെ യുവജനങ്ങളിലാണ്: പ്രധാനമന്ത്രി.
നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ രാജ്യത്തിൻ്റെയും പൗരന്മാരുടെയും സുരക്ഷയേക്കാൾ പ്രധാനമായി മറ്റൊന്നുമില്ല: പ്രധാനമന്ത്രി
Posted On:
08 OCT 2025 5:44PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ മുംബൈയിൽ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ സന്നിഹിതരായ ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് ശ്രീ മോദി എല്ലാവർക്കും ഊഷ്മളമായ ആശംസകൾ അറിയിച്ചു. അടുത്തിടെ നടന്ന വിജയദശമി, കൊജാഗരി പൂർണിമ ആഘോഷങ്ങൾ അദ്ദേഹം അനുസ്മരിക്കുകയും വരാനിരിക്കുന്ന ദീപാവലി ആഘോഷത്തിന് എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു.
മുംബൈ നഗരത്തിന് ഇപ്പോൾ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം ലഭിച്ചതോടെ അതിനായുള്ള നീണ്ട കാത്തിരിപ്പ് അവസാനിച്ചതായി എടുത്തുപറഞ്ഞ പ്രധാനമന്ത്രി ഏഷ്യയിലെ ഏറ്റവും വലിയ ഗതാഗത കേന്ദ്രങ്ങളിലൊന്നായി ഈ മേഖലയെ സ്ഥാപിക്കുന്നതിൽ നവി മുംബൈ വിമാനത്താവളം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അഭിപ്രയപ്പെട്ടു. യാത്ര എളുപ്പമാക്കുകയും യാത്രാസമയം ലാഭിക്കുകയും ചെയ്യുന്ന സമ്പൂർണ ഭൂഗർഭ മെട്രോയാണ് മുംബൈക്ക് ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ജീവിക്കുന്ന പ്രതീകമാണിതെന്ന് ഭൂഗർഭ മെട്രോയെ ശ്രീ മോദി വിശേഷിപ്പിച്ചു. തിരക്കേറിയ മുംബൈ നഗരത്തിൽ പൈതൃക മന്ദിരങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് ഭൂമിക്കടിയിലൂടെ ശ്രദ്ധേയമായ ഈ മെട്രോ നിർമ്മിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ഭാഗമായ തൊഴിലാളികളെയും എഞ്ചിനീയർമാരെയും അദ്ദേഹം അഭിനന്ദിച്ചു.
ഇന്ത്യൻ യുവതയ്ക്ക് രാജ്യത്ത് എണ്ണമറ്റ അവസരങ്ങൾ ഉണ്ടെന്ന് അടിവരയിട്ട് പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തുടനീളമുള്ള നിരവധി ഐടിഐകളെ വ്യവസായങ്ങളുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 60,000 കോടി രൂപയുടെ 'പിഎം സേതു' പദ്ധതിക്ക് അടുത്തിടെ തുടക്കം കുറിച്ചതായി എടുത്തുപറഞ്ഞു. ഇന്ന് മുതൽ മഹാരാഷ്ട്ര ഗവണ്മെന്റ് നൂറുകണക്കിന് ഐടിഐകളിലും സാങ്കേതിക വിദ്യാലയങ്ങളിലും പുതിയ പരിപാടികൾ ആവിഷ്കരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഉദ്യമങ്ങളിലൂടെ ഡ്രോണുകൾ, റോബോട്ടിക്സ്, ഇലക്ട്രിക് വാഹനങ്ങൾ, സൗരോർജ്ജം, ഹരിത ഹൈഡ്രജൻ തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ യുവജനങ്ങൾക്ക് അദ്ദേഹം എല്ലാവിധ ആശംസകളും നേർന്നു.
മഹാരാഷ്ട്രയുടെ പുത്രൻ ലോകനേതാവ് ശ്രീ ഡി. ബി. പാട്ടീലിന് അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു. സമൂഹത്തിനും കർഷകർക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ അർപ്പണബോധമുള്ള സേവനം പ്രധാനമന്ത്രി അനുസ്മരിച്ചു. ശ്രീ പാട്ടീലിന്റെ സേവന മനോഭാവം എല്ലാവർക്കും പ്രചോദനമാണെന്നും പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അദ്ദേഹത്തിന്റെ ജീവിതം തുടർന്നും പ്രചോദനമാകുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.
