ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

ജിഎസ്ടി പരിഷ്കരണം ക്ഷീര മേഖലയെ ശക്തിപ്പെടുത്തുന്നു; ഭൂരിപക്ഷ ഉൽപ്പന്നങ്ങളും നികുതി രഹിത വ്യവസ്‌ഥയിൽ അല്ലെങ്കിൽ 5 ശതമാനം നികുതി നിരക്കിൽ

Posted On: 04 SEP 2025 4:37PM by PIB Thiruvananthpuram

2025 സെപ്റ്റംബർ 3-ന് ചേർന്ന 56-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ  ക്ഷീര  മേഖലയ്ക്ക് വലിയ ഉത്തേജനം  നൽകുന്ന തരത്തിലുള്ള നികുതി നവീകരണം നടപ്പാക്കി.  പാലും  ഭൂരിഭാഗം പാൽ ഉൽപ്പന്നങ്ങളും   ഇനി  നികുതി ഇല്ലാതെയോ  വെറും 5ശതമാനം  നികുതിവ്യവസ്‌ഥയിലോ  ലഭിക്കും  . ഇത് ഈ  മേഖലയിൽ ഇതുവരെ നടപ്പാക്കിയ ഏറ്റവും വലിയ ജിഎസ്ടി പരിഷ്കാരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ ഘടന പ്രകാരം,  താഴെപ്പറയുന്ന പാലുൽപ്പന്നങ്ങൾ  നികുതിയില്ലാതെയോ കുറഞ്ഞ നികുതി നിരക്കിലോ  ലഭ്യമാകും :

 

1 .അൾട്രാ-ഹൈ ടെമ്പറേച്ചർ (U H T) പാൽ - ജിഎസ്ടി 5 ശതമാനത്തിൽ  നിന്ന് പൂജ്യമായി കുറച്ചു.

2 .പനീർ / ചെന (പ്രീ-പാക്ക് ചെയ്‌ത് ലേബൽ ചെയ്‌തത്) – ജിഎസ്ടി 5 ശതമാനത്തിൽ  നിന്ന് പൂജ്യമായി കുറച്ചു.

3 .വെണ്ണ, നെയ്യ്, മറ്റ് പാലുൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തിൽ  നിന്ന് 5 ശതമാനമായി കുറച്ചു.

4 .ചീസ് - ജിഎസ്ടി 12 ശതമാനത്തിൽ  നിന്ന് 5 ശതമാനമായി കുറച്ചു.

5 .കണ്ടൻസ്ഡ് പാൽ - ജിഎസ്ടി 12 ശതമാനത്തിൽ  നിന്ന് 5 ശതമാനമായി കുറച്ചു.

6 .പാൽ അടങ്ങിയ പാനീയങ്ങളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു.

7 .ഐസ്ക്രീം - ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു.

8 .പാൽ ടിന്നുകൾ - ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു.

 

നികുതിപരിഷ്കരണം വഴി പാൽ ഉൽപ്പന്നങ്ങൾക്ക്  ജിഎസ്ടി കുറച്ച തീരുമാനം  കർഷകർക്കും  ഉപഭോക്താക്കൾക്കും  ഒരുപോലെ ഗുണം ചെയ്യുകയും രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പരിഷ്കരണം 8 കോടിയിലധികം ഗ്രാമീണ കർഷക കുടുംബങ്ങൾക്ക്, പ്രത്യേകിച്ച് ഉപജീവനത്തിനായി കറവ മൃഗങ്ങളെ വളർത്തുന്ന ചെറുകിട, നാമമാത്ര, ഭൂരഹിത തൊഴിലാളികൾക്ക് നേരിട്ട് പ്രയോജനം ചെയ്യും.അതേസമയം ഉപഭോക്താക്കളുടെ വലിയൊരു വിഭാഗത്തെ പിന്തുണയ്ക്കുകയും ചെയ്യും. കുറഞ്ഞ നികുതി നടപ്പാക്കൽ പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനും, മായം ചേർക്കൽ തടയുന്നതിനും, ആഭ്യന്തര - കയറ്റുമതി വിപണികളിൽ ഇന്ത്യൻ ക്ഷീര ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത  വർദ്ധിപ്പിക്കുന്നതിനും  വഴിയൊരുക്കും .

ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപ്പാദക രാജ്യമാണ് ഇന്ത്യ. 2023–24 ൽ 239 ദശലക്ഷം ടൺ ഉൽപ്പാദനം നടത്തുകവഴി  ആഗോള പാൽ ഉൽപ്പാദനത്തിന്റെ ഏകദേശം 24 ശതമാനവും ഇന്ത്യയാണ്  വഹിച്ചത് . ക്ഷീര വ്യവസായം കാർഷിക സമ്പദ്‌വ്യവസ്ഥയുടെ ഒരു ആണിക്കല്ല് മാത്രമല്ല, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും ഗ്രാമീണ  ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ സൃഷ്ടിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. ഏറ്റവും വലിയ കാർഷിക ഉൽപ്പന്നമെന്ന നിലയിൽ ക്ഷീരോൽപ്പാദനം , ദേശീയ സമ്പദ്‌വ്യവസ്ഥയിൽ   5.5 ശതമാനം സംഭാവന ചെയ്യുന്നു. കന്നുകാലി ഉപമേഖലയിലെ ഏറ്റവും വലിയ മൂല്യ വിഹിതം പാലും പാലുൽപ്പന്നങ്ങളുമാണ്, 2023–24 ൽ നിലവിലെ വിലയിൽ പാൽ ഉൽപാദനത്തിന്റെ മൂല്യം 12.21 ലക്ഷം കോടി രൂപയിലെത്തി . ഇന്ത്യൻ ക്ഷീരമേഖലയുടെ മൊത്തത്തിലുള്ള വിപണി വലുപ്പം 2024 ൽ 18.98 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു.  സമീപകാല ജിഎസ്ടി പരിഷ്കാരങ്ങൾ മേഖലയുടെ ഉൽപ്പാദനക്ഷമതയും മത്സരശേഷിയും കൂടുതൽ വർദ്ധിപ്പിക്കുന്നതിനും സുസ്ഥിരമായ ഉപജീവനമാർഗ്ഗം ഉറപ്പാക്കുന്നതിനും വലിയ രീതിയിൽ   പ്രചോദനമാകും

 
 
*******************

(Release ID: 2163808) Visitor Counter : 2
Read this release in: English , Urdu , Hindi , Odia , Tamil