ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

കൊച്ചിയിൽ ലോക് സംവർദ്ധൻ പർവ് നാളെ മുതൽ ആരംഭിക്കും

Posted On: 25 AUG 2025 11:28AM by PIB Thiruvananthpuram
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം 2025 ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 4 വരെ കേരളത്തിലെ കൊച്ചി ഷൺമുഖം റോഡിലുള്ള മറൈൻ ഡ്രൈവ് മൈതാനത്ത്  ലോക് സംവർദ്ധൻ പർവിൻ്റെ അഞ്ചാം പതിപ്പ് സംഘടിപ്പിക്കുന്നു.കേന്ദ്ര ന്യൂനപക്ഷകാര്യ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ പരിപാടി ഉദ്ഘാടനം ചെയ്യും.

ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധർ,കരകൗശല തൊഴിലാളികൾ,നെയ്ത്തുകാർ, പാചക വിദഗ്ധർ,സംരംഭകർ എന്നിവർക്ക് വിപണി ബന്ധങ്ങളും ദേശീയ തലത്തിലുള്ള അവസരങ്ങളും ഒരുക്കിക്കൊടുക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മന്ത്രാലയത്തിൻ്റെ ഒരു മുൻനിര സംരംഭമാണ് ലോക് സംവർദ്ധൻ പർവ്. അവരുടെ കല, കരകൗശലം, കഴിവുകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി വാഗ്ദാനം ചെയ്യുന്നതിലൂടെ ഇന്ത്യയുടെ ഊർജ്ജസ്വലമായ വൈവിധ്യത്തെ ആഘോഷിക്കുന്നതിനൊപ്പം സാമ്പത്തിക ശാക്തീകരണവും ഇത് ശക്തിപ്പെടുത്തുന്നു.നഗരത്തിൻ്റെ കോസ്മോപൊളിറ്റൻ സ്വഭാവവും സംരംഭകത്വവും വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ലോക് സംവർദ്ധൻ പർവ് ആയതിനാൽ കൊച്ചി പതിപ്പ് ഏറെ പ്രാധാന്യമർഹിക്കുന്നു

10 ദിവസത്തെ മേളയിൽ രാജ്യത്തുടനീളമുള്ള നൂറിലധികം കരകൗശലത്തൊഴിലാളികളും 15 പാചക വിദഗ്ധരും അണിനിരക്കും.ഉത്തർപ്രദേശിലെ സരി,ചിക്കൻകാരി,പഞ്ചാബിലെ ഫുൽകാരി എംബ്രോയിഡറി,ബീഹാറിലെ മധുബനി പെയിൻ്റിങ്ങുകൾ,രാജസ്ഥാനിലെ നീല മൺപാത്രങ്ങൾ തുടങ്ങി ലഡാക്കിൽ നിന്നുള്ള പശ്മിന നെയ്ത്ത്,ഛത്തീസ്ഗഢിൽ നിന്നുള്ള ബസ്തർ ഇരുമ്പ് കരകൗശല വസ്തുക്കൾ,കർണാടകയിൽ നിന്നുള്ള ചന്നപട്ടണ മരത്തടി കൊണ്ടുള്ള കളിപ്പാട്ടങ്ങൾ,കേരളത്തിൻ്റെ സ്വന്തം നെറ്റിപ്പട്ടം നിർമ്മാണം തുടങ്ങിയ പരമ്പരാഗത കരകൗശലങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.പരമ്പരാഗത ഭക്ഷണങ്ങൾ,സുഗന്ധവ്യഞ്ജനങ്ങൾ,അച്ചാറുകൾ,ബേക്കറി ഉൽപ്പന്നങ്ങൾ,ഔഷധസസ്യങ്ങൾ,തീരദേശ വിഭവങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ പാചക പ്രദർശനവും സന്ദർശകർക്ക് ആസ്വദിക്കാൻ കഴിയും.പ്രദർശനത്തോടൊപ്പം ന്യൂനപക്ഷ സമുദായങ്ങളുടെ സമ്പന്നമായ കലാ പൈതൃകത്തെ  ഉയർത്തിക്കാട്ടുന്ന സാംസ്കാരിക പ്രകടനങ്ങളും തത്സമയ പ്രകടനങ്ങളും മേളയിൽ നടക്കും.

ഡൽഹിയിലും ശ്രീനഗറിലും നടന്ന ലോക് സംവർദ്ധൻ പർവിൻ്റെ മുൻ പതിപ്പുകൾക്ക് അത്യന്തം ആവേശപൂർണമായ പ്രതികരണമാണ് ലഭിച്ചത്.കൂടാതെ സമഗ്ര വികസനവും സാംസ്കാരിക കൈമാറ്റവും പ്രോത്സാഹിപ്പിച്ചതിന് പ്രശംസ നേടുകയും ചെയ്തു.കരകൗശല വിദഗ്ധർക്കും സംരംഭകർക്കും അവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല സാംസ്കാരിക വിനിമയത്തിനും സമ്പുഷ്ടീകരണത്തിനുമുള്ള വഴികൾ സൃഷ്ടിച്ചുകൊണ്ട് കൊച്ചി പതിപ്പ് ഈ പാരമ്പര്യത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു,

സംസ്കാരത്തിലൂടെ സമൂഹങ്ങളെ ശാക്തീകരിക്കുന്ന ലോക് സംവർദ്ധൻ പർവ് വെറുമൊരു പ്രദർശനം മാത്രമല്ല ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകത്തിൻ്റെ ആഘോഷം കൂടിയാണ്.ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള കരകൗശല തൊഴിലാളികൾക്കും പാചക വിദഗ്ധർക്കും സ്വാശ്രയത്വം,സാമ്പത്തിക ശാക്തീകരണം,സാമുദായിക ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു ദേശീയ വേദി ഇത് നൽകുന്നു. കോസ്‌മോപൊളിറ്റൻ സ്വഭാവമുള്ള കൊച്ചി,ഈ ഊർജ്ജസ്വലമായ സാംസ്കാരിക ഉത്സവത്തിന് ആതിഥേയത്വം വഹിക്കാൻ ഏറ്റവും അനുയോജ്യമായ വേദിയാണ്.

എല്ലാവർക്കുമൊപ്പം,എല്ലാവരുടെയും വികസനം,എല്ലാവരുടെയും വിശ്വാസം,എല്ലാവരുടെയും പരിശ്രമം  എന്നീ ദർശനങ്ങളുമായി പൊരുത്തപ്പെടുന്ന ലോക് സംവർദ്ധൻ പർവ്,സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം സുസ്ഥിരമായ ഉപജീവന അവസരങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള ഒരു വേദി കൂടിയാണ്.

പരിപാടിയുടെ വിശദാംശങ്ങൾ :

📍 സ്ഥലം: മറൈൻ ഡ്രൈവ് മൈതാനം,ഷൺമുഖം റോഡ്,കൊച്ചി,കേരളം
📅 തീയതികൾ: ഓഗസ്റ്റ് 26 - സെപ്റ്റംബർ 4, 2025
🕒 സമയം: രാവിലെ 10:00 - വൈകുന്നേരം 7:00 (ദിവസവും)
👉 പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
 
 
SKY
 
*****

(Release ID: 2160488)