മന്ത്രിസഭ
2025-26 മുതൽ 2030-31 വരെയുള്ള കാലയളവിലേക്ക് പയർവർഗ്ഗ മേഖലയിലെ സ്വയംപര്യാപ്തത ദൗത്യത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
പയർവർഗ്ഗങ്ങളുടെ ഉത്പാദനം 2030-31 ഓടെ 350 ലക്ഷം ടണ്ണായി ഉയർത്താൻ ദൗത്യം ലക്ഷ്യമിടുന്നു.
പയർവർഗ്ഗങ്ങളിൽ സ്വയംപര്യാപ്തത നേടുന്നതിനായി 11,440 കോടി രൂപയുടെ നിക്ഷേപം.
മെച്ചപ്പെടുത്തിയ വിത്തുകൾ, വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഉറപ്പായ സംഭരണം എന്നിവയിലൂടെ പയർവർഗ്ഗ ദൗത്യം രണ്ടുകോടിയോളം കർഷകർക്ക് പ്രയോജനം ചെയ്യും.
പയർവർഗ്ഗ വിത്തുകളുടെ ഏറ്റവും പുതിയ ഇനങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നതിനായി 88 ലക്ഷം സൗജന്യ വിത്ത് കിറ്റുകൾ നൽകും.
വിളവെടുപ്പിന് ശേഷമുള്ള നഷ്ടം കുറയ്ക്കുന്നതിനായി 1,000 സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കാൻ പദ്ധതി
അടുത്ത 4 വർഷത്തേക്ക് കർഷകരിൽ നിന്ന് കുറഞ്ഞ താങ്ങുവിലയ്ക്ക് തുവര, ഉഴുന്ന്, മസൂർ എന്നിവ 100% വും സംഭരിക്കും.
Posted On:
01 OCT 2025 3:14PM by PIB Thiruvananthpuram
പയർവർഗ്ഗങ്ങളുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാനും സ്വയംപര്യാപ്തത കൈവരിക്കാനും ലക്ഷ്യമിടുന്ന സുപ്രധാനമായ 'പയർവർഗ്ഗങ്ങളിലെ സ്വയംപര്യാപ്തതാ ദൗത്യത്തിന്' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 11,440 കോടി രൂപയുടെ ദൗത്യം, 2025-26 മുതൽ 2030-31 വരെയുള്ള ആറ് വർഷ കാലയളവിലാണ് നടപ്പിലാക്കുക.
ഇന്ത്യയുടെ വിള സമ്പ്രദായങ്ങളിലും ഭക്ഷണക്രമത്തിലും പയർവർഗ്ഗങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പയർവർഗ്ഗങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരും ഉപഭോക്താക്കളുമാണ് ഇന്ത്യ. വരുമാനം വർദ്ധിക്കുന്നതിനും ജീവിതനിലവാരം ഉയരുന്നതിനും അനുസരിച്ച് പയർവർഗ്ഗങ്ങളുടെ ഉപഭോഗവും വർദ്ധിച്ചിട്ടുണ്ട്. എന്നിരുന്നാലും, ആഭ്യന്തര ഉത്പാദനം ആവശ്യകതയ്ക്ക് അനുസരിച്ച് വർദ്ധിക്കാത്തതിനാൽ പയർവർഗ്ഗങ്ങളുടെ ഇറക്കുമതി 15-20% വർദ്ധിക്കാൻ കാരണമായി.
ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും, വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും, ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും, കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനുമായി, ആറ് വർഷത്തെ "പയർവർഗ്ഗങ്ങളിലെ സ്വയംപര്യാപ്തതയ്ക്കുള്ള ദൗത്യം" 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഗവേഷണം, വിത്ത് രീതികൾ, കൃഷി വിസ്തൃതി വർദ്ധിപ്പിക്കൽ, സംഭരണം, വില സ്ഥിരത എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ തന്ത്രം ഈ ദൗത്യം സ്വീകരിക്കും.
