രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഗോത്രവിഭാഗങ്ങളിൽ നിന്നുള്ള 30 വിദ്യാർത്ഥികളുമായി രക്ഷാ മന്ത്രി സംവദിച്ചു.

Posted On: 14 AUG 2025 2:54PM by PIB Thiruvananthpuram

 

ആൻഡമാൻ & നിക്കോബാർ ദ്വീപുകളിലെ ഗോത്രവിഭാഗങ്ങളിൽ നിന്നുള്ള 30 പ്രതിഭാധനരായ ഹയർസെക്കൻഡറി വിദ്യാർത്ഥികളുമായി രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, ഓഗസ്റ്റ് 14, 2025-ന് ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ആൻഡമാൻ & നിക്കോബാർ കമാൻഡ് (ANC) സംഘടിപ്പിച്ച 'ആരോഹൺ: ദ്വീപ് ടു ഡൽഹി' എന്ന ഏഴു ദിവസത്തെ ദേശീയോദ്ഗ്രഥന യാത്രയുടെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് രക്ഷാ മന്ത്രിയുമായി സംവദിക്കാൻ അവസരം ലഭിച്ചത്. ഈ വിദ്യാർത്ഥികൾ ഓഗസ്റ്റ് 15, 2025-ന് ചുവപ്പു കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിലും പങ്കാളികളാകും.

 

സംവാദത്തിനിടെ, ഒരു വ്യക്തിയുടെ സ്വഭാവം രൂപീകരിക്കുന്നതിൽ മാനുഷിക മൂല്യങ്ങൾക്കുള്ള പ്രാധാന്യം രക്ഷാ മന്ത്രി ഊന്നിപ്പറഞ്ഞു. പഠനത്തോടൊപ്പം സ്വഭാവ രൂപീകരണത്തിനും തുല്യ പ്രാധാന്യം നൽകണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.

ഏത് വെല്ലുവിളികളെയും ആത്മവിശ്വാസത്തോടെയും ഭയമില്ലാതെയും നേരിടാൻ ശ്രീ രാജ്‌നാഥ് സിംഗ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. ഇന്ത്യയെ ഭാവിയിൽ ഏറ്റവും ശക്തമായ രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റുന്നതി സംഭാവനകൾ നൽകാൻ അദ്ദേഹം വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയും അവരുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.

 

സന്ദർശകരായ വിദ്യാർത്ഥികൾക്ക് രക്ഷാ മന്ത്രി മധുരം നൽകി. കൂടിക്കാഴ്ചയുടെ അവസാനം ദ്വീപുകളിലെ പ്രാദേശിക ഗോത്രവിഭാഗക്കാർ നിർമ്മിച്ച പരമ്പരാഗത കരകൗശല ഉൽപ്പന്നം രക്ഷാ മന്ത്രിക്ക് സമ്മാനിച്ചു. എഎൻസിയും, ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ഹെഡ്ക്വാർട്ടേഴ്സ്, ഡൽഹി ഏരിയ ഹെഡ്ക്വാർട്ടേഴ്സ്, ആൻഡമാൻ & നിക്കോബാർ ദ്വീപുകളിലെ സിവിൽ അഡ്മിനിസ്ട്രേഷൻ എന്നിവയുടെ ഈ സംയുക്ത സംരംഭത്തെ ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. സംവാദത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് എയർ മാർഷൽ അശുതോഷ് ദീക്ഷിത് എന്നിവരും സന്നിഹിതരായിരുന്നു.

വിദൂര ദ്വീപ് സമൂഹങ്ങളിലെ യുവജനങ്ങൾക്ക് ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസ അവസരങ്ങൾ എന്നിവ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 'ആരോഹൺ: ദ്വീപ് ടു ഡൽഹി' രൂപകൽപ്പന ചെയ്തിട്ടുള്ളത്. ചുവപ്പു കോട്ട, ഇന്ത്യാ ഗേറ്റ്, ദേശീയ യുദ്ധ സ്മാരകം, താജ്മഹൽ തുടങ്ങിയ പ്രമുഖ സ്ഥലങ്ങളും ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, നാഷണൽ സയൻസ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങളും സന്ദർശിക്കുന്നത് ഈ യാത്രയുടെ ഭാഗമാണ്. ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ പ്രദേശങ്ങളിൽ നിന്നുള്ള ഭാവി നേതാക്കൾക്ക് അവസരങ്ങൾ നൽകുന്നതിനും വേണ്ടിയുള്ള സർക്കാരിന്റെ പ്രതിബദ്ധത ഈ പരിപാടി എടുത്തുകാണിക്കുന്നു.

**********


(Release ID: 2156505)