പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി മോദി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി സംഭാഷണം നടത്തി.


ദോഹയിലെ ആക്രമണങ്ങളിൽ പ്രധാനമന്ത്രി മോദി അതീവ ആശങ്ക രേഖപ്പെടുത്തുകയും ഖത്തർ രാഷ്ട്രത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റത്തെ അപലപിക്കുകയും ചെയ്തു

സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നും സംഘർഷം ഒഴിവാക്കണമെന്നും പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു

എല്ലാ രൂപത്തിലും ഭാവത്തിലുമുള്ള ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ഉറച്ച നിലപാട് പ്രധാനമന്ത്രി ഉയർത്തിക്കാട്ടി

പരസ്പര താൽപ്പര്യമുള്ള എല്ലാ മേഖലകളിലും ഇന്ത്യ-ഖത്തർ തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു.

Posted On: 10 SEP 2025 8:21PM by PIB Thiruvananthpuram

ഖത്തർ അമീർ  ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോൺ സംഭാഷണം നടത്തി.

ദോഹയിലെ ആക്രമണങ്ങളിൽ പ്രധാനമന്ത്രി അതീവ ആശങ്ക രേഖപ്പെടുത്തുകയും ഖത്തർ രാഷ്ട്രത്തിൻ്റെ പരമാധികാര ലംഘനത്തെ അപലപിക്കുകയും ചെയ്തു. ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിനും ബന്ദികളെ മോചിപ്പിക്കാനുമുള്ള മധ്യസ്ഥ ശ്രമങ്ങൾ ഉൾപ്പെടെ, പ്രാദേശിക സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിൽ ഖത്തർ വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

എല്ലാ പ്രശ്നങ്ങളും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കാനുള്ള പിന്തുണയും സംഘർഷം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ആവർത്തിച്ചു. എല്ലാ രൂപത്തിലും ഭാവത്തിലുമുള്ള ഭീകരവാദത്തിനെതിരെയും മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യ ഉറച്ച പിന്തുണ നൽകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖത്തറിലെ ജനങ്ങളോടും രാഷ്ട്രത്തോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന് ഷെയ്ഖ് തമീം പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞു.

ഇന്ത്യ-ഖത്തർ തന്ത്രപരമായ പങ്കാളിത്തത്തിലെ തുടർച്ചയായി ഉണ്ടാകുന്ന പുരോഗതിയിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തുകയും, പരസ്പര താൽപ്പര്യമുള്ള എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകാനുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.

അടുത്ത ബന്ധം പുലർത്തുന്നത് തുടർന്നു കൊണ്ടു പോകാനും അവർ സമ്മതമറിയിച്ചു.

-NK-


(Release ID: 2165543) Visitor Counter : 2