ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ തീരദേശ സമ്പദ്‍‍‍വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുന്ന കോസ്റ്റല്‍ ഷിപ്പിംഗ് ബില്‍ 2025 പാര്‍ലമെന്‍റ് പാസാക്കി

Posted On: 07 AUG 2025 7:04PM by PIB Thiruvananthpuram
ഇന്ത്യയുടെ തീരദേശ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുന്ന കോസ്റ്റല്‍ ഷിപ്പിംഗ് ബില്‍ 2025 ഇന്ന് രാജ്യസഭ പാസാക്കി. ഒമ്പത് തീരദേശ സംസ്ഥാനങ്ങളിലും നാല് തീരദേശ കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പരന്നു കിടക്കുന്ന ഇന്ത്യയുടെ 11,098 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തന്ത്രപ്രധാനമായ തീരപ്രദേശത്തിന്റെ ബൃഹത്തും വിശാലവുമായ സാധ്യതകള്‍ തുറന്നു നല്‍കുന്നതാണ് ചരിത്രപരമായ ഈ നിയമം. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി (MoPSW) സര്‍ബാനന്ദ സോനോവാള്‍ ആണ് ബില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.
 
'2030 ആകുമ്പോഴേക്കും തീരദേശ ചരക്ക് വിഹിതം 230 ദശലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തുക, ആത്മനിര്‍ഭര ഭാരതം, വികസിത ഭാരതം എന്നിവ സാക്ഷാത്കരിക്കുന്നതില്‍ സമുദ്ര മേഖലയുടെ സംഭാവന ശക്തിപ്പെടുത്തുക' എന്നിങ്ങനെയുള്ള ഇന്ത്യയുടെ അഭിലാഷപൂര്‍ണ്ണമായ ലക്ഷ്യങ്ങളുടെ കേന്ദ്രബിന്ദുവാണ് ഈ നിയമനിര്‍മ്മാണം എന്ന് രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കവേ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ വ്യക്തമാക്കി.
 
'ഇത് കേവലം ഒരു നിയമ പരിഷ്‌കരണമല്ല, മറിച്ച് സാമ്പത്തിക വളര്‍ച്ച, തൊഴില്‍, ലോജിസ്റ്റിക്‌സ് കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ മുന്നേറ്റമാണ്. നിയന്ത്രണ ബാധ്യതകള്‍ കുറയ്ക്കുകയും ഇന്ത്യന്‍ കപ്പലുകളുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുകയും ഇന്ത്യയെ ഒരു ആഗോള സമുദ്ര വ്യാപാര കേന്ദ്രമാക്കി മാറ്റുകയും ചെയ്യുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ദീര്‍ഘകാല ദര്‍ശനത്തിന് അനുപൂരകമാണ് ബില്‍ എന്നും,' കേന്ദ്രമന്ത്രി പറഞ്ഞു.
 
കോസ്റ്റല്‍ ഷിപ്പിംഗ് ബില്‍, 2025 ല്‍ ആറ് അധ്യായങ്ങളും 42 ക്ലോസുകളും ഉള്‍പ്പെടുന്നു. കോസ്റ്റല്‍ ഷിപ്പിംഗിനായി ലളിതമായ ലൈസന്‍സിംഗ് സംവിധാനം അവതരിപ്പിക്കുകയും വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശ കപ്പലുകളെ നിയന്ത്രിക്കുന്നതിനുള്ള ചട്ടക്കൂട് തയ്യാറാക്കുകയും ചെയ്യുന്നു. കൂടാതെ, ഭാവി ലക്ഷ്യമിട്ടുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും നയപരമായ ദിശാബോധം പകരുന്നതിനുമുതകുന്ന തന്ത്രപരമായ ദേശീയ തീരദേശ, ഉള്‍നാടന്‍ ഷിപ്പിംഗ് പദ്ധതി രൂപീകരിക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു.
 
