രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ICG കമാൻഡർമാരുടെ സമ്മേളനത്തെ രക്ഷാ മന്ത്രി അഭിസംബോധന ചെയ്തു

ഭാവിയിലേക്കുള്ള കർമ്മ പദ്ധതി , സാങ്കേതിക ജാഗ്രത, തദ്ദേശീയ സഹായത്തോടെയുള്ള സമുദ്ര സുരക്ഷാ ശാക്തീകരണം എന്നിവയ്ക്കായി ആഹ്വാനം ചെയ്തു

Posted On: 29 SEP 2025 1:53PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ ICG ആസ്ഥാനത്ത് 2025 സെപ്റ്റംബർ 29ന് നടന്ന  ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ICG ) കമാൻഡർമാരുടെ 42-ാമത് യോഗത്തിന്റെ ഉദ്ഘാടന സമ്മേളനത്തെ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അഭിസംബോധന ചെയ്തു. തീര സംരക്ഷണ സേനയുടെ പ്രൊഫഷണൽ സമീപനത്തെയും മാനുഷിക സേവനത്തെയും പ്രകീർത്തിച്ച അദ്ദേഹം ഇന്ത്യയുടെ 7,500 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശവും ദ്വീപ മേഖലകളും സംരക്ഷിക്കുന്നതിൽ സേന വഹിക്കുന്ന സുപ്രധാന പങ്കിനെ പ്രത്യേകം എടുത്തു പറഞ്ഞു. 2025 സെപ്റ്റംബർ 28 മുതൽ 30 വരെ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനം, ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ വർദ്ധിച്ചുവരുന്ന തന്ത്രപരമായ പ്രാധാന്യത്തിന്റെയും മാറിക്കൊണ്ടിരിക്കുന്ന സമുദ്ര സുരക്ഷാ വെല്ലുവിളികളുടെയും പശ്ചാത്തലത്തിൽ തന്ത്രപരവും പ്രവർത്തനപരവും ഭരണപരവുമായ മുൻഗണനകളെക്കുറിച്ച് ആലോചിക്കാൻ തീര സംരക്ഷണ സേനയുടെ ഉന്നത നേതൃനിരയെ ഒരുമിച്ച് കൊണ്ടുവരുന്നു.
 

ദേശീയ സുരക്ഷയുടെ ഒരു സുപ്രധാന സ്തംഭമായാണ് ICG-യെ രക്ഷാ മന്ത്രി വിശേഷിപ്പിച്ചത്. തുടക്കത്തിലെ മിതമായ എണ്ണം കപ്പലുകളിൽ നിന്നും ഇന്ന് 152 കപ്പലുകളും 78 വിമാനങ്ങളുമുള്ള ഒരു കരുത്തുറ്റ സേനയായി ഇത് മാറിയിരിക്കുന്നു. പ്രൊഫഷണലിസത്തിനും മാനുഷിക സേവനത്തിനും സേന എന്നും പൗരന്മാരുടെ വിശ്വാസവും ആഗോള അംഗീകാരവും നേടിയിട്ടുണ്ടെന്ന് രക്ഷാ മന്ത്രി കൂട്ടിച്ചേർത്തു.

ബാഹ്യവും ആന്തരികവുമായ സുരക്ഷാമേഖലകളിൽ പ്രവർത്തിക്കുകയെന്ന ICG-യുടെ അതുല്യ ദൗത്യത്തെ ശ്രീ രാജ്‌നാഥ് സിംഗ് എടുത്തുപറഞ്ഞു. ബാഹ്യ ഭീഷണികളെ പ്രതിരോധിക്കുന്നതിന് സായുധ സേന മുൻഗണന നൽകുമ്പോൾ മറ്റ് ഏജൻസികൾ ആഭ്യന്തര സുരക്ഷ കൈകാര്യം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ICG രണ്ട് മേഖലകളിലും ഒരുപോലെ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ പ്രത്യേക സാമ്പത്തിക മേഖലയിൽ (EEZ) പട്രോളിംഗ് നടത്തുന്നതിലൂടെ, ICG ബാഹ്യ ഭീഷണികളെ തടയുക മാത്രമല്ല, നിയമവിരുദ്ധ മത്സ്യബന്ധനം, മയക്കുമരുന്ന്, ആയുധ കടത്ത്, കള്ളക്കടത്ത്, മനുഷ്യക്കടത്ത്, സമുദ്ര മലിനീകരണം, നിയമാനുസൃതമല്ലാത്ത സമുദ്ര പ്രവർത്തനങ്ങൾ എന്നിവ പ്രതിരോധിക്കുന്നു” അദ്ദേഹം പറഞ്ഞു.