പൊതുജനക്ഷേമം പരമപ്രധാനവും ഗവൺമെന്റ് പദ്ധതികൾ പൗരന്മാരുടെ ജീവിതത്തെ അനായാസമാക്കുന്നതും വേഗതയും പുരോഗതിയും കൊണ്ട് നിർവചിക്കപ്പെട്ടതുമായ വികസിത ഭാരതതമെന്ന ദൃഢനിശ്ചയം നിറവേറ്റാൻ ഇന്ന് രാജ്യം മുഴുവൻ പ്രതിജ്ഞാബദ്ധമാണ്", ശ്രീ മോദി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ പതിനൊന്ന് വർഷമായി ഈ മനോഭാവമാണ് രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള വികസന ശ്രമങ്ങൾക്ക് വഴികാട്ടിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വന്ദേ ഭാരത്, സെമി ഹൈ-സ്പീഡ് ട്രെയിനുകൾ ട്രാക്കുകളിലൂടെ ഓടുമ്പോഴും, ബുള്ളറ്റ് ട്രെയിൻ പദ്ധതികൾക്ക് വേഗത കൂടുമ്പോഴും, വിശാലമായ ഹൈവേകളും അതിവേഗ പാതകളും നഗരങ്ങളെ പുതുതായി ബന്ധിപ്പിക്കുമ്പോഴും, മലനിരകളിലൂടെ ദീർഘമായ തുരങ്കങ്ങൾ നിർമ്മിക്കുമ്പോഴും, ഉയരത്തിലുള്ള കടൽ പാലങ്ങൾ വിദൂര തീരങ്ങളെ ബന്ധിപ്പിക്കുമ്പോഴും ഇന്ത്യയുടെ വേഗതയും പുരോഗതിയും ദൃശ്യമാകുന്നുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇത്തരം മുന്നേറ്റങ്ങൾ ഇന്ത്യയിലെ യുവജനങ്ങളുടെ അഭിലാഷങ്ങൾക്ക് പുതിയ ചിറകുകൾ നൽകുന്നുവെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ഇന്നത്തെ പരിപാടി ഇന്ത്യയുടെ വികസന യാത്രയുടെ തുടർച്ചയാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. വികസിത ഇന്ത്യയുടെ കാഴ്ചപ്പാട് പ്രതിഫലിക്കുന്ന ഒരു പദ്ധതിയാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഛത്രപതി ശിവാജി മഹാരാജിന്റെ മണ്ണിൽ നിർമ്മിച്ച ഈ വിമാനത്താവളം, സംസ്കാരത്തെയും സമൃദ്ധിയേയും പ്രതീകപ്പെടുത്തിക്കൊണ്ട് താമരപ്പൂവിന്റെ ആകൃതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ കർഷകരെ യൂറോപ്പിലെയും മധ്യ-കിഴക്കൻ മേഖലയിലെയും സൂപ്പർമാർക്കറ്റുകളുമായി ഈ പുതിയ വിമാനത്താവളം ബന്ധിപ്പിക്കുമെന്നും, നവീന ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യോൽപ്പന്നങ്ങൾ എന്നിവ വേഗത്തിൽ ആഗോള വിപണികളിൽ എത്താൻ സഹായിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സമീപ പ്രദേശങ്ങളിലെ ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ കയറ്റുമതിച്ചെലവ് വിമാനത്താവളം കുറയ്ക്കുമെന്നും, നിക്ഷേപം വർദ്ധിപ്പിക്കുമെന്നും, പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിലേയ്ക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിമാനത്താവളം ലഭിച്ചതിൽ അദ്ദേഹം മഹാരാഷ്ട്രയിലെയും മുംബൈയിലെയും ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.
സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള നിശ്ചയദാർഢ്യവും പൗരന്മാർക്ക് അതിവേഗ വികസനം എത്തിക്കാനുള്ള ശക്തമായ ഇച്ഛാശക്തിയും ഉണ്ടാകുമ്പോൾ ഫലങ്ങൾ അനിവാര്യമാണെന്ന് അടിവരയിട്ട് പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ വ്യോമയാന മേഖല ഈ പുരോഗതിക്ക് നേർസാക്ഷ്യമാണെന്ന് എടുത്തുപറഞ്ഞു. 2014-ൽ താൻ അധികാരമേറ്റെടുത്തപ്പോൾ നടത്തിയ പ്രസംഗം അനുസ്മരിച്ചുകൊണ്ട്, "ഹവായ് ചെരിപ്പ് ധരിക്കുന്നവർക്ക് പോലും വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയണം" എന്ന തന്റെ കാഴ്ചപ്പാട് ശ്രീ മോദി ആവർത്തിച്ചു. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ രാജ്യത്തുടനീളം പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കേണ്ടത് അത്യാവശ്യമായിരുന്നു. ഗവൺമെന്റ് ഈ ദൗത്യം ഗൗരവമായി എടുക്കുകയും, കഴിഞ്ഞ പതിനൊന്ന് വർഷത്തിനുള്ളിൽ ഒന്നിനുപുറകെ ഒന്നായി പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. 2014-ൽ ഇന്ത്യയിൽ 74 വിമാനത്താവളങ്ങൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് അതിന്റെ എണ്ണം 160 കടന്നു.
ചെറിയ നഗരങ്ങളിൽ വിമാനത്താവളങ്ങൾ നിർമ്മിച്ചത് അവിടുത്തെ നിവാസികൾക്ക് വിമാനയാത്രയ്ക്കുള്ള പുതിയ സാധ്യതകൾ നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി, സാധാരണ പൗരന്മാർക്ക് വിമാന ടിക്കറ്റുകൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ഗവൺമെന്റ് 'ഉഡാൻ' പദ്ധതി ആരംഭിച്ചു. കഴിഞ്ഞ ദശകത്തിൽ, ലക്ഷക്കണക്കിന് ആളുകളാണ് ഈ പദ്ധതി പ്രകാരം ആദ്യമായി വിമാനയാത്ര ചെയ്യുകയും തങ്ങളുടെ സ്വപ്നങ്ങൾ സാഷാത്കരിക്കുകയും ചെയ്തതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
പുതിയ വിമാനത്താവളങ്ങളുടെ നിർമ്മാണവും ഉഡാൻ പദ്ധതിയും പൗരന്മാർക്ക് സൗകര്യപ്രദമായെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഇന്ത്യ ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി മാറിയിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇന്ത്യൻ വിമാനക്കമ്പനികൾ നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും നൂറുകണക്കിന് പുതിയ വിമാനങ്ങൾക്ക് ഓർഡറുകൾ നൽകുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വളർച്ച പൈലറ്റുമാർ, ക്യാബിൻ ക്രൂ, എഞ്ചിനീയർമാർ, ഗ്രൗണ്ട് ജോലിക്കാർ എന്നിവർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു.
വിമാനങ്ങളുടെ എണ്ണം വർദ്ധിക്കുമ്പോൾ, അറ്റകുറ്റപ്പണികൾക്കും നവീകരണ പ്രവർത്തനങ്ങൾക്കുമുള്ള ആവശ്യകതയും വർധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യ ആഭ്യന്തരമായി പുതിയ സൗകര്യങ്ങൾ വികസിപ്പിക്കുകയാണെന്ന് എടുത്തുപറഞ്ഞു. ഈ ദശകത്തിന്റെ അവസാനത്തോടെ ഇന്ത്യയെ ഒരു പ്രധാന MRO (മെയിന്റനൻസ്, റിപ്പയർ, ഓവറോൾ) കേന്ദ്രമായി സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഈ സംരംഭം ഇന്ത്യൻ യുവതയ്ക്ക് നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"ലോകത്തിലെ ഏറ്റവും ചെറുപ്പമാർന്ന