വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

തായ്‌ലൻഡിൽ നടന്ന 23-ാമത് എഐബിഡി ജനറൽ കോൺഫറൻസിൽ, എഐബിഡി എക്സിക്യൂട്ടീവ് ബോർഡിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു

Posted On: 22 AUG 2025 5:44PM by PIB Thiruvananthpuram

തായ്‌ലൻഡിലെ ഫുക്കറ്റിൽ 2025 ഓഗസ്റ്റ് 19 മുതൽ 21 വരെ നടന്ന ഏഷ്യ-പസഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്രോഡ്കാസ്റ്റിംഗ് ഡെവലപ്‌മെന്റിന്റെ (എഐബിഡി) 23-ാമത് ജനറൽ കോൺഫറൻസിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി എഐബിഡി എക്സിക്യൂട്ടീവ് ബോർഡിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു.

2016-ലാണ് ഇന്ത്യ ഏറ്റവും ഒടുവിൽ, എഐബിഡി എക്സിക്യൂട്ടീവ് കൗൺസിൽ അധ്യക്ഷപദവി  വഹിച്ചത് എന്നത്കൊണ്ട് തന്നെ ഈ വിജയം ഇന്ത്യയ്ക്ക്  വളരെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ്. എഐബിഡിയിലെ ഇന്ത്യയുടെ നേതൃ ശക്തിയെ ഈ നേട്ടം കൂടുതൽ കരുത്തുറ്റതാക്കിയിട്ടുണ്ട്. എഐബിഡി ജനറൽ കോൺഫറൻസിന്റെ പ്രസിഡന്റ് എന്ന നിലയിൽ ഇന്ത്യയുടെ നിലവിലെ കാലാവധി 2025 ഓഗസ്റ്റ് വരെ തുടരും.

ഈ അവസരത്തിൽ, എല്ലാ അംഗ രാജ്യങ്ങളുടെയും സംഘടനകളുടെയും തുടർച്ചയായ വിശ്വാസത്തിനും പിന്തുണയ്ക്കും പ്രസാർ ഭാരതി സിഇഒയും എഐബിഡി ജനറൽ കൗൺസിൽ പ്രസിഡന്റുമായ ശ്രീ ഗൗരവ് ദ്വിവേദി കൃതജ്ഞത രേഖപ്പെടുത്തി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു വേണ്ടി സംസാരിച്ച അദ്ദേഹം പറഞ്ഞതിങ്ങനെ :

"ഇന്ത്യയുടെ നേതൃത്വത്തിൽ അർപ്പിച്ച വിശ്വാസത്തെ ഞങ്ങൾ വളരെയധികം വിലമതിക്കുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി, എഐബിഡിയിൽ വിവിധ മേഖലകളിൽ ഒരു സംഘമായി ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ഭാവിയിൽ, ഉഭയകക്ഷി പങ്കാളിത്തത്തിലൂടെയും എല്ലാവരും ചേർന്നും എഐബിഡി പരിപാടികളും സംരംഭങ്ങളും സംഘടിപ്പിക്കുന്നതിന് സഹകരണത്തോടെ പ്രവർത്തിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു."

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും അദ്ദേഹം ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. എഐബിഡിയെ കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നതിന് അവരുമായി ചേർന്ന് പ്രവർത്തിക്കാനുള്ള താല്പര്യം അദ്ദേഹം പ്രകടിപ്പിച്ചു.

എഐബിഡിയെക്കുറിച്ച്:

യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 1977-ൽ സ്ഥാപിതമായ ഏഷ്യ-പസഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്രോഡ്കാസ്റ്റിംഗ് ഡെവലപ്മെന്റ് (എഐബിഡി) ഒരു തനത് പ്രാദേശിക ഇന്റർ ഗവൺമെന്റൽ സംഘടനയാണ്. നിലവിൽ 45 രാജ്യങ്ങളിൽ നിന്നുള്ള 92  സംഘടനകൾ എഐബിഡിയിൽ അംഗങ്ങളായി ഉണ്ട്. ഇവയിൽ:

•26 ഗവൺമെന്റുകൾ പ്രതിനിധീകരിക്കുന്ന 48 ദേശീയ പ്രക്ഷേപകർ  ഉൾപ്പെടുന്നു

•ഏഷ്യ-പസഫിക്, യൂറോപ്പ്, ആഫ്രിക്ക, അറബ് രാജ്യങ്ങൾ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ 28 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള 44 അംഗീകൃത സംഘടനകൾ എഐബിഡിയിൽ ഉൾപ്പെടുന്നു 

ഇന്ത്യ എഐബിഡിയുടെ സ്ഥാപക അംഗമാണ്. കൂടാതെ, ഇന്ത്യയുടെ പൊതു സേവന പ്രക്ഷേപക സംവിധാനമായ പ്രസാർ ഭാരതി, ഈ സംഘടനയിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്നു.

23-ാമത് എഐബിഡി ജനറൽ കോൺഫറൻസിനെക്കുറിച്ച് (ജിസി 2025)

ശ്രീ ഗൗരവ് ദ്വിവേദിയുടെ അധ്യക്ഷതയിൽ, എഐബിഡിയുടെ 23-ാമത് ജനറൽ കോൺഫറൻസും അനുബന്ധ യോഗങ്ങളും തായ്‌ലൻഡിലെ ഫുക്കറ്റിൽ വിജയകരമായി സമാപിച്ചു. ഇലക്ട്രോണിക് മാധ്യമങ്ങളിലെ അന്താരാഷ്ട്ര പങ്കാളികളെ ഈ സമ്മേളനം ഒരുമിച്ച് കൊണ്ടുവന്നു. നയ വിനിമയത്തിലൂടെയും വിഭവങ്ങളുടെ പങ്കിടലിലൂടെയും ഏഷ്യ-പസഫിക് മേഖലയിലുടനീളം ഊർജ്ജസ്വലവും സഹകരണപരവുമായ ഒരു മാധ്യമ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ യോഗം  ശ്രദ്ധ കേന്ദ്രീകരിച്ചു. "ജനങ്ങൾ, സമാധാനം, സമൃദ്ധി എന്നിവയ്ക്കായി മാധ്യമങ്ങൾ " എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം.

ഈ അഭിമാനകരമായ പദവി, പ്രക്ഷേപണ മേഖലയിൽ ഇന്ത്യയുടെ നേതൃമികവിലുള്ള ആഗോളവിശ്വാസത്തെ വീണ്ടും ഉയർത്തിക്കാട്ടുന്നു. കൂടാതെ മാധ്യമ വികസന പ്രവർത്തനങ്ങളെ ലോകമെമ്പാടുമായി രൂപപ്പെടുത്തുന്നതിൽ ഇന്ത്യയ്ക്ക് കൂടുതൽ തന്ത്രപരവും സ്വാധീനപരവുമായ പങ്ക് വഹിക്കാൻ വേദിയൊരുക്കുകയും ചെയ്യുന്നു.

********************


(Release ID: 2159975)