വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതമെന്ന ദര്‍ശനം പ്രതിരോധം, ബഹിരാകാശം, ഇലക്ട്രോണിക്‌സ്, സാമൂഹിക വികസനത്തിന്റെ മറ്റ് നിരവധി പ്രധാന മേഖലകള്‍ എന്നിവയില്‍ ഇന്ത്യയെ സ്വയംപര്യാപ്തമാക്കിയെന്ന് ഉപരാഷ്ട്രപതി.

Posted On: 22 SEP 2025 6:41PM by PIB Thiruvananthpuram
2022 ജൂണ്‍ മുതല്‍ 2023 മെയ് വരെയും 2023 ജൂണ്‍ മുതല്‍ 2024 മെയ് വരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ നാലാമത്തെയും അഞ്ചാമത്തെയും വാല്യങ്ങള്‍ ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണന്‍ ഇന്ന് പ്രകാശനം ചെയ്തു.'എല്ലാവര്‍ക്കുമൊപ്പം,എല്ലാവരുടേയും വികസനം,എല്ലാവരുടേയും വിശ്വാസം,എല്ലാവരുടേയും പരിശ്രമം' എന്ന തലക്കെട്ടോടുകൂടിയ സമാഹാരങ്ങള്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക്കേഷന്‍സ് ഡിവിഷനാണ് പ്രസിദ്ധീകരിച്ചത്.

 

പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തില്‍ ആത്മനിര്‍ഭര്‍ ഭാരതമെന്ന ദര്‍ശനം ഇന്ത്യയെ പ്രതിരോധം, ബഹിരാകാശം, ഇലക്ട്രോണിക്‌സ്, സാമൂഹിക വികസനത്തിന്റെ മറ്റ് നിരവധി പ്രധാന മേഖലകള്‍ എന്നിവയില്‍ ഇന്ത്യയെ  സ്വയംപര്യാപ്തമാക്കിയിട്ടുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ഉപരാഷ്ട്രപതി പറഞ്ഞു. ശക്തമായ ഒരു രാഷ്ട്രം അധികാരത്തില്‍ മാത്രമല്ല സ്വഭാവത്തിലും ഐക്യത്തിലും കൂടിയാണ് കെട്ടിപ്പടുക്കുന്നതെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.


മാതൃഭാഷയിലുള്ള ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം, പ്രാപ്യമായ ആരോഗ്യ സംരക്ഷണം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ശുദ്ധമായ ഊര്‍ജ്ജം, കാലാവസ്ഥാ പ്രവര്‍ത്തനം എന്നിവ 1.4 ബില്യണ്‍ ഇന്ത്യക്കാരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റത്തിനുള്ള ശക്തമായ ഉപകരണങ്ങളാണെന്ന് ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. കഴിഞ്ഞ 11 വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട വികസന നടപടികള്‍ 25 കോടിയിലധികം ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറാനും അന്തസ്സുള്ള ജീവിതം നയിക്കാനും പ്രാപ്തരാക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഒരു വീട്ടില്‍ ഒരു ശൗചാലയം നിര്‍മിക്കുമ്പോള്‍, അത് മനത്തിന് അതായത് കുടുംബത്തിന്റെ മനസ്സിന് അന്തസ്സ് നല്‍കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തേയും അതിന്റെ മാധ്യമ യൂണിറ്റായ പബ്ലിക്കേഷന്‍ ഡിവിഷന്‍ ടീമിനേയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു.

 

പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീയത്തിലെ നിസ്വാര്‍ത്ഥ സേവനം ജനങ്ങളുടെ ജീവിതത്തില്‍ പരിവര്‍ത്തനാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക, റെയില്‍വേ, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. ജനങ്ങളെ സേവിക്കുന്നതിനുള്ള ഒരു മാധ്യമമാക്കി പ്രധാനമന്ത്രി രാഷ്ട്രീയത്തെ മാറ്റിയിട്ടുണ്ടെന്നും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ ഭരണ സമീപനത്തിലൂടെ മാറ്റം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. സമൂഹത്തേയും സേവനത്തേയും രാജ്യത്തേയും സ്വയത്തിനു മുകളില്‍ നിലനിര്‍ത്തുന്ന പ്രധാനമന്ത്രിയുടെ നേതൃത്വശൈലി ഒരു പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രധാനമന്ത്രിയുടെ പരിവര്‍ത്തനാത്മക സമീപനത്തെക്കുറിച്ച്  മനസ്സിലാക്കാന്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പുതിയ സമാഹാരം വിലപ്പെട്ട  ഉറവിടമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
 

രാജ്യസഭാ ഉപാധ്യക്ഷന്‍ ശ്രീ ഹരിവംശ് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദിയെ ലോകത്തിലെ ഏറ്റവും മികച്ച വാഗ്മികളില്‍ ഒരാളായി വിശേഷിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ഭരണ മാതൃകയെക്കുറിച്ചുള്ള ആധികാരിക അവലംബ ഗ്രന്ഥമായി ഈ വാല്യങ്ങള്‍  പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ. സഞ്ജയ് ജാജു പറഞ്ഞു.
 