രാജ്യമാണ് ഇന്ത്യ, അതിൻ്റെ ശക്തി യുവജനങ്ങളിലാണ്," ആവേശഭരിതനായ പ്രധാനമന്ത്രി, യുവജനങ്ങൾക്കായി പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലാണ് ഗവണ്മെന്റിന്റെ എല്ലാ നയങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഊന്നിപ്പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളിലെ വർദ്ധിച്ച നിക്ഷേപം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, 76,000 കോടി രൂപയുടെ വധവൻ തുറമുഖ പദ്ധതി ഇതിനൊരു ഉദാഹരണമായി അദ്ദേഹം പരാമർശിച്ചു. വ്യാപാരം വികസിക്കുകയും ലോജിസ്റ്റിക്സ് മേഖലയ്ക്ക് ആക്കം കൂടുകയും ചെയ്യുമ്പോൾ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ നയമാണ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനം എന്ന മൂല്യത്തിലധിഷ്ഠിതമായി വളർന്നുവരുന്ന രാജ്യമാണ് ഇന്ത്യ എന്ന് ശ്രീ മോദി പറഞ്ഞു. ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം, അടിസ്ഥാന സൗകര്യങ്ങൾക്കായി ചെലവഴിക്കുന്ന ഓരോ രൂപയും പൗരന്മാരുടെ സൗകര്യവും ശേഷിയും വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗമാണ്. ഇതിനു വിപരീതമായി, പൊതുജനക്ഷേമത്തേക്കാൾ അധികാരത്തിന് മുൻഗണന നൽകുന്ന രാജ്യത്തെ ഒരു രാഷ്ട്രീയ ധാരയുമായി അദ്ദേഹം ഇതിനെ താരതമ്യം ചെയ്തു. അത്തരക്കാർ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും അഴിമതിയിലൂടെ പദ്ധതികളെ തകിടം മറിക്കുകയും ചെയ്യുന്നു. പതിറ്റാണ്ടുകളായി രാജ്യം ഇത്തരം ദുർഭരണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഉദ്ഘാടനം ചെയ്ത മെട്രോ പാത മുൻകാല ഭരണകൂടങ്ങളുടെ പ്രവർത്തനങ്ങളുടെ ഓർമ്മപ്പെടുത്തലാണെന്ന് ചൂണ്ടിക്കാട്ടി, മുംബൈയിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുമെന്ന പ്രതീക്ഷ ഉണർത്തിയ അതിന്റെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്തത് ശ്രീ മോദി അനുസ്മരിച്ചു. എന്നാൽ, തുടർന്നുവന്ന ഗവൺമെന്റ് ആ പദ്ധതി നിർത്തിവയ്ക്കുകയും രാജ്യത്തിന് ആയിരക്കണക്കിന് കോടിയുടെ നഷ്ടവും നിരവധി വർഷത്തെ ബുദ്ധിമുട്ടും ഉണ്ടാക്കുകയും ചെയ്തതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മെട്രോ പാത പൂർത്തിയാക്കിയതോടെ, രണ്ടോ രണ്ടരയോ മണിക്കൂർ എടുത്തിരുന്ന യാത്ര ഇപ്പോൾ 30 മുതൽ 40 മിനിറ്റ് വരെയായി കുറയുമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഓരോ മിനിറ്റും വിലപ്പെട്ട മുംബൈ നഗരത്തിൽ, ദീർഘകാലം പൗരന്മാർക്ക് ഈ സൗകര്യം നിഷേധിക്കപ്പെട്ടത് കടുത്ത അനീതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"കഴിഞ്ഞ പതിനൊന്ന് വർഷമായി, ജനജീവിതം അനായാസകരമാക്കുന്നതിന് ഗവൺമെന്റ് ശക്തമായ ഊന്നൽ നൽകിയിട്ടുണ്ട്," പ്രധാനമന്ത്രി പറഞ്ഞു. റെയിൽവേ, റോഡുകൾ, വിമാനത്താവളങ്ങൾ, മെട്രോകൾ, ഇലക്ട്രിക് ബസുകൾ തുടങ്ങിയ സൗകര്യങ്ങൾക്കായി അഭൂതപൂർവമായ നിക്ഷേപം നടത്തുന്നുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു. അടൽ സേതു, തീരദേശ പാത തുടങ്ങിയ പദ്ധതികൾ ഈ വികസനത്തിന് ഉദാഹരണങ്ങളായി അദ്ദേഹം പരാമർശിച്ചു.
തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ എല്ലാ ഗതാഗത സംവിധാനങ്ങളെയും സംയോജിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സഹിച്ച് മറ്റ് സംവിധാനങ്ങളിലേക്ക് മാറേണ്ടതില്ലെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. 'ഒരു രാഷ്ട്രം, ഒരു മൊബിലിറ്റി' എന്ന കാഴ്ചപ്പാടിലേക്ക് ഇന്ത്യ മുന്നേറുന്നതായി അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ടിക്കറ്റുകൾക്കായി നീണ്ട ക്യൂവിൽ നിൽക്കുന്നത് ഒഴിവാക്കാൻ പൗരന്മാരെ പ്രാപ്തമാക്കുന്ന 'മുംബൈ വൺ ആപ്പ്' ഈ ദിശയിലുള്ള മറ്റൊരു ചുവടുവയ്പ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ആപ്പിലൂടെ, ലോക്കൽ ട്രെയിനുകൾ, ബസുകൾ, മെട്രോകൾ, ടാക്സികൾ എന്നിവിടങ്ങളിൽ ഒരൊറ്റ ടിക്കറ്റ് ഉപയോഗിക്കാൻ കഴിയും.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും ഏറ്റവും സജീവമായ നഗരങ്ങളിലൊന്നുമായ മുംബൈയെ ലക്‌ഷ്യം വച്ചിരുന്ന ഭീകരർ 2008-ൽ ഭീകരാക്രമണം നടത്തിയിരുന്നതായി പ്രധാനമന്ത്രി പരാമർശിച്ചു. അന്ന് അധികാരത്തിലിരുന്ന ഗവൺമെന്റ് ദുർബലതയുടെ സന്ദേശം നൽകുകയും ഭീകരതയ്ക്ക് മുന്നിൽ കീഴടങ്ങുകയും ചെയ്തതായി കാണപ്പെട്ടുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബൈ ആക്രമണങ്ങൾക്ക് ശേഷം ഇന്ത്യൻ സായുധ സേന പാകിസ്ഥാനെ ആക്രമിക്കാൻ തയ്യാറായിരുന്നുവെന്ന് ഒരു മുതിർന്ന പ്രതിപക്ഷ പാർട്ടി നേതാവും മുൻ ആഭ്യന്തര മന്ത്രിയും അടുത്തിടെ വെളിപ്പെടുത്തിയത് ശ്രീ മോദി പരാമർശിച്ചു. അത്തരമൊരു നടപടിയെ രാജ്യം മുഴുവൻ പിന്തുണച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഒരു വിദേശ രാജ്യത്തിന്റെ സമ്മർദ്ദം കാരണം അന്നത്തെ ഗവൺമെന്റ് സൈനിക നടപടി വേണ്ടെന്നുവെയ്ക്കുകയായിരുന്നുവെന്നാണ് ആ പ്രതിപക്ഷപാർട്ടി നേതാവ് വെളിപ്പെടുത്തിയത്. മുംബൈയുടെയും രാജ്യത്തിന്റെയും വികാരങ്ങളെ തകർത്ത ഈ തീരുമാനത്തെ സ്വാധീനിച്ചത് ആരാണെന്ന് പ്രതിപക്ഷ പാർട്ടി വ്യക്തമാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടിയുടെ ബലഹീനത ഭീകരർക്ക് ധൈര്യം നൽകുകയും ദേശീയ സുരക്ഷയെ അപകടപ്പെടുത്തുകയും ചെയ്തുവെന്നും, നിരപരാധികളുടെ ജീവൻ കൊണ്ടാണ് രാജ്യം ഇതിന്റെ വില നൽകിയതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
"ഞങ്ങളുടെ ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം, രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷയേക്കാൾ പ്രധാനമായി മറ്റൊന്നുമില്ല," പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ആഗോളതലത്തിൽ സാക്ഷ്യപ്പെടുത്തുകയും അംഗീകരിക്കപ്പെടുകയും ചെയ്തതുപോലെ, ഇന്നത്തെ ഇന്ത്യ ശക്തിയോടെ പ്രതികരിക്കുകയും ശത്രുരാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ തിരിച്ചടിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.
