പ്രധാനമന്ത്രിയുടെ ഓഫീസ്
ഒഡിഷയിലെ ഝാർസുഗുഡയിൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
Posted On:
27 SEP 2025 3:53PM by PIB Thiruvananthpuram
ജയ് ജഗന്നാഥ്, ജയ് മാതാ സമാലേയ്, ജയ് മാതാ രാമ ചണ്ഡി!
ഇവിടെയുള്ള ചില യുവ സുഹൃത്തുക്കൾ നിരവധി കലാസൃഷ്ടികൾ കൊണ്ടുവന്നിട്ടുണ്ട്. ഒഡിഷയുടെ കലയോടുള്ള സ്നേഹം ലോകപ്രശസ്തമാണ്. നിങ്ങളുടെ എല്ലാവരിൽ നിന്നും ഞാൻ ഈ സമ്മാനങ്ങൾ സ്വീകരിക്കുന്നു, എന്റെ SPG സഹപ്രവർത്തകരോട് ഈ സമ്മാനങ്ങളെല്ലാം നിങ്ങളിൽ നിന്ന് ശേഖരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പേരും വിലാസവും പിന്നിൽ എഴുതിയാൽ, തീർച്ചയായും നിങ്ങൾക്ക് എന്നിൽ നിന്ന് ഒരു കത്ത് ലഭിക്കും. അവിടെ, പിന്നിൽ, ഒരു കുട്ടി വളരെ നേരം എന്തോ പിടിച്ചിരിക്കുന്നത് ഞാൻ കാണുന്നു. അവന്റെ കൈകൾ വേദനിക്കുന്നുണ്ടാകണം. ദയവായി അവനെ സഹായിക്കുകയും അതും കൂടി ശേഖരിക്കുകയും ചെയ്യുക. പിന്നിൽ നിങ്ങളുടെ പേര് എഴുതിയിട്ടുണ്ടെങ്കിൽ, ഞാൻ തീർച്ചയായും നിങ്ങൾക്ക് എഴുതാം. ഈ കലാസൃഷ്ടികൾ തയ്യാറാക്കിയതിന് നിങ്ങളുടെ ഈ സ്നേഹത്തിന് എല്ലാ യുവാക്കൾക്കും യുവതികൾക്കും കൊച്ചുകുട്ടികൾക്കും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു.
ഒഡിഷ ഗവർണർ ശ്രീ ഹരിബാബു ജി; ജനപ്രിയനും കഠിനാധ്വാനിയുമായ മുഖ്യമന്ത്രി മോഹൻ ചരൺ മാഝി ജി; കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ജുവൽ ഓറം ജി; ഉപമുഖ്യമന്ത്രിമാരായ പ്രവതി പരിദ ജി, കനക് വർധൻ സിംഗ് ദേവ് ജി; പാർലമെന്റിലെ എന്റെ സഹപ്രവർത്തകരായ ബൈജയന്ത് പാണ്ഡ ജി, പ്രദീപ് പുരോഹിത് ജി; ഒഡിഷ ബിജെപി പ്രസിഡന്റ് മൻമോഹൻ സമൽ ജി; വേദിയിൽ ഇരിക്കുന്ന മറ്റ് വിശിഷ്ട വ്യക്തികളേ,
രാജ്യത്തുടനീളമുള്ള നിരവധി കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഇന്നത്തെ പരിപാടിയിൽ ലക്ഷക്കണക്കിന് ആളുകളോടൊപ്പം വിവിധ സ്ഥലങ്ങളിൽ നിന്ന് ഞങ്ങളുമായി സഹകരിക്കുന്നു. അവരെയെല്ലാവരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. ഝാർസുഗുഡയിലെ എന്റെ സഹോദരീസഹോദരന്മാരെ ഞാൻ ആദരപൂർവ്വം അഭിവാദ്യം ചെയ്യുന്നു. നിങ്ങളുടെ വാത്സല്യത്തിന് ഞാൻ എന്റെ നന്ദി അറിയിക്കുന്നു. ഇവിടെ സന്നിഹിതരായ എല്ലാ ബഹുമാന്യരായ വിശിഷ്ടാതിഥികൾക്കും *ജോഹർ.
*(ഒഡിയ ഭാഷയിൽ 'ജോഹർ' അഥവാ 'ജുഹർ 'എന്നാൽ ആദരപൂർവ്വമായ ആശംസകൾ എന്ന് അർത്ഥമാക്കുന്നു)
സുഹൃത്തുക്കളേ,
ഇപ്പോൾ നവരാത്രി ഉത്സവം നടന്നുവരികയാണ്, അത്തരമൊരു പുണ്യദിനത്തിലാണ്, മാതാ സമാലേയുടെയും മാതാ രാമ ചണ്ഡിയുടെയും നാട്ടിൽ നിങ്ങളെയെല്ലാം 'ദർശനം' ചെയ്യാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചത്. ധാരാളം അമ്മമാരും സഹോദരിമാരും ഇവിടെ ഒത്തുകൂടിയുണ്ട്. നിങ്ങളുടെ അനുഗ്രഹങ്ങളാണ് ഞങ്ങളുടെ ശക്തി, എല്ലാവരെയും ഞാൻ നമിക്കുന്നു.
