ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
ദൃഷ്ടി IAS ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) ₹5 ലക്ഷം പിഴ ചുമത്തി.
Posted On:
03 OCT 2025 11:08AM by PIB Thiruvananthpuram
യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷാ (CSE) 2022 ഫലങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ച ദൃഷ്ടി IAS ന് (VDK എഡ്യൂവഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്) കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(CCPA) 5 ലക്ഷം രൂപ പിഴ ചുമത്തി.
"UPSC CSE 2022-ൽ 216+ സെലക്ഷനുകൾ" എന്ന പരസ്യവും വിജയിച്ച ഉദ്യോഗാർത്ഥികളുടെ പേരുകളും ഫോട്ടോഗ്രാഫുകളും സഹിതം പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ, പരിശോധനയിൽ, അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഈ ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുത്ത കോഴ്‌സുകളുടെ തരത്തെയും ദൈർഘ്യത്തെയും കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ മറച്ചുവെച്ചതായും CCPA കണ്ടെത്തി.
ദൃഷ്ടി IAS അവകാശപ്പെട്ട 216 ഉദ്യോഗാർത്ഥികളിൽ 162 പേർ (75%) UPSC CSE-യുടെ പ്രിലിമിനറി, മെയിൻ ഘട്ടങ്ങൾ സ്വതന്ത്രമായി പാസായ ശേഷം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗജന്യ ഇന്റർവ്യൂ ഗൈഡൻസ് പ്രോഗ്രാം (IGP) മാത്രമേ പ്രയോജനപ്പെടുത്തിയിട്ടുള്ളൂ എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഐജിപി+ മറ്റ് കോഴ്സുകളിൽ 54 വിദ്യാർത്ഥികൾ മാത്രമേ ചേർന്നിട്ടുള്ളൂ.
പ്രധാനപ്പെട്ട വിവരങ്ങൾ മനഃപൂർവ്വം മറച്ചുവെച്ചതിലൂടെ, UPSC പരീക്ഷയുടെ എല്ലാ ഘട്ടങ്ങളിലും തങ്ങളുടെ വിജയത്തിന് പിന്നിൽ ദൃഷ്ടി IAS ആണെന്ന് ഉദ്യോഗാർത്ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിച്ചു. ഇത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പ് 2(28) പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണ്.
ദൃഷ്ടി ഐഎഎസിന്റെ ആവർത്തിച്ചുള്ള നിയമലംഘനം:
സമാനമായ പെരുമാറ്റത്തിന്ന് ദൃഷ്ടി IAS ന് ചുമത്തുന്ന രണ്ടാമത്തെ പിഴയാണിതെന്ന് CCPA ചൂണ്ടിക്കാട്ടി. നേരത്തെ, 2024 സെപ്റ്റംബറിൽ, "യുപിഎസ്‌സി സിഎസ്‌ഇ 2021 ൽ 150+ സെലക്ഷനുകൾ" എന്ന തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദത്തിന്മേൽ ദൃഷ്ടി IASനെതിരെ അതോറിറ്റി അന്തിമ ഉത്തരവ് പാസാക്കിയിരുന്നു. യുപിഎസ്‌സി സിഎസ്‌ഇ 2021 ൽ 150+ സെലക്ഷനുകൾ എന്ന അവകാശവാദവുമായി ബന്ധപ്പെട്ട് 161 ഉദ്യോഗാർത്ഥികളുടെ വിശദാംശങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് സമർപ്പിച്ചു. പ്രസ്തുത സാഹചര്യത്തിൽ, ഈ 161 ഉദ്യോഗാർത്ഥികളിൽ 148 പേർ IGP യിലും, 7 പേർ മെയിൻസ് മെന്റർഷിപ്പ് പ്രോഗ്രാമിലും, 4 പേർ GS ഫൗണ്ടേഷൻ പ്രോഗ്രാമിലും, ഒരാൾ ഓപ്ഷണൽ കോഴ്സിലും ചേർന്നിട്ടുണ്ടെന്നും ബാക്കിയുള്ള 1 ഉദ്യോഗാർത്ഥിയുടെ വിവരങ്ങൾ പരാമർശിച്ചിട്ടില്ലെന്നും കണ്ടെത്തി. സിസിപിഎ ₹ 3 ലക്ഷം പിഴ ചുമത്തുകയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നിർത്തി വയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
നേരത്തെ ശിക്ഷിക്കപ്പെടുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടും, 2022 ലെ പരീക്ഷാ ഫലം വന്നപ്പോഴും ദൃഷ്ടി IAS പിഴവ് ആവർത്തിച്ചു. "216+ സെലക്ഷനുകൾ" എന്ന അവകാശവാദം ഉയർത്തുകയും, അതു മുഖേന ഉപഭോക്തൃ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് ആവർത്തിച്ചു.
അത്തരം നിർണ്ണായക വിവരങ്ങൾ മറച്ചുവെക്കുന്നതിലൂടെ 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 2(9) പ്രകാരം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവബോധപൂർണ്ണമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അവകാശം ഹനിച്ചു. വസ്തുതകളുടെ സുതാര്യമായ വെളിപ്പെടുത്തലില്ലാതെ അത്തരം പരസ്യങ്ങളിലൂടെ വലിയ അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ, തെറ്റായ പ്രതീക്ഷകൾ സൃഷ്ടിക്കുകയും ഉപഭോക്തൃ തീരുമാനങ്ങളെ അന്യായമായി സ്വാധീനിക്കുകയും ചെയ്യുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും അന്യായമായ വ്യാപാര രീതികൾക്കുമായി വിവിധ കോച്ചിംഗ് സ്ഥാപനങ്ങൾക്ക് CCPA ഇതുവരെ 54 നോട്ടീസുകൾ അയച്ചിട്ടുണ്ട്. 26 കോച്ചിംഗ് സ്ഥാപനങ്ങൾക്ക് ₹ 90.6 ലക്ഷത്തിലധികം പിഴ ചുമത്തി. കൂടാതെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ നിർത്തിവയ്ക്കാനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. വിജയിച്ച ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുത്ത കോഴ്‌സുകളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ അത്തരം സ്ഥാപനങ്ങളെല്ലാം പരസ്യത്തിൽ മറച്ചുവെച്ചിട്ടുണ്ടെന്നും ഇത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിന് തുല്യമാണെന്നും CCPA ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച് ന്യായവും അവബോധപൂർണ്ണവുമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുന്ന തരത്തിൽ എല്ലാ കോച്ചിംഗ് സ്ഥാപനങ്ങളും അവരുടെ പരസ്യങ്ങളിലെ വിവരങ്ങൾ സത്യസന്ധമായി വെളിപ്പെടുത്തുന്നത് കർശനമായി ഉറപ്പാക്കണമെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
GG
***
(Release ID: 2174399)
Visitor Counter : 8