ദരിദ്രരെയും നവ-മധ്യവർഗത്തെയും ഇടത്തരക്കാരെയും ശാക്തീകരിക്കുന്നത് ദേശീയ മുൻഗണനയാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഈ കുടുംബങ്ങൾക്ക് സൗകര്യങ്ങളും ആത്മാഭിമാനവും ലഭിക്കുമ്പോൾ, അവരുടെ കഴിവുകൾ വളരുകയും, പൗരന്മാരുടെ കൂട്ടായ ശക്തി രാഷ്ട്രത്തെ കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജിഎസ്ടിയിലെ പുതിയ തലമുറ പരിഷ്കാരങ്ങൾ നിരവധി സാധനങ്ങൾക്ക് വില കുറയാൻ സഹായിച്ചിട്ടുണ്ടെന്നും, ഇത് ജനങ്ങളുടെ വാങ്ങൽ ശേഷി കൂടുതൽ വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. വിപണി വിവരങ്ങൾ ഉദ്ധരിച്ചുകൊണ്ട്, ഈ നവരാത്രി സീസണിൽ നിരവധി വർഷത്തെ വിൽപ്പന റെക്കോർഡുകൾ ഭേദിച്ചതായും റെക്കോർഡ് എണ്ണം ആളുകൾ സ്കൂട്ടറുകൾ, ബൈക്കുകൾ, ടെലിവിഷനുകൾ, റെഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ എന്നിവ വാങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുകയും രാഷ്ട്രത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന നടപടികൾ ഗവൺമെന്റ് തുടർന്നും സ്വീകരിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ ശ്രീ മോദി, എല്ലാവരും സ്വദേശി ഉൽപ്പന്നങ്ങൾ സ്വീകരിക്കണമെന്നും "ഇത് സ്വദേശിയാണ്" എന്ന് അഭിമാനത്തോടെ പറയണമെന്നും അഭ്യർത്ഥിച്ചു. ഈ മന്ത്രം ഓരോ വീട്ടിലും കമ്പോളത്തിലും മുഴങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ പൗരനും സ്വദേശി വസ്ത്രങ്ങളും ചെരുപ്പുകളും വാങ്ങുകയും, സ്വദേശി ഉൽപ്പന്നങ്ങൾ വീട്ടിലേക്ക് കൊണ്ടുവരികയും, സ്വദേശി സമ്മാനങ്ങൾ നൽകുകയും ചെയ്യുമ്പോൾ, രാജ്യത്തിന്റെ സമ്പത്ത് രാജ്യത്തിനുള്ളിൽ തന്നെ നിലനിൽക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത് രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുകയും ചെയ്യും. രാജ്യം മുഴുവൻ സ്വദേശി സ്വീകരിക്കുമ്പോൾ ഇന്ത്യയ്ക്ക് ലഭിക്കുന്ന വലിയ ശക്തിയെക്കുറിച്ച് സങ്കൽപ്പിക്കാൻ പ്രധാനമന്ത്രി ജനങ്ങളെ പ്രോത്സാഹിപ്പിച്ചു.
ഇന്ത്യയുടെ വികസനം ത്വരിതപ്പെടുത്തുന്നതിൽ മഹാരാഷ്ട്ര എപ്പോഴും മുൻപന്തിയിലാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ മഹാരാഷ്ട്രയിലെ ഓരോ പട്ടണത്തിന്റെയും ഗ്രാമത്തിന്റെയും ശേഷി വികസിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുന്നത് തുടരുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുകയും, വികസന സംരംഭങ്ങൾക്ക് എല്ലാവർക്കും അഭിനന്ദനങ്ങളും ആശംസകളും നേരുകയും ചെയ്തു.
മഹാരാഷ്ട്ര ഗവർണർ ശ്രീ ആചാര്യ ദേവവ്രത്, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രിമാരായ ശ്രീ രാംദാസ് അത്താവലെ, ശ്രീ രാംമോഹൻ നായിഡു കിഞ്ചരാപു, ശ്രീ മുരളീധരൻ മോഹോൾ, ഇന്ത്യയിലെ ജപ്പാൻ അംബാസഡർ ശ്രീ കെയ്ചി ഓനോ തുടങ്ങിയ വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
ഇന്ത്യയെ ഒരു ആഗോള വ്യോമയാന കേന്ദ്രമാക്കി മാറ്റുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, 19,650 കോടിയോളം രൂപ ചെലവിൽ നിർമ്മിച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (NMIA) ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ (PPP) വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം എന്ന നിലയിൽ, തിരക്ക് കുറയ്ക്കുന്നതിനും മുംബൈയെ ആഗോള മൾട്ടി-എയർപോർട്ട് സംവിധാനങ്ങളുടെ പട്ടികയിലേക്ക് ഉയർത്തുന്നതിനും ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളവുമായി (CSMIA) ചേർന്ന് NMIA പ്രവർത്തിക്കും. 1160 ഹെക്ടർ വിസ്തൃതിയുള്ളതും ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ വിമാനത്താവളങ്ങളിൽ ഒന്നായി രൂപകൽപ്പന ചെയ്തിട്ടുള്ളതുമായ ഈ വിമാനത്താവളം, ആത്യന്തികമായി പ്രതിവർഷം 90 ദശലക്ഷം യാത്രക്കാരെയും (MPPA) 3.25 ദശലക്ഷം മെട്രിക് ടൺ ചരക്കുകളും കൈകാര്യം ചെയ്യും.