സഹോദരീ സഹോദരന്മാരേ,
ഒന്നര വർഷം മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഒഡിഷയിലെ ജനങ്ങൾ പുതിയൊരു പ്രതിജ്ഞ എടുത്തിരുന്നു. ആ ദൃഢനിശ്ചയം 'വികസിത് ഒഡിഷ' (വികസിത ഒഡിഷ) എന്നതായിരുന്നു. ഇന്ന് ഒഡിഷ ഒരു ഇരട്ട എഞ്ചിൻ ഗവൺമെന്റിന്റെ വേഗതയിൽ മുന്നേറാൻ തുടങ്ങിയതായി നമുക്ക് കാണാൻ കഴിയും. ഇന്ന് വീണ്ടും, ഒഡിഷയുടെ വികസനത്തിനും രാഷ്ട്രത്തിന്റെ വികസനത്തിനുമായി ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ ആരംഭിച്ചു. ഇന്ന് മുതൽ, BSNLന്റെ പുതിയ ഒരു അവതാരവും യാഥാർത്ഥ്യമായിരിക്കുന്നു. BSNLന്റെ തദ്ദേശീയ 4ജി സേവനങ്ങൾ ആരംഭിച്ചു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും IITകളുടെ വിപുലീകരണവും ഇന്ന് ആരംഭിച്ചു. കൂടാതെ, വിദ്യാഭ്യാസം, നൈപുണ്യ വികസനം, കണക്റ്റിവിറ്റി എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ ഒഡിഷയിൽ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. കുറച്ചു മുൻപ്, ബെർഹാംപൂരിൽ നിന്ന് സൂറത്തിലേക്കുള്ള ആധുനിക അമൃത് ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. സൂറത്തുമായുള്ള ബന്ധം എത്ര പ്രധാനമാണെന്ന് നിങ്ങൾക്കറിയാം. സൂറത്തിൽ ബന്ധുക്കളില്ലാത്ത ഒരു ഗ്രാമവും ഈ പ്രദേശത്തില്ല. പശ്ചിമ ബംഗാളിനു ശേഷം ഒഡിഷയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ഒഡിയ ജനസംഖ്യ ഗുജറാത്തിലാണ്, പ്രത്യേകിച്ച് സൂറത്തിലാണെന്ന് ചിലർ പറയുന്നു. ഇന്ന് അവർക്കായി ഈ നേരിട്ടുള്ള റെയിൽ സർവീസ് ആരംഭിച്ചിരിക്കുന്നു. ഈ വികസന പ്രവർത്തനങ്ങൾക്കെല്ലാം ഞാൻ നിങ്ങൾക്കെല്ലാവർക്കും, പ്രത്യേകിച്ച് ഒഡിഷയിലെ എല്ലാ ജനങ്ങൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇന്ന് നമ്മുടെ റെയിൽവേ മന്ത്രിയും സൂറത്തിലെ ഈ പരിപാടിയിൽ പങ്കെടുക്കുന്നു, അവിടെയും എല്ലാ ഒഡിയ സഹോദരീസഹോദരന്മാരും ഒത്തുകൂടിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
ബിജെപി ഗവൺമെന്റ് ദരിദ്രരെ സേവിക്കുന്ന ഒന്നാണ്, ദരിദ്രരെ ശാക്തീകരിക്കുന്ന ഒരു ഗവൺമെന്റാണ്. ദരിദ്രർ, ദളിതർ, പിന്നാക്ക സമുദായങ്ങൾ, ആദിവാസി സമൂഹങ്ങൾ എന്നിവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ ഞങ്ങൾ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ പരിപാടിയിലും ആ പ്രതിബദ്ധതയ്ക്ക് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു. അന്ത്യോദയ ഗൃഹ യോജന (ഭവന പദ്ധതി) യുടെ ഗുണഭോക്താക്കൾക്ക് അംഗീകാരപത്രങ്ങൾ കൈമാറാൻ എനിക്ക് അവസരം ലഭിച്ചു. ഒരു ദരിദ്ര കുടുംബത്തിന് സ്ഥിരമായ ഉറപ്പുള്ള വീട് ലഭിക്കുമ്പോൾ, അത് അവരുടെ വർത്തമാനം എളുപ്പമാക്കുക മാത്രമല്ല, ഭാവി തലമുറകളുടെ ജീവിതം സുരക്ഷിതമാക്കുകയും ചെയ്യുന്നു. ഇതുവരെ, രാജ്യത്തുടനീളമുള്ള നാല് കോടിയിലധികം ദരിദ്ര കുടുംബങ്ങൾക്ക് നമ്മുടെ ഗവൺമെന്റ് സ്ഥിരമായതും ഉറപ്പുള്ളതുമായ വീടുകൾ നൽകിയിട്ടുണ്ട്. ഒഡിഷയിലും ആയിരക്കണക്കിന് വീടുകൾ അതിവേഗം നിർമ്മിക്കപ്പെടുന്നു. നമ്മുടെ മുഖ്യമന്ത്രി മോഹൻ ജിയും സംഘവും ഇക്കാര്യത്തിൽ പ്രശംസനീയമായ പ്രവർത്തനങ്ങൾ ചെയ്യുന്നു. ഇന്നും ഏകദേശം അമ്പതിനായിരത്തോളം കുടുംബങ്ങൾക്ക് പുതിയ വീടുകൾക്ക് അംഗീകാരം ലഭിച്ചു. പിഎം ജൻമൻ യോജന പ്രകാരം ഒഡിഷയിൽ ആദിവാസി കുടുംബങ്ങൾക്കായി 40,000-ത്തിലധികം വീടുകൾ അനുവദിച്ചു. അതായത് ഏറ്റവും പിന്നാക്കം നിൽക്കുന്ന ആദിവാസി സമൂഹങ്ങൾക്ക് ഇന്ന് വളരെ വലിയ ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. ഗുണഭോക്താക്കളായ എന്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും എന്റെ ആശംസകൾ.
