കൃഷി മന്ത്രാലയം
azadi ka amrit mahotsav

കരിമ്പ് ഗവേഷണത്തിനായി ICAR ല്‍ പ്രത്യേക സംഘം രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

Posted On: 30 SEP 2025 5:00PM by PIB Thiruvananthpuram
രാജ്യത്തെ കരിമ്പ് ഗവേഷണത്തിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചില്‍(ICAR) പ്രത്യേക സംഘം രൂപീകരിക്കുമെന്ന് കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രഖ്യാപിച്ചു. കരിമ്പ് നയവുമായി ബന്ധപ്പെട്ടും ഈ സംഘം പ്രവര്‍ത്തിക്കും. ഐ.സി.എ.ആറുമായി സഹകരിച്ച് റൂറല്‍ വോയ്‌സും നാഷണല്‍ ഫെഡറേഷന്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറികളും സംഘടിപ്പിച്ച കരിമ്പ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ദേശീയ ചര്‍ച്ചയെ അഭിസംബോധന ചെയ്ത്  സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
 

 
കരിമ്പ് ഇനം 238 ഇല്‍ നല്ല പഞ്ചസാരയുടെ അളവ് കാണിക്കുന്നുണ്ടെങ്കിലും ഇതിന് ചുവന്ന അഴുകല്‍ രോഗബാധയ്ക്ക് സാധ്യതയുണ്ടെന്ന് ചൗഹാന്‍ എടുത്തുപറഞ്ഞു. ബദലുകള്‍ വികസിപ്പിക്കുന്നതിന്  ഒരേസമയം പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. പുതിയ ഇനങ്ങള്‍ പലപ്പോഴും പുതിയ രോഗ സാധ്യതകള്‍ കൊണ്ടുവരുന്നതിനാല്‍ രോഗങ്ങള്‍ നിയന്ത്രിക്കേണ്ടത് നിര്‍ണായക വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
 

 
പോഷകങ്ങളുടെ കുറവ്, നൈട്രജന്‍ സ്ഥിരീകരണത്തിലെ പരിമിതികള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം പ്രശ്‌നങ്ങള്‍ക്ക് ഏകവിള കൃഷി കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകവിള കൃഷിക്ക് പകരം ഇടവിള കൃഷി നടത്താനുള്ള സാധ്യത ശ്രദ്ധാപൂര്‍വ്വം വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 

 
'വെല്ലുവിളികളെക്കുറിച്ച് നാം ബോധവാന്മാരാണ്,' ചൗഹാന്‍ പറഞ്ഞു. 'ഉത്പാദനവും യന്ത്രവല്‍ക്കരണവും വര്‍ദ്ധിപ്പിക്കുന്നതിലും, ചെലവ് കുറയ്ക്കുന്നതിലും, പഞ്ചസാര വീണ്ടെടുക്കല്‍ മെച്ചപ്പെടുത്തുന്നതിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം. ജലത്തിന്റെ  ഉപയോഗം ഗുരുതര ആശങ്കയാണ്. 'ഓരോ തുള്ളിക്കും കൂടുതല്‍ വിള'  എന്ന തത്വത്തിന് കീഴില്‍ ജല ആവശ്യകതകള്‍ കുറയ്ക്കുന്നതിനുള്ള തന്ത്രങ്ങള്‍ നമുക്ക് ആവശ്യമാണ്. അതേസമയം തുള്ളി ജലസേചന സംവിധാനം വലിയ ചെലവ് ആവശ്യപ്പെടുന്നതിനാല്‍ കര്‍ഷകരുടെ മേലുള്ള സാമ്പത്തിക ഭാരവും പരിഗണിക്കേണ്ടതുണ്ട്.'
 

