ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഭീകരവാദത്തിനെതിരെ ഇന്ത്യ ഇപ്പോൾ ഒരു ‘ന്യൂ നോർമൽ’ സ്ഥാപിച്ചിട്ടുണ്ടെന്ന് 79-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ന്യൂഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചുവപ്പുകോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു

Posted On: 15 AUG 2025 4:30PM by PIB Thiruvananthpuram
79-ാമത് സ്വാതന്ത്ര്യദിനത്തിൽ ന്യൂഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചുവപ്പുകോട്ടയുടെ കൊത്തളത്തിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ഭീകരവാദത്തിനെതിരെ ഇന്ത്യ ഇപ്പോൾ ഒരു ‘ന്യൂ നോർമൽ’ സ്ഥാപിച്ചതായി പ്രസ്താവിച്ചു. ഭീകരവാദത്തെ പരിപോഷിപ്പിക്കുകയും  സംരക്ഷിക്കുകയും ചെയ്യുന്നവരേയും ഭീകരവാദികളെ ശാക്തീകരിക്കുന്നവരേയും ഇനി വേർതിരിച്ചു കാണില്ല. അവർ എല്ലാവരും മനുഷ്യരാശിയുടെ ശത്രുക്കളാണ്. അവർക്കിടയിൽ യാതൊരു വ്യത്യാസവുമില്ല. ആണവ ഭീഷണികൾ ഇന്ത്യ ഇനി സഹിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഏറെക്കാലമായി തുടരുന്ന ആണവ ഭീഷണി ഇന്ത്യ ഇനി ഒരിക്കലും സഹിക്കുകയില്ല.