സുഹൃത്തുക്കളേ,
ഒഡിഷയുടെ കഴിവുകളിലും അവിടുത്തെ ജനങ്ങളുടെ കഴിവുകളിലും എനിക്ക് എപ്പോഴും വലിയ വിശ്വാസമുണ്ട്. പ്രകൃതി ഒഡിഷയെ സമൃദ്ധമായി അനുഗ്രഹിച്ചിട്ടുണ്ട്. ഒഡിഷ പതിറ്റാണ്ടുകളുടെ ദാരിദ്ര്യം കണ്ടിട്ടുണ്ട്, എന്നാൽ ഇപ്പോൾ ഈ ദശകം നിങ്ങളെ അഭിവൃദ്ധിയിലേക്ക് നയിക്കും. ഈ ദശകം ഒഡിഷയുടെ ജീവിതത്തിൽ വളരെ പ്രധാനമാണ്. ഇക്കാര്യത്തിൽ, ഞങ്ങളുടെ ഗവൺമെന്റ് ഒഡിഷയിലേക്ക് പ്രധാന പദ്ധതികൾ കൊണ്ടുവരുന്നു. അടുത്തിടെ, കേന്ദ്ര ഗവൺമെന്റ് ഒഡിഷയ്ക്കായി രണ്ട് സെമികണ്ടക്ടർ യൂണിറ്റുകൾ അംഗീകരിച്ചു. മുമ്പ്, അസമിലോ ഒഡിഷയിലോ സെമികണ്ടക്ടറുകൾ പോലുള്ള ഒരു മുൻനിര വ്യവസായം സ്ഥാപിക്കാൻ കഴിയുമെന്ന് ആരും സങ്കൽപ്പിച്ചിട്ടുപോലുമില്ല. എന്നാൽ ഇവിടുത്തെ യുവാക്കളുടെ കഴിവ് കൊണ്ടാണ് അത്തരം വ്യവസായങ്ങൾ ഇപ്പോൾ ഈ നാട്ടിലേക്ക് വരുന്നത്. ചിപ്പുകൾ നിർമ്മിക്കാൻ ഒഡിഷയിൽ ഒരു സെമികണ്ടക്ടർ പാർക്കും സ്ഥാപിക്കാൻ പോകുന്നു. നിങ്ങളുടെ ഫോൺ, ടിവി, ഫ്രിഡ്ജ്, കമ്പ്യൂട്ടർ, കാർ, മറ്റ് നിരവധി ഉപകരണങ്ങൾ എന്നിവയ്ക്ക് ശക്തി പകരുന്നതും എല്ലാ ഉപകരണങ്ങൾക്കും ഒഴിച്ചുകൂടാനാവാത്തതുമായ ചെറിയ ചിപ്പ് ഇവിടെ ഒഡിഷയിൽ തന്നെ നിർമ്മിക്കുന്ന ദിവസം വിദൂരമല്ല. ഇപ്പോൾ ഉറക്കെ പറയുക: ജയ് ജഗന്നാഥ്!
സുഹൃത്തുക്കളേ,
ഞങ്ങളുടെ ദൃഢനിശ്ചയം ഭാരതം എല്ലാ മേഖലകളിലും, ചിപ്പുകൾ മുതൽ കപ്പലുകൾ വരെയുള്ളവയിൽ, സ്വയംപര്യാപ്തമാകണമെന്നാണ്. ഞാൻ നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ. നിങ്ങൾ പ്രതികരിക്കുമോ? ഞാൻ ചോദിച്ചാൽ, നിങ്ങൾ ഉത്തരം നൽകുമോ? നിങ്ങൾ പൂർണ്ണ ശക്തിയോടെ ഉത്തരം നൽകുമോ? പറയൂ, ഭാരത് സ്വയംപര്യാപ്തമാകണോ വേണ്ടയോ? ഭാരത് സ്വയംപര്യാപ്തമാകണോ വേണ്ടയോ? ഭാരത് സ്വയംപര്യാപ്തമാകണോ വേണ്ടയോ? നോക്കൂ, ഈ രാജ്യത്തെ ഓരോ പൗരനും ആഗ്രഹിക്കുന്നത് നമ്മുടെ രാഷ്ട്രം ഇനി ആരെയും ആശ്രയിക്കരുതെന്നാണ്. ഭാരതം എല്ലാ അർത്ഥത്തിലും സ്വയംപര്യാപ്തമാകണം. അതുകൊണ്ടാണ്, പാരദീപിൽ നിന്ന് ഝാർസുഗുഡ വരെ വിശാലമായ ഒരു വ്യാവസായിക ഇടനാഴി വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
സഹോദരീ സഹോദരന്മാരേ,
സാമ്പത്തികമായി ശക്തരാകാൻ ആഗ്രഹിക്കുന്ന ഏതൊരു രാജ്യവും കപ്പൽ നിർമ്മാണത്തിൽ പ്രത്യേകിച്ച് വലിയ കപ്പലുകളുടെ നിർമ്മാണത്തിന് വലിയ ഊന്നൽ നൽകുന്നു. വ്യാപാരം, സാങ്കേതികവിദ്യ, ദേശീയ സുരക്ഷ എന്നിങ്ങനെ എല്ലാ മേഖലകൾക്കും കപ്പൽ നിർമ്മാണം ഗുണം ചെയ്യുന്നു. നമുക്ക് സ്വന്തമായി കപ്പലുകൾ ഉള്ളപ്പോൾ, പ്രതിസന്ധി ഘട്ടങ്ങളിൽ പോലും, ലോകവുമായുള്ള ഇറക്കുമതിയും കയറ്റുമതിയും തടസ്സപ്പെടില്ല. അതുകൊണ്ടാണ് നമ്മുടെ ബിജെപി ഗവൺമെന്റ് വളരെ വലിയ ഒരു ചുവടുവെപ്പ് നടത്തിയത്. രാജ്യത്ത് കപ്പൽ നിർമ്മാണത്തിനായി 70,000 കോടി രൂപയുടെ പാക്കേജ് ഞങ്ങൾ അംഗീകരിച്ചു. ഇത് ഏകദേശം 4.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഭാരതത്തിലേക്ക് കൊണ്ടുവരും. ഈ പണം ഉരുക്ക്, യന്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ചെറുകിട, കുടിൽ നിർമ്മാണ സംരംഭങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിൽ എത്തും. ഏറ്റവും വലിയ നേട്ടം എന്റെ യുവാക്കൾക്കും ഈ രാജ്യത്തെ പുത്രന്മാർക്കും പുത്രിമാർക്കും ലഭിക്കും. ഇത് ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഒഡിഷയ്ക്കും ഇതിൽ നിന്ന് വളരെയധികം നേട്ടമുണ്ടാകും, കാരണം ഒഡിഷയുടെ വ്യവസായങ്ങളും യുവാക്കളും ഈ തൊഴിൽ തരംഗത്തിൽ നിന്ന് പ്രയോജനം നേടും.
