തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

യുവാക്കൾക്ക് തൊഴിലവസരം ഊർജിതപ്പെടുത്താൻ 'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജന' പ്രധാനമന്ത്രി ശ്രീ മോദി പ്രഖ്യാപിച്ചു

Posted On: 15 AUG 2025 2:32PM by PIB Thiruvananthpuram

 

ചരിത്രപ്രധാനമായ ചുവപ്പു കോട്ടയിലെ തന്റെ 12-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജന' പ്രഖ്യാപിച്ചു. ഒരു ലക്ഷം കോടിരൂപ വകയിരുത്തിയിട്ടുള്ള പദ്ധതി വഴി രണ്ട് വർഷത്തിനുള്ളിൽ 3.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. പുതുതായി ജോലിയിൽ പ്രവേശിക്കുന്ന യുവാക്കൾക്ക് രണ്ട് ഗഡുക്കളായി 15,000 രൂപ വരെയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ പുതിയ ജീവനക്കാരനെയും നിയമിക്കുന്ന തൊഴിലുടമകൾക്ക് പ്രതിമാസം 3000 വരെയും ആനുകൂല്യങ്ങൾ നൽകും.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

ഭാഗം എ - ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്കുള്ള പിന്തുണ:

ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാരെ ലക്ഷ്യമാക്കി, രണ്ട് ഗഡുക്കളായി പരമാവധി 15,000 രൂപ വരെ ഒരു മാസത്തെ ഇപിഎഫ് വേതനം വാഗ്ദാനം ചെയ്യുന്നു. ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ള ജീവനക്കാർക്ക് ഈ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. ആദ്യ ഗഡു ജീവനക്കാരൻ 6 മാസത്തെ സേവനം പൂർത്തിയാക്കിയ ശേഷവും രണ്ടാം ഗഡു 12 മാസത്തെ സേവനവും ഒരു സാമ്പത്തിക സാക്ഷരതാ പരിപാടിയും പൂർത്തിയാക്കിയതിനുശേഷവുമാകും നൽകുക. സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനായി, ഈ ആനുകൂല്യത്തിന്റെ ഒരു ഭാഗം ഒരു നിശ്ചിത കാലയളവിലേക്ക് ഒരു സേവിംഗ്സ് ഡെപ്പോസിറ്റ് അക്കൗണ്ടിൽ സൂക്ഷിക്കുകയും പിന്നീട് ജീവനക്കാരന് അത് പിൻവലിക്കുകയും ചെയ്യാം.

ഇത് ആദ്യമായി ജോലിയിൽ പ്രവേശിച്ച ഏകദേശം 1.92 കോടി ജീവനക്കാർക്ക് പ്രയോജനപ്പെടും.

ഭാഗം ബി - തൊഴിലുടമകൾക്കുള്ള ആനുകൂല്യങ്ങൾ

ഈ ഭാഗം എല്ലാ മേഖലകളിലും പ്രത്യേകിച്ച് ഉൽപ്പാദന മേഖലയിൽ അധിക തൊഴിൽ സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ള പുതിയ ജീവനക്കാരെ നിയമിക്കുന്ന തൊഴിലുടമകൾക്ക് ഈ ആനുകൂല്യം ലഭിക്കും. കുറഞ്ഞത് ആറ് മാസത്തേക്ക് നിലനിർത്തുന്ന ഓരോ അധിക ജോലിക്കും രണ്ട് വർഷത്തേക്ക്, പ്രതിമാസം 3000 രൂപ വരെ തൊഴിലുടമകൾക്ക് ആനുകൂല്യമായി ഗവൺമെന്റ് നൽകും. ഉൽപ്പാദന മേഖലയ്ക്ക്, മൂന്നാമത്തെയും നാലാമത്തെയും വർഷങ്ങളിലും ആനുകൂല്യങ്ങൾ നൽകുന്നത് തുടരും.
ഏകദേശം 2.60 കോടി പേർക്കായി അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പദ്ധതി.

ആനുകൂല്യങ്ങളുടെ ഇടപാട് സംവിധാനം: പദ്ധതിയുടെ പാർട്ട് എ പ്രകാരം ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്കുള്ള എല്ലാ പേയ്‌മെന്റുകളും ആധാർ അധിഷ്ഠിത പെയ്മെന്റ് സംവിധാനം (ABPS) ഉപയോഗിച്ച് നേരിട്ടുള്ള കൈമാറ്റ പ്രക്രിയ (DBT) വഴിയായിരിക്കും നടത്തുക. പാർട്ട് ബി പ്രകാരം തൊഴിലുടമകൾക്കുള്ള ആനുകൂല്യങ്ങൾ നേരിട്ട് അവരുടെ പാൻ കാർഡ് ബന്ധിത അക്കൗണ്ടുകളിലേക്ക് നൽകും. ഇ എൽ ഐ പദ്ധതി ഉപയോഗിച്ച്, എല്ലാ മേഖലകളിലും, പ്രത്യേകിച്ച് ഉൽപാദന മേഖലയിൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ഉത്തേജിപ്പിക്കാനും ആദ്യമായി തൊഴിൽ ശക്തിയുടെ ഭാഗമാകുന്ന യുവാക്കളെ പ്രോത്സാഹിപ്പിക്കാനും ഗവൺമെന്റ് ഉദ്ദേശിക്കുന്നു. കോടിക്കണക്കിന് യുവതീയുവാക്കൾക്ക് സാമൂഹിക സുരക്ഷാ പരിരക്ഷ ലഭ്യമാക്കിക്കൊണ്ട് രാജ്യത്തെ തൊഴിൽ ശക്തിയെ ഔപചാരികമാക്കുക എന്നതാണ് പദ്ധതിയുടെ ഒരു പ്രധാന ഗുണഫലം.

***************


(Release ID: 2156899)