ബില്‍ നടപ്പിലാക്കുന്നതോടെ, ആഭ്യന്തര ചരക്ക് നീക്കത്തില്‍ ഇന്ത്യന്‍ കപ്പലുകളുടെ പങ്കാളിത്തം വിപുലപ്പെടുത്തിക്കൊണ്ട് വിതരണ ശൃംഖലയുടെ സുരക്ഷ ഗണ്യമായി വര്‍ദ്ധിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ''പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ ദാര്‍ശനിക നേതൃത്വത്തില്‍, ആത്മനിര്‍ഭര ഭാരതം കെട്ടിപ്പടുക്കുന്നതിനായി ദൗത്യരൂപേണ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അതേ മനോഭാവമുള്‍ക്കൊണ്ട്, വിദേശ കപ്പലുകളോടുള്ള ഇന്ത്യയുടെ ആശ്രിതത്വം കുറയ്ക്കുന്നതിനും തദ്വാരാ വിദേശനാണ്യത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് തടയുന്നതിനും ബില്‍ ലക്ഷ്യമിടുന്നു. അപ്രകാരം ചെയ്യുന്നതിലൂടെ, പ്രാദേശിക സാമ്പത്തിക വികസനത്തെ ഉത്തേജിപ്പിക്കുകയും തീരദേശ മേഖലകളിലുടനീളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഇന്ത്യന്‍ ഷിപ്പിംഗ് ഓപ്പറേറ്റര്‍മാരുടെ ബിസിനസ്സ് സുഗമമാക്കുകയും ചെയ്യും'', സര്‍ബാനന്ദ സോനോവാള്‍ കൂട്ടിച്ചേര്‍ത്തു.
 
കോസ്റ്റല്‍ ഷിപ്പിംഗ് ബില്‍ 2025 പാസാകുന്നതോടെ, സുഗമവും കാര്യക്ഷമവും ആഗോളതലത്തില്‍ മത്സരാധിഷ്ഠിതവുമായ ഒരു തീരദേശ, ഉള്‍നാടന്‍ ഷിപ്പിംഗ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലേക്ക് ഇന്ത്യ നിര്‍ണായക ചുവടുവെപ്പ് നടത്തുന്നു. നാഴികക്കല്ലായി മാറുന്ന ഈ പരിഷ്‌കരണം നമ്മുടെ തീരദേശത്തിന്റെ അപാരമായ സാധ്യതകള്‍ തുറക്കുകയും വിതരണ ശൃംഖലയുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും വികസിത ഭാരതം എന്ന നമ്മുടെ ദേശീയ ദര്‍ശനത്തിന് അനുഗുണമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്യും,'' കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനോവാള്‍ വ്യക്തമാക്കി.
 
കോസ്റ്റല്‍ ഷിപ്പിംഗ് ആക്ട് 2025 പാസായതോടെ, തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം മൂന്ന് നിര്‍ണ്ണായക സമുദ്ര നിയമങ്ങള്‍ക്കും പാര്‍ലമെന്റിന്റെ അംഗീകാരം നേടി - മര്‍ച്ചന്റ് ഷിപ്പിംഗ് ബില്‍, 2025, കാരിയേജ് ഓഫ് ഗുഡ്‌സ് ബൈ സീ ബില്‍, 2025, കോസ്റ്റല്‍ ഷിപ്പിംഗ് ആക്ട് എന്നിവ വികസിത ഭാരതം, ആത്മനിര്‍ഭര ഭാരതം എന്നീ ദര്‍ശനങ്ങള്‍ക്ക് അനുപൂരകമായി ആധുനികവും കാര്യക്ഷമവും സ്വാശ്രയവുമായ ഒരു സമുദ്ര ആവാസവ്യവസ്ഥയ്ക്ക് വഴിയൊരുക്കുന്നു.
 
''പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ദാര്‍ശനിക നേതൃത്വത്തില്‍, ഇന്ത്യയുടെ സമുദ്ര മേഖലയെ ആധുനികവത്കരിക്കുന്നതിനായി മന്ത്രാലയം ചരിത്രപരമായ നിയമനിര്‍മ്മാണ പരിഷ്‌കാരങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. മര്‍ച്ചന്റ് ഷിപ്പിംഗ് ബില്‍, കാരിയേജ് ഓഫ് ഗുഡ്‌സ് ബൈ സീ ബില്‍, കോസ്റ്റല്‍ ഷിപ്പിംഗ് ആക്ട് എന്നീ മൂന്ന് സുപ്രധാന ബില്ലുകളും പാസാക്കിയതോടെ, ആത്മനിര്‍ഭര ഭാരതത്തെ പിന്തുണയ്ക്കുകയും വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് നമ്മെ അടുപ്പിക്കുകയും ചെയ്യുന്ന ഭാവിസജ്ജമായ ഒരു സമുദ്ര ആവാസവ്യവസ്ഥയ്ക്ക് നാം ശക്തമായ അടിത്തറ പാകിയിരിക്കുകയാണ്,'' കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
 
നാഴികക്കല്ലായി മാറുന്ന ഈ നിയമം പാസായതോടെ, സമഗ്രവും കാര്യക്ഷമവും ആഗോളതലത്തില്‍ മത്സരാധിഷ്ഠിതവുമായ തീരദേശ, ഉള്‍നാടന്‍ ഷിപ്പിംഗ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലേക്ക് ഇന്ത്യ ഒരുപടി കൂടി അടുത്തു.
**********************

(Release ID: 2153949)