സുഹൃത്തുക്കളേ,
ഇന്ന് രാജ്യം സ്വാശ്രയത്വത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പ് നടത്തിയിരിക്കുന്നു. ടെലികോം ലോകത്ത് 2G, 3G, 4G സേവനങ്ങൾ അവതരിപ്പിച്ചപ്പോൾ, ഭാരതം വളരെ പിന്നിലായിരുന്നു. അന്ന് എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കെല്ലാവർക്കും നന്നായി അറിയാം. 2G, 3G എന്നിവയെക്കുറിച്ചുള്ള തമാശകളും മറ്റ് കാര്യങ്ങളും സോഷ്യൽ മീഡിയയിൽ എങ്ങനെ പ്രചരിച്ചു എന്നതിനെക്കുറിച്ചും.
എന്നാൽ സഹോദരീ സഹോദരന്മാരേ,
2G, 3G, 4G സേവനങ്ങളുടെ സാങ്കേതികവിദ്യകൾക്കായി ഭാരതം വിദേശ രാജ്യങ്ങളെ ആശ്രയിച്ചിരുന്നു. അത്തരമൊരു സാഹചര്യം നമ്മുടെ രാജ്യത്തിന് നല്ലതല്ലായിരുന്നു. അതുകൊണ്ടാണ് ഈ അവശ്യ ടെലികോം സാങ്കേതികവിദ്യകൾ ഭാരതത്തിനുള്ളിൽ വികസിപ്പിക്കണമെന്ന് രാജ്യം തീരുമാനിച്ചത്. നമ്മുടെ സ്വന്തം രാജ്യത്ത്, BSNL, പൂർണ്ണമായും തദ്ദേശീയമായ 4G സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു എന്നത് നമുക്ക് അഭിമാനകരമാണ്. BSNL അതിന്റെ കഠിനാധ്വാനം, സമർപ്പണം, വൈദഗ്ദ്ധ്യം എന്നിവ ഉപയോഗിച്ച് ചരിത്രം സൃഷ്ടിച്ചു. ഈ നേട്ടത്തിന് സംഭാവന നൽകിയ നമ്മുടെ രാജ്യത്തെ യുവാക്കളെയും, അവരുടെ കഴിവിനെയും, ഭാരതത്തെ സ്വാശ്രയമാക്കുന്നതിൽ അവർ ചെയ്ത മഹത്തായ സേവനത്തെയും ഞാൻ പൂർണ്ണഹൃദയത്തോടെ അഭിനന്ദിക്കുന്നു. ഇന്ന്, ഇന്ത്യൻ കമ്പനികൾ ഭാരതത്തെ പൂർണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് 4G സേവനങ്ങൾ ആരംഭിക്കാൻ കഴിവുള്ള ലോകത്തിലെ അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ 4G സേവനങ്ങൾ ആരംഭിക്കാൻ 'സ്വദേശി' (തദ്ദേശീയ) സാങ്കേതികവിദ്യയുള്ള ലോകത്തിലെ അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് നമ്മൾ.
സുഹൃത്തുക്കളേ,
ഇന്ന് BSNL അതിന്റെ 25-ാം സ്ഥാപക ദിനം ആഘോഷിക്കുന്നത് സന്തോഷകരമായ ഒരു യാദൃശ്ചികതയാണ്. ഈ ചരിത്ര ദിനത്തിൽ, BSNLന്റെയും അതിന്റെ പങ്കാളികളുടെയും കഠിനാധ്വാനത്തിലൂടെ ഭാരതം ഒരു ആഗോള ടെലികോം നിർമ്മാണ കേന്ദ്രമായി മാറുന്നതിലേക്ക് മുന്നേറുകയാണ്. BSNLന്റെ തദ്ദേശീയ 4G നെറ്റ്‌വർക്കിന്റെ ഉദ്ഘാടനം ഇന്ന് ഝാർസുഗുഡയിൽ നടക്കുന്നു എന്നത് ഒഡിഷയ്ക്ക് അഭിമാനകരമായ കാര്യമാണ്. ഇതിൽ ഏകദേശം ഒരു ലക്ഷത്തോളം 4G ടവറുകൾ ഉൾപ്പെടുന്നു എന്നത് ഒരു ദേശീയ അഭിമാനമാണ് . രാജ്യത്തിന്റെ വിദൂര കോണുകളിലേക്കുള്ള കണക്റ്റിവിറ്റിയിൽ ഈ ടവറുകൾ ഒരു പുതിയ വിപ്ലവം കൊണ്ടുവരും. ഈ 4G സാങ്കേതികവിദ്യയുടെ വികാസത്തോടെ, രാജ്യത്തുടനീളമുള്ള 2 കോടിയിലധികം ആളുകൾക്ക് നേരിട്ട് പ്രയോജനം ലഭിക്കും. അതിവേഗ ഇന്റർനെറ്റ് സൗകര്യം ഇല്ലാതിരുന്ന ഏകദേശം 30,000 ഗ്രാമങ്ങൾ ഇപ്പോൾ ബന്ധിപ്പിക്കപ്പെടും.