ഉയർന്ന ഉൽപ്പാദനക്ഷമത, കീടങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ്, കാലാവസ്ഥാ പ്രതിരോധ ശേഷി എന്നിവയുള്ള പയർവർഗ്ഗങ്ങളുടെ ഏറ്റവും പുതിയ ഇനങ്ങൾ വികസിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പ്രാധാന്യം നൽകും. പ്രാദേശികമായ അനുയോജ്യത ഉറപ്പാക്കുന്നതിനായി പ്രധാന പയർവർഗ്ഗങ്ങൾ കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ പരീക്ഷണങ്ങൾ നടത്തും.
കൂടാതെ, മികച്ച ഗുണമേന്മയുള്ള വിത്തുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി, സംസ്ഥാനങ്ങൾ അഞ്ച് വർഷത്തെ വിത്ത് ഉത്പാദന പദ്ധതികൾ തയ്യാറാക്കും. ബ്രീഡർ സീഡ് ഉത്പാദനത്തിന് ഐ.സി.എ.ആർ. മേൽനോട്ടം വഹിക്കും. ഫൗണ്ടേഷൻ, സർട്ടിഫൈഡ് വിത്തുകളുടെ ഉത്പാദനം എന്നിവ സംസ്ഥാന, കേന്ദ്ര ഏജൻസികൾ നിർവഹിക്കുകയും സാഥി പോർട്ടൽ വഴി ഇത് സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും.
മെച്ചപ്പെടുത്തിയ വിത്തിനങ്ങൾ വ്യാപകമായി ലഭ്യമാക്കുന്നതിനായി, 2030-31 ഓടെ 370 ലക്ഷം ഹെക്ടറിൽ, കർഷകർക്ക് 126 ലക്ഷം ക്വിന്റൽ സർട്ടിഫൈഡ് വിത്തുകൾ വിതരണം ചെയ്യും.
ഇതിനോടൊപ്പം, മണ്ണ് ആരോഗ്യ പരിപാടി, കാർഷിക യന്ത്രവൽക്കരണ ഉപദൗത്യം, സമീകൃത വളപ്രയോഗം, സസ്യസംരക്ഷണം, മികച്ച കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഐ.സി.എ.ആർ., കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, സംസ്ഥാന വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ പ്രദർശനങ്ങൾ എന്നിവയുമായി സംയോജിപ്പിച്ചും നടപ്പിലാക്കും.
നെൽകൃഷിക്ക് ശേഷം ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങളെയും കൃഷിയിൽ വൈവിധ്യവത്കരണം സാധ്യമായ മറ്റ് ഭൂമികളെയും ലക്ഷ്യമിട്ട്, അധികമായി 35 ലക്ഷം ഹെക്ടർ സ്ഥലത്തേക്ക് പയർവർഗ്ഗ കൃഷി വ്യാപിപ്പിക്കാനും ദൗത്യം ലക്ഷ്യമിടുന്നു. ഇതിനായി ഇടവിളകൃഷി പ്രോത്സാഹിപ്പിക്കുകയും വിള വൈവിധ്യവൽക്കരണത്തിന് പിന്തുണ നൽകുകയും ചെയ്യും. ഇതിന്റെ ഭാഗമായി 88 ലക്ഷം വിത്ത് കിറ്റുകൾ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യും.
സുസ്ഥിര സാങ്കേതിക വിദ്യകളും ആധുനിക സാങ്കേതിക വിദ്യകളും പ്രോത്സാഹിപ്പിക്കുന്നതിനായി ഘടനാപരമായ പരിശീലന പരിപാടികൾ വഴി കർഷകരുടെയും വിത്ത് ഉത്പാദകരുടെയും ശേഷി വർദ്ധിപ്പിക്കും.
