ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായി ശ്രീ. സി.പി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു
Posted On:
12 SEP 2025 1:13PM by PIB Thiruvananthpuram
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായി ശ്രീ. സി.പി. രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ശ്രീ. സി.പി. രാധാകൃഷ്ണന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുമ്പ് മഹാരാഷ്ട്ര ഗവർണറായിരുന്നു ശ്രീ. രാധാകൃഷ്ണൻ.
സത്യപ്രതിജ്ഞയ്ക്ക് ശേഷം, ശ്രീ സി.പി. രാധാകൃഷ്ണൻ മഹാത്മാഗാന്ധിയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി രാജ്ഘട്ട് സന്ദർശിച്ചു. മുൻ പ്രധാനമന്ത്രി ശ്രീ. അടൽ ബിഹാരി വാജ്പേയിക്ക് സദൈവ് അടലിലും, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയ്ക്ക് ദീൻ ദയാൽ ഉപാധ്യായ മാർഗിലെ അദ്ദേഹത്തിന്റെ സ്മാരകത്തിലും, മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന് കിസാൻ ഘട്ടിലും അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.
*ശ്രീ സി.പി. രാധാകൃഷ്ണന്റെ സംക്ഷിപ്ത പ്രൊഫൈൽ*
1. വിദ്യാഭ്യാസപരവും തൊഴിൽപരവുമായ പശ്ചാത്തലം:
1957 മെയ് നാലിന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ ജനിച്ച ശ്രീ. ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദം നേടി. ആർ.എസ്.എസ് സ്വയംസേവകനായി തുടങ്ങിയ അദ്ദേഹം 1974- ൽ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന നിർവാഹകസമിതി അംഗമായി. പൊതുജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ്, വസ്ത്ര കയറ്റുമതിക്കാരനായി ദീർഘവും വിജയകരവുമായ ഒരു ഉപജീവനം ശ്രീ രാധാകൃഷ്ണന് ഉണ്ടായിരുന്നു.
2. പാർലമെന്ററിയും പൊതുജീവിതവും:
1996-ലാണ് ശ്രീ സി.പി. രാധാകൃഷ്ണൻ തമിഴ്നാട്ടിൽ ബി.ജെ.പിയുടെ സെക്രട്ടറിയായി നിയമിതനാവുന്നത്. 1998-ൽ കോയമ്പത്തൂരിൽ നിന്ന് ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1999-ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എം.പിയായിരുന്ന കാലയളവിൽ, ടെക്സ്‌റ്റൈൽസ് വിഭാഗത്തിലെ പാർലമെന്ററി സ്ഥിരം സമിതി ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്കായുള്ള പാർലമെന്ററി സ്ഥിരം സമിതി (പി.എസ്.യു)യിലും ധനകാര്യ ഉപദേശകസമിതിയിലും അദ്ദേഹം അംഗമായിരുന്നു. കൂടാതെ, സ്റ്റോക്ക് എക്സ്ചേഞ്ച് കുംഭകോണം അന്വേഷിക്കുന്ന പ്രത്യേക പാർലമെന്ററി സമിതിയിലും അദ്ദേഹം അംഗമായിരുന്നു.
2004-ൽ, പാർലമെന്ററി പ്രതിനിധി സംഘത്തിന്റെ ഭാഗമായി ശ്രീ. രാധാകൃഷ്ണൻ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തു. തായ്വാനിലേക്കുള്ള ആദ്യ പാർലമെന്ററി പ്രതിനിധി സംഘത്തിലും അദ്ദേഹം അംഗമായിരുന്നു.
2004 നും 2007 നും ഇടയിൽ, ശ്രീ രാധാകൃഷ്ണൻ തമിഴ്നാട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ഈ പദവിയിലിരിക്കെ, 93 ദിവസം നീണ്ടുനിന്ന 19,000 കിലോമീറ്റർ 'രഥയാത്ര' അദ്ദേഹം നടത്തി. ഇന്ത്യയിലെ എല്ലാ നദികളെയും ബന്ധിപ്പിക്കുക, ഭീകരതയെ ഇല്ലായ്മ ചെയ്യുക, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക, തൊട്ടുകൂടായ്മ ഇല്ലാതാക്കുക, മയക്കുമരുന്ന് ഭീഷണിക്കെതിരെ പോരാടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ആ യാത്ര സംഘടിപ്പിച്ചത്. വ്യത്യസ്ത ആവശ്യങ്ങൾ ഉന്നയിച്ച് അദ്ദേഹം രണ്ട് പദയാത്രകൾ കൂടി നടത്തി.