സുഹൃത്തുക്കളേ,
ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഇന്ന് ആയിരക്കണക്കിന് ഗ്രാമങ്ങളിലെ ജനങ്ങളും ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വിദൂര അതിർത്തികളിലെ ഗ്രാമങ്ങളിൽ നിന്നുപോലും, ജനങ്ങൾ ഈ പുതിയ അതിവേഗ ഇന്റർനെറ്റ് സാങ്കേതികവിദ്യയിലൂടെ ഞങ്ങളെ കേൾക്കുന്നു, ഇപ്പോൾ ഞങ്ങളെ കാണുന്നു. ഈ വകുപ്പിന് മേൽനോട്ടം വഹിക്കുന്ന നമ്മുടെ വാർത്താവിനിമയകാര്യ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ജിയും ഇന്ന് അസമിൽ നിന്ന് ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
സുഹൃത്തുക്കളേ,
BSNL-ന്റെ തദ്ദേശീയ 4G സേവനങ്ങളുടെ ഏറ്റവും വലിയ നേട്ടം എന്റെ ഗോത്ര പ്രദേശങ്ങളിലേക്കും, എന്റെ ഗോത്ര സഹോദരീസഹോദരന്മാരിലേക്കും, വിദൂര ഗ്രാമങ്ങളിലേക്കും, മലമ്പ്രദേശങ്ങളിലേക്കും എത്തും. ഇപ്പോൾ, അവിടെ താമസിക്കുന്ന ആളുകൾക്കും മികച്ച ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകും. ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയും; വിദൂര പ്രദേശങ്ങളിലെ കർഷകർക്ക് അവരുടെ വിളകളുടെ വില അറിയാൻ കഴിയും; ടെലിമെഡിസിൻ, ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ എന്നിവയിലൂടെ രോഗികൾക്ക് രാജ്യത്തെ ഏറ്റവും മികച്ച ഡോക്ടർമാരിൽ നിന്ന് വൈദ്യോപദേശം സ്വീകരിക്കാൻ കഴിയും. അതിർത്തികളിൽ, ഹിമാലയൻ കൊടുമുടികളിൽ, മരുഭൂമികളിലൊക്കെയുള്ള നമ്മുടെ സൈനികർക്കും ഇത് വളരെയധികം ഗുണം ചെയ്യും. സുരക്ഷിതമായ കണക്റ്റിവിറ്റിയിലൂടെ അവർക്കും ഇപ്പോൾ പരസ്പരം ആശയവിനിമയം നടത്താൻ കഴിയും.
സുഹൃത്തുക്കളേ,
ഭാരതം ഇതിനകം തന്നെ ഏറ്റവും വേഗതയേറിയ 5G സേവനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇന്ന് ആരംഭിക്കുന്ന BSNL ടവറുകൾ 5G സേവനങ്ങൾക്കായി എളുപ്പത്തിൽ നവീകരിക്കപ്പെടും. ഈ ചരിത്ര ദിനത്തിൽ BSNL-നും രാജ്യത്തെ എല്ലാ ജനങ്ങൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
സുഹൃത്തുക്കളേ,
'ആത്മനിർഭർ ഭാരത്' (സ്വാശ്രയ ഇന്ത്യ) കെട്ടിപ്പടുക്കുന്നതിന് നൈപുണ്യമുള്ള യുവാക്കളും ഗവേഷണത്തിനുള്ള ശക്തമായ അന്തരീക്ഷവും അത്യാവശ്യമാണ്. അതുകൊണ്ടാണ് ഇതിന് ബിജെപി ഗവൺമെന്റ് പ്രധാന മുൻഗണന നൽകുന്നത്. ഇന്ന് ഒഡിഷ ഉൾപ്പെടെ രാജ്യത്തുടനീളം വിദ്യാഭ്യാസത്തിലും നൈപുണ്യ വികസനത്തിലും അഭൂതപൂർവമായ നിക്ഷേപം നടക്കുന്നു. രാജ്യത്തെ എഞ്ചിനീയറിംഗ് കോളേജുകളും പോളിടെക്നിക്കുകളും ഞങ്ങൾ നവീകരിക്കുകയാണ്. ഈ കാര്യത്തിൽ 'മെറിറ്റ്' (*MERITE - Multidisciplinary Education and Research Improvement in Technical Education) എന്ന പേരിൽ ഒരു പുതിയ പദ്ധതി ഇന്ന് ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം, സാങ്കേതിക വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾക്കായി ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കും. തൽഫലമായി, നമ്മുടെ യുവാക്കൾ ഗുണനിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസത്തിനായി വലിയ നഗരങ്ങളിലേക്ക് പോകാൻ ഇനി നിർബന്ധിതരാകില്ല. ആധുനിക ലാബുകൾ ആക്‌സസ് ചെയ്യാനും, ആഗോളതലത്തിലുള്ള കഴിവുകൾ പഠിക്കാനും, സ്വന്തം പട്ടണങ്ങളിൽ സ്വന്തം സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനും അവർക്ക് അവസരങ്ങൾ ലഭിക്കും.
(*MERITE - Multidisciplinary Education and Research Improvement in Technical Education Scheme - ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി 2025 ഓഗസ്റ്റിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ഒരു കേന്ദ്രമേഖലാ പദ്ധതിയാണിത്)
സുഹൃത്തുക്കളേ,
ഇന്ന് രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും, എല്ലാ വിഭാഗങ്ങളിലും, ഓരോ പൗരന്മാരിലും സൗകര്യങ്ങൾ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കാൻ വളരെയധികം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. റെക്കോർഡ് തുകകൾ ചെലവഴിക്കുന്നു. എന്നാൽ മുമ്പ് സ്ഥിതി എന്തായിരുന്നുവെന്ന് നിങ്ങൾക്ക് നന്നായി അറിയാം. നിങ്ങളെ കൊള്ളയടിക്കാനുള്ള ഒരു അവസരവും കോൺഗ്രസ് ഒരിക്കലും പാഴാക്കിയില്ല.
