കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധര്‍മ്മേന്ദ്ര പ്രധാനും വനിതാ ശിശു വികസന മന്ത്രി ശ്രീമതി അന്നപൂര്‍ണ്ണ ദേവിയും സംയുക്തമായി 2025 സെപ്റ്റംബര്‍ 3-ന് ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ അങ്കണവാടി കേന്ദ്രങ്ങള്‍ സ്‌കൂളുകളുമായി സംയോജിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'വികസിത് ഭാരത്' എന്ന കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഒരു പ്രധാന നാഴികക്കല്ലാണിതെന്ന് പരിപാടിയില്‍ സംസാരിച്ച ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. വരും നാളുകളില്‍ ഓരോ ഗര്‍ഭിണിക്കും, നവജാത ശിശുവിനും, പ്രീ-സ്‌കൂള്‍ കുട്ടികള്‍ക്കും പൂര്‍ണ്ണമായ പരിചരണം ഉറപ്പാക്കുമ്പോള്‍ മാത്രമേ വികസിത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കാനാകൂ എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചിട്ടില്ലാത്ത, എന്നാല്‍ തുടര്‍വിദ്യാഭ്യാസം നേടാന്‍ താല്പര്യമുള്ള അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പഠന മൊഡ്യൂള്‍ തയ്യാറാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

ഇന്നത്തെ ലോകം നിര്‍മ്മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് -AI) പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കൂടുതല്‍ പ്രാപ്യമായിരിക്കുന്നുവെന്നും കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതിന് ഈ ഉപാധികള്‍ പ്രയോജനപ്പെടുത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കുട്ടിയുടെ ജീവിതത്തിലെ ആദ്യത്തെ അധ്യാപകരാണ് അങ്കണവാടി പ്രവര്‍ത്തകരെന്നും, AI ഉപയോഗിച്ച് ഇന്ത്യന്‍ ഭാഷകളിലെ പഠന-ബോധന പ്രക്രിയ കൂടുതല്‍ ഫലപ്രദമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏകദേശം 2 ലക്ഷം സ്വകാര്യ, ഗവണ്മെന്റ് ഹൈസ്‌കൂളുകള്‍ ബ്രോഡ്ബാന്‍ഡ് വഴി ബന്ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അടുത്തിടെ പുറത്തിറങ്ങിയ അസെര്‍ (ASER), പരാഖ് (PARAKH) ഡാറ്റകള്‍ ഉദ്ധരിച്ചുകൊണ്ട്, ഗ്രാമീണ മേഖലയിലെ കുട്ടികളുടെ പഠന നിലവാരം നഗരപ്രദേശങ്ങളിലെ കുട്ടികളുടേതിനെക്കാള്‍ മികച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ശ്രദ്ധേയമായ നേട്ടം അങ്കണവാടി പ്രവര്‍ത്തകരുടെ അക്ഷീണ പ്രയത്‌നങ്ങള്‍ക്ക് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി, ദേശീയ വിദ്യാഭ്യാസ നയം (NEP) 2020, പ്രീ-സ്‌കൂളിലെ മൂന്ന് വര്‍ഷങ്ങളെ 5+3+3+4 ഘടനയുമായി സമന്വയിപ്പിക്കുകയും, ആദ്യകാല ശിശുപരിചരണവും വിദ്യാഭ്യാസവും (ECCE) പഠനത്തിന്റെ അടിസ്ഥാനമായി അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.
രാജ്യത്തുടനീളം ഉയര്‍ന്ന നിലവാരമുള്ള ECCE സാര്‍വത്രികമായി ലഭ്യമാക്കുന്നതിന് 'ECCE വിപുലീകൃതവും ശക്തവുമായ സംവിധാനത്തിലൂടെ നല്‍കണം, അതില്‍ (a) സ്വതന്ത്ര അങ്കണവാടികള്‍; (b) പ്രൈമറി സ്‌കൂളുകളോടൊപ്പം പ്രവര്‍ത്തിക്കുന്ന അങ്കണവാടികള്‍; (c) നിലവിലുള്ള പ്രൈമറി സ്‌കൂളുകളോടൊപ്പം പ്രവര്‍ത്തിക്കുന്ന, 5 മുതല്‍ 6 വയസ്സുവരെയുള്ള കുട്ടികള്‍ക്കായുള്ള പ്രീ-പ്രൈമറി സ്‌കൂളുകള്‍/വിഭാഗങ്ങള്‍; (d) സ്വതന്ത്ര പ്രീ-സ്‌കൂളുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവയിലെല്ലാം ECCE-യുടെ പാഠ്യപദ്ധതിയിലും അധ്യാപനത്തിലും പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരെ/പ്രവര്‍ത്തകരെ നിയമിക്കും,' എന്ന് NEP 2020 (വകുപ്പ് 1.4 NEP 2020) പറയുന്നു.
ഇതിന്റെ ഭാഗമായി, വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് (DoSE&L), വനിതാ ശിശു വികസന മന്ത്രാലയവുമായി സഹകരിച്ച് 'അങ്കണവാടി കേന്ദ്രങ്ങള്‍ സ്‌കൂളുകളുമായി സഹകരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍' ഇനിപ്പറയുന്ന ലക്ഷ്യങ്ങളോടെ പുറത്തിറക്കി:
കുട്ടികളുടെ തയ്യാറെടുപ്പും അങ്കണവാടി കേന്ദ്രങ്ങളില്‍ നിന്ന് പ്രൈമറി സ്‌കൂളുകളിലെ ഒന്നാം ക്ലാസ്സിലേക്കുള്ള സുഗമമായ മാറ്റവും ഉറപ്പാക്കുക.
