തൊഴില്‍, ഉദ്യോഗ മന്ത്രാലയം
നരേന്ദ്ര മോദി സർക്കാർ കഴിഞ്ഞ ദശകത്തിൽ സാമൂഹിക സംരക്ഷണമേഖലയിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയ പരിവർത്തനാത്മക പദ്ധതികൾക്ക് രാജ്യാന്തര സാമൂഹിക സുരക്ഷാ അസോസിയേഷന്റെ അംഗീകാരം : ഡോ. മൻസുഖ് മാണ്ഡവ്യ.
Posted On:
08 OCT 2025 4:12PM by PIB Thiruvananthpuram
സാമൂഹിക സുരക്ഷയിലെ അപൂർവ്വ നേട്ടത്തിന് ആദരമായി, ക്വാലാലംപൂരിൽ, 2025 ലെ ഐ എസ് എസ് എ ബഹുമതി ഇന്ത്യയ്ക്ക്.
അസംഘടിത തൊഴിലാളികളുടെ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാബേസുകളിലൊന്നായ ഇ-ശ്രാം പോർട്ടലിന് ഐഎസ്എസ്എയുടെ പ്രശംസ
സാമൂഹിക സംരക്ഷണം വ്യാപകമാക്കുന്നതിലും പൗരന്മാർക്ക് സമഗ്രമായ ക്ഷേമം ഉറപ്പാക്കുന്നതിലും ഇന്ത്യ സ്വീകരിച്ച മാതൃകാപരമായ നിലപാടുകൾക്ക് അംഗീകാരമായി, ഇന്റർനാഷണൽ സോഷ്യൽ സെക്യൂരിറ്റി അസോസിയേഷൻ ( ഐഎസ്എസ്എ), 2025 ലെ മികച്ച സാമൂഹിക സുരക്ഷാ നേട്ടത്തിനുള്ള ബഹുമതി നൽകി ഇന്ത്യയെ ആദരിച്ചു. ഇത് സംബന്ധിച്ച വിവരം കേന്ദ്ര തൊഴിൽ, യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇന്ന് മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞയാഴ്ച മലേഷ്യയിലെ ക്വാലാലംപൂരിൽ സമ്മാനിച്ച ഐഎസ്എസ്എ അവാർഡ്, കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ഡോ. മൻസുഖ് മാണ്ഡവ്യ സ്വീകരിച്ചു.
കഴിഞ്ഞ ദശകത്തിൽ സാമൂഹിക സുരക്ഷാ മേഖലയിൽ മോദി സർക്കാർ നടപ്പിലാക്കിയ പരിവർത്തനാത്മക പരിഷ്കാരങ്ങൾക്കുള്ള അംഗീകാരമാണ് ഈ അവാർഡെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഐഎസ്എസ്എ ജനറൽ അസംബ്ലിയിൽ ഇന്ത്യയുടെ വോട്ട് വിഹിതം 30 ആയി ഉയർന്നതിനെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.' ഇത് ഏതൊരു അംഗരാജ്യത്തിനും അനുവദനീയമായ പരമാവധി പരിധിയാണ്'. ആഗോള സാമൂഹിക സുരക്ഷാ ചർച്ചകളും സഹകരണവും രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെയും നേതൃത്വത്തെയും ഈ നേട്ടം പ്രതിഫലിപ്പിക്കുന്നുവെന്നും ഡോ. മാണ്ഡവ്യ പറഞ്ഞു.
ലോക സാമൂഹിക സുരക്ഷാ ഫോറം മൂന്ന് വർഷത്തിലൊരിക്കൽ നൽകുന്ന അഭിമാനകരമായ ആഗോള അംഗീകാരമാണ് ഐഎസ്എസ്എ അവാർഡ്. ബ്രസീൽ (2013), ചൈന (2016), റുവാണ്ട (2019), ഐസ്‌ലാൻഡ് (2022) എന്നീ രാജ്യങ്ങളാണ് ഇതിന് മുമ്പ് ഈ ബഹുമതി നേടിയിട്ടുള്ളത്.1927 ൽ സ്ഥാപിതമായ ഇന്റർനാഷണൽ സോഷ്യൽ സെക്യൂരിറ്റി അസോസിയേഷൻ (ഐഎസ്എസ്എ )158 രാജ്യങ്ങളിലായി 330 ലധികം അംഗങ്ങളുള്ള ആഗോള സംഘടനയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യ സാമൂഹിക സംരക്ഷണ മേഖലയിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചു. 2015 ലെ 19 ശതമാനനത്തിൽ നിന്ന് 2025 ആയപ്പോഴേക്കും അത് 64.3 ശതമാനനത്തിലെത്തിയ കാര്യം അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎൽഒ) പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. അതുവഴി 94 കോടിയിലധികം (940 ദശലക്ഷം) പൗരന്മാരെ സാമൂഹിക സുരക്ഷയുടെ പരിധിയിൽ കൊണ്ടുവരാൻ കഴിഞ്ഞു . നാല് വർഷം മുമ്പ് ആരംഭിച്ച ഇ-ശ്രാം പോർട്ടൽ ആണ് ഈ നേട്ടത്തിന് പ്രധാന കാരണം. ഇ-ശ്രാം പോർട്ടൽ വഴി 31 കോടിയിലധികം (310 ദശലക്ഷം) അസംഘടിത തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷയും മറ്റ് സേവനങ്ങളും ലഭ്യമാക്കി .
സംഘടിതമോ അസംഘടിതമോ ആയ എല്ലാ തൊഴിലാളികളും സാമൂഹിക സുരക്ഷയുടെ പരിധിയിൽ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട്, എല്ലാവരെയും ഉൾക്കൊള്ളുന്നതും, തുല്യവും, സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഒരു സാമൂഹിക സംരക്ഷണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ 2025ലെ ഐഎസ്എസ്എ അവാർഡ് അടയാളപ്പെടുത്തുന്നു .
****
(Release ID: 2176490)
Visitor Counter : 18