ICG-യുടെ നവീകരണത്തിനായുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത ശ്രീ രാജ്‌നാഥ് സിംഗ് ആവർത്തിച്ചു. സേനയുടെ മൂലധന ബജറ്റിന്റെ ഏകദേശം 90% തദ്ദേശീയ ആസ്തികൾക്ക് വേണ്ടിയാണ് നീക്കിവച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽതന്നെ കപ്പലുകളും വിമാനങ്ങളും നിർമ്മിക്കുന്നതിലും അറ്റകുറ്റപ്പണി നടത്തുന്നതിലും പതിവ് പരിശോധനകൾ നടത്തുന്നതിലും കൈവരിച്ച പുരോഗതിയെ അദ്ദേഹം പ്രശംസിച്ചു.ഇത് സ്വാശ്രയത്വത്തിലേക്ക് ഉള്ള ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് വിശേഷിപ്പിച്ചു. "ഇത് ICG-യുടെ പ്രവർത്തന ശേഷി വർദ്ധിപ്പിച്ചതിനൊപ്പം ഇന്ത്യയുടെ കപ്പൽ നിർമ്മാണ മേഖലയെയും സമ്പദ്‌വ്യവസ്ഥയെയും ഉത്തേജിപ്പിക്കുകയും ചെയ്തു. അതിലൂടെ സുരക്ഷയും സ്വാശ്രയത്വവും ഒരുമിച്ച് പുരോഗമിക്കുന്നു," അദ്ദേഹം പറഞ്ഞു


ദുരന്തനിവാരണത്തിലും രക്ഷാപ്രവർത്തനങ്ങളിലും ICG-യുടെ പങ്ക് ചൂണ്ടിക്കാട്ടിയ രക്ഷാ മന്ത്രി ഐസിജിയുടെ മാനുഷിക സഹാനുഭൂതിയോടെയുള്ള പ്രവർത്തനങ്ങളെ പ്രശംസിച്ചു. “ചുഴലിക്കാറ്റുകൾ, എണ്ണ ചോർച്ചകൾ, വ്യാവസായിക അപകടങ്ങൾ, അല്ലെങ്കിൽ പ്രതിസന്ധി നേരിടുന്ന വിദേശ കപ്പലുകൾ എന്നിവയോട് പ്രതികരിക്കുന്നതായാലും, ജീവനും സ്വത്തിനും സംരക്ഷണം നൽകാനായാലും ഐസിജി സദാ ദ്രുതഗതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. അത്തരം പ്രതിസന്ധികളിൽ നാം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ലോകം ഇന്ത്യയെ വിലയിരുത്തുന്നത്.ഇത്തരത്തിൽ ഐസിജി നിരന്തരം നമുക്ക് അംഗീകാരം നേടി തന്നിട്ടുണ്ട് ,” അദ്ദേഹം പറഞ്ഞു.
 


 സ്ത്രീ ശാക്തീകരണത്തിൽ ICG-യുടെ മുന്നേറ്റങ്ങളെ ശ്രീ രാജ്‌നാഥ് സിംഗ് പ്രശംസിച്ചു. ഇന്ന് വനിതാ ഉദ്യോഗസ്ഥർ പിന്തുണ നൽകുക മാത്രമല്ല, മുൻനിര യോദ്ധാക്കളായും സേവനമനുഷ്ഠിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. അവർക്ക് ആവശ്യമായ പരിശീലനം നൽകി പൈലറ്റുമാർ, നിരീക്ഷകർ, ഹോവർക്രാഫ്റ്റ് ഓപ്പറേറ്റർമാർ, എയർ ട്രാഫിക് കൺട്രോളർമാർ, ലോജിസ്റ്റിക്സ് ഓഫീസർമാർ, നിയമ ഓഫീസർമാർ എന്നീ നിലകളിൽ വിന്യസിച്ചിട്ടുണ്ട്. "നേതൃത്വത്തിലും പ്രവർത്തന ശേഷിയിലും സ്ത്രീകൾ തുല്യമായി സംഭാവന നൽകുന്ന വിധത്തിൽ സമഗ്ര പങ്കാളിത്തത്തെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടിനെ ഈ പരിവർത്തനം പ്രതിഫലിപ്പിക്കുന്നു," അദ്ദേഹം എടുത്തുപറഞ്ഞു.

 

സമുദ്ര ഭീഷണികൾ കൂടുതൽ  സാങ്കേതികവിദ്യാധിഷ്ഠിതവും ബഹുമുഖവുമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് രക്ഷാ മന്ത്രി പറഞ്ഞു. “ മുൻകാലങ്ങളിൽ അനുമാനിക്കാൻ കഴിയുന്ന രീതികളിലൂടെ നടന്നിരുന്ന കള്ളക്കടത്ത് അല്ലെങ്കിൽ കടൽക്കൊള്ള രീതികൾ ഇപ്പോൾ ജിപിഎസ് സ്പൂഫിംഗ്, റിമോട്ട് കൺട്രോൾ ബോട്ടുകൾ, എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയങ്ങൾ, ഡ്രോണുകൾ, സാറ്റലൈറ്റ് ഫോണുകൾ, ഡാർക്ക് വെബ് ശൃംഖലകൾ എന്നിവ ഉപയോഗിച്ച് സങ്കീർണ്ണമായ പ്രവർത്തനങ്ങളായി പരിണമിച്ചു,” അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ മാപ്പിംഗ്, തത്സമായ ഇന്റലിജൻസ് തുടങ്ങിയ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് ഭീകരവാദ സംഘടനകൾ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്കുചെയ്യുക
************

(Release ID: 2172737) Visitor Counter : 12