യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

വികസിത് ഭാരത് 'യുവനേതൃസംവാദ'ത്തിൻ്റെ രണ്ടാം പതിപ്പ് (2026) ഡോ. മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു

യുവനേതൃസംവാദം വികസിത് ഭാരത് ട്രാക്കിൻ്റെ ആദ്യ ഘട്ടത്തില്‍ വികസിത് ഭാരത് പ്രശ്നോത്തരിയ്ക്ക് ഡോ. മാണ്ഡവ്യ തുടക്കംകുറിച്ചു; പ്രശ്നോത്തരി മൈ ഭാരത് പോര്‍ട്ടലില്‍ ലഭ്യം

'വികസിത് ഭാരത് യുവനേതൃസംവാദം’ യുവത നയിക്കുന്ന ജനാധിപത്യത്തിൻ്റെ യഥാര്‍ത്ഥ ഉദാഹരണം; അത് കാഴ്ചപ്പാടിനെ ശബ്ദമായും ശബ്ദത്തെ സ്വാധീനമാക്കിയും മാറ്റുന്നുവെന്ന് ഡോ. മൻസുഖ് മാണ്ഡവ്യ

Posted On: 13 SEP 2025 3:00PM by PIB Thiruvananthpuram
രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഒരു ലക്ഷം യുവജനങ്ങളെ രാഷ്ട്രീയത്തിൻ്റെ ഭാഗമാക്കാന്‍ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നടത്തിയ ആഹ്വാനത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ദേശീയ യുവജനോത്സവം പുനരാവിഷ്ക്കരിച്ച് വികസിത് ഭാരത് യുവനേതൃ സംവാദമാക്കി, ആദ്യ പതിപ്പ് 2025ൽ സംഘടിപ്പിച്ചു. ദേശീയ യുവജനോത്സത്തിൻ്റെ 25 വര്‍ഷത്തെ പരമ്പരാഗത രീതികൾ മാറ്റി 15-നും 29-നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് 'വികസിത ഭാരത'മെന്ന അവരുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ദേശീയ വേദിയൊരുക്കി യുവനേതൃനിരയെ ശക്തിപ്പെടുത്തുകയാണ് ഇതിൻ്റെ ലക്ഷ്യം. വികസിത ഭാരതത്തിനുവേണ്ടിയുള്ള ആശയങ്ങൾ പ്രധാനമന്ത്രിക്ക് മുന്നില്‍ നേരിട്ട് അവതരിപ്പിക്കാന്‍ യുവജനങ്ങൾക്ക് വേദിയൊരുക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
 
 
വികസിത് ഭാരത് യുവനേതൃസംവാദം 2025 - ആദ്യപതിപ്പ് - ഒരു ചരിത്രപരമായ തുടക്കം:
 
2025-ലെ വികസിത് ഭാരത് യുവനേതൃസംവാദത്തിന്റെ ആദ്യ പതിപ്പ് യുവജന പങ്കാളിത്തംകൊണ്ടും നേതൃത്വംകൊണ്ടും ചരിത്രപരമായ നാഴികക്കല്ലായി മാറി. രാജ്യമൊട്ടാകെ ഏകദേശം 30 ലക്ഷം യുവജനങ്ങൾ പങ്കെടുത്ത വികസിത് ഭാരത് ചലഞ്ചില്‍ 2 ലക്ഷത്തിലധികം ഉപന്യാസങ്ങളാണ് ലഭിച്ചത്. 9,000 യുവജനങ്ങൾ സംസ്ഥാനതല മത്സരങ്ങളിൽ അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന സമാപന പരിപാടിയിൽ പരിവര്‍ത്തന നായകരായ 3,000 യുവജനങ്ങളാണ് പങ്കെടുത്തത്. 'വികസിത് ഭാരത് ചലഞ്ചി'ലൂടെ 1,500 പേരും സാംസ്കാരിക മേഖലയില്‍നിന്ന് നിന്ന് 1,000 പേരും വിവിധ മേഖലകളിലെ യുവപ്രതിഭകളെയും വിജയികളെയും പ്രതിനിധീകരിച്ച് പുതുവഴികള്‍ കണ്ടെത്തിയ 500 യുവജനങ്ങളും ഇതിലുൾപ്പെടുന്നു.
 
