പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ എഥനോൾ മുന്നേറ്റം തടയാനാകില്ലെന്ന് കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി

Posted On: 08 AUG 2025 6:55PM by PIB Thiruvananthpuram

ഇന്ത്യയുടെ എഥനോൾ മുന്നേറ്റത്തെ തടയാനാകില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി പറഞ്ഞു. ‘പയനിയർ ബയോഫ്യൂവൽസ് 360’ ഉച്ചകോടിയോടനുബന്ധിച്ച് സംഘടിപ്പിച്ച അനൗപചാരിക സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റ 2014-ന് ശേഷമാണ് എഥനോൾ മിശ്രിത പെട്രോൾ (ഇബിപി) സംരംഭം ഊര്‍ജം കൈവരിച്ചതെന്ന് പദ്ധതിയുടെ വിജയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 2014-ൽ കേവലം 1.53% മാത്രമായിരുന്ന എഥനോൾ മിശ്രണം നിശ്ചിത സമയപരിധിയ്ക്ക് അഞ്ചുമാസം മുന്‍പുതന്നെ 2022 -ഓടെ 10 ശതമാനമായി ഉയര്‍ന്നു. 2030-ഓടെ 20% മിശ്രണം (ഇ-20) എന്ന യഥാർത്ഥ ലക്ഷ്യം 2025-ല്‍ നിലവിലെ എഥനോൾ വിതരണ വർഷം (ഇഎസ്‍വൈ) തന്നെ കൈവരിക്കാനായി. എഥനോളിന് ഉറപ്പായ വിലനിർണയം, ഒന്നിലേറെ ഫീഡ്‌സ്റ്റോക്കുകൾ അനുവദിക്കൽ, രാജ്യത്തുടനീളം എണ്ണ സംസ്കരണ ശേഷി വികസിപ്പിക്കൽ തുടങ്ങിയ സുസ്ഥിര നയ പരിഷ്കാരങ്ങളിലൂടെയാണ് ഈ നേട്ടം സാധ്യമായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഇ–20 അടിസ്ഥാന ഇന്ധനമായി മാറിയതിനുശേഷം കഴിഞ്ഞ 10 മാസത്തിനിടെ എന്‍ജിൻ തകരാറോ മറ്റ് പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് എഥനോൾ-മിശ്രിത ഇന്ധനത്തെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരണങ്ങളും വ്യാജവിവരങ്ങളും നിരാകരിച്ച ശ്രീ പുരി വ്യക്തമാക്കി. ബ്രസീലിന്റെ ഉദാഹരണം എടുത്തുപറഞ്ഞ അദ്ദേഹം അവിടെ വർഷങ്ങളായി ഇ-27 മിശ്രിത ഇന്ധനം പ്രശ്‌നങ്ങളൊന്നുമില്ലാതെ ഉപയോഗിച്ചുവരുന്നതായും അറിയിച്ചു.

 

ഇന്ത്യയുടെ എഥനോൾ വിപ്ലവത്തെ തടസ്സപ്പെടുത്താനും ആശയക്കുഴപ്പം സൃഷ്ടിക്കാനും നിക്ഷിപ്ത താൽപര്യത്തോടെ ചില സംഘങ്ങള്‍ സജീവമായി ശ്രമിക്കുന്നുവെങ്കിലും അത്തരം ശ്രമങ്ങൾ വിജയിക്കില്ലെന്ന് ശ്രീ പുരി പറഞ്ഞു. ശക്തമായ നയ പിന്തുണയും വ്യവസായ സന്നദ്ധതയും പൊതുജന സ്വീകാര്യതയുമായി ഇ-20 പരിവർത്തനം ഇതിനകം മികച്ച നിലയില്‍ പുരോഗമിക്കുകയാണെന്നും അതില്‍നിന്ന് പിന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഹരിതഗൃഹ വാതക ബഹിര്‍ഗമനം കുറയ്ക്കാനും വായു ഗുണനിലവാരം ഉയര്‍ത്താനും എന്‍ജിൻ പ്രകടനം മെച്ചപ്പെടുത്താനും ഇതിനകം 1.4 ലക്ഷം കോടിയിലധികം രൂപയുടെ വിദേശനാണ്യ ലാഭത്തിനും എഥനോള്‍ മിശ്രണം വഴിയൊരുക്കിയതായി ഇ-20 യുടെ ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കവെ മന്ത്രി പറഞ്ഞു. പാനിപ്പത്തിലെയും നുമലിഗഡിലെയും 2-ജി എഥനോൾ സംസ്കരണശാലകൾ വൈക്കോൽ, മുള തുടങ്ങിയ കാർഷികാവശിഷ്ടങ്ങളെ എഥനോളാക്കി മാറ്റുന്നുണ്ടെന്നും ഇത് സംശുദ്ധ ഇന്ധനത്തിനും മലിനീകരണ നിയന്ത്രണത്തിനും കർഷക വരുമാനത്തിനും സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചോളത്തില്‍നിന്ന് വികസിപ്പിക്കുന്ന എഥനോളിന്റെ ശ്രദ്ധേയ വളർച്ച 2021–22 ലെ പൂജ്യത്തിൽ നിന്ന് ഈ വർഷം 42 ശതമാനമായി ഉയര്‍ന്നുവെന്നും ഇത് പരിവർത്തനാത്മക മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

