രാഷ്ട്രപതിയുടെ കാര്യാലയം
ഫിജി പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
Posted On:
25 AUG 2025 6:29PM by PIB Thiruvananthpuram
ഫിജി പ്രധാനമന്ത്രി സീറ്റീവേനി ലീങ്ങാമാമാദാ റാബുക്ക ഇന്ന് (ഓഗസ്റ്റ് 25, 2025) രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. രാഷ്ട്രപതിഭവനിലായിരുന്നു കൂടിക്കാഴ്ച.
പ്രധാനമന്ത്രി റാബുക്കയെയും പ്രതിനിധിസംഘത്തെയും രാഷ്ട്രപതിഭവനിൽ സ്വാഗതംചെയ്ത രാഷ്ട്രപതി, 2024 ഓഗസ്റ്റിൽ ഫിജിയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനിടയിൽ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ച സ്നേഹപൂർവം അനുസ്മരിച്ചു. തദ്ദേശീയ ഗോത്രത്തലവന്മാർ നൽകിയ മനോഹരമായ പരമ്പരാഗത സ്വീകരണവും അവർ അനുസ്മരിച്ചു. ഫിജിയിലെ ഊർജസ്വലമായ ഇന്ത്യൻ വംശജരെക്കുറിച്ചു പറഞ്ഞ രാഷ്ട്രപതി, ഇന്ത്യൻ സമൂഹാംഗങ്ങളുമായി നടത്തിയ ആശയവിനിമയവും അനുസ്മരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണയും സൗഹൃദവും ആഴത്തിലാക്കുന്നതിൽ ഇന്ത്യൻ സമൂഹത്തിനുള്ള നിർണായക പങ്കിനെ അവർ അഭിനന്ദിച്ചു.
ഇന്ത്യയും ഫിജിയും തമ്മിലുള്ള ദീർഘകാല ബന്ധം, ജനങ്ങൾക്കിടയിലെ കരുത്തുറ്റ ബന്ധങ്ങളാൽ വിശേഷിച്ചും, ശ്രദ്ധേയമാണെന്നു രാഷ്ട്രപതി ചൂണ്ടിക്കാട്ടി. നമ്മുടെ ബന്ധങ്ങൾ കരുത്തോടെ നിലനിർത്തുന്നതിൽ മാത്രമല്ല, ഫിജിയുടെ ബഹുസ്വര സ്വത്വം, വൈവിധ്യമാർന്ന സമൂഹം, സമ്പദ്‌വ്യവസ്ഥ എന്നിവ രൂപപ്പെടുത്തുന്നതിലും ഗിർമിടിയ സമൂഹത്തിന്റെ സംഭാവനകൾ നിർണായകമാണെന്നു രാഷ്ട്രപതി പറഞ്ഞു.
നമ്മുടെ ആധുനികവും ബഹുമുഖവുമായ പങ്കാളിത്തത്തിന്റെ ഭാഗമായി, ആരോഗ്യസംരക്ഷണം, ശേഷിവർധനയും പരിശീലനവും, കാലാവസ്ഥ അതിജീവനശേഷി എന്നിവ പോലുള്ള ഫിജിയുടെ മുൻഗണനകൾക്കു പ്രത്യേക പ്രാധാന്യം നൽകി, ഫിജിയുടെ സാമൂഹ്യ-സാമ്പത്തിക വികസനത്തിൽ പങ്കാളിയാകാൻ ഇന്ത്യക്കു ഭാഗ്യം ലഭിച്ചിരിക്കുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
പസഫിക് ദ്വീപ് രാജ്യങ്ങളുമായുള്ള (PIC) ബന്ധത്തിനും വികസന പങ്കാളിത്തത്തിനും കരുത്തേകുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നു രാഷ്ട്രപതി പറഞ്ഞു. അതിൽ ഫിജി പ്രത്യേക പങ്കാളിയായി തുടരുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ഫിജിയിൽ സൂപ്പർ-സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഇന്ന് ഒപ്പുവച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച രാഷ്ട്രപതി, ഇതു മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ സഹകരണത്തിനായുള്ള നമ്മുടെ പൊതുവായ കാഴ്ചപ്പാടിലെ നാഴികക്കല്ലാണെന്നും വ്യക്തമാക്കി.
ഇന്ത്യൻ സ്ഥാപനങ്ങളിലെ ഫിജിയൻ ഉദ്യോഗസ്ഥർക്കുള്ള ITEC പരിശീലന പരിപാടികൾ ഉൾപ്പെടെ, ഇന്ത്യ-ഫിജി ബന്ധങ്ങളുടെ പ്രധാന സ്തംഭമാണ് ശേഷിവികസനം എന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾ സാമ്പത്തിക ഉൾപ്പെടുത്തലിൽ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ടെന്നും UPI പേയ്‌മെന്റ് സംവിധാനങ്ങൾ, ‘ജൻ ധൻ’, ആധാർ തുടങ്ങിയ സംരംഭങ്ങളിലെ നമ്മുടെ അനുഭവങ്ങൾ ഫിജിയുമായി പങ്കിടുന്നതിൽ സന്തോഷമുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനു ഫിജി ഗവണ്മെന്റ് മുൻഗണന നൽകിയിട്ടുണ്ടെന്നതിൽ രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. കഴിഞ്ഞ കാലത്തെ കരുത്തുറ്റ ഇടപെടലുകൾ ഇതു തെളിയിക്കുന്നുവെന്നും അവർ പറഞ്ഞു. ഈ സന്ദർശനം സഹകരണത്തിനുള്ള പുതിയ പാതകൾ തുറക്കുമെന്നും ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്കു പ്രയോജനകരമാകുമെന്നും ഇരുനേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു.

****
NK
(Release ID: 2160713)