 

എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടേയും വികസനം, എല്ലാവരുടേയും വിശ്വാസം, എല്ലാവരുടേയും പരിശ്രമം എന്ന
പ്രസംഗ സമാഹാരത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹാരമാണ്
എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടേയും വികസനം, എല്ലാവരുടേയും വിശ്വാസം, എല്ലാവരുടേയും പരിശ്രമം.
ഈ വാല്യങ്ങള്‍ മറ്റെന്തിനേക്കാളും ഉപരിയായി ഒരു പ്രധാനമന്ത്രി മുന്നില്‍ നിന്ന് നയിക്കുന്ന രീതിയെ എടുത്തുകാണിക്കുന്നതോടോപ്പം രാഷ്ട്രനിര്‍മാണത്തിനായി കൈകോര്‍ക്കാന്‍ ഒരു കൂട്ടം മനുഷ്യരെ  പ്രോത്സാഹിപ്പിക്കുന്നു. അദ്ദേഹത്തിന്റെ  പ്രബോധനങ്ങളും പ്രസംഗങ്ങളും പ്രചോദനം നല്‍കുന്നതിനോടൊപ്പം തെറ്റുകളും പോരായ്മകളും മറികടക്കുന്നതിനും സഹായിക്കുന്നു.
പ്രസംഗങ്ങളുടെ സമാഹാരം അടിസ്ഥാനപരമായി കാലത്തിന്റെ പ്രതിഫലനമാണ്. തന്റെ നേതൃത്വത്തിന്റെ  വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തന്റെ പ്രസംഗങ്ങളിലൂടെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെച്ചിട്ടുണ്ട്. തന്റെ വ്യക്തത, ബോധ്യം, ജനങ്ങളുമായുള്ള ആഴത്തിലുള്ള ബന്ധം എന്നിവയിലൂടെ രാജ്യത്തെ ജനങ്ങള്‍ക്ക് അദ്ദേഹം പ്രിയപ്പെട്ടവനായി മാറി. ഇന്ത്യയുടെ വികസനഗാഥയുടെ വൈവിധ്യമാര്‍ന്ന വശങ്ങളെ സ്പര്‍ശിക്കുന്ന വിപുലമായ പ്രസംഗങ്ങള്‍ ഈ സമാഹാരങ്ങളില്‍ ഉള്‍പ്പെടുന്നു.

നാലാം വാല്യം (ജൂണ്‍ 2022-മെയ് 2023)

2022 ജൂണ്‍ മുതല്‍ 2023 മെയ് വരെ വിവിധ അവസരങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങളാണ് ആദ്യ വാല്യത്തില്‍ അടങ്ങിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ കൈവരിച്ച  പരിവര്‍ത്തനത്തിന്റേയും വളര്‍ച്ചയുടേയും യാത്ര ഇതില്‍ എടുത്തുകാണിക്കുന്നു.

ആസാദി കാ അമൃത് മഹോത്സവ്, ഇന്ത്യ ലോകത്തെ നയിക്കുന്നു, ജനാധിപത്യത്തിന്റെ മാതാവ്, ആത്മനിര്‍ഭര്‍ ഭാരത്: അഭിമാനം കൊള്ളുന്ന പൗരന്മാര്‍, ജനങ്ങള്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍, ശാക്തീകരിക്കപ്പെട്ട ഇന്ത്യ: കഴിവുള്ള പൗരന്മാര്‍, സുരക്ഷിത രാഷ്ട്രം: ഉള്ളടക്കമുള്ള പൗരന്മാര്‍, നമ്മുടെ പൈതൃകം: നമ്മുടെ മഹത്വം,ഇന്ത്യയുടെ അഭിമാനം, മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്ത്യ, മന്‍ കി ബാത്ത് എന്നിവയാണ് ഈ വാല്യത്തിലെ പ്രസംഗ വിഭാഗങ്ങള്‍.

