പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

ലോക സിംഹദിനം 2025 ഗുജറാത്തിൽ നാളെ ആഘോഷിക്കും

Posted On: 09 AUG 2025 11:02AM by PIB Thiruvananthpuram
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഗുജറാത്ത് സർക്കാരിന്റെ വനം, പരിസ്ഥിതി വകുപ്പുമായി സഹകരിച്ച് 2025 ആഗസ്റ്റ് 10ന് ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയിലെ ബർദ വന്യജീവി സങ്കേതത്തിൽ ലോക സിംഹ ദിനം-2025 ആഘോഷിക്കും. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ആഘോഷത്തിൽ പങ്കെടുക്കും.
 
 
ലോകമെമ്പാടുമുള്ള സിംഹങ്ങളുടെ പരിപാലനത്തെയും സംരക്ഷണത്തെയും കുറിച്ച് അവബോധം വളർത്തുക എന്നതാണ് എല്ലാ വർഷവും ആഗസ്റ്റ് 10ന് ആഘോഷിക്കപ്പെടുന്ന ലോക സിംഹ ദിനത്തിന്റെ ലക്ഷ്യം. ഗുജറാത്തിൽ, സൗരാഷ്ട്ര മേഖലയിൽ മാത്രം കാണപ്പെടുന്ന ഒരു സവിശേഷ പാരിസ്ഥിതിക, സാംസ്‌കാരിക നിധിയാണ് ഏഷ്യൻ സിംഹം. പ്രോജക്ട് ലയണിന് കീഴിൽ കേന്ദ്ര മന്ത്രാലയത്തിന്റെയും സംസ്ഥാനത്തിന്റെയും നിരന്തരമായ പരിശ്രമങ്ങളും ഗുജറാത്ത് സർക്കാരിന്റെ നേതൃത്വവും ഈ അതിസവിശേഷ ഇനത്തിന്റെ നിലനിൽപ്പും വളർച്ചയും ഉറപ്പാക്കുന്നതിൽ ഗണ്യമായ നേട്ടങ്ങൾ കൈവരിച്ചു.
 
 
'കാട്ടിലെ രാജാവായ' ഏഷ്യൻ സിംഹത്തിന്റെ പരിപാലനവും സംരക്ഷണവും സംബന്ധിച്ച അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി, ഗുജറാത്തിലെ സൗരാഷ്ട്രയിലെ 11 ജില്ലകളിലായി ആഗസ്റ്റ് 10ന് വിപുലമായ 'ലോക സിംഹ ദിന' ആഘോഷങ്ങൾ സംഘടിപ്പിക്കും. സൗരാഷ്ട്രയിലെ 11 ജില്ലകളിലായി ഏകദേശം 35,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ പ്രൗഢഗംഭീരരായ ഈ മൃഗയിനങ്ങൾ സ്വതന്ത്രമായി വിഹരിക്കുകയാണ്. 2020 മുതൽ ഗുജറാത്തിലെ സിംഹങ്ങളുടെ എണ്ണം 32 ശതമാനം വർദ്ധിച്ചു. സിംഹങ്ങളുടെ എണ്ണം 2020 ൽ 674 ആയിരുന്നത് 2025 മെയ് മാസത്തെ കണക്കെടുപ്പ് അനുസരിച്ച് 891 ആയി ഉയർന്നു.
 
 
സിംഹങ്ങളുടെ ആവാസമേഖലയായ ഗ്രേറ്റർ ഗിറിലെ 11 ജില്ലകളിലുടനീളമുള്ള സ്‌കൂളുകളിലും കോളേജുകളിലും നിന്നുമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഉപഗ്രഹ ആശയവിനിമയം വഴി ഈ പരിപാടിയിൽ പങ്കുചേരും. 2024-ൽ, ലോക സിംഹ ദിനത്തിൽ നടന്ന പരിപാടിയിൽ 18.63 ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു .
 
 
 
 
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയുക :  https://www.pib.gov.in/PressReleasePage.aspx?PRID=2154557
 
 
***************

(Release ID: 2154652)