വിപണികളെയും മൂല്യ ശൃംഖലകളെയും ശക്തിപ്പെടുത്തുന്നതിനായി, വിളവെടുപ്പിന് ശേഷമുള്ള നഷ്ടം കുറയ്ക്കുന്നതിനും മൂല്യവർദ്ധന മെച്ചപ്പെടുത്തുന്നതിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി 1000 സംസ്കരണ യൂണിറ്റുകൾ ഉൾപ്പെടെയുള്ള വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ദൗത്യം സഹായിക്കും. സംസ്കരണം, പായ്ക്കിംഗ് യൂണിറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിന് പരമാവധി 25 ലക്ഷം രൂപവരെ സബ്സിഡി ലഭ്യമാകും.
ഓരോ ക്ലസ്റ്ററിന്റെയും പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് ഇടപെടലുകൾ ക്രമീകരിക്കുന്ന ക്ലസ്റ്റർ അധിഷ്ഠിത സമീപനമാണ് ദൗത്യം സ്വീകരിക്കുക. ഇത് വിഭവങ്ങൾ കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാനും, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും, പയർവർഗ്ഗ ഉത്പാദനത്തിന്റെ ഭൂമിശാസ്ത്രപരമായ വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
പ്രധാനമന്ത്രി അന്നദാതാ ആയ് സംരക്ഷണ അഭിയാൻ (PM-AASHA)-ന്റെ വില പിന്തുണ പദ്ധതി പ്രകാരം തുവര, ഉഴുന്ന്, മസൂർ എന്നിവയുടെ ഉറപ്പായ പരമാവധി സംഭരണമാണ് ദൗത്യത്തിന്റെ പ്രധാന സവിശേഷത. ഈ ഏജൻസികളിൽ രജിസ്റ്റർ ചെയ്യുകയും കരാറിൽ ഏർപ്പെടുകയും ചെയ്യുന്ന കർഷകരിൽ നിന്ന് അടുത്ത നാല് വർഷത്തേക്ക് പങ്കാളിത്ത സംസ്ഥാനങ്ങളിൽ നാഫെഡും എൻ.സി.സി.എഫും 100% സംഭരണം നടത്തും.
കൂടാതെ, കർഷകരുടെ ആത്മവിശ്വാസം സംരക്ഷിക്കുന്നതിനായി, ആഗോള പയർവർഗ്ഗ വിലകൾ നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ദൗത്യം സ്ഥാപിക്കും.
2030-31 ഓടെ, പയർവർഗ്ഗങ്ങളുടെ കൃഷി വിസ്തൃതി 310 ലക്ഷം ഹെക്ടറായി വർദ്ധിപ്പിക്കാനും, ഉത്പാദനം 350 ലക്ഷം ടണ്ണായി ഉയർത്താനും, വിളവ് ഹെക്ടറിന് 1130 കിലോഗ്രാമായി വർദ്ധിപ്പിക്കാനും ദൗത്യം ലക്ഷ്യമിടുന്നു. ഉൽപ്പാദനക്ഷമതാ നേട്ടങ്ങൾക്കൊപ്പം, ദൗത്യം കാര്യമായ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
പയർവർഗ്ഗങ്ങളിൽ ആത്മനിർഭരത (സ്വയംപര്യാപ്തത) എന്ന ലക്ഷ്യം കൈവരിക്കാനും, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും, വിലപ്പെട്ട വിദേശനാണ്യം സംരക്ഷിക്കാനും, അതോടൊപ്പം കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ഈ ദൗത്യം ശ്രമിക്കുന്നു. കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള കൃഷി രീതികൾ, മണ്ണിന്റെ മെച്ചപ്പെട്ട ആരോഗ്യം, തരിശു പ്രദേശങ്ങളെ ഉൽപ്പാദനപരമായി ഉപയോഗപ്പെടുത്തൽ എന്നിവയുടെ രൂപത്തിൽ ഈ ദൗത്യം പാരിസ്ഥിതികപരമായ കാര്യമായ നേട്ടങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുന്നു.
-AT-
(Release ID: 2173794)
Visitor Counter : 9
Read this release in:
Odia
,
Hindi
,
Kannada
,
English
,
Urdu
,
Marathi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu