രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു  തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു.

Posted On: 03 SEP 2025 4:30PM by PIB Thiruvananthpuram
2025 സെപ്റ്റംബര്‍  മൂന്നിന് തമിഴ്നാട്ടിലെ തിരുവാരൂരിലുള്ള  തമിഴ്നാട് കേന്ദ്ര സര്‍വകലാശാലയുടെ പത്താമത് ബിരുദദാന ചടങ്ങില്‍  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു പങ്കെടുത്തു.

 അക്കാദമിക് രംഗത്ത് ഉന്നത  നിലവാരം പുലര്‍ത്തുന്നതിനും ബൗദ്ധിക ജിജ്ഞാസയും വിമര്‍ശനാത്മക ചിന്തയും വളര്‍ത്തുന്ന വിധത്തില്‍  ക്രിയാത്മക അന്തരീക്ഷം സൃഷ്ടിക്കുന്നതിനും തമിഴ്നാട് കേന്ദ്ര സര്‍വകലാശാല പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിലെ കൂടുതല്‍ വിഭാഗങ്ങളിലേക്ക് പഠനത്തിന്റെ നേട്ടങ്ങള്‍ വ്യാപിപ്പിച്ചതിന്  സര്‍വകലാശാലയെ രാഷ്ട്രപതി അഭിനന്ദിച്ചു.
 


 
കമ്മ്യൂണിറ്റി കോളേജ്, ഡോ. അംബേദ്കര്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് തുടങ്ങിയ സംരംഭങ്ങളിലൂടെ  സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ സമഗ്ര വികസനത്തിന് തമിഴ്നാട് കേന്ദ്ര സര്‍വകലാശാല സജീവ സംഭാവന നല്‍കുന്നതിനേയും  രാഷ്ട്രപതി അഭിനന്ദിച്ചു. വ്യക്തിവികസനത്തെ സാമൂഹിക വികസനവുമായി ബന്ധിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. വിദ്യാഭ്യാസം സമൂഹത്തിന്റെ ഉന്നമനം  ലക്ഷ്യമിട്ടുള്ളതായിരിക്കണമെന്നും രാഷ്ട്രപതി  ആവര്‍ത്തിച്ചു. ശാസ്ത്രസാങ്കേതിക വിദ്യയെ മനുഷ്യരാശിയുടെ വിശാലക്ഷേമത്തിനായി, വിശിഷ്യാ  പ്രകൃതിയെയും പരിസ്ഥിതിയെയും സമ്പുഷ്ടമാക്കുന്നതിനായി പ്രയോജനപ്പെടുത്തുന്നതിന്  വ്യവസായ മേഖലയുമായി സഹകരിക്കാന്‍  സര്‍വകലാശാലയിലെ എല്ലാ പങ്കാളികളോടും  അവര്‍ അഭ്യര്‍ത്ഥിച്ചു.

ജീവിതകാലം മുഴുവന്‍ പഠിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ രാഷ്ട്രപതി  വിദ്യാര്‍ത്ഥിയായിരിക്കുക എന്നത് ആജീവനാന്തം  നീണ്ടുനില്‍ക്കുന്ന പ്രവൃത്തിയാണെന്ന് നാം ഓര്‍ക്കണമെന്നും അഭിപ്രായപ്പെട്ടു.   . ഉദാഹരണത്തിന്, മഹാത്മാഗാന്ധി  തന്റെ ജീവിതകാലം മുഴുവന്‍ വിദ്യാര്‍ത്ഥിയായി തുടരുകയായിരുന്നു, തമിഴ്, ബംഗ്ലാ തുടങ്ങിയ ഭാഷകള്‍, ഗീത പോലുള്ള തിരുവെഴുത്തുകള്‍, ചെരുപ്പു നിര്‍മ്മാണം, ചര്‍ക്ക നൂല്‍ക്കല്‍ തുടങ്ങിയ നൈപുണ്യങ്ങളും അദ്ദേഹം പഠിച്ചു. അദ്ദേഹത്തിന്റെ കാര്യത്തില്‍ ആ പട്ടികയ്ക്ക് അവസാനമുണ്ടായിരുന്നില്ല.  ഗാന്ധിജി തന്റെ അന്ത്യദിനം  വരെ അസാധാരണമാംവിധം ജാഗ്രതയും സജീവതയും പുലര്‍ത്തിയിരുന്നു.  വിദ്യാര്‍ത്ഥികള്‍ പഠനത്തിനുള്ള ആവേശവും  ജിജ്ഞാസയും  നിലനിര്‍ത്തണമെന്ന് രാഷ്ട്രപതി ഉപദേശിച്ചു. ഇത് തുടര്‍പഠനത്തെ പ്രോത്സാഹിപ്പിക്കുമെന്നും അത്തരം സമീപനം   അവരുടെ കഴിവുകള്‍ക്ക് എപ്പോഴും ആവശ്യകത ഉറപ്പുവരുത്തുമെന്നും അവര്‍ പറഞ്ഞു.
 


 
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി, ഇന്റര്‍നെറ്റ് വിപ്ലവം നമ്മുടെ ലോകത്തെ മാറ്റിമറിച്ചു. നമ്മള്‍ ഒരിക്കലും സങ്കല്‍പ്പിച്ചിട്ടില്ലാത്ത നിരവധി പുതിയ തൊഴില്‍ സാദ്ധ്യതകള്‍ ഉയര്‍ന്നുവന്നു. നിര്‍മ്മിത ബുദ്ധിയും വ്യാവസായിക വിപ്ലവം 4.0 ഉം തൊഴില്‍ സംസ്‌കാരത്തെ കൂടുതല്‍ മാറ്റിമറിക്കുമെന്നും അവര്‍ പറഞ്ഞു. അത്തരം ചലനാത്മക അന്തരീക്ഷവുമായി  പൊരുത്തപ്പെടുത്താനും  പുതിയ കഴിവുകള്‍ കൈവരിക്കുവാനും   കഴിയുന്നവര്‍ മാറ്റത്തിന്റെ നേതാക്കളായി മാറുമെന്നും രാഷ്ട്രപതി പറഞ്ഞു . 'ശക്തമായ   സ്വഭാവം കെട്ടിപ്പടുക്കുകയും മൂല്യാധിഷ്ഠിതവും  സുതാര്യവുമായ തൊഴില്‍ശീലങ്ങള്‍  വളര്‍ത്തിയെടുക്കുകയും ചെയ്യുക' എന്നതാണ് സര്‍വകലാശാലയുടെ പ്രഖ്യാപിത ദൗത്യമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഈ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍  ആ മൂല്യബോധം അവരുടെ  തൊഴിലിടങ്ങളില്‍  മാത്രമല്ല   ജീവിതത്തിന്റെ അവസാനം വരെ   സമസ്ത  മേഖലകളിലും വ്യാപിപ്പിക്കുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അത് വിദ്യാര്‍ഥികളില്‍ സംവേദനക്ഷമത വളര്‍ത്തിയെടുക്കുമെന്നും, അതാണ് രാജ്യത്തിന് ഇന്ന് ആവശ്യമെന്നും  ശ്രീമതി ദ്രൗപദി മുര്‍മു അഭിപ്രായപ്പെട്ടു.
 
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 
************************

(Release ID: 2163467) Visitor Counter : 2