തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

സംശുദ്ധ വോട്ടർ പട്ടിക ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു

വോട്ടർ പട്ടിക തയ്യാറാക്കുന്ന ഓരോ ഘട്ടത്തിലും രാഷ്ട്രീയ പാർട്ടികളുടെ പങ്കാളിത്തമുണ്ട്


തെറ്റുണ്ടെങ്കിൽ തിരുത്താൻ വോട്ടർമാർക്കും രാഷ്ട്രീയ പാർട്ടികൾക്കും ഉചിതമായ സമയവും അവസരവും നല്‍കുന്നു

Posted On: 16 AUG 2025 8:04PM by PIB Thiruvananthpuram
  1. ഇന്ത്യയില്‍ ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പ്  സംവിധാനത്തിന് നിയമം അനുശാസിക്കുന്ന പ്രകാരം ബഹുതല വികേന്ദ്രീകൃത ഘടനയാണ്.

  2. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തില്‍  എസ്ഡിഎം തലത്തിലെ  ഉദ്യോഗസ്ഥരായ  ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇആർഒ) ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബിഎൽഒ) സഹായത്തോടെ വോട്ടര്‍പട്ടിക തയ്യാറാക്കി അന്തിമമാക്കുന്നു.  വോട്ടര്‍പട്ടികയുടെ കൃത്യത ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഇആർഒകളും ബിഎൽഒകളും ഏറ്റെടുക്കുന്നു.

  3. കരട് വോട്ടര്‍പട്ടിക  പ്രസിദ്ധീകരിച്ച ശേഷം അതിന്റെ ഡിജിറ്റൽ, ഭൗതിക പകർപ്പുകൾ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും പങ്കിടുകയും ആർക്കും കാണാവുന്ന രീതിയില്‍ തിരഞ്ഞെടുപ്പ്  കമ്മീഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിനകം  അവകാശവാദങ്ങളും എതിർപ്പുകളും സമര്‍പ്പിക്കാന്‍  വോട്ടർമാർക്കും രാഷ്ട്രീയ പാർട്ടികൾക്കും ഒരു മാസം  സമയം അനുവദിച്ചിട്ടുണ്ട്. 

  4. അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഡിജിറ്റൽ, ഭൗതിക പകർപ്പുകൾ എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികളുമായും വീണ്ടും പങ്കിടുകയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.

  5. അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം രണ്ട് തലങ്ങളിലായി അപ്പീൽ നല്‍കാനും അവസരമുണ്ട്.  ആദ്യ അപ്പീൽ ജില്ലാ മജിസ്‌ട്രേറ്റിനും രണ്ടാമത്തെ അപ്പീൽ  സംസ്ഥാന/കേന്ദ്രഭരണപ്രദേശത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും നല്‍കാവുന്നതാണ്. 

  6. നിയമവും ചട്ടങ്ങളും  മാർഗനിർദേശങ്ങളും പ്രകാരം ഉറപ്പാക്കുന്ന അങ്ങേയറ്റത്തെ സുതാര്യതയാണ് വോട്ടർ പട്ടിക തയ്യാറാക്കുന്ന പ്രക്രിയയുടെ മുഖമുദ്ര.

  7. ചില രാഷ്ട്രീയ പാർട്ടികളും അവരുടെ ബൂത്ത് ലെവൽ ഏജന്റുമാരും (ബിഎല്‍എ) ഉചിതമായ സമയത്ത് വോട്ടർ പട്ടിക പരിശോധിച്ചില്ലെന്നും പിഴവുകള്‍ കണ്ടെത്തുകയോ അത് എസ്ഡിഎം/ഇആര്‍ഒ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍  എന്നിവരെ അറിയിക്കുകയോ ചെയ്തില്ലെന്ന് അനുമാനിക്കുന്നു. 

  8. നേരത്തെ തയ്യാറാക്കിയ വോട്ടർ പട്ടിക ഉൾപ്പെടെ വോട്ടർ പട്ടികയിലെ പിശകുകള്‍ സംബന്ധിച്ച് ഈയിടെ ചില രാഷ്ട്രീയ പാർട്ടികളും വ്യക്തികളും പ്രശ്നങ്ങളുന്നയിക്കുന്നുണ്ട്. 

  9. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും ഉന്നയിക്കാന്‍ ഉചിതമായ സമയം അവകാശവാദങ്ങളും എതിർപ്പുകളും ചൂണ്ടിക്കാണിക്കാന്‍ അനുവദിച്ച കാലയളവാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സ്ഥാനാർത്ഥികളുമായും വോട്ടർ പട്ടിക പങ്കിടുന്നതിന് പിന്നിലെ കൃത്യമായ ലക്ഷ്യവും ഇതാണ്.  ശരിയായ സമയത്ത് ഈ പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നെങ്കിൽ  തിരഞ്ഞെടുപ്പുകൾക്ക് മുന്‍പ്  ബന്ധപ്പെട്ട എസ്ഡിഎം/ഇആർഒ തലത്തില്‍ തെറ്റുകൾ തിരുത്താനാവുമായിരുന്നു.

  10. രാഷ്ട്രീയ പാർട്ടികളും  വോട്ടർമാരും  വോട്ടർ പട്ടിക സൂക്ഷ്മമായി പരിശോധിക്കുന്നത്  തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടര്‍ന്നും സ്വാഗതം ചെയ്യുന്നു. പിഴവുകള്‍ തിരുത്താനും സംശുദ്ധ വോട്ടര്‍ പട്ടിക ഉറപ്പാക്കുകയെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ എക്കാലത്തെയും  ലക്ഷ്യത്തിനും ഇത് എസ്ഡിഎമ്മുകളെ / ഇആർഒകളെ സഹായിക്കുന്നു. 

************************************


(Release ID: 2157245)