 

ഇന്ത്യൻ വാഹന വ്യവസായം ഇതിനകം തന്നെ ദ്വന്ദ ഇന്ധന വാഹനങ്ങൾ വാഹനങ്ങളുടെ (എഫ്എഫ്‍വി) കഴിവ് തെളിയിച്ചതായി ശ്രീ പുരി പറഞ്ഞു. ഇന്ത്യൻ ഒഇഎമ്മുകള്‍ ഇ-85-അനുയോജ്യ വാഹന മാതൃകകള്‍ പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സുമായും (എസ്ഐഎഎം) മറ്റ് പ്രധാന വാഹന നിർമാതാക്കളുമായും തുടർച്ചയായ കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്നും ക്രമേണ ഉയർന്ന എഥനോൾ മിശ്രണത്തിലേക്ക് നീങ്ങുന്ന തരത്തില്‍ ഈ മേഖലയിലെ ദിശ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. എഥനോൾ മിശ്രണ ആസൂത്രണ (2020–25) ദൗത്യത്തിന് ശക്തമായ അടിത്തറ പാകിയിട്ടുണ്ടെന്നും ലക്ഷ്യത്തേക്കാൾ അഞ്ച് വർഷം നേരത്തെ ഇ-20 വിജയകരമായി നടപ്പാക്കിയത് വ്യവസായ സന്നദ്ധതയും ഉപഭോക്തൃ സ്വീകാര്യതയും പ്രകടമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിഐഎസ് മാനദണ്ഡങ്ങളുടെയും സാമ്പത്തിക പ്രോത്സാഹനങ്ങളുടെയും പിന്തുണയോടെ ഘട്ടം ഘട്ടമായി വ്യക്തമായ നിര്‍ണയസംവിധാനങ്ങളിലൂടെ രാജ്യം ക്രമേണ ഇ-25, ഇ-27, ഇ-30 എന്നിവയിലേക്ക് ഉയരുമെന്നും മന്ത്രി അറിയിച്ചു.

 

കേവലം ഇന്ധനമിശ്രണത്തിലുപരി അന്നദാതാക്കളെ ഊർജദാതാക്കളാക്കി മാറ്റി ശാക്തീകരിക്കുകയാണ് എഥനോൾ മിശ്രണ ദൗത്യത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ക്രൂഡ് ഇറക്കുമതി കുറയ്ക്കുക, വിദേശനാണ്യം ലാഭിക്കുക, ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, രാജ്യത്തിന്റെ കാലാവസ്ഥാ പ്രതിബദ്ധതകളെ മാനിക്കുക എന്നീ ലക്ഷ്യങ്ങളും മന്ത്രി എടുത്തുപറഞ്ഞു. കഴിഞ്ഞ 11 വർഷത്തിനിടെ എഥനോൾ സംഭരണം കർഷകർക്ക് 1.21 ലക്ഷം കോടി രൂപയുടെ വരുമാനം നല്‍‌കിയെന്നും ക്രൂഡ് ഇറക്കുമതി 238.68 ലക്ഷം മെട്രിക് ടൺ കുറയ്ക്കാനായെന്നും ഇതുവഴി 1.40 ലക്ഷം കോടി വിദേശനാണ്യം ലാഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

 

സുസ്ഥിര വ്യോമയാന ഇന്ധനം (എസ്എഎഫ്) വികസിപ്പിക്കാനും ഉപയോഗം വ്യാപിപ്പിക്കാനും എണ്ണ വിപണന കമ്പനികളും വിമാനക്കമ്പനികളും ആഗോള സാങ്കേതിക പങ്കാളികളുമായി മന്ത്രാലയം അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് എസ്എഎഫ് രംഗത്തെ ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ച് സംസാരിക്കവെ ശ്രീ പുരി പറഞ്ഞു. എഥനോൾ പോലെ എസ്എഎഫ് ഉപയോഗത്തിന് രാജ്യം ഘട്ടം ഘട്ടമായ സമീപനം സ്വീകരിക്കും. 2027-ഓടെ അന്താരാഷ്ട്ര വിമാനങ്ങൾക്ക് 1% മിശ്രണത്തിനും 2028-ഓടെ ഇത് 2% ആയി വര്‍ധിപ്പിക്കാനും വിതരണം സ്ഥിരത കൈവരിക്കുന്ന സാഹചര്യത്തില്‍ ഉപയോഗം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്ന മിശ്രണ ദൗത്യം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഉപയോഗിച്ച പാചക എണ്ണയില്‍നിന്ന് എസ്എഎഫ് ഉത്പാദിപ്പിക്കുന്ന പാനിപ്പത്തിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് സംസ്കരണ കേന്ദ്രം നൂതനവും സുസ്ഥിരവുമായ ഇന്ത്യയുടെ ഭാവി പാതയുടെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

*******************

 

 


(Release ID: 2154616)