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സാന്നിധ്യം പരിപാടിക്ക് കൂടുതൽ ഊര്‍ജം പകര്‍ന്നു. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി യുവതയുടെ ആശയങ്ങളും കാഴ്ചപ്പാടുകളും കേൾക്കാനും രാജ്യത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നേതൃത്വപരമായ പങ്കുവഹിക്കാൻ അവരെ പ്രേരിപ്പിക്കാനും ഏകദേശം ആറ് മണിക്കൂറോളം പ്രധാനമന്ത്രി യുവജനങ്ങളുമായി സംവദിച്ചു. ശ്രീ അമിതാഭ് കാന്ത്, ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ്, വ്യാപാര പ്രമുഖരായ ശ്രീ ആനന്ദ് മഹീന്ദ്ര, ശ്രീ റിതേഷ് അഗർവാൾ, മുൻ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സ്, മുതിർന്ന മാധ്യമപ്രവർത്തക ശ്രീമതി പാൽക്കി ശർമ്മ ഉപാധ്യായ തുടങ്ങിയ പ്രമുഖരും അദ്ദേഹത്തോടൊപ്പം പരിപാടിയില്‍ പങ്കുചേര്‍ന്നു. വികസിത ഭാരതത്തെക്കുറിച്ച് കാഴ്ചപ്പാടുകളും ഉൾക്കാഴ്ചകളും പങ്കുവെച്ച് അവർ സദസ്സിനെ പ്രചോദിപ്പിച്ചു.
 
2026-ലെ വികസിത് ഭാരത് യുവനേതൃസംവാദത്തിന് തുടക്കം
 
ആദ്യ പതിപ്പിൻ്റെ വിജയത്തിൻ്റെ പശ്ചാത്തലത്തില്‍ കൂടുതൽ പങ്കാളിത്തവും പുതിയ മേഖലകളും വിപുലമായ പ്രചാരണവും വലിയ ലക്ഷ്യങ്ങളുമായാണ് 'വികസിത് ഭാരത് യുവനേതൃസംവാദ'ത്തിൻ്റെ രണ്ടാം പതിപ്പിന് തുടക്കമാകുന്നത്. പരിപാടിയുടെ രണ്ടാം പതിപ്പ് പ്രഖ്യാപിക്കാന്‍ 2025 സെപ്റ്റംബർ 13-ന് ന്യൂഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് ദേശീയ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, മന്ത്രാലയ സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി എന്നിവർ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.
 
 
'വികസിത് ഭാരത് യുവനേതൃസംവാദം' യുവജനങ്ങൾ നയിക്കുന്ന ജനാധിപത്യത്തിൻ്റെ യഥാർത്ഥ ഉദാഹരണമാണെന്ന് കേന്ദ്രമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ എടുത്തുപറഞ്ഞു. ഇതുവഴി രാജ്യത്തെ യുവതയ്ക്ക് അവരുടെ ആശയങ്ങൾ പങ്കുവെക്കാൻ മാത്രമല്ല, അത് പ്രധാനമന്ത്രിയുടെ മുന്നില്‍ നേരിട്ട് അവതരിപ്പിക്കാനും സാധിക്കും. കാഴ്ചപ്പാടുകളെ ഉറച്ച ശബ്ദമാക്കി മാറ്റുന്ന ഈ വേദി ശബ്ദത്തെ സ്വാധീനമാക്കിയും മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
ഇന്ത്യയുടെ ഭാവിയ്ക്ക് മികച്ച രൂപരേഖ തയ്യാറാക്കാൻ യുവതയുടെ കഴിവും ശക്തിയും പ്രയോജനപ്പെടുത്തുന്ന വേദികൂടിയാണ് 'വികസിത് ഭാരത് യുവനേതൃസംവാദ'മെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ യുവത രാജ്യത്തിൻ്റെ ഭാവിയെന്നതിലുപരി രാഷ്ട്ര നിർമാതാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി.  
 
 
'വികസിത് ഭാരത് യുവനേതൃസംവാദം' കേവലമൊരു ഏകദിന പരിപാടിയല്ലെന്നും മറിച്ച് രാജ്യത്തെ യുവജനങ്ങളെ ഒരുമിച്ചുചേര്‍ത്ത് അവരുടെ നേതൃത്വപരമായ കഴിവുകളെ പരിപോഷിപ്പിച്ച് നൂതനാശയങ്ങൾ നടപ്പാക്കാനും സമൂഹങ്ങളെ ശാക്തീകരിക്കാനും യഥാർത്ഥ സ്വയംപര്യാപ്ത ഭാരതമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനും വഴിയൊരുക്കുന്ന തുടർച്ചയായ വേദിയാണെന്നും അദ്ദേഹം പറഞ്ഞു.
 
യുവജനകാര്യ, കായിക മന്ത്രാലയ സെക്രട്ടറി ശ്രീമതി പല്ലവി ജെയിൻ ഗോവിൽ 2026-ലെ യുവനേതൃസംവാദത്തിൻ്റെ രൂപരേഖ വിശദീകരിച്ചു. ഓൺലൈൻ പ്രശ്നോത്തരിയും ഉപന്യാസ രചനയും മുതൽ സംസ്ഥാനതല ആശയാവതരണങ്ങളും തുടര്‍ന്ന് ഡൽഹിയിൽ നടക്കുന്ന ദേശീയ ഘട്ട മത്സരവുമടക്കം മത്സരാര്‍ത്ഥികള്‍ വിവിധ തലങ്ങളിലൂടെ എങ്ങനെ മുന്നേറുന്നുവെന്ന് അവർ വിശദീകരിച്ചു. കൂടാതെ യുവനേതൃസംവാദത്തിൻ്റെ രണ്ടാം പതിപ്പിൽ പുതിയ മേഖലകള്‍ ഉൾപ്പെടുത്തിയത് സംബന്ധിച്ചും 2026 ജനുവരിയിലെ ദേശീയ യുവജനോൽസവത്തിന് മുന്നോടിയായി നടത്തുന്ന പ്രധാന കാര്യങ്ങളെക്കുറിച്ചും അവർ എടുത്തുപറഞ്ഞു.
 
 
2026-ലെ വികസിത് ഭാരത് യുവനേതൃസംവാദത്തിലെ പ്രധാന മാറ്റങ്ങൾ:
 
വികസിത് ഭാരത് യുവനേതൃസംവാദത്തിൻ്റെ 2026-ലെ രണ്ടാം പതിപ്പ് ആദ്യ പതിപ്പിൻ്റെ പ്രധാന വിഷയങ്ങളും മേഖലകളും നിലനിർത്തും. പുതിയ വിഭാഗങ്ങള്‍, നിലവിലെ വിഭാഗങ്ങളിലെ സമീപനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍, പ്രഥമ അന്താരാഷ്ട്ര പങ്കാളിത്തം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ താഴെ:
 
"ഡിസൈൻ ഫോർ ഭാരത്"
വികസിത് ഭാരത്@2047 കാഴ്ചപ്പാട് പ്രകാരം സംഘടിപ്പിക്കുന്ന ബഹുതല ദേശീയ രൂപകല്പന മത്സരമാണിത്.
 
"ടെക് ഫോർ വികസിത് ഭാരത് - ഹാക്ക് ഫോർ എ സോഷ്യൽ കോസ്"
വികസിത് ഭാരത്@2047 എന്ന വിഷയത്തിൽ ചെറുമാതൃകകളും സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങളും വികസിപ്പിക്കുന്ന ബഹുതല ഹാക്കത്തോണ്‍ മത്സരമാണിത്.
 
അന്താരാഷ്ട്ര പങ്കാളിത്തം
 
വിദേശകാര്യ മന്ത്രാലയത്തിൻ്റെ "ഇന്ത്യയെ അറിയുക" എന്ന പരിപാടിയെ പ്രതിനിധീകരിച്ച് 80 യുവജനങ്ങളും ബിംസ്റ്റെക് രാജ്യങ്ങളിൽ നിന്ന് 20 പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും.
 
സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട നോഡൽ സ്ഥാപനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും. ഓരോ സംസ്ഥാനത്തുനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും മൂന്നംഗ ടീമുകൾ ദേശീയ തല മത്സരങ്ങളില്‍ പങ്കെടുക്കും. ഹാക്കത്തോൺ / രൂപകല്പന മത്സരത്തിൻ്റെ ദേശീയതലത്തിലെ അവസാന ഘട്ടത്തിലേക്ക് ആകെ 100 പേർ യോഗ്യത നേടും. രാജ്യത്തെ ഏറ്റവും മികച്ച യുവപ്രതിഭകളെ ഇതുവഴി കണ്ടെത്താനാകും.  
 
 
 പരിപാടിയുടെ ഘടന: വികസിത് ഭാരത് ചലഞ്ച് വിഭാഗം (4 ഘട്ടങ്ങൾ)
 
ഘട്ടം I (ഡിജിറ്റൽ): പ്രശ്നോത്തരി– 2025 സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 15 വരെ
 
ഘട്ടം II (ഡിജിറ്റൽ): ഉപന്യാസ രചന – 2025 ഒക്ടോബർ 23 മുതൽ നവംബർ 5 വരെ
 
ഘട്ടം III (നേരിട്ടുള്ളത്): പിപിടി മത്സരം – സംസ്ഥാനതലം – 2025 നവംബർ 24 മുതൽ ഡിസംബർ 8 വരെ
 
ഘട്ടം IV (നേരിട്ടുള്ളത്): വികസിത് ഭാരത് ചാമ്പ്യൻഷിപ്പ്, ദേശീയ യുവജനോത്സവം, ന്യൂഡൽഹി – 2026 ജനുവരി 10-12 വരെ.
 