2016-ൽ കൊച്ചിയിലെ കയർ ബോർഡിന്റെ ചെയർമാനായി നിയമിതനായ ശ്രീ. രാധാകൃഷ്ണൻ, നാല് വർഷം ആ സ്ഥാനത്ത് തുടർന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഇന്ത്യയിൽ നിന്നുള്ള കയർ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 2,532 കോടി രൂപയിലെത്തി. 2020 മുതൽ 2022 വരെ, അദ്ദേഹം ബി.ജെ.പിയുടെ കേരളത്തിന്റെ അഖിലേന്ത്യാ ചുമതലക്കാരനായിരുന്നു.
2023 ഫെബ്രുവരി 18-ന് ശ്രീ. രാധാകൃഷ്ണൻ ഝാർഖണ്ഡ് ഗവർണറായി നിയമിതനായി. ആദ്യത്തെ നാല് മാസത്തിനുള്ളിൽ തന്നെ അദ്ദേഹം ആ സംസ്ഥാനത്തെ 24 ജില്ലകളിലും സഞ്ചരിച്ച് പൗരന്മാരുമായും ജില്ലാ ഉദ്യോഗസ്ഥരുമായും സംവദിച്ചു. തെലങ്കാന ഗവർണറുടെയും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറുടെയും അധികചുമതലയും അദ്ദേഹം വഹിച്ചിരുന്നു.
മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റത് മുതൽ, ശ്രീ. രാധാകൃഷ്ണൻ സംസ്ഥാനത്തുടനീളം ധാരാളം യാത്ര ചെയ്യുകയും ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ബിസിനസ് നേതാക്കൾ, സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ എന്നിവരുമായി സംവദിക്കുകയും ചെയ്തു.
3. വ്യക്തിഗത വിവരങ്ങൾ
പേര്: ശ്രീ. ചന്ദ്രപുരം പൊന്നുസാമി (സി.പി.) രാധാകൃഷ്ണൻ
പിതാവിന്റെ പേര്: ശ്രീ. പൊന്നുസാമി
അമ്മയുടെ പേര്: ശ്രീമതി. സി.പി. ജാനകി
ജനന തീയതി: 1957 മെയ് 4
ജനന സ്ഥലം: തിരുപ്പൂർ, തമിഴ്നാട്
വൈവാഹിക നില: തീയ്യതി: 1985 നവംബർ 25
ഭാര്യയുടെ പേര്: ശ്രീമതി. സുമതി ആർ.
മക്കൾ: ഒരു മകനും ഒരു മകളും
ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും അഭിഗമ്യതയും വർദ്ധിപ്പിക്കുന്നതിൽ ശ്രീ. രാധാകൃഷ്ണൻ അതീവ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമേഖലയിൽ ഗോത്രവർഗ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് ആദിവാസി ക്ഷേമ മേഖലയിൽ അദ്ദേഹം നിരവധി നടപടികൾ ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ സംസ്ഥാന ധനസഹായമുള്ള 29 സർവകലാശാലകളിലെ വൈസ് ചാൻസലർമാരുമായി ചേർന്ന് 'സ്‌കൂൾ കണക്ട്' പരിപാടിയുടെ പുരോഗതി അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിക്കുകയും, ആദിവാസി പെൺകുട്ടികളെയും ആൺകുട്ടികളെയും ഉന്നത വിദ്യാഭ്യാസം നേടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഉത്സാഹിയായൊരു കായികതാരമായിരുന്ന ശ്രീ. രാധാകൃഷ്ണൻ ടേബിൾ ടെന്നീസിൽ കോളേജ് ചാമ്പ്യനും ദീർഘദൂര ഓട്ടക്കാരനുമായിരുന്നു. ഒപ്പം ക്രിക്കറ്റും വോളിബോളും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.
പരക്കെ സഞ്ചരിച്ച ശ്രീ. രാധാകൃഷ്ണൻ, യു.എസ്.എ, യു.കെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്‌പെയിൻ, പോർച്ചുഗൽ, നോർവേ, ഡെൻമാർക്ക്, സ്വീഡൻ, ഫിൻലാൻഡ്, ബെൽജിയം, ഹോളണ്ട്, തുർക്കി, ചൈന, മലേഷ്യ, സിംഗപ്പൂർ, തായ്വാൻ, തായ്ലൻഡ്, ഈജിപ്ത്, യു.എ.ഇ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
SKY
*****
(Release ID: 2165991)
Visitor Counter : 2