ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഇലക്ട്രോണിക്സ് ആവാസവ്യവസ്ഥയിൽ ആവശ്യകത വർദ്ധിപ്പിക്കുന്നതിനും,പ്രാദേശികവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും,തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും,ആഗോള മൂല്യ ശൃംഖല സംയോജനം ആഴത്തിലാക്കുന്നതിനുമുള്ള പുതു തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ.

Posted On: 09 SEP 2025 4:20PM by PIB Thiruvananthpuram
സമീപകാലത്ത് നടപ്പിലാക്കിയ ചരക്ക് സേവന നികുതി(GST)യുമായി ബന്ധപ്പെട്ട പുതിയ തലമുറ പരിഷ്കാരങ്ങൾ കേന്ദ്ര ഇലക്ട്രോണിക്സ്,വിവരസാങ്കേതിക മന്ത്രാലയത്തിന് (MeitY) കീഴിലുള്ള മേഖലകൾക്ക് പ്രത്യേകിച്ച് ഉപഭോക്തൃ ഇലക്ട്രോണിക്സ്,ഐ സി ടി ഹാർഡ്‌വെയർ മേഖലകൾക്ക് ഉത്തേജനം നൽകും.നിരക്കിലുണ്ടായ ഇളവുകൾ പൊതുജനങ്ങൾക്ക് ആവശ്യമായ ഉത്പ്പന്നങ്ങൾ കൂടുതൽ താങ്ങാനാവുന്നതാക്കുകയും,ആഭ്യന്തര ഉത്പാദനത്തെ ശക്തിപ്പെടുത്തുകയും,എം എസ് എം ഇ കളെയും സ്റ്റാർട്ടപ്പുകളെയും പിന്തുണയ്ക്കുകയും ഡിജിറ്റൽ ഇന്ത്യ,ആത്മനിർഭർ ഭാരത് എന്നീ ലക്ഷ്യങ്ങളെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യും.
 
 
ആഭ്യന്തര ഇലക്ട്രോണിക്സ് നിർമ്മാണത്തിന് ഉത്തേജനം
 
എയർ കണ്ടീഷണറുകൾ,ഡിഷ്‌വാഷറുകൾ,വലുപ്പമേറിയ സ്‌ക്രീനോട് കൂടിയ ടെലിവിഷനുകൾ(LCD and LED) എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചത് ആഭ്യന്തര ആവശ്യകത വർദ്ധിപ്പിക്കുന്നതിനും സാധാരണക്കാർക്ക് കൂടുതൽ വിലക്കുറവ് ഉറപ്പാക്കുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇത് കംപ്രസ്സറുകൾ,ഡിസ്‌പ്ലേകൾ,സെമികണ്ടക്ടറുകൾ തുടങ്ങിയ ഘടകങ്ങളിൽ ശക്തമായ ബാക്ക്‌വേഡ് ലിങ്കേജുകൾ സൃഷ്ടിക്കുകയും പ്ലാസ്റ്റിക്,വയറിംഗ്,കൂളിംഗ് സിസ്റ്റങ്ങൾ,എൽ ഇ ഡി പാനലുകൾ, അസംബ്ലി സേവനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന എം എസ് എം ഇകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.പരിഷ്‌കരണങ്ങൾ പ്രാദേശികവത്ക്കരണത്തെ പിന്തുണയ്ക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.ഡിഷ്‌വാഷറുകളുടെ ജിഎസ്ടി കുറച്ചത് കുടുംബങ്ങളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നു.
 
