ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ചുമ സിറപ്പുകളുടെ ഗുണമേന്മയും വിവേകപൂർണമായ ഉപയോഗവും ചര്‍ച്ചചെയ്യാന്‍ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും കേന്ദ്ര ആരോഗ്യ സെക്രട്ടറി ഉന്നതതല യോഗം ചേർന്നു
Posted On:
05 OCT 2025 8:04PM by PIB Thiruvananthpuram
ചുമ സിറപ്പുകളുടെ ഗുണമേന്മയും ഉപയോഗവും സംബന്ധിച്ച് ഉയർന്ന ആശങ്കകളുടെ പശ്ചാത്തലത്തിൽ മരുന്നുകളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും കുട്ടികളടക്കം ഉപയോഗിക്കുന്ന ചുമ സിറപ്പുകളുടെ വിവേകപൂർണമായ ഉപയോഗം പ്രോത്സാഹിപ്പിക്കാനും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീമതി പുണ്യ സലില ശ്രീവാസ്തവയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്തു. വിഷയം നേരത്തെ വിലയിരുത്തിയ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ ജെ.പി. നദ്ദ ആവശ്യമായ നടപടികൾ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചർച്ച ചെയ്യാന്‍ നിർദേശിച്ചിരുന്നു.

രാസവള, രാസവസ്തു മന്ത്രാലയത്തിന് കീഴിലെ ഔഷധനിര്‍മാണ വകുപ്പ് സെക്രട്ടറി ശ്രീ അമിത് അഗർവാൾ, ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറിയും ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ ഡയറക്ടർ ജനറലുമായ ഡോ. രാജീവ് ബഹൽ, ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ ഡോ. സുനിത ശർമ, ഡ്രഗ്സ് കൺട്രോളർ ജനറൽ ഡോ. രാജീവ് രഘുവംശി, ദേശീയ രോഗനിയന്ത്രണ കേന്ദ്രം ഡയറക്ടർ ഡോ. രഞ്ജൻ ദാസ്, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറിമാർ/ പ്രിൻസിപ്പൽ സെക്രട്ടറിമാർ/ സെക്രട്ടറിമാർ, ഡ്രഗ്സ് കൺട്രോളർമാർ, ആരോഗ്യ/മെഡിക്കൽ സർവീസസ് ഡയറക്ടർമാർ, ദേശീയ ആരോഗ്യദൗത്യം ഡയറക്ടർമാർ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.

മൂന്ന് പ്രധാന വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച:
മരുന്ന് നിർമാണ കേന്ദ്രങ്ങളിലെ ഗുണനിലവാര മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ഷെഡ്യൂൾ എം, ജി.എസ്.ആർ. വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് സംബന്ധിച്ച്.
അശാസ്ത്രീയ മരുന്നു മിശ്രണവും അനുചിത മരുന്ന് രൂപകല്പനയും ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയടക്കം കുട്ടികളില്‍ ഉപയോഗിക്കുന്ന ചുമ സിറപ്പുകളുടെ വിവേകപൂർണമായ ഉപയോഗത്തെ സംബന്ധിച്ച്.
ഇത്തരം മരുന്നുകളുടെ വിൽപ്പനയും ദുരുപയോഗവും തടയാന്‍ ചില്ലറ മരുന്നുവിതരണ കേന്ദ്രങ്ങളുടെ നിയന്ത്രണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച്.
മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ഗുണനിലവാരമില്ലാത്ത ചുമ സിറപ്പുകൾ കാരണം കുട്ടികൾ മരണപ്പെട്ടുവെന്ന സമീപകാല റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. പ്രധാനമന്ത്രി – ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യത്തിന് കീഴിൽ നാഗ്പൂരില്‍ സ്ഥാപിച്ച മെട്രോപൊളിറ്റൻ നിരീക്ഷണ വിഭാഗം മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ ഒരു ബ്ലോക്കിലെ നിരവധി കേസുകളും ബന്ധപ്പെട്ട മരണങ്ങളും ഐഡിഎസ്പി-യ്ക്കും എൻസിഡിസി-യ്ക്കും റിപ്പോർട്ട് ചെയ്തിരുന്നു.
സാഹചര്യം കണക്കിലെടുത്ത് ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിലെ (എന്‍സിഡിസി) രോഗപര്യവേക്ഷകരും സൂക്ഷ്മാണുശാസ്ത്രജ്ഞരും കീടാണുശാസ്ത്രജ്ഞരും മരുന്ന് ഇൻസ്‌പെക്ടർമാരും പൂനെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ഐവി), കേന്ദ്ര ഔഷധ ഏകീകരണ നിയന്ത്രണ സംഘടന (സിഡിഎസ്‍സിഒ) എന്നിവയിലെ വിദഗ്ധരുമടങ്ങിയ കേന്ദ്ര സംഘം ചിന്ദ്വാരയും നാഗ്പൂരും സന്ദർശിച്ചു. മധ്യപ്രദേശ് സംസ്ഥാന അധികൃതരുമായി ചേര്‍ന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെയും മരണങ്ങളുടെയും വിശദമായ വിശകലനവും സംഘം നടത്തി. ചികിത്സയുമായി ബന്ധപ്പെട്ട സാമ്പിളുകള്‍ക്ക് പുറമെ ചുറ്റുപാടിലെയും സൂക്ഷ്മാണുക്കളുടെയും മരുന്നുകളുടെയും സാമ്പിളുകള്‍ ശേഖരിച്ച് ലബോറട്ടറി എൻഐവി പൂനെ, മുംബൈയിലെ കേന്ദ്ര ഡ്രഗ് ലബോറട്ടറി (സിഡിഎല്‍), നാഗ്പൂരിലെ ദേശീയ പരിസ്ഥിതി എന്‍ജിനീയറിങ് ഗവേഷണ കേന്ദ്രം (എന്‍ഇഇആര്‍ഐ) എന്നിവിടങ്ങളിലേക്ക് പരിശോധനയ്ക്കയച്ചു.
എലിപ്പനിയുടെ ഒരു കേസ് ഒഴികെ മറ്റുള്ളവ സാധാരണ പകർച്ചവ്യാധികളല്ലെന്ന് പ്രാഥമിക കണ്ടെത്തലുകളില്‍ സ്ഥിരീകരിച്ചു. കുട്ടികളെ ചികിത്സിച്ച സ്വകാര്യ ഡോക്ടർമാരിൽ നിന്നും സമീപത്തെ ചില്ലറവില്‍പനശാലകളില്‍നിന്നും നൽകിയ 19 മരുന്നുകളുടെ സാമ്പിളുകൾ ശേഖരിച്ചു. ഇതുവരെ പരിശോധിച്ച 10 സാമ്പിളുകളിൽ 9 എണ്ണവും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതായാണ് സൂചന. അതേസമയം 'കോൾഡ്രിഫ്' എന്ന ചുമ സിറപ്പിൽ അനുവദനീയ പരിധിയിലേറെ ഡിഇജി അടങ്ങിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെ ഈ കേന്ദ്രത്തിനെതിരെ തമിഴ്‌നാട് എഫ്ഡിഎ നിയന്ത്രണ നടപടി സ്വീകരിച്ചു. പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നിർമാണ ലൈസൻസ് റദ്ദാക്കാൻ സിഡിഎസ്‌സിഒ ശിപാർശ ചെയ്തു. ക്രിമിനൽ നടപടികളും ആരംഭിച്ചിട്ടുണ്ട്.
പരിഷ്കരിച്ച ഷെഡ്യൂൾ എം എല്ലാ മരുന്ന് നിർമാതാക്കളും കർശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. കുട്ടികളില്‍ മിക്ക ചുമകളും സ്വയം സുഖപ്പെടുന്നവയാണെന്നും മരുന്നുകൾ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം ചുമ സിറപ്പുകളുടെ വിവേകപൂർണമായ ഉപയോഗം ഉറപ്പാക്കാന്‍ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കുട്ടികളിലെ ചുമ സിറപ്പുകളുടെ വിവേകപൂർണമായ ഉപയോഗം സംബന്ധിച്ച് ഡിജിഎച്ച്എസ് പുറത്തിറക്കിയ നിർദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
ഇതിന് പുറമെ വ്യവസ്ഥാപരമായ പോരായ്മകൾ കണ്ടെത്തുന്നതിന്റെയും ഗുണനിലവാരം ഉറപ്പാക്കുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ആറ് സംസ്ഥാനങ്ങളിലെ 19 നിർമാണ കേന്ദ്രങ്ങളില്‍ അപകടസാധ്യത അധിഷ്ഠിത പരിശോധനകൾ തുടങ്ങിയതായും യോഗത്തില്‍ അറിയിച്ചു. നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്താനും സർക്കാർ, സ്വകാര്യ കേന്ദ്രങ്ങളടക്കം എല്ലാ ആരോഗ്യ കേന്ദ്രങ്ങളും സമയബന്ധിതമായി റിപ്പോർട്ട് നല്‍കുന്നുവെന്ന് ഉറപ്പാക്കാനും ഐഡിഎസ്പി-ഐഎച്ച്ഐപി കമ്മ്യൂണിറ്റി റിപ്പോർട്ടിംഗ് ടൂൾ വ്യാപകമായി പ്രചരിപ്പിക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അസാധാരണ ആരോഗ്യ കാര്യങ്ങളിലും സംയുക്ത നടപടികൾക്കും ദ്രുതഗതിയില്‍ റിപ്പോർട്ട് ചെയ്യാനും സംസ്ഥാനങ്ങൾ തമ്മിലെ ഏകോപനം ശക്തിപ്പെടുത്താന്‍ യോഗം ആവശ്യപ്പെട്ടു.
കുട്ടികൾക്ക് പാർശ്വഫലങ്ങൾ തടയാൻ ചുമ സിറപ്പുകളോ മറ്റ് മരുന്നു മിശ്രിതങ്ങളോ നിർദേശിക്കരുതെന്ന് ഡോ. രാജീവ് ബഹൽ പറഞ്ഞു. ദേശീയ രോഗനിയന്ത്രണകേന്ദ്രം, ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗണ്‍സില്‍ തുടങ്ങിയ വിവിധ കേന്ദ്ര സ്ഥാപനങ്ങൾക്കിടയിൽ ഫലപ്രദമായ ഏകോപനം ഉറപ്പാക്കി അവശ്യ സാഹചര്യങ്ങളില്‍ സംസ്ഥാനങ്ങളെ സഹായിക്കാന്‍ നാഷണൽ ജോയിന്റ് ഔട്ട്ബ്രേക്ക് റെസ്പോൺസ് ടീം പ്രവർത്തനക്ഷമമാണെന്നും അദ്ദേഹം അറിയിച്ചു. ഏത് ദുരന്തത്തോടും അതിവേഗം പ്രതികരിക്കാന്‍ ഏജൻസികൾ തമ്മിലെ ഏകോപനം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

കുട്ടികളിലെ ചുമ സിറപ്പുകളുടെ വിവേകപൂർണമായ ഉപയോഗത്തിന്റെ അനിവാര്യത ഡോ. സുനിത ശർമ എടുത്തുപറഞ്ഞു. ചുമ മരുന്നുകൾ കുട്ടികളിൽ കുറഞ്ഞ പ്രയോജനം മാത്രമാണ് ഉണ്ടാക്കുന്നതെന്നും അതേസമയം അപകടസാധ്യതകളുണ്ടെന്നും അവർ അറിയിച്ചു. മരുന്നുകളുടെ മിശ്രിതത്തില്‍ അളവ് കൂടുന്നത് ഒഴിവാക്കാൻ എല്ലാ മരുന്നുകളും പരിശോധിക്കേണ്ടതിന്റെയും മരുന്നുകളുടെ വീര്യം പരിശോധിക്കേണ്ടതിന്റെയും ആവശ്യകത അവർ പ്രത്യേകം പരാമര്‍ശിച്ചു. രക്ഷിതാക്കള്‍ക്കും മരുന്നുവ്യാപാരികള്‍ക്കും ഡോക്ടർമാര്‍ക്കും ഇതുസംബന്ധിച്ച് മാർഗനിർദേശങ്ങൾ ഉടൻ തയ്യാറാക്കി സംസ്ഥാനങ്ങളുമായി പങ്കുവെക്കുമെന്നും ഡോ. ശർമ അറിയിച്ചു.
മരുന്ന് നിർമാണ കേന്ദ്രങ്ങള്‍ മികച്ച നിര്‍മാണ രീതികള്‍ക്കായി (ജിഎംപി) പരിഷ്കരിച്ച ഷെഡ്യൂൾ എം കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത ഡ്രഗ്‌സ് കൺട്രോളർ ജനറൽ (ഡിജിസിഐ) ഡോ. രാജീവ് രഘുവംശി ആവർത്തിച്ചു. സർക്കാർ നടപ്പാക്കിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് അപേക്ഷിച്ച ചില സ്ഥാപനങ്ങൾക്ക് 2025 ഡിസംബർ വരെ സമയം നീട്ടിനൽകിയതായി അറിയിച്ച അദ്ദേഹം പരിഷ്കരിച്ച ജിഎംപി മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.
ജിഎംപി നവീകരണത്തിനായി നിരവധി നിർമാണ കേന്ദ്രങ്ങള്‍ പരിഷ്കരിച്ച ഫാർമസ്യൂട്ടിക്കൽസ് സാങ്കേതിക നവീകരണ സഹായ പദ്ധതി (ആര്‍പിടിയുഎഎസ്) പ്രയോജനപ്പെടുത്താന്‍ തുടങ്ങിയതായി മരുന്നുനിര്‍മാണ വകുപ്പ് അറിയിച്ചു.
നാല് മരണങ്ങളുണ്ടായത് ചുമ സിറപ്പിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ടല്ലെന്നാണ് ഇതുവരെ അന്വേഷണത്തിൽ മനസ്സിലാക്കുന്നതെന്ന് രാജസ്ഥാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. കുട്ടികളുടെ മരുന്നുകൾ വിവേകപൂർവം ഉപയോഗിക്കുന്നതിനെക്കുറിച്ച് ബോധവൽക്കരണ പ്രചാരണം നടത്തുന്നതായും വിവിധ നിയന്ത്രണ നടപടികൾ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
നാഗ്പൂരിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ച കുട്ടികൾക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സയാണ് നൽകുന്നതെന്ന് മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.

മരുന്നുകളുടെ ഗുണനിലവാര നിയന്ത്രണവും വിതരണവും ശക്തിപ്പെടുത്തുന്നതിൽ നിലവിൽ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെയും നേട്ടങ്ങളെയും കുറിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മന്ത്രാലയത്തെ അറിയിച്ചു. ഒപ്പം സംസ്ഥാന - കേന്ദ്രഭരണപ്രദേശങ്ങളുടെ അധികാരപരിധിയിൽ അവലംബിക്കുന്ന മികച്ച രീതികളും പങ്കുവെച്ചു.
മെച്ചപ്പെട്ട നിരീക്ഷണം, ഐഡിഎസ്പി കമ്മ്യൂണിറ്റി റിപ്പോർട്ടിംഗ് ടൂളിന്റെ വ്യാപക പ്രചാരണം, ആരോഗ്യ സ്ഥാപനങ്ങള്‍ കൃത്യ സമയത്ത് വിവരങ്ങൾ റിപ്പോർട്ട് ചെയ്യല്‍, സംസ്ഥാനങ്ങൾ തമ്മിലെ ഏകോപനം ശക്തിപ്പെടുത്തല്‍ എന്നിവയുടെ പ്രാധാന്യം ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി വിശദീകരിച്ചു.
മരുന്നുകളുടെ ഗുണനിലവാരത്തിലും രോഗികളുടെ സുരക്ഷയിലും ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിലെ പ്രതിബദ്ധത ആവര്‍ത്തിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത്തരം സംഭവങ്ങൾ തടയാൻ അതിവേഗം ഏകോപിതവും സുസ്ഥിരവുമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.
**************************
(Release ID: 2175167)
Visitor Counter : 13