വിദ്യാഭ്യാസ മന്ത്രാലയം
ഇന്ത്യയിലെ ഏറ്റവും വലിയ നവീകരണ പ്രസ്ഥാനമായ വികസിത് ഭാരത് ബിൽഡത്തോൺ 2025 ൽ പങ്കാളികളാകാൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
Posted On:
03 OCT 2025 5:28PM by PIB Thiruvananthpuram
6 മുതൽ 12 വരെ ക്ലാസുകളുള്ള സ്‌കൂളുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് നിതി ആയോഗിൻ്റെ കീഴിലുള്ള അടൽ ഇന്നൊവേഷൻ മിഷനുമായി സഹകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വികസിത് ഭാരത് ബിൽഡത്തോൺ 2025 ന് തുടക്കം കുറിച്ചു. രാജ്യവ്യാപകമായി നടപ്പിലാക്കുന്ന നവീകരണ പ്രസ്ഥാനമാണിത്. ഇന്ത്യയുടെ എക്കാലത്തേയും വലിയ വിദ്യാർത്ഥി നവീകരണ സംരംഭവും 2047 ഓടെ വികസിത ഭാരതമെന്ന കാഴ്ചപ്പാടിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പുമാണ് ഇത്.
6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളോട് ടീമുകളിൽ ചേരാനും, സൃഷ്ടിപരമായി ചിന്തിക്കാനും, യഥാർത്ഥ ജീവിതത്തിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന ആശയങ്ങളും പ്രോട്ടോടൈപ്പുകളും വികസിപ്പിക്കാനും ബിൽഡത്തോൺ ആഹ്വാനം ചെയ്യുന്നു. ദേശീയ പ്രാധാന്യമുള്ള നാല് വിഷയങ്ങളിൽ വിദ്യാർത്ഥികൾ പ്രവർത്തിക്കും:
1. ആത്മനിർഭർ ഭാരത് - സ്വയംപര്യാപ്തമായ സംവിധാനങ്ങളുടേയും പരിഹാരങ്ങളുടേയും നിർമ്മാണം
2. സ്വദേശി - തദ്ദേശീയ ആശയങ്ങളും നവീകരണവും പ്രോത്സാഹിപ്പിക്കൽ
3. വോക്കൽ ഫോർ ലോക്കൽ- പ്രാദേശിക ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വിഭവങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കൽ
4. സമൃദ്ധി - സമൃദ്ധിയിലേക്കും സുസ്ഥിര വളർച്ചയിലേക്കുമുള്ള വഴികൾ സൃഷ്ടിക്കൽ
രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളും അധ്യാപകരും സ്കൂളുകളും ഈ പ്രസ്ഥാനത്തിൽ ആവേശത്തോടെ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. ഇത് വെറുമൊരു മത്സരം മാത്രമല്ല, മറിച്ച് ദേശീയ, ആഗോള തലങ്ങളിൽ സർഗ്ഗാത്മകത, നൂതനാശയങ്ങൾ, പ്രശ്നപരിഹാര കഴിവുകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി കൂടിയാണ്.
വിദ്യാർത്ഥികളുടെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി സ്കൂളുകൾ അവരുടെ എൻട്രികൾ ഫോട്ടോകളുടേയും വീഡിയോകളുടേയും രൂപത്തിൽ സമർപ്പിക്കും. വിദഗ്ധരുടെ ഒരു ദേശീയ പാനൽ എൻട്രികൾ വിലയിരുത്തുകയും മികച്ച വിദ്യാർത്ഥികളുടെ ടീമുകൾക്ക് സമ്മാനങ്ങൾ നല്കുകയും ചെയ്യും. അംഗീകാരത്തിനപ്പുറം, ഈ സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും അവരുടെ നൂതനാശയങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് കോർപ്പറേറ്റ് ദത്തെടുക്കൽ, മെൻ്റർഷിപ്പ്, ആവശ്യമായ വിഭവങ്ങൾ എന്നിവയിലൂടെ ദീർഘകാല പിന്തുണ ലഭിക്കും.
ബിൽഡത്തോണിൻ്റെ പ്രധാന സവിശേഷതകൾ
• ലോകത്തിലെ ഏറ്റവും വലിയ തത്സമയ നവീകരണ പ്രസ്ഥാനത്തിലൂടെ വിദ്യാർത്ഥികൾ ഒരുമിച്ച് പ്രവർത്തിക്കും.
• ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 അനുസരിച്ച് പ്രായോഗികവും പരീക്ഷണാത്മകവുമായ പഠനം.
• അഭിലാഷ ജില്ലകൾ, ഗോത്രവർഗ-വിദൂര മേഖലകൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമഗ്ര പങ്കാളിത്തം.
വലിയ സ്വപ്നങ്ങൾ കാണാനും നിർഭയമായി നവീകരിക്കാനും 2047 ഓടെ വികസിത രാഷ്ട്രമായി മാറാനുള്ള ഇന്ത്യയുടെ യാത്രയ്ക്ക് സംഭാവന നല്കാനുമുള്ള വ്യക്തമായ ആഹ്വാനമാണ് വികസിത് ഭാരത് ബിൽഡത്തോൺ 2025. ഈ പ്രസ്ഥാനത്തിൽ പങ്കെടുക്കാനും, അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും, നാളത്തെ നവീനാശയക്കാരായി തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാനും എല്ലാ സ്കൂളുകളേയും ഓരോ വിദ്യാർത്ഥിയേയും ഈ സംരംഭം ക്ഷണിക്കുന്നു.
2025 സെപ്റ്റംബർ 23 ന് വികസിത് ഭാരത് ബിൽഡത്തോൺ ആരംഭിച്ചു. വികസിത് ഭാരത് ബിൽഡത്തോണിൻ്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 6 വരെ അവസരമുണ്ടാകും. ഒക്ടോബർ 6 മുതൽ ഒക്ടോബർ 13 വരെ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടക്കും.
2025 ഒക്ടോബർ 13 ന് എല്ലാ സ്കൂളുകളിലും രാജ്യവ്യാപകമായി തത്സമയ ബിൽഡത്തോൺ നടക്കും. സ്കൂളുകൾക്ക് അവരുടെ എൻട്രികൾ ഒക്ടോബർ 14 മുതൽ ഒക്ടോബർ 31 വരെ സമർപ്പിക്കാം. എൻട്രികളുടെ വിലയിരുത്തൽ നവംബർ മാസത്തിൽ നടക്കും. 2025 ഡിസംബറിൽ വിജയികളെ പ്രഖ്യാപിക്കും.
വികസിത് ഭാരത് ബിൽഡത്തോൺ 2025 വെറുമൊരു പരിപാടി എന്നതിലുപരി യുവമനസ്സുകളെ ഉണർത്താനും, നൂതനാശയങ്ങൾ ആഘോഷിക്കാനും, ആത്മനിർഭർ ഭാരതിൻ്റെ ആത്മാവിനെ ശക്തിപ്പെടുത്താനുമുള്ള പ്രസ്ഥാനമാണ്. ഓരോ വിദ്യാർത്ഥിയും വെല്ലുവിളികളെ നേരിടാനും ഇന്ത്യയുടെ നവീകരണ യാത്രയിൽ അഭിമാനകരമായ സംഭാവനകൾ നല്കാനും അഭ്യർത്ഥിക്കുന്നു.
****
(Release ID: 2174661)
Visitor Counter : 39