ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

"ബിസ്തിർണ പരോരേ ": ഡോ. ഭൂപൻ ഹസാരികയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബ്രഹ്മപുത്രയിലൂടെ ഒരു സംഗീത യാത്ര

Posted On: 07 SEP 2025 8:41PM by PIB Thiruvananthpuram
കേന്ദ്രതുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ, ഭാരത രത്ന ഡോ. ഭൂപൻ ഹസാരികയുടെ ജന്മശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി ദിബ്രുഗഡിലെ ഗുയിജാനിൽ നാളെ "ബിസ്തിർണ പാരോരേ : സാദിയ മുതൽ ധുബ്രി വരെ ഒരു സംഗീത യാത്ര" എന്ന പരിപാടിക്ക് തുടക്കം കുറിക്കും.

ഡോ. ഹസാരികയുടെ ഏറ്റവും പ്രശസ്തമായ രചനകളിൽ ഒന്നിന്റെ പേരിട്ടിരിക്കുന്ന ഈ അതുല്യ സാംസ്കാരിക യാത്ര, ബ്രഹ്മപുത്ര നദിയുലടനീളം സഞ്ചരിച്ച്  സംഗീതത്തിലൂടെയും ആഘോഷത്തിലൂടെയും സമൂഹങ്ങളെ ഒരുമിച്ച്ചേർക്കും. യാത്ര നാളെ രാവിലെ ഗുയിജാനിൽ നിന്ന് ആരംഭിക്കും.

ദിബ്രുഗഡിലെ ബോഗിബീലിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഡോ. ഹസാരികയുടെ സർഗാത്മക പൈതൃകത്തെ ആദരിക്കുന്നതിനും യുവമനസ്സുകളെ പ്രചോദിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത വിവിധ പരിപാടികൾ നടക്കും. ഇതിൽ  കലാ മത്സരങ്ങൾ, ഡോ. ഹസാരികയുടെ ജീവിതത്തെയും കൃതികളെയും അടിസ്ഥാനമാക്കിയുള്ള  പ്രശ്നോത്തരി മത്സരം, മൊറാൻ, മോട്ടോക്ക്, ടീ ട്രൈബ്, സോനോവൽ കചാരി, ഡ്യൂരി, ഗൂർഖ സമൂഹങ്ങളുടെ പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്ന സംഘ നൃത്തംം  എന്നിവയുമുണ്ടാകും. ഭൂപൻ ദാ, അദ്ദേഹത്തിന്റെ സംഗീതത്തിൽ പകർത്തിയ അസമിന്റെ സാംസ്കാരിക വൈവിധ്യത്തെ ഈ പരിപാടികൾ പ്രതിഫലിപ്പിക്കും.

ഈ അവസരത്തിൽ ഭൂപൻ ഹസാരികയോടുള്ള ആദരമായി രാജ്യത്തെ  പ്രമുഖരായ ചില സംഗീതജ്ഞരുടെ സംഗീതസമർപ്പണ വീഡിയോകൾ പ്രദർശിപ്പിക്കും. വയലിനിസ്റ്റ് സുനിത ഭൂയാൻ ഖൗണ്ട്, സംഗീത സംവിധായകരായ ധ്രുബജ്യോതി ഫുകാൻ, അമൃത് പ്രീതം, ലോഹിത് ഗൊഗോയ്, സയ്യിദ് സദുള്ള, പ്രശസ്ത കലാകാരന്മാരായ രമൺ ചൗധരി, സമർ ഹസാരിക, ഭക്തിഗായകൻ അനുപ് ജലോട്ട എന്നിവർ ഇവരിൽ ഉൾപ്പെടുന്നു. ഇന്ത്യൻ സംഗീതത്തിന് ഭൂപൻ ദാ നൽകിയ സമാനതകളില്ലാത്ത സംഭാവനയെയും കലയിലൂടെ അതിരുകൾ ഭേദിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെയും ഈ സംഗീത വീഡിയോ സന്ദേശങ്ങളിലൂടെ ആഘോഷിക്കും.

ഡോ. ഭൂപൻ ഹസാരികയുടെ ജന്മശതാബ്ദി ആഘോഷങ്ങൾ, ബ്രഹ്മപുത്രയുടെ ആത്മാവായ ശബ്ദത്തിന്റെ ഉടമയും സാംസ്കാരിക പ്രതീകവുമായ വ്യക്തിയോടുള്ള കൂട്ടായ ആദരവും സ്മരണയുമാണ്. "സുധാകാന്ത" (ബ്രഹ്മപുത്രയുടെ കവി) എന്നറിയപ്പെടുന്ന ഡോ. ഹസാരിക തന്റെ സർഗാത്മക പ്രചോദനം ഈ നദിയിൽ നിന്നാണ് നേടിയത്. അദ്ദേഹത്തിന്റെ അനശ്വര ഗാനമായ ബിസ്തിർണ പരോരേ ബ്രഹ്മപുത്രയുടെ ഭൗതിക സവിശേഷത പകർത്തുക മാത്രമല്ല, അതിന്റെ തീരങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ പോരാട്ടങ്ങളെയും അഭിലാഷങ്ങളെയും ഐക്യത്തെയും പ്രതിധ്വനിപ്പിക്കുകയും ചെയ്തു.

