യു.പി.എസ്.സി
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ശതാബ്ദി വാർഷികാഘോഷങ്ങൾ 2025 ഒക്ടോബർ ഒന്ന് മുതൽ ആരംഭിക്കും
Posted On:
12 AUG 2025 2:40PM by PIB Thiruvananthpuram
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി), അതിന്റെ പ്രവർത്തനത്തിന്റെ 100 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ, ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ശതാബ്ദി ആഘോഷിക്കും. 2025 ഒക്ടോബർ 1 ന് ആരംഭിക്കുന്ന ശതാബ്ദി വാർഷികാഘോഷങ്ങൾ 2026 ഒക്ടോബർ 1 വരെ തുടരും. യു.പി.എസ്.സി ചെയർമാൻ ശ്രീ അജയ് കുമാറിന്റെ അധ്യക്ഷതയിൽ അടുത്തിടെ നടന്ന കമ്മീഷൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
1919-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിലെ വ്യവസ്ഥകളുടെയും 1924-ലെ ലീ കമ്മീഷന്റെ ശുപാർശകളുടെയും അടിസ്ഥാനത്തിൽ, 1926 ഒക്ടോബർ 1-നാണ് ഇന്ത്യയിൽ പബ്ലിക് സർവീസ് കമ്മീഷൻ സ്ഥാപിതമായത്. പിന്നീട് ഫെഡറൽ പബ്ലിക് സർവീസ് കമ്മീഷൻ (1937) എന്ന് നാമകരണം ചെയ്യപ്പെട്ട കമ്മീഷൻ, 1950 ജനുവരി 26-ന് ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതോടെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
ഗവൺമെന്റ് സർവീസുകളിലെ ഉന്നതതല സ്ഥാനങ്ങളിലേക്ക് കർശനവും നിഷ്പക്ഷവുമായ പ്രക്രിയയിലൂടെ ഏറ്റവും അർഹരായ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്ന യു.പി.എസ്.സി, ആരംഭകാലം മുതൽക്കെ സുതാര്യതയുടെയും നീതിയുടെയും ഭരണവ്യവസ്ഥയുടെയും പ്രതീകമാണെന്ന് യുപിഎസ്സി ചെയർമാൻ ശ്രീ അജയ് കുമാർ പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി, കമ്മീഷന്റെ രാഷ്ട്രസേവനത്തെ പ്രതീകപ്പെടുത്തുന്ന ഒരു ലോഗോയും ടാഗ്‌ലൈനും പുറത്തിറക്കാൻ യുപിഎസ്സി പദ്ധതിയിടുന്നു. വിവിധ നവസംരംഭങ്ങളും പരിഷ്‌കാരങ്ങളും ആസൂത്രണം ചെയ്യുന്നുമുണ്ട്. അവ ശതാബ്ദി വർഷത്തിൽ പുറത്തിറക്കും.
''പരിപാടികളുടെ പട്ടിക തയ്യാറാക്കുന്നതിനിടയിൽ, ഞങ്ങളുടെ ജീവനക്കാരിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടി. അവരെ ശതാബ്ദി വാർഷികാഘോഷങ്ങളുടെ അവിഭാജ്യ ഘടകമാക്കാനാണ് ശ്രമം. ഈ പ്രക്രിയയിൽ, പ്രവർത്തിക്കാനുള്ള വിലപ്പെട്ട ചില നിർദ്ദേശങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.'' എന്ന് ഒരുക്കങ്ങളെക്കുറിച്ച് സംസാരിക്കവെ ശ്രീ അജയ് കുമാർ കൂട്ടിച്ചേർത്തു.
''നമ്മുടെ പൈതൃകത്തിലേക്ക് അഭിമാനത്തോടെ തിരിഞ്ഞുനോക്കാനും, പുരോഗതിയ്ക്കായി ആത്മപരിശോധന നടത്താനും, രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ ഏറ്റവും മികച്ച മനുഷ്യവിഭവശേഷി വിന്യസിച്ചുകൊണ്ട് രാജ്യത്തിന് അഭിമാനം പകരുന്നത് ഉറ്റുനോക്കാനും ശതാബ്ദി വാർഷികാഘോഷങ്ങൾ അവസരം നൽകുന്നു. യു.പി.എസ്.സിയുടെ അടുത്ത നൂറു വർഷത്തെ യശസ്സിനായി ഒരു രൂപരേഖ തയ്യാറാക്കാനുള്ള അവസരം കൂടിയാണിത്, ''ശ്രീ അജയ് കുമാർ പറഞ്ഞു.
SKY
****************
(Release ID: 2155633)