 
ജൈവ ഉത്പന്നങ്ങളുടെ പ്രാധാന്യത്തേക്കുറിച്ചും മന്ത്രി ഊന്നിപ്പറഞ്ഞു. എഥനോളിനും ശര്‍ക്കരയ്ക്കും സ്ഥിരമായ ഉപയോഗങ്ങള്‍ നിലവിലുണ്ടെങ്കിലും കര്‍ഷകരുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വളത്തെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതി കൃഷിയുടെ സാധ്യതകളേക്കുറിച്ചും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

പഞ്ചസാര മൂല്യ ശൃംഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൗഹാന്‍ അംഗീകരിച്ചു. പേയ്‌മെന്റുകള്‍
വൈകുന്നതിനെക്കുറിച്ചുള്ള കര്‍ഷകരുടെ പരാതികള്‍ യഥാര്‍ത്ഥമാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചസാര മില്ലുകള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കിലും പേയ്‌മെന്റുകള്‍ വൈകുമ്പോള്‍ കര്‍ഷകര്‍ക്ക് പ്രതികൂലാവസ്ഥയാണ് നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക തൊഴിലാളികളുടെ ക്ഷാമം അദ്ദേഹം എടുത്തുപറയുകയും കരിമ്പ് വിളവെടുപ്പിലെ തൊഴിലാളി അധിഷ്ഠിതത്വം കുറയ്ക്കുന്നതിന്  യന്ത്രവല്‍ക്കരണത്തിലെ നൂതനത്വത്തിനൊപ്പം പരിശീലനവും ശേഷി വര്‍ദ്ധിപ്പിക്കലും നിര്‍ദ്ദേശിക്കുകയും ചെയ്തു.


'പ്രായോഗിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കരിമ്പ് ഗവേഷണത്തിനായി ഒരു പ്രത്യേക സംഘം രൂപീകരിക്കാന്‍ ഐ.സി.എ.ആറിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഗവേഷണം കര്‍ഷകര്‍ക്കും വ്യവസായത്തിനും ഒരുപോലെ പ്രയോജനപ്പെടണം. കര്‍ഷകര്‍ക്ക് പ്രയോജനകരമല്ലാത്ത ഗവേഷണം അര്‍ത്ഥശൂന്യമാണ്,' അദ്ദേഹം പറഞ്ഞു.
 

 
സെമിനാറില്‍ ICAR ഡയറക്ടര്‍ ജനറലും DARE സെക്രട്ടറിയുമായ ഡോ. എം.എല്‍. ജാട്ട് ഗവേഷണം അഭിസംബോധന ചെയ്യേണ്ട നാല് പ്രധാന മേഖലകള്‍ വിശദീകരിച്ചു: ഗവേഷണ മുന്‍ഗണനകള്‍ നിര്‍വ്വചിക്കുക, ഗവേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വികസന വെല്ലുവിളികള്‍ തിരിച്ചറിയുക, വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുക, മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള നയപരമായ നടപടികള്‍ ശുപാര്‍ശ ചെയ്യുക എന്നിവയായിരുന്നു അവ.

കരിമ്പിന് ഉയര്‍ന്ന അളവില്‍ വെള്ളവും വളവും ആവശ്യമാണെന്ന് ഡോ. ജാട്ട് നിരീക്ഷിച്ചു. ജലക്ഷാമം പരിഹരിക്കുന്നതിന് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.മഹാരാഷ്ട്രയില്‍ സ്വീകരിച്ചതുപോലുള്ള സൂക്ഷ്മ ജലസേചന രീതികള്‍ മികച്ച പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. നിലവിലെ രാസവള ഉപയോഗം കാര്യക്ഷമമല്ലെന്നും വളത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരിമ്പ് ഇനം 238 തുടക്കത്തില്‍ കര്‍ഷകര്‍ സ്വാഗതം ചെയ്‌തെങ്കിലും ഒടുവില്‍ ഏകവിള കൃഷി പ്രോത്സാഹിപ്പിച്ചതായി ഐ.സി.എ.ആറിലെ ക്രോപ്പ് സയന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.ദേവേന്ദ്ര കുമാര്‍ യാദവ് വിശദീകരിച്ചു. ബദലുകളുണ്ടെങ്കിലും പുതിയ ഇനങ്ങള്‍ വ്യാപകമായി സ്വീകരിക്കപ്പെടാന്‍ സമയമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് സെമിനാറിന്റെ  ശുപാര്‍ശകള്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഐ.സി.എ.ആറിലെ DDG എക്സ്റ്റന്‍ഷന്‍ ഡോ. രാജ്ബീര്‍ സിംഗ് സെമിനാറിന്റെ ഒരു സെഷനില്‍ അധ്യക്ഷത വഹിച്ചു.
 
****************

(Release ID: 2173351) Visitor Counter : 9