രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ഗാന്ധി ജയന്തി ആശംസ നേർന്നു

Posted On: 01 OCT 2025 6:32PM by PIB Thiruvananthpuram
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു തൻ്റെ സന്ദേശത്തിൽ ഇങ്ങനെ പറയുന്നു: -

"രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156-ാം ജന്മവാർഷികത്തിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും വേണ്ടി, ഞാൻ അദ്ദേഹത്തിന് എൻ്റെ എളിയ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആദർശങ്ങൾക്കും മൂല്യങ്ങൾക്കും വേണ്ടി സ്വയം സമർപ്പിക്കാനുള്ള അവസരമാണിത്.

സമാധാനം, സഹിഷ്ണുത, സത്യം എന്നിവയുടെ സന്ദേശം നൽകിയ ഗാന്ധിജി, മനുഷ്യരാശിക്കാകെ പ്രചോദനമാണ്. തൊട്ടുകൂടായ്മ, നിരക്ഷരത, ആസക്തി, മറ്റ് സാമൂഹിക തിന്മകൾ എന്നിവ ഉന്മൂലനം ചെയ്യുന്നതിനായി അദ്ദേഹം തൻ്റെ ജീവിതം സമർപ്പിച്ചു. അചഞ്ചലമായ ദൃഢനിശ്ചയത്തോടെ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് അദ്ദേഹം ശക്തിയും പിന്തുണയും നൽകി.

ജീവിതത്തിലുടനീളം, അദ്ദേഹം സാന്മാർഗ്ഗികതയിലും ധാർമ്മികതയിലുമുള്ള തൻ്റെ അചഞ്ചലമായ വിശ്വാസം ഉയർത്തിപ്പിടിച്ചു, ആ പാത പിന്തുടരാൻ ആളുകൾക്ക് പ്രചോദനമേകി. സ്വാശ്രയവും സ്വയംപര്യാപ്തവും വിദ്യാസമ്പന്നവുമായ ഒരു ഇന്ത്യയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ചർക്കയിലൂടെ അദ്ദേഹം സ്വാശ്രയത്വത്തിൻ്റെ സന്ദേശം നൽകി. തൻ്റെ പെരുമാറ്റത്തിലൂടെയും ശിക്ഷണത്തിലൂടെയും അദ്ദേഹം എല്ലായിപ്പോഴും അധ്വാനത്തിൻ്റെ അന്തസ്സ് ഉയർത്തിപ്പിടിച്ചു. അദ്ദേഹത്തിൻ്റെ ജീവിത മൂല്യങ്ങൾ ഇന്നും പ്രസക്തമാണ്, അവ ഭാവിയിലും നമ്മെ നയിച്ചുകൊണ്ടേയിരിക്കും.

ഗാന്ധിജയന്തിയുടെ ഈ ശുഭ വേളയിൽ, സത്യത്തിൻ്റെയും അഹിംസയുടെയും പാത പിന്തുടരാനും രാഷ്ട്രത്തിൻ്റെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി പ്രതിജ്ഞാബദ്ധരായി തുടരാനും സ്വച്ഛവും മികവുറ്റതും പൂർണ്ണമായും ശാക്തീകരിക്കപ്പെട്ടതും സമ്പത്സമൃദ്ധവുമായ  ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിലൂടെ ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കാനും നമുക്ക് പ്രതിജ്ഞയെടുക്കാം”.
 
Click here to see the President's Message
 
*******************************

(Release ID: 2173894) Visitor Counter : 9
Read this release in: English , Urdu , Marathi , Hindi