രാഷ്ട്രപതിയുടെ കാര്യാലയം
മൗറീഷ്യസ് പ്രധാനമന്ത്രി രാഷ്ട്രപതിയെ സന്ദർശിച്ചു
Posted On:
16 SEP 2025 3:28PM by PIB Thiruvananthpuram
മൗറീഷ്യസ് റിപ്പബ്ലിക്ക് പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലം ഇന്ന് (സെപ്റ്റംബർ 16, 2025) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. ഈ മാസം 9 മുതൽ 16 വരെ നീണ്ടുനിന്ന ഔദ്യോഗിക ഇന്ത്യ സന്ദർശനത്തിന് ഇതോടെ സമാപനമായി. രാജ്യത്ത് മുംബൈ, വാരാണസി, അയോധ്യ, തിരുപ്പതി എന്നിവിടങ്ങളും അദ്ദേഹം സന്ദർശിച്ചു.
പ്രധാനമന്ത്രി രാംഗൂലത്തെയും പ്രതിനിധി സംഘത്തെയും രാഷ്ട്രപതി ഭവനിലേക്ക് സ്വാഗതം ചെയ്തുകൊണ്ട്, ഇന്ത്യയുടെ 'നെയ്ബർഹുഡ് ഫസ്റ്റ്' നയത്തിലും, 'മഹാസാഗർ വിഷനി'ലും, ഗ്ലോബൽ സൗത്തിനോടുള്ള പ്രതജ്ഞാബദ്ധതയിലും മൗറീഷ്യസിന് പ്രത്യേക സ്ഥാനമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള പങ്കാളിത്തവും സഹകരണവും എല്ലാ മേഖലകളിലും സുസ്ഥിരമായി വളരുന്നതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. ഈ വളർച്ച, അടുത്തിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വർധിച്ച തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർന്നതിൽ പ്രതിഫലിക്കുന്നതായി രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.
മൗറീഷ്യസ് സർക്കാരിൻ്റെ വികസന മുൻഗണനകളെ ഇന്ത്യ പിന്തുണയ്ക്കുന്നതിൽ സന്തോഷമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. പുതിയ പ്രത്യേക സാമ്പത്തിക പാക്കേജ് മൗറീഷ്യസ് സർക്കാരിൻ്റെയും ജനങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റാൻ സഹായകമാകുമെന്ന് രാഷ്‌ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആശുപത്രികൾ, റോഡുകൾ, തുറമുഖ വികസനം, പ്രതിരോധ സംഭരണം, സംയുക്ത നിരീക്ഷണം എന്നിവയുൾപ്പെടെയുള്ള പദ്ധതികൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും വരും വർഷങ്ങളിൽ ജനങ്ങളുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്തുമെന്നും രാഷ്‌ട്രപതി പറഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യകൾ, ബഹിരാകാശ മേഖല എന്നിവയുൾപ്പെടെയുള്ള പുതിയ മേഖലകളിലും ഉഭയകക്ഷി സഹകരണം ഇപ്പോൾ വികസിച്ചുവരികയാണെന്ന് അവർ കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അതുല്യമാണെന്നും, പൊതുവായ ചരിത്രം, ഭാഷ, സംസ്കാരം, മൂല്യങ്ങൾ എന്നിവയിൽ വേരൂന്നിയതാണെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി രാംഗൂലത്തിൻ്റെ വിശാലമായ നേതൃത്വ പരിചയം ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ദീർഘകാലമായുള്ള ഉഭയകക്ഷി ബന്ധം ഭാവിയിൽ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
**********************
(Release ID: 2167379)
Visitor Counter : 2