ഖനി മന്ത്രാലയം
azadi ka amrit mahotsav

2024-ലെ ദേശീയ ഭൗമശാസ്ത്ര പുരസ്‌കാരങ്ങൾ ന്യൂഡൽഹിയിൽ 2025 സെപ്റ്റംബർ 26-ന് രാഷ്ട്രപതി സമ്മാനിക്കും

Posted On: 25 SEP 2025 8:45AM by PIB Thiruvananthpuram
2025 സെപ്റ്റംബർ 26-ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവൻ സാംസ്‌കാരിക കേന്ദ്രത്തിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ, രാഷ്ട്രപതി ശ്രീമതി. ദ്രൗപദി മുർമു 2024- ലെ ദേശീയ ഭൗമശാസ്ത്ര (നാഷണൽ ജിയോസയൻസ്) പുരസ്‌കാരങ്ങൾ സമ്മാനിക്കും. കേന്ദ്ര കൽക്കരി, ഖനി മന്ത്രി ശ്രീ ജി. കിഷൻ റെഡ്ഡി, കൽക്കരി, ഖനി സഹമന്ത്രി ശ്രീ. സതീഷ് ചന്ദ്ര ദുബെ എന്നിവർ ചടങ്ങിൽ സന്നിഹിതരാവും.

കേന്ദ്രസർക്കാറിന്റെ ഖനി മന്ത്രാലയം 1966-ൽ ആരംഭിച്ചതും മുമ്പ് 2009 വരെ ദേശീയ ധാതു പുരസ്‌കാരങ്ങൾ എന്നറിയപ്പെട്ടിരുന്നതുമായ ദേശീയ ഭൗമശാസ്ത്ര പുരസ്‌കാരങ്ങൾ (എൻ.ജി.എ) രാജ്യത്തെ ഏറ്റവും പുരാതനവും അഭിമാനകരവുമായ ബഹുമതികളിൽ ഉൾപ്പെട്ടതാണ്.

ധാതു കണ്ടെത്തലും പര്യവേഷണവും, ഖനന സാങ്കേതികവിദ്യയും ധാതുവിന്റെ പ്രയോജനവത്കരണവും, അടിസ്ഥാന/ പ്രായോഗിക ഭൗമശാസ്ത്രം തുടങ്ങിയ ഭൗമശാസ്ത്രത്തിന്റെ വിവിധ മേഖലകളിലെ അസാധാരണ നേട്ടങ്ങൾക്കും മികച്ച സംഭാവനകൾക്കുമായി  വ്യക്തികളെയും സംഘങ്ങളെയും ആദരിക്കുക എന്നതാണ് ഈ പുരസ്‌കാരങ്ങളുടെ ലക്ഷ്യം. ഖനി മന്ത്രാലയം താഴെപ്പറയുന്ന മൂന്ന് വിഭാഗങ്ങളിലായി ദേശീയ ഭൗമശാസ്ത്ര അവാർഡുകൾ വർഷം തോറും നൽകുന്നു്:

(i) ആജീവനാന്ത നേട്ടത്തിനുള്ള ദേശീയ ഭൗമശാസ്ത്ര പുരസ്‌കാരം.

(ii) ദേശീയ ഭൗമശാസ്ത്ര പുരസ്‌കാരം.

(iii) ദേശീയ യുവ ഭൗമശാസ്ത്രജ്ഞനുള്ള  പുരസ്‌കാരം.

2024-ൽ, മൂന്ന് പുരസ്‌കാര വിഭാഗങ്ങളിലായി 208 നാമനിർദേശങ്ങൾ മന്ത്രാലയത്തിന് ലഭിച്ചു. കർശനമായ മൂന്ന് ഘട്ടങ്ങളായുള്ള സ്‌ക്രീനിങ് പ്രക്രിയയ്ക്ക് ശേഷം, ഈ മൂന്ന് പുരസ്‌കാര വിഭാഗങ്ങളിലായി 12 പുരസ്‌കാരങ്ങൾ അന്തിമമാക്കി, അതിൽ ഒമ്പത് വ്യക്തിഗത പുരസ്‌കാരങ്ങളും സംഘങ്ങൾക്കായുള്ള മൂന്ന് പുരസ്‌കാരങ്ങളും ഉൾപ്പെടുന്നു. ഈ 12 ദേശീയ ഭൗമശാസ്ത്ര പുരസ്‌കാരങ്ങൾ 20 ഭൗമശാസ്ത്രജ്ഞർക്കായി രാഷ്ട്രപതി സമ്മാനിക്കും

ദേശീയ ശാസ്ത്ര അക്കാദമി (ഐ.എൻ.എസ്.എ) യിലെ മുതിർന്ന ശാസ്ത്രജ്ഞനും പൂനെ ഐ.ഐ.എസ്.ഇ.ആറിലെ വിസിറ്റിങ് പ്രൊഫസറുമായ പ്രൊഫ. ശ്യാം സുന്ദർ റായിക്ക്, അദ്ദേഹത്തിന്റെ മാതൃകാപരമായ ഔദ്യോഗിക ജീവിതത്തിനും, ഭൗമശാസ്ത്രത്തിനേകിയ സംഭാവനകൾക്കുമുള്ള അംഗീകാരമായി ആജീവനാന്ത നേട്ടത്തിനുള്ള ദേശീയ ഭൗമശാസ്ത്ര പുരസ്‌കാരം സമ്മാനിക്കും.

ഔമശാസ്ത്ര മേഖലയിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ മുതിർന്ന ഭൗമ ശാസ്ത്രഞ്ജനായ ശ്രീ. സുശോഭൻ നിയോഗിക്ക് ദേശീയ യുവ ഭൗമ ശാസ്ത്രജ്ഞ പുരസ്‌കാരം  നൽകും.

രാജ്യത്തുടനീളമുള്ള പ്രമുഖ ഭൗമശാസ്ത്രജ്ഞർ, പണ്ഡിതർ, നയരൂപീകരണ വിദഗ്ധർ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവർ പുരസ്‌കാര ദാന ചടങ്ങിൽ പങ്കെടുക്കും.

2024-ലെ എൻ.ജി.എ പുരസ്‌കാര ജേതാക്കളുടെ പൂർണ്ണമായ പട്ടികയ്ക്കായി, ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.
 
SKY
********************

(Release ID: 2171099) Visitor Counter : 15