ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച്, കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ലക്ഷക്കണക്കിന് സ്വയം സഹായ സംഘങ്ങളിലെ (SHG) വനിതാ അംഗങ്ങളുമായി വെർച്വൽ സംവാദം നടത്തി.

Posted On: 07 AUG 2025 5:49PM by PIB Thiruvananthpuram

ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച്, കേന്ദ്ര ഗ്രാമവികസന, കൃഷി-കർഷകക്ഷേമ വകുപ്പുമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ന്യൂഡൽഹിയിലെ കൃഷി ഭവനിൽ നിന്ന് ലക്ഷക്കണക്കിന് സ്വയം സഹായ ഗ്രൂപ്പ് (SHG) വനിതാ അംഗങ്ങളുമായി വെർച്വലായി സംവാദം നടത്തി. ഗ്രാമവികസന സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി, ഗ്രാമവികസന സെക്രട്ടറി ശ്രീ ശൈലേഷ് കുമാർ സിംഗ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഈ അവസരത്തിൽ, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (NRLM)തങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കിയ ഗുണപരമായ പരിവർത്തനം ചൂണ്ടിക്കാണിച്ചുകൊണ്ട്  വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള SHG വനിതകൾ,  അനുഭവങ്ങൾ പങ്കുവെച്ചു. ദൗത്യം സാമ്പത്തിക സുസ്ഥിരത മാത്രമല്ല, തങ്ങളുടെ സാമൂഹിക നിലയും മെച്ചപ്പെടുത്തിയെന്ന് അവർ എടുത്തുപറഞ്ഞു.

സ്ത്രീകൾ ശക്തി, സർഗ്ഗാത്മകത എന്നിവയുടെ പ്രയോക്താക്കളാണെന്നും, കൈത്തറി സ്വാശ്രയത്വത്തിന്റെ പ്രതീകമാണെന്നും, ഒരുകാലത്ത് ഇന്ത്യയുടെ അഹിംസയിൽ അധിഷ്ഠിതമായ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ഒരു ചാലകശക്തിയായി പ്രവർത്തിച്ചിട്ടുണ്ടെന്നും ശ്രീ ചൗഹാൻചൂണ്ടിക്കാട്ടി. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും അംഗീകാരം നേടിയ ഗ്രാമീണ കരകൗശല വിദഗ്ധരുടെ "അനിതരസാധാരണമായ  വൈദഗ്ദ്ധ്യത്തെ" അദ്ദേഹം പ്രശംസിച്ചു.

പ്രാദേശിക കല, സംസ്കാരം എന്നിവ പുനരുജ്ജീവിപ്പിക്കുന്നതിൽ സ്വയം സഹായ സംഘങ്ങളിലെ  വനിതകൾ വഹിക്കുന്ന പങ്കിനെ മന്ത്രി പ്രകീർത്തിച്ചു. അവരുടെ സൃഷ്ടികൾ ഇന്ത്യയുടെ സാംസ്കാരിക സ്വത്വത്തിന്റെ സുപ്രധാന ഭാഗമാണെന്നും നാടോടി പാരമ്പര്യങ്ങൾ പ്രകടിപ്പിക്കാൻ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. മാർക്കറ്റിംഗും(വിപണനം) ബ്രാൻഡിംഗും സംബന്ധിച്ച് സ്ത്രീകൾ ഉന്നയിച്ച ആശങ്കകളും അദ്ദേഹം ഉൾക്കൊണ്ടു. രൂപകൽപ്പനയിലധിഷ്ഠിതമായ പരിശീലനം ഉൾപ്പെടെയുള്ള മൂർത്തമായ നടപടികൾ അദ്ദേഹം അവർക്ക് ഉറപ്പുനൽകി. മത്സരക്ഷമത നിലനിർത്തുന്നതിന് ഉത്പന്നങ്ങളിൽ ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം SHG അംഗങ്ങളെ പ്രോത്സാഹിപ്പിച്ചു.

സ്വദേശി (തദ്ദേശീയ) ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സന്ദേശം ശ്രീ ചൗഹാൻ ആവർത്തിച്ചു. വ്യക്തിഗത ചെലവുകളിൽ പോലും ദേശീയ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 'രാഷ്ട്രം ആദ്യം' എന്നതിന് മുൻഗണന നൽകി തദ്ദേശീയമായി നിർമ്മിച്ച ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കാൻ അദ്ദേഹം പൗരന്മാരെ ആഹ്വനം ചെയ്തു.

സാമ്പത്തിക സ്വാതന്ത്ര്യം നേടുന്ന സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരുന്നതിനെ ആഘോഷിച്ചുകൊണ്ട്, ഈ ദൗത്യത്തിന് കീഴിൽ 1.5 കോടിയിലധികം സ്ത്രീകൾ  'ലഖ്‍പതി ദീദി'കളായ, പ്രതിവർഷം ഒരു ലക്ഷത്തിലധികം രൂപ സമ്പാദിക്കുന്ന) മാറിയിട്ടുണ്ടെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. അത് 2 കോടിയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 3 കോടി സ്ത്രീകളെ ഉടൻ തന്നെ ലക്ഷാധിപതികളാക്കുക എന്നതാണ് ലക്ഷ്യം.  


'സ്വദേശി' പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട്, രക്ഷാബന്ധൻ പോലുള്ള ഉത്സവങ്ങളിലൂടെ നമ്മുടെ ജനസംഖ്യയെ ശാക്തീകരിക്കാനും ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾ വാങ്ങാനും അദ്ദേഹം ജനങ്ങളോട്  അഭ്യർത്ഥിച്ചു. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് 'വോക്കൽ ഫോർ ലോക്കൽ' സംരംഭം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.

'സ്വദേശി ഉൽപ്പന്നങ്ങൾ സ്വീകരിച്ച് നമ്മുടെ ദേശീയ അഭിമാനം വർദ്ധിപ്പിക്കാൻ' പ്രതിജ്ഞയെടുത്തുകൊണ്ടാണ് ശ്രീ ചൗഹാൻ പരിപാടി അവസാനിച്ചത്.  സ്വാശ്രയ സംഘങ്ങളിലെ വനിതകൾ സ്ഥാപിച്ച ഉൽപ്പന്ന സ്റ്റാളുകൾ (വില്പന ശാലകൾ) സന്ദർശിച്ച അദ്ദേഹം അവരുടെ കഠിനാധ്വാനത്തെയും സമർപ്പണത്തെയും അഭിനന്ദിക്കുകയും ചെയ്തു. 

 


(Release ID: 2154005)