രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന്റെ വജ്ര ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു
Posted On:
01 SEP 2025 5:58PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (സെപ്റ്റംബർ 1, 2025) കർണാടകയിലെ മൈസൂരുവിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (AIISH) ന്റെ വജ്രജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു.
സംസാരം, കേൾവി എന്നിവ സംബന്ധമായ പ്രശ്നങ്ങളും അവയുടെ ലക്ഷണങ്ങളും തിരിച്ചറിയാനും പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയം നടത്താനും വിദഗ്ധർ ആവശ്യമാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി പറഞ്ഞു. സംസാരം, ശ്രവണ പരിമിതികൾ നേരിടുന്നവരുടെ പ്രശ്നങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധം ഉണ്ടായിരിക്കുകയും അവരോട് സഹകരണത്തിന്റെയും സഹാനുഭൂതിയുടെയും മനോഭാവം പുലർത്തുകയും വേണം. ഈ മേഖലകളിലെല്ലാം AIISH ഒരു പ്രധാന പങ്ക് വഹിക്കുന്നതിൽ രാഷ്ട്രപതിി സന്തുഷ്ടി പ്രകടിപ്പിച്ചു
ഒരു അഖിലേന്ത്യാ സ്ഥാപനം എന്ന നിലയിൽ, ഇന്ത്യയിലും വിദേശത്തുമുള്ള സ്ഥാപനങ്ങൾക്ക് ഒരു മാതൃകയായി മാറാൻ AIISH, നിരന്തര ശ്രമങ്ങൾ നടത്തണമെന്ന് രാഷ്ട്രപതി പറഞ്ഞു. ആശയവിനിമയ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി AIISH രൂപകൽപ്പന ചെയ്ത് സ്ഥാപിച്ച 'ഇൻക്ലൂസീവ് തെറാപ്പി പാർക്ക്' ഇന്ത്യയിലും വിദേശത്തും ഒരു മാതൃകയായി പ്രവർത്തിക്കുന്നുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു. ആശയവിനിമയ വൈകല്യങ്ങളെക്കുറിച്ചും അവ നേരത്തേ തിരിച്ചറിയുന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു സവിശേഷ സംരംഭമാണ് 'AIISH ആരോഗ്യ വാണി'. രാജ്യത്തെ ഒരു പ്രമുഖ സ്ഥാപനമെന്ന നിലയിൽ, ആശയവിനിമയ വൈകല്യങ്ങൾ നേരിടുന്നവരുമായി ബന്ധപ്പെട്ട ദേശീയ നയരൂപീകരണത്തിൽ മാർഗ്ഗനിർദ്ദേശം നൽകാൻ AIISH-ന് കഴിയുമെന്ന് രാഷ്ട്രപതി പറഞ്ഞു.
ഇന്ന് എല്ലാ മേഖലകളിലും സാങ്കേതികവിദ്യ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സംസാര, ശ്രവണ വൈകല്യങ്ങളുടെ പോരായ്മകൾ മറികടക്കുന്നതിന് നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം വളരെ സഹായകരമാണെന്ന് തെളിയിക്കപ്പെടും. എന്നാൽ നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും സാധാരണക്കാരിലേക്ക് എത്തണമെങ്കിൽ, രാജ്യത്ത് അവയുടെ വികസനവും നിർമ്മാണവും അനിവാര്യമാണ്. ഉദാഹരണമായി കോക്ലിയർ ഇംപ്ലാന്റുകൾ പോലുള്ള ഉപകരണങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നതിന്, അവയുടെ നിർമ്മാണത്തിൽ നാം സ്വയംപര്യാപ്തത നേടണം. AIISH പോലുള്ള സ്ഥാപനങ്ങൾ ഈ ദിശയിൽ നേതൃപരമായ പങ്ക് വഹിക്കണം. ഈ മേഖലയിൽ ഗവേഷണവും നൂതനാശയവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ, രാഷ്ട്രനിർമ്മാണത്തിനായുള്ള സംഭാവന കൂടുതൽ ശക്തിപ്പെടുത്താൻ AIISH-ന് കഴിയും. രാജ്യത്തെ മറ്റു പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഈ സ്ഥാപനത്തിന് കഴിയും. AIISH പോലുള്ള സ്ഥാപനങ്ങൾ നൂതനാശയ മനോഭാവത്തോടെയും, അനുകമ്പയോടെയും പ്രവർത്തിക്കണമെന്നും, സംസാര, ശ്രവണ വൈകല്യമുള്ളവരെ സാധാരണ ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്ന വിധത്തിൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കണമെന്നും അവർ പറഞ്ഞു. ഇതിലൂടെ സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഏറ്റവും മികച്ച രീതിയിൽ സംഭാവന നൽകാൻ അത്തരം വ്യക്തികൾക്ക് കഴിയണമെന്നും രാഷ്ട്രപതി പറഞ്ഞു.
ഗവൺമെന്റ്,വിവിധ ക്ഷേമ പദ്ധതികളിലൂടെ ദിവ്യാംഗജർക്ക് സുഗമമായ അന്തരീക്ഷം സൃഷ്ടിച്ചു വരികയാണെന്നും അതുവഴി അവർക്ക് ജീവിതത്തിൽ യാതൊരു ബുദ്ധിമുട്ടുമില്ലാതെ മുന്നേറാൻ കഴിയുമെന്നും രാഷ്ട്രപതി പറഞ്ഞു. 'സുഗമ്യ ഭാരത് അഭിയാൻ' പ്രകാരം, ഭിന്നശേഷിക്കാർക്ക് പുരോഗതിക്കും വികസനത്തിനുമായി തുല്യ അവസരങ്ങൾ നൽകുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും രാഷ്ട്രപതി പറഞ്ഞു. പൊതുസ്ഥലങ്ങൾ, സൗകര്യങ്ങൾ, വിവര സ്രോതസ്സുകൾ എന്നിവ ദിവ്യാംഗ സൗഹൃദമാക്കുന്നതിലൂടെ , ദിവ്യാംഗർക്ക് സൗകര്യമൊരുക്കുക മാത്രമല്ല, സമൂഹത്തിന് അവരോട് സംരക്ഷണ ബോധം ഉള്ളതായി അവർക്ക് അനുഭവപ്പെടുകയും ചെയ്യുമെന്ന് രാഷ്ട്രപതി പറഞ്ഞു.
AIISH സന്ദർശന വേളയിൽ, ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിൽ കഴിയുന്ന ദിവ്യാംഗരായ കുട്ടികളുമായും ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സ നേടിയ ശേഷം വിവിധ മേഖലകളിൽ വിജയം വരിച്ച ദിവ്യാംഗജരുമായും രാഷ്ട്രപതി ആശയവിനിമയം നടത്തി.




രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
********************
(Release ID: 2162900)
Visitor Counter : 2