കുട്ടികളുടെ സമഗ്ര വികസനത്തിന് സഹായിക്കുന്ന സന്തോഷകരമായ പഠനാനുഭവങ്ങളും പ്രോത്സാഹനജനകമായ അന്തരീക്ഷവും നല്‍കുന്നതിന് അങ്കണവാടി കേന്ദ്രങ്ങളും പ്രൈമറി സ്‌കൂളുകളും തമ്മില്‍ മെച്ചപ്പെട്ട ബന്ധവും ഏകോപനവും ഉണ്ടാക്കുക.
പഠനത്തിന്റെ വിവിധ തലങ്ങളില്‍ ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതിനായി പ്രൈമറി തലത്തില്‍ കുട്ടികളുടെ നിലനിര്‍ത്തല്‍ നിരക്ക് വര്‍ദ്ധിപ്പിക്കുക.
വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നീ മൂന്ന് മേഖലകളിലും മികച്ച സംയോജനം ഉറപ്പാക്കിക്കൊണ്ട് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടുള്ള രണ്ട് മന്ത്രാലയങ്ങളും തമ്മിലുള്ള സഹകരണം, അങ്കണവാടി കേന്ദ്രങ്ങളെ സ്‌കൂളുകളില്‍ ഉള്‍ക്കൊള്ളിക്കുക എന്നതിനര്‍ത്ഥം, സാധ്യമാകുന്നിടത്തെല്ലാം ഒരു സ്‌കൂള്‍ വളപ്പില്‍ ഒരു അങ്കണവാടി ഉണ്ടാവുക എന്നതാണ്. ഈ ഉദ്യമത്തിലൂടെ, അങ്കണവാടിയിലെ പ്രീ-സ്‌കൂള്‍ പഠനവും ഒന്നാം ക്ലാസ്സില്‍ ആരംഭിക്കുന്ന ഔപചാരിക പഠനവും തമ്മില്‍ തുടര്‍ച്ച ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ഇത് വിഭവങ്ങളുടെ മികച്ച ഉപയോഗം ഉറപ്പാക്കുകയും, സജീവമായ സമൂഹ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും, കുട്ടികള്‍ക്ക് പ്രീ-സ്‌കൂളില്‍ നിന്ന് പ്രൈമറി സ്‌കൂളിലേക്ക് സുഗമവും സ്‌നേഹനിര്‍ഭരവുമായ മാറ്റം നല്‍കുകയും ചെയ്യുന്നു. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇനിപ്പറയുന്ന പ്രധാന ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു:
- ഇന്ത്യയിലെ ECCE: ഒരു ഏകീകൃത കാഴ്ചപ്പാട്
- സമീപ സ്‌കൂളുകളുമായി അങ്കണവാടി കേന്ദ്രങ്ങള്‍ സഹകരിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നിബന്ധനകളും
- സമീപത്തുള്ള സ്‌കൂളുകളുമായി അങ്കണവാടി കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നത്
- കുട്ടികള്‍ക്ക് അനുയോജ്യമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നത്
- സമൂഹത്തിന്റെയും രക്ഷിതാക്കളുടെയും പങ്കാളിത്തം
- പ്രൈമറി സ്‌കൂളുകളുമായി സമീപ കേന്ദ്രങ്ങള്‍ സഹകരിക്കുന്നതില്‍ മറ്റ് വിവിധ പങ്കാളികളുടെ പങ്ക്
സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിലവില്‍ വിവിധ മാതൃകകള്‍ നടപ്പിലാക്കുന്നുണ്ടെന്നും, അവയ്ക്ക് പ്രത്യേക പ്രവര്‍ത്തനപരമായ വെല്ലുവിളികളുണ്ടെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു. സ്‌കൂളുകള്‍ക്കുള്ളില്‍ അങ്കണവാടി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ രണ്ട് വകുപ്പുകളും തമ്മിലുള്ള സമയബന്ധിതമായ നടപ്പാക്കലും ഏകോപനവും ECCE-യെയും അടിസ്ഥാന സാക്ഷരത, സംഖ്യാശാസ്ത്ര സേവനങ്ങളെയും (FLN) ഗണ്യമായി ശക്തിപ്പെടുത്തും. ഈ സമീപനം, യുവ, ആരോഗ്യവാന്മാരായ പഠിതാക്കള്‍ക്ക് ശക്തമായ അടിത്തറ കെട്ടിപ്പടുക്കാന്‍ ലക്ഷ്യമിടുന്ന NEP 2020ന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നു. ഈ മാര്‍ഗ്ഗരേഖ 'നിപുണ്‍ ഭാരത് മിഷന്‍' 'പോഷണ്‍ ഭി പഠായി ഭി'യുമായി സംയോജിപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ്. കൂടാതെ, NEP 2020മായി യോജിപ്പിച്ച് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടനുസരിച്ച് തയ്യാറാക്കിയ ജാദുയി പിതാരാ, ഇ-ജാദുയി പിതാരാ, ആധാര്‍ശില തുടങ്ങിയ പഠനോപാധികളുടെ ഉപയോഗവും ഇത് ഒരുമിച്ച് കൊണ്ടുവരും. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതുപോലെ, 'പ്രീ-പ്രൈമറി തലത്തില്‍ നിക്ഷേപിക്കുന്നത് കുട്ടികളെ നല്ല, ധാര്‍മ്മികതയുള്ള, ചിന്താശീലരും സഹാനുഭൂതിയുള്ളവരുമായ മനുഷ്യരാക്കി വളര്‍ത്താന്‍ അത്യാവശ്യമാണ്', എന്തെന്നാല്‍ അവരാണ് 2047-ഓടെ വികസിത് ഭാരതമെന്ന കാഴ്ചപ്പാടിലേക്ക് ഇന്ത്യയെ നയിക്കുന്നത്.
******************