ഈ സമാഹാരത്തിലെ മറ്റ് ഭാഗങ്ങള്‍ ഇന്ത്യയുടെ ഉയര്‍ച്ച, ആത്മനിര്‍ഭര്‍ ഭാരത്, ശാക്തീകരിക്കപ്പെട്ട ഇന്ത്യ,  ഇന്ത്യയുടെ അഭിമാനം എന്നിവയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകള്‍ പ്രതിഫലിപ്പിക്കുന്നു. ഒരു പുതിയ ഇന്ത്യയുടെ അഭിലാഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇവയെല്ലാം അവതരിപ്പിച്ചിരിക്കുന്നത്.



അഞ്ചാം വാല്യം (ജൂണ്‍ 2023-മെയ് 2024)

ഈ വാല്യത്തില്‍ (ജൂണ്‍ 2023-മെയ് 2024) ബഹുമാനപ്പെട്ട പ്രധാനമന്ത്രി വിവിധ അവസരങ്ങളില്‍ നടത്തിയ പ്രസംഗങ്ങള്‍ സമാഹരിച്ചിരിക്കുന്നു. രാജ്യത്തെ പ്രചോദിപ്പിക്കുകയും ലോകമെമ്പാടും പ്രതിധ്വനിക്കുകയും ചെയ്ത പ്രസംഗങ്ങളാണ് ഇവ. രാജ്യത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന വശങ്ങള്‍ എടുത്തുകാണിക്കുന്ന വിപുലമായ പ്രസംഗങ്ങള്‍ ഈ സമാഹാരത്തില്‍ ഉള്‍പ്പെടുന്നു.

ജി 20  ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി, ഭാരതത്തിന്റെ പാര്‍ലമെന്റ് ,2047 ഓടെ വികസിത ഭാരതം, സര്‍വജനഹിതായ-  ജനങ്ങള്‍ക്ക് വേണ്ടിയുള്ള  ഭരണം, ഭാരതവും ലോകവും, ഭാവിയില്‍ നിക്ഷേപിക്കുക , കാശി-  ഭാരതത്തിന്റെ സത്ത, ഭാരത്- സുരക്ഷിതവും വിശ്വാസപൂര്‍ണ്ണവും ആത്മവിശ്വാസമുള്ളതും, നമ്മുടെ പൈതൃകം-  നമ്മുടെ മഹത്വം, ശാക്തീകരിക്കപ്പെട്ട സ്ത്രീകള്‍, സമൃദ്ധ ഭാരതം, മന്‍ കി ബാത്ത് എന്നിവയാണ് ഈ വാല്യത്തിലെ പ്രസംഗ വിഭാഗങ്ങള്‍.

ഈ വാല്യത്തിലെ പ്രസംഗങ്ങളില്‍ ഇന്ത്യയുടെ ശാക്തീകരണം,രാജ്യത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന
ആഗോള പങ്കാളിത്തം,സ്ത്രീകളുടേയും യുവാക്കളുടേയും പ്രാധാന്യം എന്നിവയെക്കുറിച്ച്
പ്രധാനമന്ത്രി പ്രതിഫലിപ്പിക്കുന്നു. ആരോഗ്യം, ശാസ്ത്രം, പൈതൃകം, സമ്പദ്‌വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങള്‍, വിദേശകാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ ഈ സമാഹാരം അഭിസംബോധന ചെയ്യുന്നു. നയം,ഭരണം,അന്താരാഷ്ട്ര ഇടപെടല്‍ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും ഇതില്‍ എടുത്തുകാണിക്കുന്നു.

2047 ഓടെ വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ള ആളുകളെ പ്രചോദിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന സമഗ്ര വികസനം, ദേശീയ പുരോഗതി, കൂട്ടായ ഉത്തരവാദിത്തം (ജന്‍ ഭാഗിദാരി) എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ ഈ പ്രസംഗങ്ങളുടെ സമാഹാരം പ്രദര്‍ശിപ്പിക്കുന്നു.

ഉപരാഷ്ട്രപതിയുടെ സെക്രട്ടറി ശ്രീ. അമിത് ഖാരെ, പബ്ലിക്കേഷന്‍സ് ഡിവിഷന്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ ശ്രീ. ഭൂപേന്ദ്ര കൈന്തോള, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ ശ്രീ. ധീരേന്ദ്ര ഓജ, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ മാധ്യമ യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരും പരിപാടിയില്‍ പങ്കെടുത്തു.
*********************

(Release ID: 2169878)