ബ്രിട്ടീഷ് കാലഘട്ടം മുതൽ ശിക്ഷാനിയമത്തിൻ്റെ  ഭാരം നമ്മെ അലട്ടിയിരുന്നുവെന്നും ശിക്ഷയെ ഭയന്ന് ജീവിച്ചുവെന്നും സ്വാതന്ത്ര്യത്തിൻ്റെ 75 വർഷങ്ങൾ ഈ രീതിയിലാണ് കടന്നുപോയതെന്നും മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പരാമർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഞങ്ങൾ  ശിക്ഷാനിയമം റദ്ദാക്കുകയും ഭാരതീയ ന്യായസംഹിത അവതരിപ്പിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ഭാരതീയ ന്യായസംഹിത ഇന്ത്യയിലെ പൗരന്മാരിലുള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. പരിഷ്കരണത്തിന്റെ യാത്ര ത്വരിതപ്പെടുത്തുക എന്ന ദൗത്യം ഞങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും അതിവേഗം മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഘടനാപരവും നിയന്ത്രണപരവും നയപരവും പ്രക്രിയാപരവും ഭരണഘടനാപരവുമായ എല്ലാത്തരം പരിഷ്കരണങ്ങളും നാം ലക്ഷ്യബോധത്തോടെ പിന്തുടരുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചെറിയ പ്രശ്‌നങ്ങൾക്ക് പോലും  ആളുകളെ ജയിലിലടയ്ക്കുന്ന നിയമങ്ങൾ നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നും അതിശയകരമെന്നോണം ആരും ഇതിൽ ശ്രദ്ധ ചെലുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ നിയമങ്ങൾ റദ്ദാക്കണമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ഇതിന് വേണ്ടിയുള്ള ബില്ലുകൾ മുമ്പും പാർലമെൻ്റിൽ കൊണ്ടുവന്നിട്ടുണ്ടെന്നും ഇത്തവണ വീണ്ടും കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നാം അഭിവൃദ്ധിയിലേക്ക് നീങ്ങുകയാണ്, എന്നാൽ അഭിവൃദ്ധിയിലേക്കുള്ള പാത സുരക്ഷയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ 11 വർഷമായി ദേശീയ സുരക്ഷയ്ക്കും രാജ്യത്തിൻ്റെ സംരക്ഷണത്തിനും പൗരന്മാരുടെ സുരക്ഷയ്ക്കും വേണ്ടി പൂർണ്ണ സമർപ്പണത്തോടെ സർക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്നും മാറ്റം കൊണ്ടുവരുന്നതിൽ വിജയിച്ചതായും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തെ ഒരു വലിയ ഗോത്ര മേഖല വർഷങ്ങളോളം നക്സലിസത്തിൻ്റേയും മാവോയിസത്തിൻ്റേയും പിടിയിൽ രക്തരൂഷിതമായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് ഗോത്രവർഗ്ഗ കുടുംബങ്ങളാണ്. ഗോത്രവർഗക്കാരായ അമ്മമാർക്കും സഹോദരിമാർക്കും അവരുടെ വാഗ്ദാനങ്ങളായ സന്താനങ്ങളെ നഷ്ടമായി. അവരുടെ യുവാക്കളായ പുത്രന്മാർ തെറ്റായ പാതയിലേക്ക് വലിച്ചിഴക്കപ്പെടുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും അവരുടെ ജീവിതം നശിപ്പിക്കപ്പെടുകയും ചെയ്തു. ഇരുമ്പു കരം ഉപയോഗിച്ചാണ് സർക്കാർ ഇതിനെതിരെ പ്രവർത്തിച്ചതെന്ന് പ്രധാനമന്ത്രി ശ്രീ മോദി പറഞ്ഞു. രാജ്യത്തെ 125 ലധികം ജില്ലകളിൽ നക്സലിസം വേരൂന്നിയ ഒരു കാലമുണ്ടായിരുന്നു. കൂടാതെ നമ്മുടെ ഗോത്ര മേഖലകളും അവിടെയുള്ള യുവാക്കളും ഒരു കാലത്ത് മാവോയിസത്തിൻ്റെ പിടിയിൽ അകപ്പെട്ടിരുന്നു. 125 ജില്ലകളിൽ നിന്ന് ഇന്ന് അത് 20 ജില്ലകളാക്കി ചുരുക്കാൻ നമുക്ക് സാധിച്ചു. നമ്മുടെ ഗോത്ര സമൂഹങ്ങൾക്ക് നാം നൽകുന്ന ഏറ്റവും വലിയ സേവനമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ബസ്തറിനെ ഓർക്കുമ്പോൾ മാവോയിസം, നക്സലിസം എന്നിവയുടെയും  ബോംബുകളുടേയും തോക്കുകളുടേയും ശബ്ദം കാതിൽ മുഴങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
ഇന്ന് അതേ ബസ്തറിൽ, മാവോയിസത്തിൽ നിന്നും നക്സലിസത്തിൽ നിന്നും മോചിതരായ ശേഷം ആയിരക്കണക്കിന് യുവാക്കൾ ഭാരത് മാതാ കീ ജയ് എന്ന വിളിച്ചുകൊണ്ട് ഒളിമ്പിക്സിൽ പങ്കെടുക്കുകയും കായിക മേഖലയിലേക്ക് പ്രവേശിക്കുകയും ചെയ്യുമ്പോൾ അന്തരീക്ഷം മുഴുവനും ആവേശത്താൽ നിറഞ്ഞിരിക്കുന്നു. രാജ്യം മുഴുവൻ ഈ മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് ചുവന്ന ഇടനാഴികൾ എന്നറിയപ്പെട്ടിരുന്ന പ്രദേശങ്ങൾ ഇപ്പോൾ വികസനത്തിൻ്റെ ഹരിത ഇടനാഴികളായി മാറുകയാണ് -ഇത് നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്.