സുഹൃത്തുക്കളേ,
2014-ൽ, നിങ്ങൾ ഞങ്ങൾക്ക് സേവനം ചെയ്യാനുള്ള അവസരം നൽകിയപ്പോൾ, കോൺഗ്രസിന്റെ ഈ കൊള്ള സമ്പ്രദായത്തിൽ നിന്ന് ഞങ്ങൾ രാജ്യത്തെ മോചിപ്പിച്ചു. ബിജെപി ഗവൺമെൻ്റിൻ്റെ കീഴിൽ, ഇരട്ടി സമ്പാദ്യത്തിന്റെയും ഇരട്ടി വരുമാനത്തിന്റെയും ഒരു യുഗം ആരംഭിച്ചു. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ, ഒരു ജീവനക്കാരനോ, വ്യാപാരിയോ, ബിസിനസുകാരനോ പ്രതിവർഷം രണ്ട് ലക്ഷം രൂപ മാത്രം സമ്പാദിച്ചാലും, അവർ ഇപ്പോഴും ആദായനികുതി അടയ്ക്കേണ്ടിവന്നു. 2014 വരെ കോൺഗ്രസ് ഈ സംവിധാനം തുടർന്നു. എന്നാൽ നിങ്ങൾ എനിക്ക് സേവനം ചെയ്യാനുള്ള അവസരം നൽകിയതിനുശേഷം, ഒരു വർഷം 12 ലക്ഷം രൂപ വരെയുള്ള വരുമാനം ഇപ്പോൾ പൂർണ്ണമായും നികുതിരഹിതമാണ്.
സുഹൃത്തുക്കളേ,
സെപ്റ്റംബർ 22 മുതൽ, ഒഡിഷ ഉൾപ്പെടെ രാജ്യത്താകെ പുതിയ ജിഎസ്ടി പരിഷ്കാരങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ഈ പരിഷ്കാരങ്ങൾ നിങ്ങൾക്കെല്ലാവർക്കും ഒരു ജിഎസ്ടി ബചത് ഉത്സവ് (സമ്പാദ്യം ഉത്സവം) സമ്മാനിച്ചു. ഇപ്പോൾ, അടുക്കള മുന്നോട്ടുകൊണ്ടുപോകുന്ന അമ്മമാർക്കും സഹോദരിമാർക്കും വിലക്കുറവ് അനുഭവപ്പെടുന്നുണ്ട്. മിക്ക അവശ്യവസ്തുക്കളുടെയും വില ഗണ്യമായി കുറഞ്ഞു. ഒരു ഉദാഹരണത്തിലൂടെ ഞാൻ വിശദീകരിക്കാം. ഒഡിഷയിലെ ഒരു കുടുംബം ഒരു വർഷം ഏകദേശം 1 ലക്ഷം രൂപ വീട്ടാവശ്യങ്ങൾക്കായി ചെലവഴിക്കുന്നുവെന്ന് കരുതുക, അതായത് പ്രതിമാസം ഏകദേശം 12000–15000 രൂപ. 2014 ന് മുമ്പ്, നിങ്ങൾ ഒരു ലക്ഷം രൂപ ചെലവഴിച്ചാൽ, കോൺഗ്രസ് ഗവൺമെന്റ് 20,000–25,000 രൂപ നികുതിയായി എടുക്കുമായിരുന്നു. അതായത് ഒരു ലക്ഷം രൂപ ചെലവഴിക്കാൻ, നിങ്ങൾ യഥാർത്ഥത്തിൽ 1.25 ലക്ഷം രൂപ നൽകേണ്ടി വന്നു. 2017 ൽ ഞങ്ങൾ ആദ്യമായി ജിഎസ്ടി അവതരിപ്പിച്ചപ്പോൾ, ഞങ്ങൾ നിങ്ങളുടെ ഭാരം ഗണ്യമായി കുറയ്ക്കുകയും നികുതി കുറയ്ക്കുകയും ചെയ്തു. ഇപ്പോൾ, ഈ പുതിയ ജിഎസ്ടി പരിഷ്കാരങ്ങളിലൂടെ, ബിജെപി ഗവൺമെന്റ് അത് കൂടുതൽ കുറച്ചു. ഇന്ന്, ഒരു ലക്ഷം രൂപയുടെ വാർഷിക ഗാർഹിക ചെലവിന്, ഒരു കുടുംബം 5,000–6,000 രൂപ മാത്രമേ നികുതി നൽകേണ്ടതുള്ളൂ. ഇപ്പോൾ പറയൂ, മുമ്പുണ്ടായിരുന്ന 25,000 രൂപയ്ക്ക് പകരം ഇപ്പോൾ 5,000–6,000 രൂപ മാത്രം! കോൺഗ്രസ് കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ന് ദരിദ്രരും, സാധാരണക്കാരും, ഇടത്തരക്കാരുമായ കുടുംബങ്ങൾ ഒരു ലക്ഷം രൂപയുടെ ചെലവിൽ എല്ലാ വർഷവും 20,000–25,000 രൂപ ലാഭിക്കുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ ഒഡിഷ കർഷകരുടെ നാടാണ്, ഈ ജിഎസ്ടി ബചത് ഉത്സവ് കർഷകർക്കും വളരെ ശുഭകരമാണ്. കോൺഗ്രസ് കാലഘട്ടത്തിൽ, ഒരു കർഷകൻ ഒരു ട്രാക്ടർ വാങ്ങിയാൽ, അയാൾക്ക് ഒരു ട്രാക്ടറിന് 70,000 രൂപ നികുതി നൽകേണ്ടി വന്നു. ജിഎസ്ടി നിലവിൽ വന്നതിനുശേഷം ഞങ്ങൾ നികുതി കുറച്ചു. ഇപ്പോൾ, പുതിയ ജിഎസ്ടി ഘടനയിലൂടെ, ഒരു കർഷകന് അതേ ട്രാക്ടറിൽ നേരിട്ട് ഏകദേശം 40,000 രൂപ ലാഭിക്കാൻ കഴിയും. ഒരു ട്രാക്ടറിൽ 40,000 രൂപയുടെ അറ്റാദായം. നെൽകൃഷിക്കായി കർഷകർ ഉപയോഗിക്കുന്ന യന്ത്രത്തിൽ, അവർ ഇപ്പോൾ 15,000 രൂപ ലാഭിക്കും. അതുപോലെ, ഒരു പവർ ടില്ലറിൽ 10,000 രൂപയും ഒരു മെതി യന്ത്രത്തിൽ 25,000 രൂപ വരെയും ലാഭിക്കാൻ അവർക്ക് കഴിയും. അത്തരം നിരവധി കാർഷിക ഉപകരണങ്ങളുടെ നികുതി ബിജെപി ഗവൺമെന്റ് ഗണ്യമായി കുറച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
നമ്മുടെ ആദിവാസി സമൂഹത്തിലെ വലിയൊരു വിഭാഗം ഒഡിഷയിലാണ് താമസിക്കുന്നത്. ഈ ഗോത്ര സമൂഹം അവരുടെ ഉപജീവനത്തിനായി വനവിഭവങ്ങളെ ആശ്രയിക്കുന്നു. നമ്മുടെ ഗവൺമെന്റ് *'തെണ്ടു ഇലകൾ' ശേഖരിക്കുന്നവർക്കായി പ്രവർത്തിച്ചുവരികയാണ്, ഇപ്പോൾ അതിന്മേലുള്ള ജിഎസ്ടിയും വളരെയധികം കുറച്ചിട്ടുണ്ട്. ഇത് തെണ്ടു ഇലകൾ ശേഖരിക്കുന്നവർക്ക് തീർച്ചയായും ഉയർന്ന വില ലഭിക്കുമെന്ന് ഉറപ്പാക്കുന്നു.
