ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്രമന്ത്രി ശ്രീ ഗിരിരാജ് സിംഗ് 2025–26 ഖാരിഫ് സീസണിൽ പരുത്തിയുടെ കുറഞ്ഞ താങ്ങുവില സംബന്ധിച്ച പ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്തു

Posted On: 03 SEP 2025 10:53AM by PIB Thiruvananthpuram

2025 ഒക്ടോബർ 1 മുതൽ ആരംഭിക്കുന്ന ഖാരിഫ് വിപണന സീസണിൽ പരുത്തിയുടെ കുറഞ്ഞ താങ്ങുവില (MSP)യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്താൻ 2025 സെപ്റ്റംബർ 2 ന് ന്യൂഡൽഹിയിൽ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ ഗിരിരാജ് സിംഗിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ടെക്സ്റ്റൈൽസ് മന്ത്രാലയം സെക്രട്ടറി ശ്രീമതി നീലം ഷമി റാവു, ജോയിന്റ് സെക്രട്ടറി (ഫൈബർ) ശ്രീമതി പത്മിനി സിംഗ്ല, കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ CMD ശ്രീ ലളിത് കുമാർ ഗുപ്ത, ടെക്സ്റ്റൈൽസ് മന്ത്രാലയത്തിലെയും കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

MSP മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം എത്തുന്ന എല്ലാ അസംസ്കൃത പരുത്തി ഇനങ്ങളും തടസ്സമില്ലാതെ സംഭരിക്കുമെന്നും സമയബന്ധിതവും സുതാര്യവും കർഷക കേന്ദ്രീകൃതവുമായ സേവന വിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പരുത്തി കർഷകരുടെ ക്ഷേമത്തിനായുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുകൊണ്ട് കേന്ദ്രമന്ത്രി ശ്രീ ഗിരിരാജ് സിംഗ് ഉറപ്പ് നൽകി. പരുത്തി കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ഉൽപ്പന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനും പരുത്തി വ്യവസായത്തിന്റെ ഡിജിറ്റൽ ആവാസവ്യവസ്ഥയിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ഗവൺമെന്റിന്റെ കാഴ്ചപ്പാട് അദ്ദേഹം ആവർത്തിച്ചു.

 ഗവൺമെന്റിന്റെ ഡിജിറ്റൽ ഇന്ത്യ ദർശനത്തിന് അനുസൃതമായി, കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ  MSP നൽകി പരുത്തി സംഭരിക്കുന്നത് മുതൽ അത് വിൽക്കുന്നത് വരെയുള്ള എല്ലാ പ്രക്രിയകളും ഇപ്പോൾ പൂർണ്ണമായും നേരിട്ടുള്ള ഇടപെടൽ ഇല്ലാതെയും കടലാസ് രഹിതവുമായാണ് നടത്തുന്നത്. ഇത് MSP പ്രവർത്തനങ്ങളിൽ കർഷകരുടെയും മറ്റ് പങ്കാളികളുടെയും ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതായി കേന്ദ്ര മന്ത്രി പറഞ്ഞു.

ഇതാദ്യമായി സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ഏകീകൃത മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. പരുത്തി കൃഷിയിടത്തിന്റെ വിസ്തീർണ്ണം, പ്രവർത്തനക്ഷമമായ APMC യാർഡുകളുടെ ലഭ്യത, പരുത്തി സംഭരണ കേന്ദ്രത്തിൽ കുറഞ്ഞത് ഒരു സ്റ്റോക്ക് സംസ്കരണ ഫാക്ടറിയുടെയെങ്കിലും ലഭ്യത തുടങ്ങിയ പ്രധാന മാനദണ്ഡങ്ങൾ ഇതിനായി തയ്യാറാക്കി. തൽഫലമായി, പരുത്തി പ്രധാനമായും ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ 550 സംഭരണ കേന്ദ്രങ്ങൾ എന്ന റെക്കോർഡ് എണ്ണം സ്ഥാപിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 2025 ഒക്ടോബർ 1 മുതലും, മധ്യഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒക്ടോബർ 15 മുതലും, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒക്ടോബർ 21 മുതലും  MSP  പ്രകാരമുള്ള പരുത്തി സംഭരണം ആരംഭിക്കും.

 പുതുതായി തുടങ്ങിയ 'കപാസ്-കിസാൻ' മൊബൈൽ ആപ്പ് വഴി ഈ സീസൺ മുതൽ, രാജ്യവ്യാപകമായി പരുത്തി കർഷകരുടെ ആധാർ അടിസ്ഥാനമാക്കിയുള്ള സ്വയം രജിസ്ട്രേഷനും 7 ദിവസത്തെ റോളിംഗ് സ്ലോട്ട് ബുക്കിംഗും സുഗമമാക്കും. സംഭരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, സുതാര്യത ഉറപ്പാക്കുക, നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് (NACH) വഴി കർഷകരുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പേയ്‌മെന്റുകൾ പ്രാപ്തമാക്കുക എന്നിവയാണ് ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം അവതരിപ്പിച്ച എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംബന്ധിച്ച വിവരമറിയിക്കൽ സേവനവും തുടരും.

 അടിസ്ഥാനതലത്തിൽ പിന്തുണ ഉറപ്പാക്കുന്നതിനും സംസ്ഥാനങ്ങളുടെ പരാതികൾ ഉടനടി പരിഹരിക്കുന്നതിനായി ഓരോ എപിഎംസി മണ്ഡിയിലും പ്രാദേശിക നിരീക്ഷണ സമിതികൾ (Local Monitoring Committees) രൂപീകരിക്കും. കൂടാതെ, സംഭരണ കാലയളവിലുടനീളം സംസ്ഥാനതലത്തിൽ പ്രത്യേക ഹെൽപ്പ് ലൈനുകളും ഒരു കേന്ദ്ര സിസിഐ ഹെൽപ്പ് ലൈനും സജീവമായി പ്രവർത്തിക്കും. പരുത്തി സീസൺ ആരംഭിക്കുന്നതിന് മുമ്പ് മതിയായ മനുഷ്യ വിഭവശേഷിയുടെ വിന്യാസം, ചരക്ക് നീക്കത്തിൽ പിന്തുണ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ഏർപ്പെടുത്തും.

****
 


(Release ID: 2163402) Visitor Counter : 2