ഇന്ത്യയുടെ ഭൂപടത്തിലെ രക്തരൂഷിതവും ചുവപ്പ് നിറമുള്ളതുമായ പ്രദേശങ്ങളിൽ ഭരണഘടനയുടേയും നിയമത്തിൻ്റേയും വികസനത്തിൻ്റേയും ത്രിവർണ്ണ പതാക ഉയർത്താൻ സാധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഭഗവാൻ ബിർസാ മുണ്ടയുടെ 150-ാം ജന്മവാർഷിക വേളയാണിത്. ഈ അവസരത്തിൽ ഗോത്രമേഖലകളെ നക്സലിസത്തിൽ നിന്ന് മോചിപ്പിച്ചും ഗോത്രവർഗ്ഗ യുവാക്കളുടെ ജീവൻ രക്ഷിച്ചും ഭഗവാൻ ബിർസാ മുണ്ടയ്ക്ക് യഥാർത്ഥ ആദരാഞ്ജലി അർപ്പിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗൂഢാലോചനയുടേയും ആസൂത്രിത പദ്ധതികളുടേയും ഭാഗമായി രാജ്യത്തെ ജനസംഖ്യാ ഘടനയിൽ മാറ്റം സംഭവിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. തത്‌ഫലമായി പുതിയ പ്രതിസന്ധി സൃഷ്ടിക്കുകയും നുഴഞ്ഞുകയറ്റക്കാർ രാജ്യത്തെ യുവാക്കളുടെ ഉപജീവനമാർഗ്ഗം അപഹരിക്കുകയും ചെയ്യുന്നു. ഈ നുഴഞ്ഞുകയറ്റക്കാർ രാജ്യത്തെ സഹോദരിമാരേയും പെൺമക്കളേയും ലക്ഷ്യമിടുന്നു, ഇനി ഇത് അനുവദിക്കില്ല. ഇവർ നിരപരാധികളായ ഗോത്രവർഗ്ഗക്കാരെ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ ഭൂമി കൈവശപ്പെടുത്തുകയും ചെയ്യുകയാണ്. രാജ്യം ഇനി ഇത് അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനസംഖ്യാ ഘടനയിൽ മാറ്റംവന്നാൽ, പ്രത്യേകിച്ച് അതിർത്തി പ്രദേശങ്ങളിൽ ഈ മാറ്റം സംഭവിച്ചാൽ അത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകും. ഇത് രാജ്യത്തിൻ്റെ  ഐക്യത്തിനും സമഗ്രതയ്ക്കും പുരോഗതിക്കും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയും സാമൂഹ്യ സംഘർഷത്തിൻ്റെ  വിത്തുകൾ വിതയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നുഴഞ്ഞുകയറ്റക്കാർക്ക് മുന്നിൽ കീഴടങ്ങാൻ ഒരു രാജ്യത്തിനും കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഒരു രാജ്യത്തിനും ഇത് ചെയ്യാൻ കഴിയില്ലെങ്കിൽ, ഇന്ത്യയ്ക്ക് എങ്ങനെ അത് ചെയ്യാൻ കഴിയും?. ത്യാഗത്തിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും നമ്മുടെ പൂർവ്വികർ നമുക്ക് സ്വാതന്ത്ര്യം നേടിത്തരുകയും സ്വതന്ത്ര ഇന്ത്യയെ പ്രദാനം ചെയ്യുകയും ചെയ്തു. നമ്മുടെ രാജ്യത്ത് ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാതിരിക്കുക എന്നത് ആ മഹാന്മാരോടുള്ള നമ്മുടെ കടമയാണ്, ഇതാണ് അവർക്കുള്ള നമ്മുടെ യഥാർത്ഥ ആദരം എന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ചുവപ്പുകോട്ടയുടെ കൊത്തളത്തിൽ നിന്ന് ഉന്നതാധികാര ജനസംഖ്യാ ദൗത്യം ആരംഭിക്കാൻ തീരുമാനിച്ചതായി താൻ പ്രഖ്യാപിക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ബാധിച്ചിരിക്കുന്ന ഗുരുതര പ്രതിസന്ധിയെ നേരിടാൻ ആസൂത്രിതവും കൃത്യവുമായ രീതിയിൽ നിശ്ചിത സമയത്തിനുള്ളിൽ  ഈ ദൗത്യം പ്രവർത്തനം നിർവ്വഹിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
 
*********************

(Release ID: 2156987)