*(തെണ്ടു ഇലകൾ- ബീഡി പൊതിയാൻ ഉപയോഗിക്കുന്ന ഒരിനം ഇല)
സുഹൃത്തുക്കളേ,
ബിജെപി ഗവൺമെന്റ് നിങ്ങൾക്ക് നികുതി ഇളവ് തുടർച്ചയായി നൽകുന്നു, നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നു. പക്ഷേ, കോൺഗ്രസ് ഇപ്പോഴും അവരുടെ പഴയ രീതികൾ ഉപേക്ഷിക്കുന്നില്ല. കോൺഗ്രസ് ഗവൺമെന്റുകൾ ഇപ്പോഴും നിങ്ങളെ കൊള്ളയടിക്കുന്നതിൽ വ്യാപൃതരാണ്.
ഞാൻ ഇത് പറയുന്നത് കാരണമില്ലാതെയല്ല. രാജ്യത്തുടനീളമുള്ള ആളുകൾക്ക് വളരെയധികം പ്രയോജനം ലഭിക്കുന്നുണ്ടെന്നതിന് എന്റെ പക്കൽ തെളിവുകളുണ്ട്. പുതിയ ജിഎസ്ടി നിരക്കുകൾ ഞങ്ങൾ നടപ്പിലാക്കിയപ്പോൾ, സിമന്റിന്റെ നികുതിയും ഞങ്ങൾ കുറച്ചു. സിമന്റ് വില കുറയുന്നതിലൂടെ, ആളുകൾ അവരുടെ വീടുകൾ നിർമ്മിക്കുന്നതിനോ നന്നാക്കുന്നതിനോ കുറച്ച് പണം മാത്രം ചെലവഴിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എന്നാൽ പ്രസ്താവനകൾ മാത്രം നടത്തുന്നവർ യഥാർത്ഥത്തിൽ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ. ഹിമാചൽ പ്രദേശിൽ ഒരു കോൺഗ്രസ് ഗവൺമെന്റുണ്ട്. സാധ്യമായ എല്ലാ വിധത്തിലും ഞങ്ങളുടെ മേൽ ആരോപണം ഉന്നയിക്കുന്ന ഒരു ശീലം കോൺഗ്രസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ സിമന്റിന്റെ ജിഎസ്ടി നിരക്ക് ഞങ്ങൾ കുറച്ചപ്പോൾ, രാജ്യമെമ്പാടും വില കുറഞ്ഞു. എന്നിരുന്നാലും, സാധാരണക്കാർക്ക് ഈ ആശ്വാസം നൽകാൻ കോൺഗ്രസ് ആഗ്രഹിച്ചില്ല. മുമ്പ്, ഞങ്ങൾ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചപ്പോൾ, കോൺഗ്രസ് ഗവൺമെന്റുകൾ ഉണ്ടായിരുന്നിടത്തെല്ലാം, അവർ അതിന് മുകളിൽ മറ്റൊരു നികുതി ചുമത്തി. തൽഫലമായി, വിലകൾ അതേപടി തുടർന്നു, അതേസമയം അവർ സ്വന്തം ട്രഷറികൾ നിറയ്ക്കുകയും കൊള്ളയടിക്കാൻ വാതിൽ തുറക്കുകയും ചെയ്തു. ഹിമാചൽ പ്രദേശിലും ഇതുതന്നെ സംഭവിച്ചു. നമ്മുടെ ഗവൺമെന്റ് സിമന്റിന്റെ വില കുറച്ചപ്പോൾ, അവർ സ്വന്തമായി പുതിയ നികുതി ചുമത്തി. അതിനാൽ, ഭാരത ഗവൺമെന്റ് ഹിമാചലിലെ ജനങ്ങൾക്ക് നൽകാൻ ആഗ്രഹിച്ച ആനുകൂല്യം ഈ കൊള്ളയടിക്കുന്ന കോൺഗ്രസ് ഗവൺമെന്റ് തടഞ്ഞു. അതുകൊണ്ടാണ് ഞാൻ പറയുന്നത്, ഒരു കോൺഗ്രസ് ഗവൺമെന്റ് ഉള്ളിടത്തെല്ലാം അവിടെ അവർ ജനങ്ങളെ കൊള്ളയടിക്കും. അതുകൊണ്ടാണ് രാജ്യത്തെ ജനങ്ങൾ കോൺഗ്രസിനെതിരെ ജാഗ്രത പാലിക്കേണ്ടത്, കൂടാതെ അവരുടെ സഖ്യകക്ഷികളെക്കുറിച്ചും ജാഗ്രത പാലിക്കണം.