ഇതിന്റെ തനതായ സവിശേഷതകളിൽ ഒന്ന്, ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ (APM) ആണ്. സുഗമമായ ഇൻ്റർ-ടെർമിനൽ കൈമാറ്റങ്ങൾക്കായി നാല് പാസഞ്ചർ ടെർമിനലുകളെയും ബന്ധിപ്പിക്കാൻ ആസൂത്രണം ചെയ്തിട്ടുള്ള ട്രാൻസിറ്റ് സംവിധാനം, കൂടാതെ നഗര മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ലാൻഡ്‌സൈഡ് എപിഎമ്മും ഇതിനുണ്ടാകും. സുസ്ഥിര കാഴ്ചപ്പാടുകൾക്കനുസൃതമായി, ഈ വിമാനത്താവളത്തിൽ സുസ്ഥിര ഏവിയേഷൻ ഇന്ധനത്തിനായി (SAF) പ്രത്യേക സംഭരണ സൗകര്യങ്ങൾ, ഏകദേശം 47 മെഗാവാട്ടിന്റെ സൗരോർജ്ജ വൈദ്യുതി ഉത്പാദനം, പൊതു ഗതാഗതത്തിനായി നഗരത്തിലുടനീളം ഇലക്ട്രിക് വാഹന (EV) ബസ് സർവീസുകൾ എന്നിവ ഉൾപ്പെടും. വാട്ടർ ടാക്സിയുമായി ബന്ധിപ്പിക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ വിമാനത്താവളവും NMIA ആയിരിക്കും.
ഏകദേശം 12,200 കോടി രൂപ ചെലവിൽ നിർമ്മിച്ച മുംബൈ മെട്രോ ലൈൻ-3-ന്റെ ആചാര്യ ആത്രേ ചൗക്ക് മുതൽ കഫ് പരേഡ് വരെയുള്ള രണ്ടാം ഘട്ടം (Phase 2B) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതോടെ, മൊത്തം 37,270 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച മുംബൈ മെട്രോ ലൈൻ 3 (അക്വാ ലൈൻ) പൂർണ്ണമായും അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിച്ചു, ഇത് നഗരത്തിന്റെ ഗതാഗത പരിവർത്തനത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്.
മുംബൈയിലെ ആദ്യത്തെ പൂർണ്ണമായും ഭൂഗർഭ മെട്രോ ലൈൻ എന്ന നിലയിലുമുള്ള, ഈ പദ്ധതി മുംബൈ മെട്രോപൊളിറ്റൻ മേഖലയിലുടനീളമുള്ള (MMR) യാത്രസൗകര്യങ്ങളെ പുനർനിർവചിക്കുകയാണ്, ദശലക്ഷക്കണക്കിന് പേർക്ക് വേഗതയേറിയതും കൂടുതൽ കാര്യക്ഷമവും ആധുനികവുമായ യാത്രാ പരിഹാരം ഇത് നൽകും.
കഫ് പരേഡ് മുതൽ ആരേ ജെവിഎൽആർ വരെ 33.5 കിലോമീറ്റർ ദൂരത്തിൽ 27 സ്റ്റേഷനുകളുള്ള മുംബൈ മെട്രോ ലൈൻ–3 ദിവസവും 13 ലക്ഷം യാത്രക്കാർക്ക് സേവനം നൽകും. പദ്ധതിയുടെ അവസാന ഘട്ടമായ 2B, ബോംബെ ഹൈക്കോടതി, മന്ത്രാലയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (BSE), നരിമാൻ പോയിന്റ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഭരണ-സാമ്പത്തിക കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള പ്രവേശനത്തോടൊപ്പം, ഫോർട്ട്, കാലാ ഘോഡ, മറൈൻ ഡ്രൈവ് തുടങ്ങിയ സൗത്ത് മുംബൈയുടെ പൈതൃക, സാംസ്കാരിക ജില്ലകളിലേക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ലഭ്യമാക്കും.
മെട്രോ ലൈൻ-3, റെയിൽവേ, വിമാനത്താവളങ്ങൾ, മറ്റ് മെട്രോ പാതകൾ, മോണോറെയിൽ സർവീസുകൾ എന്നിവയുൾപ്പെടെയുള്ള ഇതര ഗതാഗത മാർഗ്ഗങ്ങളുമായി കാര്യക്ഷമമായ സംയോജനം ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു, അതുവഴി എല്ലായിടങ്ങളിലേയ്ക്കുമുള്ള ഗതാഗത ബന്ധം വർദ്ധിപ്പിക്കുകയും മെട്രോപൊളിറ്റൻ മേഖലയിലുടനീളമുള്ള തിരക്ക് കുറയ്ക്കുകയും ചെയ്യുന്നു.