ഈ വിഭാഗത്തിൽ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ആകെ 1,500 പേർ ദേശീയ തലത്തിലേക്ക് യോഗ്യത നേടും.
 
 സാംസ്കാരിക, രൂപകല്പന വിഭാഗം (3 ഘട്ടങ്ങൾ)
 
ജില്ലാതലം – 2025 സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 31 വരെ
 
സംസ്ഥാനതലം – 2025 നവംബർ 10 മുതൽ ഡിസംബർ 1 വരെ
 
ദേശീയതലം – 2026 ജനുവരി 10-12 വരെ
 
 
പ്രസംഗം, കഥാരചന, ചിത്രരചന, നാടൻ പാട്ടുകൾ, നാടോടിനൃത്തം, കവിതാ രചന, നൂതനാശയങ്ങൾ എന്നിവ ഈ മത്സരങ്ങളിലുൾപ്പെടും. എല്ലാ വിഭാഗങ്ങളിലും ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശത്തെയും ഏറ്റവും മികച്ച ടീം ദേശീയ തലത്തിലേക്ക് യോഗ്യത നേടും.
 
ഭാരതത്തിനായി രൂപകല്പന, വികസിത ഭാരതത്തിനായി സാങ്കേതികവിദ്യ - സമൂഹനന്മയ്ക്കായി ഒരു ചുവടുവെയ്പ്പ്
 
സംസ്ഥാന തലത്തിൽ ഓരോ വിഭാഗത്തിനും കീഴിലെ മത്സരങ്ങൾ തിരഞ്ഞെടുക്കപ്പെട്ട നോഡൽ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കും. ദേശീയ തലത്തിൽ ഓരോ സംസ്ഥാനത്തുനിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നും മൂന്നംഗ ടീമുകൾ പങ്കെടുക്കും. ഈ രണ്ട് വിഭാഗങ്ങളിലും ആകെ 100 പേർക്ക് അന്തിമ ദേശീയ ഘട്ട മത്സരത്തിലേക്ക് യോഗ്യത ലഭിക്കും. രാജ്യത്തെ ഏറ്റവും മികച്ച യുവ പ്രതിഭകളെ ഇതിലൂടെ കണ്ടെത്തും.  
 
2026 ജനുവരിയിലെ ദേശീയ പങ്കാളിത്തം
 
2026-ലെ വികസിത് ഭാരത് യുവനേതൃസംവാദത്തിൻ്റെ അന്തിമ മത്സരം 2026 ജനുവരി 10 മുതൽ 12 വരെ ന്യൂഡൽഹിയിൽ നടത്തും. താഴെ പറയുന്നവരടക്കം 3,000 പേര്‍ ഈ പരിപാടിയിൽ പങ്കെടുക്കും:
 
 
വികസിത് ഭാരത് ചലഞ്ച് വിഭാഗത്തില്‍നിന്ന് 1,500 പേർ
സാംസ്കാരിക, രൂപകല്പന വിഭാഗത്തില്‍നിന്ന് 1,000 പേർ
100 അന്താരാഷ്ട്ര പ്രതിനിധികൾ
400 പ്രത്യേക ക്ഷണിതാക്കൾ
 
പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ ചർച്ചകളും ആശയവിനിമയങ്ങളും അവതരണങ്ങളും രാഷ്ട്ര നിർമാണത്തിനാവശ്യമായ ആശയങ്ങളും പരിഹാരങ്ങളും പ്രതിബദ്ധതകളും ഉള്‍ക്കൊള്ളുന്ന ഊർജസ്വലമായ അന്തരീക്ഷമൊരുക്കും.
 
രജിസ്ട്രേഷനും പങ്കാളിത്തവും
 
2026-ലെ 'വികസിത് ഭാരത് യുവനേതൃസംവാദ'ത്തിൻ്റെ ആദ്യപടിയായി പ്രശ്നോത്തരി ഘട്ടത്തിൻ്റെ രജിസ്ട്രേഷൻ മൈ ഭാരത് പോർട്ടലിൽ (mybharat.gov.in) ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തെ യുവജനങ്ങൾക്ക് ഈ പോര്‍ട്ടലിലൂടെ രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുത്ത് ഈ ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായ യാത്രയ്ക്ക് തുടക്കം കുറിയ്ക്കാം. www.mygov.in വഴിയും മത്സരാർത്ഥികൾക്ക് പ്രശ്നോത്തരിയില്‍ പങ്കെടുക്കാം. വികസിത് ഭാരത് യുവനേതൃസംവാദം 2026-ൻ്റെ പ്രശ്നോത്തരി ഘട്ടത്തിലേക്ക് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2025 ഒക്ടോബർ 15 ആണ്. 
 
 
 
********************

(Release ID: 2166334) Visitor Counter : 2