ആയുഷ്
2025 മുതൽ എല്ലാ വർഷവും സെപ്റ്റംബർ 23 ആയുർവേദ ദിനമായി ആചരിക്കും
Posted On:
26 AUG 2025 3:17PM by PIB Thiruvananthpuram
2016-ൽ ആരംഭിച്ചതിനുശേഷം ആദ്യമായി ഒരു നിശ്ചിത തീയതിയിൽ, അതായത് എല്ലാ വർഷവും സെപ്റ്റംബർ 23 ആയുർവേദ ദിനമായി ആചരിക്കും. 2025 മാർച്ചിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപന പ്രകാരമാണ് തീരുമാനം.മുൻപ് ആയുര്‍വേദ ദിനം ആചരിച്ചിരുന്നത് ധന്വന്തരി ജയന്തി (ധൻതേരാസ്) ദിനത്തിലാണ്. ഒരു നിശ്ചിത തീയതി നിശ്ചയിക്കാനുള്ള ഈ തീരുമാനം ചരിത്രപരമായ മാറ്റത്തെ അടയാളപ്പെടുത്തുന്നു. ഇതിലൂടെ ആയുർവേദത്തിന് ഒരു സാർവത്രിക കലണ്ടർ സ്വത്വം ലഭിക്കുകയും ആഗോള തലത്തിൽ കൂടുതൽ പങ്കാളിത്തം സാധ്യമാക്കുകയും ചെയ്യുന്നു.
'ആയുർവേദം മനുഷ്യനും ഭൂമിക്കും വേണ്ടി' എന്ന ഈ വർഷത്തെ ആയുർവേദ ദിനാചരണത്തിൻ്റെ പ്രമേയം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര ആയുഷ് സഹമന്ത്രിയും(സ്വതന്ത്ര ചുമതല) ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രിയുമായ ശ്രീ പ്രതാപ് റാവു ജാദവ് പറഞ്ഞു, "ആയുർവേദം ഒരു ആരോഗ്യസംരക്ഷണ സംവിധാനം മാത്രമല്ല,അത് വ്യക്തിയും പരിസ്ഥിതിയും തമ്മിലുള്ള ഐക്യത്തിൻ്റെ തത്വത്തിൽ വേരൂന്നിയ ഒരു ജീവശാസ്ത്രമാണ്.സെപ്റ്റംബർ 23 ആയുർവേദ ദിനമായി പ്രഖ്യാപിച്ചതിലൂടെ ഇന്ത്യ ആയുർവേദത്തിന് ഒരു
ആഗോള കലണ്ടർ-സ്വത്വം നൽകി. 'ആയുർവേദം മനുഷ്യനും ഭൂമിക്കും വേണ്ടി' എന്ന 2025-ലെ പ്രമേയം
ആഗോള ക്ഷേമത്തിനും ആരോഗ്യകരമായ ഭൂമിക്കും വേണ്ടി ആയുർവേദത്തിൻ്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്നു."
2016-ൽ ആരംഭിച്ചതുമുതൽ, ഇന്ത്യയുടെ പരമ്പരാഗത അറിവിനെ ആഘോഷിക്കുന്ന ഒരു ആഗോള പ്രസ്ഥാനമായി ആയുർവേദ ദിനം ഉയർന്നുവന്നിട്ടുണ്ടെന്ന് ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കോടേച്ച പറഞ്ഞു." ഗ്രാമീണ,നഗര മേഖലകളിലുടനീളം വ്യാപകമായി ഉപയോഗിക്കുന്ന ചികിത്സാ സമ്പ്രദായമാണ് ആയുർവേദം എന്ന് ദേശീയ തലത്തിൽ നടന്ന ആദ്യത്തെ NSSO സർവേയിലൂടെ വീണ്ടും സ്ഥിരീകരിക്കുന്നു. 2025 ലെ പ്രമേയം സമഗ്ര ആരോഗ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തുന്നതിനുള്ള നമ്മുടെ പ്രതിബദ്ധതയെ അടിവരയിടുന്നു".
9-ാമത് ആയുർവേദ ദിനം (2024) ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ യാത്രയിലെ ഒരു നാഴികക്കല്ലായിരുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ (AIIA) രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുകയും ആയുർവേദ മികവിൻ്റെ നാല് കേന്ദ്രങ്ങൾ ആരംഭിക്കുകയും ഏകദേശം 12,850 കോടി രൂപയുടെ മറ്റ് ആരോഗ്യ അനുബന്ധ സംരംഭങ്ങൾക്കൊപ്പം രാജ്യവ്യാപകമായി "ദേശ് കാ പ്രകൃതി പരീക്ഷൺ അഭിയാൻ" പ്രചാരണത്തിന് തുടക്കമിടുകയും ചെയ്തു.
ഈ മുന്നേറ്റത്തെ അടിസ്ഥാനമാക്കി, 2025-ലെ ആയുർവേദ ദിനം വെറുമൊരു ആഘോഷ ചടങ്ങ് മാത്രമായിട്ടല്ല,മറിച്ച് ജീവിതശൈലി രോഗങ്ങൾ,കാലാവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങൾ,മാനസിക സമ്മർദ്ദ നിയന്ത്രണം തുടങ്ങിയ സമകാലിക ആഗോള വെല്ലുവിളികൾക്കുള്ള പരിഹാരമായി ആയുർവേദത്തെ സ്ഥാപിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ബോധവത്ക്കരണ പ്രചാരണങ്ങൾ, യുവജന പങ്കാളിത്ത പരിപാടികൾ, വെൽനസ് കൺസൾട്ടേഷനുകൾ, ആയുഷ് മന്ത്രാലയവും അതിൻ്റെ സ്ഥാപനങ്ങളും ഏകോപിപ്പിക്കുന്ന അന്താരാഷ്ട്ര സഹകരണങ്ങൾ എന്നിവ ആഘോഷങ്ങളിൽ ഉൾപ്പെടും. 2024-ലെ ആയുർവേദ ദിനത്തിൽ ഏകദേശം 150-ഓളം രാജ്യങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്. ഇത് ആയുർവേദത്തിൻ്റെ വളരുന്ന ആഗോള വ്യാപ്തിയെ വീണ്ടും ഉറപ്പിക്കുന്നു.



*************
(Release ID: 2160961)