മെട്രോ, മോണോറെയിൽ, സബർബൻ റെയിൽവേ, ബസ് ഓപ്പറേറ്റർമാർ (PTO) ഉൾപ്പെടെ 11 പൊതുഗതാഗത ഓപ്പറേറ്റർമാർക്കായുള്ള “മുംബൈ വൺ” – ഇന്റഗ്രേറ്റഡ് കോമൺ മൊബിലിറ്റി ആപ്പ് പ്രധാനമന്ത്രി പുറത്തിറക്കി. മുംബൈ മെട്രോ ലൈൻ 2A & 7, മുംബൈ മെട്രോ ലൈൻ 3, മുംബൈ മെട്രോ ലൈൻ 1, മുംബൈ മോണോറെയിൽ, നവി മുംബൈ മെട്രോ, മുംബൈ സബർബൻ റെയിൽവേ, ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (BEST), താനെ മുനിസിപ്പൽ ട്രാൻസ്പോർട്ട്, മീരാ ഭയന്ദർ മുനിസിപ്പൽ ട്രാൻസ്പോർട്ട്, കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ ട്രാൻസ്പോർട്ട്, നവി മുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വിവിധ പൊതുഗതാഗത ഓപ്പറേറ്റർമാർക്കിടയിലുള്ള സംയോജിത മൊബൈൽ ടിക്കറ്റിംഗ്, ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ക്യൂ നിൽക്കുന്നത് ഒഴിവാക്കൽ, ഒന്നിലധികം ഗതാഗത മാർഗ്ഗങ്ങൾ ഉൾപ്പെടുന്ന യാത്രകൾക്ക് ഒറ്റ ഡൈനാമിക് ടിക്കറ്റ് വഴിയുള്ള തടസ്സമില്ലാത്ത മൾട്ടിമോഡൽ കണക്റ്റിവിറ്റി എന്നിവയുൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ മുംബൈ വൺ ആപ്പ് യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, കാലതാമസങ്ങൾ, ഇതര റൂട്ടുകൾ, കണക്കാക്കിയ എത്തിച്ചേരൽ സമയം എന്നിവയെക്കുറിച്ചുള്ള തത്സമയ യാത്രാ അപ്ഡേറ്റുകൾ, അടുത്തുള്ള സ്റ്റേഷനുകൾ, ആകർഷണകേന്ദ്രങ്ങൾ, താൽപ്പര്യമുള്ള സ്ഥലങ്ങൾ എന്നിവയെക്കുറിച്ച് മാപ്പ് അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള SOS ഫീച്ചർ എന്നിവയും ഇത് നൽകുന്നു. ഈ സവിശേഷതകൾ സൗകര്യവും കാര്യക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കുകയും മുംബൈയിലുടനീളമുള്ള പൊതുഗതാഗത അനുഭവം മാറ്റിമറിക്കുകയും ചെയ്യുന്നു.
മഹാരാഷ്ട്രയിലെ നൈപുണ്യ, തൊഴിൽ, സംരംഭകത്വ, നൂതനാശയ വകുപ്പിന്റെ നവീന സംരംഭമായ ഷോർട്ട് ടേം എംപ്ലോയബിലിറ്റി പ്രോഗ്രാമും (STEP) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. നൈപുണ്യ വികസനം വ്യവസായ ആവശ്യകതകളുമായി പൊരുത്തപ്പെടുത്തി തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായ ഈ പരിപാടി 400 ഗവൺമെന്റ് ഐടിഐകളിലും 150 ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളുകളിലും നടപ്പിലാക്കും. STEP വഴി 2,500 പുതിയ പരിശീലന ബാച്ചുകൾ സ്ഥാപിക്കും, ഇതിൽ സ്ത്രീകൾക്കായി 364 പ്രത്യേക ബാച്ചുകളും, നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് AI), ഇൻ്റർനെറ്റ് ഓഫ് തിംഗ്സ് (IoT), ഇലക്ട്രിക് വാഹനങ്ങൾ (EV), സോളാർ, അഡിറ്റീവ് മാനുഫാക്ചറിംഗ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യാ കോഴ്സുകളിൽ 408 ബാച്ചുകളും ഉൾപ്പെടുന്നു.
-SK-
(Release ID: 2176593)
Visitor Counter : 29
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada