ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

മത്സ്യബന്ധന മൂല്യശൃംഖലയിലുടനീളം ജിഎസ്ടി ഇളവ്: മത്സ്യബന്ധന വലകൾ, കടൽ വിഭവങ്ങൾ, മത്സ്യകൃഷി  എന്നിവയ്ക്കെല്ലാം ജിഎസ്ടി 5% 

Posted On: 04 SEP 2025 1:32PM by PIB Thiruvananthpuram

സമ്പദ്‌വ്യവസ്ഥയിലെ എല്ലാ മേഖലകളെയും ശാക്തീകരിക്കുന്ന ‘മികച്ചതും ലളിതവുമായ നികുതി’ എന്ന ജിഎസ്ടി സംബന്ധിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനനുസൃതമായി 2025 സെപ്റ്റംബർ 3-ന് ചേർന്ന 56-ാമത് ജിഎസ്ടി സമിതി യോഗത്തിലെ ഏറ്റവും പുതിയ പരിഷ്കാരങ്ങള്‍ മത്സ്യബന്ധന മേഖലയ്ക്ക് വലിയ ഉണർവ് പകരുന്നതാണ്. ഈ മേഖലയില്‍ നികുതി നിരക്കുകളിലെ കാര്യമായ മാറ്റം പ്രവർത്തനച്ചെലവ് കുറയ്ക്കാനും ആഭ്യന്തര - കയറ്റുമതി വിപണികളിലെ മത്സരശേഷി വർധിപ്പിക്കാനും  സഹായിക്കും. ഇത് മത്സ്യബന്ധനവും  മത്സ്യകൃഷിയും ഉപജീവനത്തിന് ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികൾക്കും മറ്റുള്ളവര്‍ക്കും   നേരിട്ട് പ്രയോജനം ചെയ്യും.

 

പുതിയ മാറ്റങ്ങളനുസരിച്ച് മത്സ്യഎണ്ണ,  മത്സ്യ ഭാഗങ്ങള്‍, ടിന്നിലടച്ച മത്സ്യ-ചെമ്മീൻ ഉത്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. ഇത് മൂല്യവർധിത കടൽ ഭക്ഷ്യവിഭവങ്ങൾ ആഭ്യന്തര ഉപഭോക്താക്കൾക്ക് കൂടുതൽ താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കുകയും ഇന്ത്യയുടെ കടൽ വിഭവ കയറ്റുമതിയുടെ മത്സരക്ഷമത വർധിപ്പിക്കുകയും ചെയ്യും. മത്സ്യകൃഷി പ്രവർത്തനങ്ങൾക്കും ഹാച്ചറികൾക്കും ഉപയോഗിക്കുന്ന ഡീസൽ എന്‍ജിനുകൾ, പമ്പുകൾ, എറേറ്ററുകൾ, സ്പ്രിംഗ്ലറുകൾ എന്നിവയ്ക്ക് നേരത്തെ 12 മുതൽ 18 ശതമാനം വരെയുണ്ടായിരുന്ന നികുതിക്ക് പകരം ഇനി 5 ശതമാനം ജിഎസ്ടി മാത്രം മതിയാകും. ഇത് മത്സ്യ കർഷകരുടെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കും. കുളമൊരുക്കാനും ജല ഗുണനിലവാരം നിയന്ത്രിക്കാനും ഉപയോഗിക്കുന്ന അമോണിയ, സൂക്ഷ്മ പോഷകങ്ങൾ തുടങ്ങിയ നിർണായക രാസവസ്തുക്കൾക്കും നേരത്തെയുണ്ടായിരുന്ന 12 മുതൽ 18 ശതമാനം വരെ ജിഎസ്ടി നിരക്ക് 5 ശതമാനമായി കുറച്ചു. ഇത് തീറ്റ, കുളമൊരുക്കല്‍, ഫാം തലത്തിലെ പ്രവർത്തനങ്ങൾ എന്നിവയുടെ ചെലവ് കുറയ്ക്കും. ടിന്നിലടച്ച മത്സ്യം, ചെമ്മീൻ, കല്ലുമ്മക്കായ എന്നിവയ്ക്ക്  ജിഎസ്ടി കുറച്ചത്  ഇന്ത്യയുടെ കടൽ വിഭവങ്ങളുടെ ആഗോള കയറ്റുമതി കൂടുതൽ ശക്തിപ്പെടുത്തുകയും സുരക്ഷിതവും ശുചിത്വപൂര്‍ണവുമായി സംസ്കരിച്ച കടൽ വിഭവങ്ങളുടെ ആഭ്യന്തര ഉപഭോഗം വർധിപ്പിക്കുകയും ചെയ്യും. ചൂണ്ടഫിഷിങ് ടാക്കിൾ, വലകൾ, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5% ആയി കുറച്ചത് വിനോദ - കായിക  മത്സ്യബന്ധനത്തിനും ചെറുകിട മത്സ്യ കർഷകർക്കും പ്രയോജനം ചെയ്യും. മത്സ്യ ബന്ധനത്തിന് ആവശ്യമായ ഉപകരണങ്ങൾ  താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കുന്ന നടപടി  ഉല്പാദനച്ചെലവ് കുറയ്ക്കുകയും മേഖലയിലെ ഉപജീവന മാർഗങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. ഭക്ഷ്യ - കാർഷികോത്പന്ന സംസ്കരണ സേവന ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചത് വ്യാവസായിക കേന്ദ്രങ്ങള്‍ക്ക്   ആശ്വാസം പകരും.  ജൈവവളം ഉത്പാദിപ്പിക്കാനും പരിസ്ഥിതി സൗഹൃദ കുളപരിപാലനം ഉറപ്പാക്കാനും സുപ്രധാനമായ കമ്പോസ്റ്റിങ് യന്ത്രങ്ങൾക്കും 5 ശതമാനം നികുതി മാത്രമേ ഉണ്ടാകൂ. ഇത് സുസ്ഥിര മത്സ്യകൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കും.

 

ഇന്ത്യയുടെ മത്സ്യബന്ധന -  മത്സ്യകൃഷി മേഖല ലോകത്ത് അതിവേഗം വളരുന്ന ഒന്നായി മാറിയിരിക്കുന്നു. ഇത് രാജ്യത്തിന്റെ ഭക്ഷ്യ - പോഷക സുരക്ഷയ്ക്കും കർഷക വരുമാനത്തിനും ഗ്രാമീണ ഉപജീവന മാർഗങ്ങൾക്കും കയറ്റുമതിയ്ക്കും  മികച്ച സംഭാവന നൽകുന്നു. ഇന്ന്  3 കോടിയിലധികം പേര്‍ക്ക് ഉപജീവനമാർഗമൊരുക്കുന്ന ഈ മേഖല   ഏകദേശം 195 ലക്ഷം ടൺ ഉത്പാദനവുമായി (2024-25) ലോകത്തെ ഏറ്റവും വലിയ രണ്ടാമത്  മത്സ്യോല്‍‌‍പാദക രാജ്യമായി ഇന്ത്യയെ മാറ്റി. ലോകത്തെ ഏറ്റവും വലിയ ചെമ്മീൻ കയറ്റുമതി രാജ്യമായ ഇന്ത്യ 2023-24-ൽ 60,000 കോടി രൂപയിലധികം മൂല്യമുള്ള  കടൽ വിഭവങ്ങളാണ് കയറ്റുമതി ചെയ്തത്.  മൂല്യമേറിയ വിദേശനാണ്യത്തിലൂടെ  രാജ്യത്തിന്റെ നീല സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താന്‍ ഇത് വഴിയൊരുക്കി. 

മത്സ്യകർഷകർ, മത്സ്യകൃഷി തൊഴിലാളികൾ, ചെറുകിട മത്സ്യത്തൊഴിലാളികൾ, വനിതാ സ്വയംസഹായ സംഘങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവർക്ക് ഈ പരിഷ്കാരങ്ങൾ  അവരുടെ സാമ്പത്തിക ഭാരം കുറച്ചും ഗ്രാമീണ ജീവിതനിലവാരം മെച്ചപ്പെടുത്തിയും  നേരിട്ട് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.  പുതുക്കിയ ജിഎസ്ടി നിരക്കുകൾ 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. ഈ തീരുമാനങ്ങൾ ഇന്ത്യയുടെ മത്സ്യബന്ധന മേഖലയെ കൂടുതൽ ഉല്പാദനക്ഷമവും മത്സരക്ഷമവും  സുസ്ഥിരവുമാക്കുന്ന സുപ്രധാന ചുവടുവെയ്പ്പാണ്. 'വികസിത ഭാരത'ത്തിന് സംഭാവന നൽകുന്ന  ശക്തമായ 'നീല സമ്പദ്‌വ്യവസ്ഥ' എന്ന സർക്കാര്‍ കാഴ്ചപ്പാടിന്റെ ഭാഗമാണിത്.  

***


(Release ID: 2163740) Visitor Counter : 13