സുഹൃത്തുക്കളേ,
ജിഎസ്ടി ബചത് ഉത്സവ് നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും ഏറ്റവും വലിയ സന്തോഷം നൽകി. നമ്മുടെ സഹോദരിമാരെയും പെൺമക്കളെയും സേവിക്കുക എന്നതാണ് ഞങ്ങളുടെ ഗവൺമെന്റിന്റെ മുൻഗണന. അമ്മമാരുടെയും സഹോദരിമാരുടെയും ആരോഗ്യത്തിനും ഞങ്ങൾ പ്രത്യേക ശ്രദ്ധ നൽകുന്നു.
സുഹൃത്തുക്കളേ,
ഒരു അമ്മ എപ്പോഴും തന്റെ കുടുംബത്തിന്റെ ക്ഷേമത്തിനായി ആദ്യം ത്യാഗം ചെയ്യുന്നവളാണ്. ഒരു അമ്മയുടെ ത്യാഗങ്ങൾക്ക് നാമെല്ലാവരും സാക്ഷ്യം വഹിച്ചിട്ടുണ്ട്. തന്റെ കുട്ടികൾക്ക് ഭാരമാകാതിരിക്കാൻ അവർ എല്ലാ പ്രയാസങ്ങളും സ്വയം ഏറ്റെടുക്കുന്നു. ഒരു അമ്മ സ്വന്തം രോഗം പോലും മറച്ചുവെക്കുന്നു, അങ്ങനെ അവരുടെ ചികിത്സ കുടുംബത്തിന് സാമ്പത്തിക ബാധ്യതയാകില്ല. അതുകൊണ്ടാണ്, ഞങ്ങൾ ആയുഷ്മാൻ ഭാരത് യോജന ആരംഭിച്ചപ്പോൾ, അത് നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും രാജ്യത്തെ സ്ത്രീകൾക്കും വളരെയധികം പ്രയോജനം ചെയ്തത്. അവർക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയുടെ സൗകര്യം ലഭിച്ചു.
സുഹൃത്തുക്കളേ,
അമ്മ ആരോഗ്യവതിയായിരിക്കുമ്പോൾ കുടുംബം ശക്തമാകും. അതുകൊണ്ടാണ്, സെപ്റ്റംബർ 17 മുതൽ, വിശ്വകർമ ജയന്തി ദിനത്തിൽ, ഓരോ അമ്മമാരുടെയും ആരോഗ്യത്തിനായി രാജ്യമെമ്പാടും 'സ്വസ്ഥ് നാരി, സശക്ത് പരിവാർ അഭിയാൻ' (ആരോഗ്യമുള്ള സ്ത്രീകൾ, ശക്തമായ കുടുംബം ക്യാമ്പെയ്ൻ) ആരംഭിച്ചത്. ഇതുവരെ, രാജ്യമെമ്പാടും 8 ലക്ഷത്തിലധികം ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഈ ക്യാമ്പുകളിൽ ഇതിനകം 3 കോടിയിലധികം സ്ത്രീകൾ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. പ്രമേഹം, സ്തനാർബുദം, ടിബി, അരിവാൾ കോശ രോഗം തുടങ്ങി നിരവധി രോഗങ്ങൾക്കായി പരിശോധന നടക്കുന്നുണ്ട്. ഒഡിഷയിലെ എല്ലാ അമ്മമാരും സഹോദരിമാരും പെൺമക്കളും തീർച്ചയായും വൈദ്യ പരിശോധനകൾ നടത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
സുഹൃത്തുക്കളേ,
രാജ്യത്തെയും പൗരന്മാരെയും ശക്തിപ്പെടുത്തുന്നതിനായി ബിജെപി ഗവൺമെന്റ് തുടർച്ചയായി സമർപ്പണത്തോടെ പ്രവർത്തിക്കുന്നു. നികുതി ഇളവായാലും ആധുനിക കണക്റ്റിവിറ്റി ആയാലും, ഞങ്ങൾ സൗകര്യത്തിന്റെയും സമൃദ്ധിയുടെയും പാതകൾ സൃഷ്ടിക്കുകയാണ്. ഒഡിഷ ഇതിൽ നിന്ന് വളരെയധികം പ്രയോജനം നേടുന്നു. ഇന്ന്, ഒഡിഷയിൽ ആറ് വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നുണ്ട്. ഏകദേശം 60 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നു. ഝാർസുഗുഡയിലെ വീർ സുരേന്ദ്ര സായ് വിമാനത്താവളം ഇപ്പോൾ രാജ്യത്തെ പല പ്രധാന നഗരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ധാതുക്കളിൽ നിന്നും ഖനനത്തിൽ നിന്നും ഒഡിഷയ്ക്ക് ഇപ്പോൾ വളരെയധികം വരുമാനം ലഭിക്കുന്നു. ഒഡിഷയിലെ അമ്മമാർക്കും സഹോദരിമാർക്കും സുഭദ്ര യോജനയിലൂടെ തുടർച്ചയായി പിന്തുണ ലഭിക്കുന്നു. നമ്മുടെ ഒഡിഷ ഇതിനകം പുരോഗതിയുടെ പാതയിലേക്ക് പ്രവേശിച്ചു. വികസനത്തിന്റെ ഈ യാത്ര കൂടുതൽ വേഗത്തിൽ മുന്നോട്ട് പോകുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഒരിക്കൽ കൂടി, നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. ഇപ്പോൾ, എന്നോടൊപ്പം, പൂർണ്ണ ഊർജ്ജത്തോടെ പറയൂ—
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ജയ് ജഗന്നാഥ്!
ജയ് ജഗന്നാഥ്!
ജയ് ജഗന്നാഥ്!
വളരെ നന്ദി.
DISCLAIMER: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.
***
(Release ID: 2173169)
Visitor Counter : 10
Read this release in:
Odia
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Telugu
,
Kannada