 
ഡിജിറ്റൽ വളർച്ചയും താങ്ങാനാവുന്ന വിലയിലുള്ള ഐ സി ടി ഹാർഡ്‌വെയറും പ്രാപ്തമാക്കുക
 
മോണിറ്ററുകളുടേയും പ്രൊജക്ടറുകളുടേയും (ടിവി ഒഴികെയുള്ള) ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ഓഫീസുകൾ,ഡിജിറ്റൽ പഠന കേന്ദ്രങ്ങൾ എന്നിവയുടെ ചെലവ് കുറയ്ക്കാൻ സഹായിക്കും.താങ്ങാനാവുന്ന വിലയിലുള്ള ഐ സി ടി ഹാർഡ്‌വെയർ ഐ ടി മേഖലയേയും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയേയും ഡിജിറ്റൽ വിദ്യാഭ്യാസത്തേയും നേരിട്ട് പിന്തുണയ്ക്കും.
അതുപോലെ, ഇലക്ട്രിക് അക്യുമുലേറ്ററുകളുടെ (ലിഥിയം-ഐയൺ ഒഴികെ,പവർബാങ്കുകൾ ഉൾപ്പെടെ)ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുന്നത് ഊർജ്ജ സംഭരണ പരിഹാരങ്ങൾ കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുകയും ഡിജിറ്റൽ ഉപകരണങ്ങൾക്കുള്ള ബാക്കപ്പ് പവറിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും വീടുകളിലും ജോലിസ്ഥലങ്ങളിലും കാര്യക്ഷമമായ ഊർജ്ജ സംവിധാനങ്ങൾ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
 
ഈ പരിഷ്കാരങ്ങൾ ആഭ്യന്തര സുരക്ഷാ ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തുന്നു.ദ്വിമുഖ റേഡിയോകളുടെ (വാക്കി-ടോക്കികൾ) ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചതിലൂടെ പോലീസ്,അർദ്ധസൈനിക വിഭാഗങ്ങൾ,പ്രതിരോധ സേനകൾ എന്നിവരുടെ വാങ്ങൽ ചെലവ് കുറയ്ക്കുകയും ചെയ്തു.
 
 
 
പുനരുപയോഗ ഊർജ്ജവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുക
 
പുനരുപയോഗ ഊർജ്ജ ഉപകരണങ്ങൾക്കും സോളാർ ഫോട്ടോവോൾട്ടെയ്ക് സെല്ലുകൾക്കുമുള്ള ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. ഇത് ഗാർഹിക,വ്യാവസായിക തലങ്ങളിൽ പുനരുപയോഗ ഊർജ്ജ വിന്യാസത്തിൻ്റെ ചെലവ് ഗണ്യമായി കുറയ്ക്കുന്നു.കമ്പോസ്റ്റിംഗ് മെഷീനുകൾ ഇപ്പോൾ 12 ശതമാനത്തിന് പകരം 5 ശതമാനം ജിഎസ്ടി നിരക്കിൽ ലഭിക്കും.ഇത് മാലിന്യത്തിൽ നിന്ന് ഊർജ്ജോത്പ്പാദനം ,കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യകൾ എന്നിവയെ പ്രോത്സാഹിപ്പിക്കുകയും സുസ്ഥിരമായ സ്മാർട്ട് നഗരങ്ങൾക്ക് വേണ്ടിയുള്ള ദർശനത്തെ മുന്നോട്ട് കൊണ്ടുപോകും ചെയ്യും.
 
 
ഈ പരിഷ്കാരങ്ങൾ ഇന്ത്യയുടെ ഇലക്ട്രോണിക്സ്,സാങ്കേതിക ആവാസവ്യവസ്ഥയുടെ ഒന്നിലധികം വിഭാഗങ്ങളിൽ വളർച്ച കൈവരിക്കുന്നതിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ആവശ്യകത വർദ്ധിപ്പിക്കുന്നതിലൂടെയും,ചെലവ് കുറയ്ക്കുന്നതിലൂടെയും,ആഭ്യന്തര നിർമ്മാതാക്കൾക്കും എം എസ് എം ഇ കൾക്കും അവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും, ജിഎസ്ടി നിരക്ക് ഇളവുകൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും,പ്രാദേശികവത് ക്കരണത്തെ പിന്തുണയ്ക്കുകയും,ആഗോള മൂല്യ ശൃംഖലകളുമായുള്ള ഇന്ത്യയുടെ സംയോജനം ആഴത്തിലാക്കുകയും ചെയ്യും.
 
**********************

(Release ID: 2165041) Visitor Counter : 2
Read this release in: English , Urdu , Hindi , Kannada