പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

ആഗോള അസംസ്കൃത എണ്ണ വില ചാഞ്ചാട്ട ആഘാതത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാൻ സർക്കാർ സ്വീകരിക്കുന്നത് നിരവധി നടപടികൾ: പെട്രോളിയം മന്ത്രി

Posted On: 21 AUG 2025 7:18PM by PIB Thiruvananthpuram
രാജ്യത്തെ എല്ലാ പൗരന്മാർക്കും ഊർജ്ജ സുരക്ഷ, വിലക്കുറവ്, ലഭ്യത എന്നിവ ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര പെട്രോളിയം , പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി ഇന്ന് ലോക്സഭയിൽ ഒരു നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ അസംസ്കൃത എണ്ണ വിലയിലെ ചാഞ്ചാട്ടത്തിനിടയിലും സർക്കാരും പൊതുമേഖലാ എണ്ണ വിപണന കമ്പനികളും (OMCs) സ്വീകരിച്ച വിവിധ നടപടികളുടെ ഫലമായി രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

പെട്രോള്‍, ഡീസല്‍ വിലകള്‍ വിപണി തന്നെയാണ് നിര്‍ണ്ണയിക്കുന്നതെന്നും വില നിശ്ചയിക്കുന്നതില്‍ പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ (OMCs) ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ വില അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യയ്ക്ക് ആവശ്യമായ അസംസ്കൃത എണ്ണയുടെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അസംസ്കൃത എണ്ണയുടെ വില (ഇന്ത്യൻ ബാസ്കറ്റ്) 2015 മാർച്ചിൽ ബാരലിന് 55 ഡോളറിൽ നിന്ന് 2022 മാര്‍ച്ചില്‍ 113 ഡോളറിലേക്കും 2022 ജൂണിൽ 116 ഡോളറിലേക്കും ഉയർന്നു. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും വിപണി ഘടകങ്ങളും കാരണം വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. എന്നിരുന്നാലും ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ വിലകൾ യഥാക്രമം ലിറ്ററിന് 94.77 രൂപയും 87.67 രൂപയുമായി കുറഞ്ഞു (ഡൽഹി വിലകൾ). 2021 നവംബറിൽ വിലകൾ യഥാക്രമം ലിറ്ററിന് 110.04 രൂപയും 98.42 രൂപയും ആയിരുന്നു.

2021 നവംബറിലും 2022 മെയ് മാസത്തിലും കേന്ദ്ര സർക്കാർ പെട്രോളിന് ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയും എക്സൈസ് തീരുവ രണ്ട് ഘട്ടങ്ങളിലായി കുറച്ചുവെന്നും അതിൻ്റെ പൂര്‍ണമായ പ്രയോജനം ഉപഭോക്താക്കള്‍ക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. അധിക ആശ്വാസം നൽകുന്നതിനായി ചില സംസ്ഥാന സർക്കാരുകളും മൂല്യവര്‍ദ്ധിത നികുതി(VAT) കുറച്ചു. 2024 മാർച്ചിൽ പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ ചില്ലറ വിൽപ്പന വില ലിറ്ററിന് 2 രൂപ വീതം കുറച്ചു. 2025 ഏപ്രിലില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ വീതം എക്‌സൈസ് തീരുവ വർദ്ധിപ്പിച്ചെങ്കിലും ഈ വർദ്ധനവ് ഉപഭോക്താക്കളുടെ മേൽ ചുമത്തിയില്ല.

സർക്കാർ ഉടമസ്ഥതയിലുള്ള (PSU) എണ്ണ വിപണന കമ്പനികൾ (OMCs) സംസ്ഥാനത്തിനുള്ളിലെ ചരക്ക് ഗതാഗതം യുക്തിസഹമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വിദൂര പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് പെട്രോൾ, ഡീസൽ വിലകൾ കുറച്ചുകൊണ്ട് അവ പ്രയോജനം ചെയ്യുമെന്നും ശ്രീ പുരി അറിയിച്ചു. ഒരു സംസ്ഥാനത്തിനുള്ളിലെ പരമാവധി, കുറഞ്ഞ ചില്ലറ വിൽപ്പന വിലകൾ തമ്മിലുള്ള വ്യത്യാസം കുറയ്ക്കാൻ ഇതിലൂടെ സാധിച്ചു.

