രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ദ്രൗപദി മുർമുവുമായി സിംഗപ്പൂർ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

Posted On: 04 SEP 2025 7:57PM by PIB Thiruvananthpuram
സിംഗപ്പൂർ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ശ്രീ  ലോറൻസ് വോങ്, ഇന്ന് (സെപ്റ്റംബർ 4, 2025) രാഷ്ട്രപതി ഭവനിൽ  രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു.

രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി ലോറൻസ് വോങ്ങിനെ സ്വാഗതം ചെയ്തുകൊണ്ട്, ഇന്ത്യയും സിംഗപ്പൂരും പരസ്പരം നിർണായക  പങ്കാളികളാണെന്നും ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിലും ഇന്തോ-പസഫിക് ദർശനത്തിലും സിംഗപ്പൂർ ഒരു പ്രധാന പങ്കാളിയാണെന്നും  രാഷ്ട്രപതി  ശ്രീമതി ദ്രൗപതി   പറഞ്ഞു.
 


 
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികം ആഘോഷിക്കുന്നതിനാൽ ഈ വർഷം പ്രത്യേക പ്രാധാന്യമുള്ളതാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ വർഷം ജനുവരിയിൽ പ്രസിഡന്റ് തർമൻ ഇന്ത്യ സന്ദർശിച്ചു. വിദേശകാര്യ മന്ത്രി വിവിയൻ ബാലകൃഷ്ണൻ ഉൾപ്പെടെ ആറ് മുതിർന്ന മന്ത്രിമാർ ഏതാനും ആഴ്ചകൾക്ക് മുമ്പ് ഡൽഹിയിൽ നടന്ന മൂന്നാമത്തെ ഇന്ത്യ-സിംഗപ്പൂർ മന്ത്രിതല വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിംഗപ്പൂർ സന്ദർശന വേളയിൽ ഇന്ത്യ-സിംഗപ്പൂർ ബന്ധം സമഗ്രമായ തന്ത്രപര പങ്കാളിത്തത്തിലേക്ക് ഉയർത്തപ്പെട്ടുവെന്ന്  ശ്രീമതി മുർമു എടുത്തുപറഞ്ഞു.

സിംഗപ്പൂർ  പ്രധാനമന്ത്രി ലോറൻസ് വോങ്ങും  പ്രധാനമന്ത്രി നരേന്ദ്ര മോദിയും  സംയുക്തമായി ഇന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെ  ശക്തിപ്പെടുത്തുന്നതിനായി  ഒരു രൂപരേഖ തയ്യാറാക്കിയതിൽ രാഷ്ട്രപതി സന്തോഷം  പ്രകടിപ്പിച്ചു . ഇത് നമ്മുടെ ഉഭയകക്ഷി സഹകരണത്തിന്റെ ആഴവും വ്യാപ്തിയും ശരിക്കും പ്രതിഫലിപ്പിക്കുന്നുവെന്ന് അവർ പറഞ്ഞു . ഇന്ന് ഒപ്പുവച്ച   ഉഭയകക്ഷി കരാറുകളായ  ഹരിത സമ്പദ്‌വ്യവസ്ഥ, ബഹിരാകാശം, സിവിൽ ഏവിയേഷൻ, ഫിൻ-ടെക്, നൈപുണ്യ വികസനം തുടങ്ങിയവ  പുതിയതും ഉയർന്നുവരുന്നതുമായ മേഖലകളിൽ  ഇന്ത്യയുടെ സഹകരണത്തെ  കൂടുതൽ ശക്തിപ്പെടുത്തുമെന്ന്  രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ  വ്യാപാര-സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് പരാമർശിക്കവെ , ഇന്ത്യയുടെ  പ്രധാന  നിക്ഷേപ ഉറവിടമാണ്  സിംഗപ്പൂർ എന്നും ഇന്ത്യയിലെ സിംഗപ്പൂർ നിക്ഷേപങ്ങൾ അഭിവൃദ്ധി പ്രാപിക്കുകയാണെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. ഉഭയകക്ഷി  അഭ്യാസങ്ങളും പരിശീലനവും ഉൾപ്പെടെ നമ്മുടെ പ്രതിരോധ സഹകരണം വികസിച്ചുവരുന്നതിനെയും  രാഷ്‌ട്രപതി എടുത്തുകാട്ടി .  ജനങ്ങൾ തമ്മിലുള്ള പാരസ്പര്യവും സംസ്കാരവും  വളർത്തിയെടുക്കുന്നതിൽ നിർണായക  സംഭാവന നൽകിയ സിംഗപ്പൂരിലെ  ഇന്ത്യൻ പ്രവാസികൾ വഹിച്ച  സുപ്രധാന പങ്കിനെയും അവർ അഭിനന്ദിച്ചു.

ഇന്ത്യ-സിംഗപ്പൂർ ബന്ധത്തിന്റെ മുഖമുദ്ര  ഉയർന്ന രാഷ്ട്രീയ നിലയിലുള്ള സ്ഥിരമായ ആശയവിനിമയമാണെന്ന് ഇരുവിഭാഗ നേതാക്കളും അഭിപ്രായപ്പെട്ടു. ഭാവിയിലും ഇന്ത്യ-സിംഗപ്പൂർ ബന്ധം അഭിവൃദ്ധി പ്രാപിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
 
***************

(Release ID: 2163988) Visitor Counter : 2