സാദിയയിൽ നിന്ന് ധുബ്രിയിലേക്ക് ഒഴുകുന്ന ബ്രഹ്മപുത്ര, വൈവിധ്യമാർന്ന വംശീയ, സാംസ്കാരിക, ഭാഷാ സമൂഹങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് അസമിന്റെ ജീവരേഖയായി നിലകൊള്ളുന്നു. നദിയുടെ സീമാതീത സ്വഭാവം സമത്വം, സൗഹൃദം, നീതി എന്നിവയുടെ സാർവത്രിക സന്ദേശങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ, ഡോ. ഹസാരിക ഈ നദിയെ മാനവികതയുടെ ഒരു രൂപകമാക്കി മാറ്റി.അദ്ദേഹത്തിന്റെ സംഗീതത്തിലൂടെ, കേവലം ഭൂമിശാസ്ത്ര സവിശേഷതകൾക്കുമപ്പുറം ഈ നദി സാംസ്കാരിക ഐക്യദാർഢ്യത്തിന്റെയും ആഗോള ഐക്യത്തിന്റെയും പ്രതീകമായി മാറി.
 ഭൂപൻ ഹസാരികയോടുള്ള ആദരമായി മാത്രമല്ല, മറിച്ച് ബ്രഹ്മപുത്രയിലുടനീളമുള്ള സമൂഹങ്ങളെ ബന്ധിപ്പിക്കുക എന്ന ഡോ. ഹസാരികയുടെ സന്ദേശം വീണ്ടും പിന്തുടരുക എന്നത് കൂടി ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഉൾനാടൻ ജലപാത അതോറിറ്റി, ഈ നദീയാത്ര വിഭാവനം ചെയ്തിരിക്കുന്നത്. അതിനാൽ ബിസ്തിർണ പരോരേ  ഒരേസമയം അദ്ദേഹത്തോടുള്ള ശ്രദ്ധാഞ്ജലിയും അദ്ദേഹത്തിന്റെ ഓർമ്മകളുടെ ജീവൻ തുടിയ്ക്കുന്ന യാത്രയും കൂടിയാണ്

അസമിലുടനീളം നാല് പ്രധാന പരിപാടികളിലൂടെയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്:

• ബോഗിബീൽ, ദിബ്രുഗഡ് - സെപ്റ്റംബർ 8
• സിൽഘട്ട്, തേസ്പൂർ - സെപ്റ്റംബർ 11
• പാണ്ടു, ഗുവാഹത്തി - സെപ്റ്റംബർ 15 ( ചില പരിഷ്കരണങ്ങൾ ബാധകമായേക്കാം )
• IWAI ജെട്ടി, ജോഗിഗോപ - സെപ്റ്റംബർ 18 (ചില പരിഷ്കരണങ്ങൾ ബാധകമായേക്കാം)

 ഈ ചരിത്ര സാംസ്കാരിക യാത്രയെ, ഹസാരികയുടെ ശതാബ്ദി ആഘോഷങ്ങളുടെ അവിസ്മരണീയമായ തുടക്കമാക്കി മാറ്റുന്നതിന് അദ്ദേഹത്തിന്റെ നൂറുകണക്കിന് ആരാധകർ നാളെ ബോഗിബീലിൽ ഒത്തുകൂടുമെന്ന് പ്രതീക്ഷിക്കുന്നു.

 ഡോ. ഹസാരികയുടെ സംഗീതത്തിന്റെ കാലാതീതമായ ചൈതന്യം ഈ യാത്രയിൽ ഉൾക്കൊള്ളുന്നുവെന്ന് ഈ സംരംഭത്തെക്കുറിച്ച് IWDAI ഡയറക്ടർ പ്രബിൻ ബോറ പറഞ്ഞു . “ഭൂപെൻ ദായുടെ സൃഷ്ടികൾ കേവലം ഗാനങ്ങളല്ല; അവ മനുഷ്യത്വത്തിന്റെയും ഐക്യത്തിന്റെയും നീതിയുടെയും ശബ്ദമായിരുന്നു. അദ്ദേഹത്തിന്റെ കൃതികൾ ബ്രഹ്മപുത്രയുടെ തീരത്തെ ജീവിതങ്ങളുടെ സന്തോഷവും ദുഃഖവും പകർത്തി, അസമിന്റെ സാംസ്കാരിക സമ്പന്നത ലോകത്തിന് പരിചയപ്പെടുത്തി ” ശ്രീ ബോറ പറഞ്ഞു.

ഡോ. ഹസാരികയുടെ അനശ്വര ഗാനങ്ങൾ, നാടോടി അവതരണങ്ങൾ, അദ്ദേഹത്തിന്റെ കലയ്ക്ക് പ്രചോദനമായ സമൂഹങ്ങളുടെ സാംസ്കാരിക ആഖ്യാനങ്ങൾ എന്നിവ തത്സമയം പരിപാടിയിൽ അവതരിപ്പിക്കും.  അതിർത്തികൾക്കതീതമായ ഐക്യത്തെക്കുറിച്ചുള്ള മഹാനായ കലാപ്രതിഭയുടെ
ദർശനം പ്രതിധ്വനിപ്പിച്ചുകൊണ്ട് യാത്രാസംഘം നദിയിലൂടെ സഞ്ചരിക്കും.

2019-ൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകി ആദരിക്കപ്പെട്ട ഡോ. ഹസാരിക, തലമുറകളെ ഇന്നും പ്രചോദിപ്പിക്കുന്നു. ബിസ്തിർണ പരോരേ എന്ന ശതാബ്ദി ആഘോഷങ്ങൾ, സാംസ്കാരിക ഏകീകരണത്തിന്റെ നായകനായും ബ്രഹ്മപുത്രയുടെ ശബ്ദമായും അദ്ദേഹം വഹിച്ച സമാനതകളില്ലാത്ത പങ്കിനെ അസമിനെയും ഇന്ത്യയെയും മാത്രമല്ല, ലോകത്തെ തന്നെയും ഓർമ്മിപ്പിക്കും.
 
******

(Release ID: 2164573) Visitor Counter : 2