ഉയർന്ന അന്താരാഷ്ട്ര വിലകളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനായി ക്രൂഡ് ഇറക്കുമതി ബാസ്കറ്റ് വൈവിധ്യവൽക്കരിക്കുക, ആഭ്യന്തര വിപണിയിൽ പെട്രോളിൻ്റേയും ഡീസലിൻ്റേയും ലഭ്യത ഉറപ്പാക്കുന്നതിന് സാർവത്രിക സേവന ബാധ്യത വ്യവസ്ഥകൾ നടപ്പിലാക്കുക, ആഭ്യന്തര പര്യവേഷണവും അസംസ്കൃത എണ്ണയുടെ ഉത്പാദനവും വർദ്ധിപ്പിക്കുക എന്നിവ ഉൾപ്പെടെ നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ, പെട്രോളിൽ എഥനോൾ മിശ്രണം സർക്കാർ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയുടെ ഊർജ്ജ ബാസ്കറ്റിൽ പുനരുപയോഗ ഊർജ്ജത്തിൻ്റെ വിഹിതം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

CNG, LNG, ഹൈഡ്രജൻ, ജൈവ ഇന്ധനമായ എഥനോൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ പ്രചാരണം സർക്കാർ സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ബദൽ ഊർജ്ജ സ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിൻ്റെ തന്ത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവേ ശ്രീ പുരി പറഞ്ഞു.

2018 ലെ ജൈവ ഇന്ധനങ്ങളെക്കുറിച്ചുള്ള ദേശീയ നയം പ്രകാരം 2030 ഓടെ പെട്രോളിൽ 20 ശതമാനം എഥനോൾ മിശ്രിതവും ഡീസലിൽ 5 ശതമാനം ബയോഡീസൽ മിശ്രിതവും ലക്ഷ്യമിട്ടിരുന്നു. എന്നാൽ ഈ ലക്ഷ്യം പിന്നീട് 2025-26 ലേക്ക് എത്തിച്ചു. നിലവിലെ എഥനോൾ വിതരണ വർഷത്തിൽ (ESY) അതായത്  2024-25 കാലയളവിൽ, പൊതുമേഖല എണ്ണ വിപണന കമ്പനികള്‍ (OMCs) 31.07.2025 വരെയുള്ള കണക്കുകൾ പ്രകാരം ശരാശരി 19.05 ശതമാനം എഥനോൾ മിശ്രിതവും 2025 ജൂലൈ മാസത്തിൽ 19.93 ശതമാനം മിശ്രിതവും  കൈവരിച്ചു.

ജൈവ ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, എഥനോൾ മിശ്രിത പെട്രോൾ (EBP) പരിപാടി, ബയോഡീസൽ മിശ്രിത പരിപാടി, CNG യ്‌ക്കൊപ്പം കംപ്രസ്ഡ് ബയോ ഗ്യാസ് (CBG) വിപണനം ചെയ്യുന്നതിനുള്ള SATAT സംരംഭം തുടങ്ങിയ സംരംഭങ്ങൾ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്.

കൂടാതെ, ഗ്രാമീണ ഇന്ത്യ ഉൾപ്പെടെ രാജ്യത്തുടനീളം ജൈവ ഇന്ധന ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിലനിർണ്ണയ ആനുകൂല്യങ്ങൾ, എഥനോൾ ഉത്പാദനത്തിനുള്ള ബദൽ മാർഗങ്ങൾ തുറക്കൽ, കാർഷിക അവശിഷ്ടങ്ങൾ ഉപയോഗിച്ച് രണ്ടാം തലമുറ എഥനോൾ ബയോ-റിഫൈനറികൾ സ്ഥാപിക്കുന്നതിനുള്ള പ്രധാനമന്ത്രി ജി-വാൻ (JI-VAN) യോജനയെക്കുറിച്ചുള്ള  അറിയിപ്പ് പുറപ്പെടുവിക്കുക, മാലിന്യത്തിൽ നിന്നും ബയോമാസിൽ നിന്നുമുള്ള  ജൈവ വള ഉത്പാദനം, CBG SATAT സംരംഭം, എഥനോൾ വാറ്റിയെടുക്കൽ ശേഷി വർദ്ധിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പലിശ സബ്‌വെൻഷൻ പദ്ധതി നടപ്പിലാക്കുക എന്നിവ  ഇതിൽ ഉൾപ്പെടുന്നു.
**************************
 
 
 

(Release ID: 2159576)